Saturday, August 4, 2018

പട്ടിച്ചി

https://www.facebook.com/echmu.kutty/posts/710856072427023

പല പുരുഷന്മാരുമായി ശാരീരികബന്ധം പുലര്‍ത്തിയതുകൊണ്ടൊന്നുമല്ല , സഹോദരങ്ങളും പിന്നെ ബന്ധുക്കളും അവളെ ആദ്യകാലങ്ങളില്‍ പട്ടിച്ചിയെന്ന് കരുതിയത്, മറിച്ച് ഒരു ആത്മാഭിമാനവുമില്ലാതെ ജീവിക്കുകയും അത് എന്തോ കേമമായ ജീവിതമാണെന്ന് എല്ലാവരേയും തെറ്റിദ്ധരിപ്പിക്കാന്‍ വല്ലാതെ പാടുപെടുകയും ചെയ്തതുകൊണ്ടായിരുന്നു. അവള്‍ക്കാണെങ്കില്‍ അത് ശരിയായി മനസ്സിലാക്കാന്‍ പോലും കഴിവുണ്ടായിരുന്നില്ല.

അവളുടെ അത്തരം ബുദ്ധിയില്ലായ്മ കുടിക്കൂടി അവസാനം സഹോദരങ്ങളും ബന്ധുക്കളും യഥാര്‍ഥമായും അവളെ വെറുക്കാന്‍ തുടങ്ങി. അപ്പോള്‍ അവള്‍ പല പുരുഷന്മാരേയും ഇഷ്ടപ്പെടുന്നുണ്ട് എന്നും അവര്‍ കരുതാന്‍ തുടങ്ങി. അവളുടെ സംസാരത്തേയും വിശദീകരണത്തേയും അണിഞ്ഞൊരുങ്ങലിനേയും വസ്ത്രങ്ങളേയും ആഭരണങ്ങളേയുമെല്ലാം അവര്‍ പരമ പുച്ഛത്തോടെ കാണാന്‍ തുടങ്ങി.

അവര്‍ക്ക് അവരുടേതായ ന്യായങ്ങള്‍ ഉണ്ടായിരുന്നു. അവരുടേ എന്തെങ്കിലും ഒരു പ്രധാന ആവശ്യത്തിനു ഒരു സഹായം അവളോട് ചോദിച്ചാല്‍ ഓടിച്ചെല്ലുമായിരുന്നുവെങ്കിലും ഭര്‍ത്താവിന്‍റെ അനുവാദം കിട്ടിയിട്ടേ ചെല്ലു. അത് സാരമില്ലെന്ന് വെയ്ക്കാം. ഒരു നല്ല കുടുംബിനി അങ്ങനെ തന്നെ വേണമെന്നും നമുക്ക് വാദിക്കാം. എന്നാല്‍ ആ അനുവാദം തന്ന ഭര്‍ത്താവ് എത്ര മഹാനാണ് ! ആഹാ, ആ അനുവാദം ! , ഈ ലോകത്തിലെ ‍ എത്ര ഭര്‍ത്താക്കന്മാര്‍ അങ്ങനെ തരും! എന്നൊക്കെയുള്ള അതിശയ നിലപാട് അവള്‍ പങ്കു വെയ്ക്കുമ്പോള്‍ സഹോദരങ്ങള്‍ക്കെല്ലാം അരിശം വരുമായിരുന്നു. കാരണം ആവശ്യങ്ങള്‍ അങ്ങനെ മുഴുവന്‍ അവരുടേതു മാത്രമായിരുന്നില്ലല്ലോ . അമ്മയെ, അച്ഛനെ,ജന്മം കൊണ്ടേ മന്ദബുദ്ധിയായ ചേട്ടനെ, തറവാട് വീടിനെ, പറമ്പുകളെ ഒക്കെ പരിചരിക്കാനും പലപ്പോഴും അത്തരം ശുശ്രൂഷകള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ആയിരുന്നു സഹോദരങ്ങള്‍ അവളോട് ആവശ്യപ്പെട്ടിരുന്നത്. അച്ഛനും അമ്മയും ചേട്ടനും തറവാടും പറമ്പും സ്വത്തുമൊക്കെ എല്ലാവരുടേതുമല്ലേ? അത്തരം പരിചരണങ്ങള്‍ക്ക് ഭര്‍ത്താവ് അനുവാദം നല്‍കി എന്ന് ഇത്ര കേമമായി പറയാന്‍ എന്തിരിക്കുന്നുവെന്ന് സഹോദരങ്ങള്‍ക്ക് ഒരിക്കലും മനസ്സിലായില്ല. പിന്നെ എപ്പോഴും ഭര്‍ത്താവിനെ ഫോണ്‍ വിളിച്ച് കിളി വന്നു, കാക്ക തൂറി, പാമ്പിനെക്കണ്ടു , ചൊറിതണം കൊണ്ടു എന്നൊക്കെ റിപ്പോര്‍ട്ട് നല്‍കുന്നതും വീട്ടുകാരെയും ബന്ധുക്കളേയും വെറുപ്പിക്കാതിരുന്നില്ല . അതും കല്യാണം കഴിഞ്ഞ് പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ... അതുവരെയും അമ്മയുടെ വാര്‍ദ്ധക്യമോ അച്ഛന്‍റെ രോഗങ്ങളോ ചേട്ടന്‍റെ മന്ദബുദ്ധിത്തമോ അവളുടെ ജീവിതത്തില്‍ ഒരു പ്രശ്നവുമുണ്ടാക്കാതിരുന്ന അതീവ സ്വൈര്യ കാലത്തിനു ശേഷവും

ഭര്‍ത്താവേ ശരണം എന്ന് അവള്‍ അത്ര പരസ്യമായി പ്രകടിപ്പിക്കുന്നത് ആ വീട്ടിലെ മറ്റു മക്കള്‍ക്കും കൂടി ദുരിതമായിത്തീര്‍ന്നു. അവളുടേ ചേച്ചിയുടെ ഭര്‍ത്താവ് സദാ അതും പറഞ്ഞ് വഴക്കുണ്ടാക്കി.

'നിന്‍റെ അനിയത്തി മൂത്രമൊഴിക്കുന്നതു പോലും കെട്ട്യോനോട് ചോദിച്ചിട്ടാ. നിനക്ക് കണ്ടു പഠിച്ചു കൂടേ ആ അനുസരണയും വിനയവും ? '

ഉത്തരവാദപ്പെട്ട ജോലിയുള്ള ചേച്ചിക്ക് അവള്‍ അങ്ങനെ ശരിയ്ക്കും ചതുര്‍ഥിയായി മാറി.നമ്മുടെ നാട്ടില്‍ ജോലിക്കു പോവുന്ന സ്ത്രീകള്‍ക്കുണ്ടാവുന്ന ചുരുക്കം തന്‍റേടമേ ആ പാവം ചേച്ചിയ്ക്കുണ്ടായിരുന്നുള്ളൂ. അതു പോലും ചേച്ചിയുടെ ഭര്‍ത്താവിനു സഹിക്കാന്‍ വയ്യായിരുന്നു. ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നതിലും നല്ലത് അനിയത്തിയെ കുറ്റപ്പെടുത്തുകയാണെന്ന് ചേച്ചിയും മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് അവളുടെ എല്ലാ വീഴ്ചകളും പറ്റാവുന്നത്ര പെരുപ്പിച്ചു പറയുന്നതില്‍ ചേച്ചിയ്ക്ക് സത്യമായും സ്വാസ്ഥ്യം കിട്ടിപ്പോന്നു.

അവള്‍ക്ക് അഞ്ച് പൈസ പോലും സ്വന്തമായി വരുമാനമില്ലായിരുന്നു. പേഴ്സില്‍ പണം വേണമെങ്കില്‍ ഭര്‍ത്താവ് നല്‍കണം . സഹോദരങ്ങളൊക്കെ ഉദ്യോഗസ്ഥരായിരുന്നുവല്ലോ. അതുകൊണ്ട് ഭര്‍ത്താവ് അവള്‍ക്ക് ചെലവാക്കാനായി പണവും ക്രെഡിറ്റ് ആന്‍ഡ് ഡെബിറ്റ് കാര്‍ഡുകളും ഒക്കെ നല്‍കിയിരുന്നതും അവള്‍ വലിയ നന്ദിയോടെയും കേമത്തത്തോടെയും വീട്ടില്‍ പൊങ്ങച്ചപ്പെടുമ്പോള്‍ സഹോദരങ്ങള്‍ക്ക് അടക്കാനാവാത്ത ചിരി വരുമായിരുന്നു. കാരണം കാര്‍ഡുകള്‍ ഉപയോഗിക്കും മുമ്പേ അവള്‍ ഫോണ്‍ ചെയ്ത് ഭര്‍ത്താവിനോട് അനുവാദം വാങ്ങിയിരിക്കും.

'ഈ സാരി ഇഷ്ടമായി.. ഇത്രയാ വില.. കാര്‍ഡ് എടുത്ത് വാങ്ങട്ടെ ?'

ഈ പാത്രം ഇഷ്ടമായി...

ഈ ജൂസര്‍ ഇഷ്ടമായി...

'അപ്പോള്‍ കാര്‍ഡ് നിന്‍റെ നായരുടെ കസ്റ്റഡീലാന്നു പറ.. നീ എന്തു കണ്ട് ഇഷ്ടപ്പെട്ടാലും വാങ്ങണമെങ്കില്‍ നായരു സമ്മതിക്കണ്ടേ ? പിന്നെന്തു കുന്തത്തിനാ ഇതും പേഴ്സിലിട്ടോണ്ട് ഇങ്ങനെ നടക്കണേ. എന്നിട്ട് പിന്നെ പൊങ്ങച്ചോം.. എനിക്കിഷ്ടള്ളതൊക്കെ വാങ്ങാന്‍ കാര്‍ഡ് തന്നിട്ടുണ്ടെന്ന്..അയ്യടാ! '

അവള്‍ക്ക് ഈ പരിഹാസം സഹിക്കാതെ ഒരു വഴിയുമില്ലായിരുന്നു. കാരണം ഭര്‍ത്താവിനോട് ചോദിയ്ക്കാതെ കാശ് ചെലവാക്കാന്‍ അവള്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കണക്കില്‍പ്പെടേണ്ടാത്ത അവളുടെ തന്നെ ചില്ലറ വട്ടച്ചെലവുകള്‍ ഉണ്ടല്ലോ.. കോസ്മറ്റിക്സ് , അടിയുടുപ്പുകള്‍, മിന്നം മിന്നം മാലകള്‍, വളകള്‍, കമ്മലുകള്‍, പൊട്ടുകള്‍, നൈറ്റികള്‍ ഇതിനൊക്കെയുള്ള പണം അവള്‍ ഭര്‍ത്താവിന്‍റെ പഴ്സില്‍ നിന്ന് ഇടയ്ക്കിടെ മോഷ്ടിക്കും. കൂടിപ്പോയാല്‍ രണ്ടായിരം രൂപ .. അത്രയുമേ അവള്‍ മോഷ്ടിക്കാറുള്ളൂ. ചില മാസങ്ങളില്‍ ലോട്ടറി പോലെ മൂന്നും നാലും തവണയൊക്കെ അങ്ങനെ മോഷ്ടിക്കാന്‍ അവള്‍ക്ക് പറ്റാറുണ്ട്. അപ്പോള്‍ അവള്‍ കുറച്ച് ധാരാളിയാകും. ആയിരം രൂപയുടെ ഉടുപ്പും മറ്റും അവള്‍ വാങ്ങുന്നത് അങ്ങനെയാണ്. കണക്ക് വെക്കണം, പണം അനാവശ്യമായി ചെലവഴിക്കരുത് എന്ന് പറയുമെങ്കിലും അവളുടെ ഭര്‍ത്താവ് പണത്തെപ്പറ്റി അത്ര കാര്യമായി ഉല്‍ക്കണ്ഠപ്പെടുകയോ പരിശോധിക്കുകയോ ചോദ്യം ചോദിക്കുകയോ ഒരിയ്ക്കലും പതിവില്ലായിരുന്നു.

അവളെ അടിക്കുകയോ അതികഠിനമായി ദേഷ്യപ്പെടുകയോ ചീത്തവാക്കുകള്‍ വിളിക്കുകയോ ഒന്നും ഭര്‍ത്താവ് ചെയ്യാറില്ല. കള്ളു കുടിക്കുകയോ സിഗരറ്റ് വലിക്കുകയോ മറ്റ് സ്ത്രീകളുമായി കൊഞ്ചുകയോ ഒന്നുമില്ല. ഇതൊന്നും അവളും ചെയ്യാറില്ലെങ്കിലും ആണുങ്ങള്‍ ഇങ്ങനെ ചെയ്യാതിരിക്കുമ്പോഴുള്ള മഹത്വപ്പെടുത്തലും വാഴ്ത്തുപാട്ടുകളും ഒന്നും സ്ത്രീകള്‍ ചെയ്യാതിരുന്നാല്‍ കിട്ടുകയില്ലല്ലോ.

അവള്‍ അയാളെ അനുസരിക്കുക മാത്രം ചെയ്യുമ്പോള്‍ വഴക്കു കൂടാനുള്ള കാരണമെവിടേ എന്നും ഒന്നെതിര്‍ത്ത് നോക്ക് അപ്പോള്‍ കാണാം എന്നും അവളുടെ കൂട്ടുകാരും വീട്ടുകാരും പകുതി കാര്യമായും പകുതി തമാശയായും പറയാതിരുന്നില്ല. എന്നാലും വളരെ കാര്യമായി ആവേശത്തില്‍ അവള്‍ ഭര്‍ത്താവുമായി വഴക്കിനു പോയിരുന്നില്ല. വഴക്കുണ്ടായാലും കഴിയും വേഗം മാപ്പ് പറഞ്ഞ് രാജിയാകുവാന്‍ അവള്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അവള്‍ക്ക് സംസാരിക്കാതിരിക്കാന്‍ പറ്റുമായിരുന്നില്ല. ഊണു മുടങ്ങിയാലും അവള്‍ക്ക് വിരോധമില്ല. പക്ഷെ, മൌനം അവളെക്കൊണ്ട് സഹിക്കാന്‍ പറ്റാത്ത പരിപാടിയായിരുന്നു. എപ്പോഴും സംസാരിക്കുന്നവരുടെ തലയില്‍ ഒന്നുമില്ലെന്നാണല്ലോ നമ്മുടെ നാട്ടു വിശ്വാസം .

ഒരു മുപ്പത്തേഴു വയസ്സായപ്പോഴേക്കും അവളുടെ ഭര്‍ത്താവിനു അവളോടുള്ള എല്ലാ അഭിനിവേശവും പൂര്‍ണമായും അവസാനിച്ചിരുന്നു. അവള്‍ പുതിയ ഡ്രസ്സ് ധരിച്ചാലോ മേക്കപ്പ് ചെയ്താലോ ഹെയര്‍ സ്റ്റൈല്‍ മാറ്റിയാലോ ഒന്നും ഭര്‍ത്താവിനു മനസ്സിലാകുമായിരുന്നില്ല. അവള്‍ ആദ്യമൊക്കെ എല്ലാം കാണിച്ച് കാണിച്ച് 'എന്നെ നോക്കൂ പ്ലീസ് പ്ലീസ് ' എന്ന് നിര്‍ബന്ധിച്ചു നോക്കി. എങ്കിലും പെണ്ണായ അവള്‍ക്ക് അയാളെ ബലം പ്രയോഗിച്ച് അഭിനിവേശിപ്പിക്കാന്‍ സാധിക്കില്ലല്ലോ. ആവുന്ന മാതിരിയൊക്കെ അവള്‍ കിടപ്പറയിലും ആഗ്രഹം പ്രകടിപ്പിച്ചു . ആഗ്രഹം തുടിയ്ക്കുന്ന വാക്കാലും പാതിമറഞ്ഞ നഗ്നതയാലും അയാള്‍ക്കു മാത്രം ശമിപ്പിക്കാന്‍ കഴിയുന്ന ആ ആശയെ വെളിപ്പെടുത്തി. ആണുങ്ങള്‍ക്ക് താല്‍പര്യവും ആവേശവുമുണ്ടെങ്കിലേ സെക്സില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുകയുള്ളൂ. ബലപ്രയോഗം അവരില്‍ നടക്കില്ല. പെണ്‍ശരീരം പക്ഷെ, അങ്ങനെയല്ല. താല്‍പര്യമില്ലെങ്കിലും ബലപ്രയോഗം നടത്താം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ന്യായം. ഭര്‍ത്താവിന്‍റെ അക്കാര്യത്തിലുള്ള താല്‍പര്യക്കുറവ് വല്ലാതെ ചൂണ്ടിക്കാണിച്ചാല്‍, അവള്‍ ചെയ്യുന്ന വീട്ടു പണികളിലെ വീഴ്ചയെ പര്‍വതീകരിക്കാന്‍ അദ്ദേഹം ശീലിച്ചു തുടങ്ങുമെന്ന് അവള്‍ക്ക് അതിവേഗം മനസ്സിലായി.

മുറ്റമടിച്ചില്ല...

വീട് അടിച്ചുവാരിത്തുടച്ചില്ല..

ആഹാരം വെച്ചതിനു സ്വാദും രുചിയുമില്ല..

ഈ വീടിനോട് നിനക്ക് സ്നേഹമില്ല...

എന്‍റെ അമ്മയെ ഫോണില്‍ വിളിച്ചില്ല...

എന്തൊരു ഉണക്കാ ചെടികള്‍ക്ക്.. കുറച്ച് വെള്ളം ഒഴിക്കായിരുന്നില്ലേ ..

അടുക്കളയില്‍ നിന്ന് നാറ്റം വരുന്നു...

പത്രം മടക്കി വെച്ചത് ഭംഗിയായില്ല....

ഈ വീട്ടിലാകെ പൊടിയാണ്..

ആ പറമ്പൊക്ക അടിച്ചു വാരി വൃത്തിയാക്കാമായിരുന്നില്ലേ ..

ഏതുനേരവും ഉറക്കമാണ്.. പകല്‍ മുഴുവന്‍ ഉറക്കം തന്നെ ഉറക്കം.. അതാണ് രാത്രിയില്‍ വേണ്ടാതീനമൊക്കെ തോന്നുന്നത്.

ഇങ്ങനെ ഓരോന്ന് കേള്‍ക്കുന്നതില്‍ ഭേദം, ഒരു വീട്ടു പണിക്കാരി മാത്രമാണെന്ന് തോന്നിപ്പിക്കുന്നതില്‍ ഭേദം ആ ആശയെപ്പറ്റി മിണ്ടാതിരുന്നാല്‍ മതിയെന്ന് അവള്‍ തീരുമാനിച്ചത് അങ്ങനെയാണ്.

അദ്ദേഹം തൊടാതിരുന്നിട്ടും അതില്‍ അവള്‍ സങ്കടപ്പെട്ടിട്ടും അവളുടെ സൌന്ദര്യം ഒട്ടും കുറഞ്ഞില്ല. മുപ്പത്തഞ്ചു വയസ്സില്‍ പ്രായം വര്‍ദ്ധിക്കുന്നത് സ്വയം നിറുത്തിവെച്ചതു പോലെ ആയിരുന്നു അവളുടെ മുഖവും ദേഹവും. ഇക്കാര്യമറിഞ്ഞ് അവളുടെ ഭര്‍തൃമതിയായ ചേച്ചിയും വിധവയായ അനിയത്തിയും അവളെ കണക്കിനു പരിഹസിച്ചു. 'നീയേതു ഡ്രസ്സ് ചെയ്താലെന്താ ചെയ്തില്ലെങ്കിലെന്താ.. ? ആരും നോക്കാനും കാണാനുമില്ലല്ലോ 'എന്ന് തുടങ്ങി 'പിന്നെപ്പിന്നെ ആരെ കാണിക്കാനാ ഇങ്ങനെ ചമഞ്ഞൊരുങ്ങുന്നത് 'എന്നായി. ചേച്ചിയുടെ ഭര്‍ത്താവിന് നിത്യവും ചേച്ചി കൂടിയേ കഴിയൂവെന്നും ജീവിച്ചിരുന്ന കാലമത്രയും അദ്ദേഹവും അങ്ങനെയായിരുന്നുവെന്ന് അനിയത്തിയും പറഞ്ഞു.

ഭര്‍ത്താവിനു അവളെപ്പറ്റി മാത്രമല്ല, അവളുടെ വീട്ടുകാരെപ്പറ്റിയും വലിയ അഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ വേണമല്ലോ സ്നേഹബഹുമാനങ്ങള്‍ ഉണ്ടാകാന്‍... അവളുടെ അമ്മയേയുമച്ഛനേയും ചേട്ടനേയും അമ്മേ, അച്ഛാ, ചേട്ടാ എന്ന് വിളിക്കാനും കൈവിരല്‍ കൊണ്ട് ഒന്നു സ്പര്‍ശിക്കാനും ഭര്‍ത്താവിനു തികഞ്ഞ മടിയായിരുന്നു. എന്നാലും അവരോടൊക്കെ ഭര്‍ത്താവിനു വലിയ സ്നേഹബഹുമാനങ്ങളാണെന്ന് അവള്‍ തട്ടിമൂളിക്കുമ്പോള്‍ ആരും തന്നെ അത് വിശ്വസിച്ചിരുന്നില്ലെങ്കിലും അവള്‍ പറയുന്നത് കേട്ടിരിക്കാന്‍ അവര്‍ തയാറായി. അതുകൊണ്ട് പറ്റുമ്പോഴൊക്കെ അവള്‍ അങ്ങനെ പറഞ്ഞുപോന്നു. ഭര്‍ത്താവ് സ്വന്തം വീട്ടുകാരില്‍ വയസ്സായവരെയും കുട്ടികളേയും ഒക്കെ വളരെ ആദരവോടെയും സ്നേഹത്തോടെയും സ്പര്‍ശിച്ചിരുന്നെങ്കിലും സംസാരിച്ചിരുന്നെങ്കിലും അവളുടെ വീട്ടുകാരില്‍ ആരോടും അദ്ദേഹം അങ്ങനെ പെരുമാറിയിരുന്നില്ല. ആ വ്യത്യാസം അവള്‍ ശരിക്കും മനസ്സിലാക്കിയിരുന്നു.

അവള്‍ക്ക് തീരെ വിവരമില്ല എന്ന് വല്ലാതെ തെളിച്ചു പ്രകടിപ്പിച്ചില്ലെങ്കിലും ആ ഭാവം ഭര്‍ത്താവിനുണ്ടായിരുന്നു. അവളുടെ സഹോദരങ്ങള്‍ക്ക് അതും തീരെ ക്ഷമിക്കാന്‍ പറ്റിയിരുന്നില്ല. കാരണം അവള്‍ പഠിച്ചതൊക്കെ സ്കോളര്‍ഷിപ്പ് വാങ്ങിയാണ്. ഏത് ജനറല്‍ നോളജ് പരിക്ഷയില്‍ എപ്പോള്‍ പങ്കെടുത്താലും അവള്‍ പുല്ലു പോലെ ജയിക്കും. മിക്കവാറും എല്ലാ കാര്യങ്ങളേയും പറ്റി മൂന്നാലു വാചകമെങ്കിലും അവള്‍ക്ക് പറയാന്‍ കഴിയും.. എന്നിട്ട് പിന്നെ അവളെ വിവരമില്ലാത്തവള്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനായിരുന്നുവെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

അവളെ ജോലിക്ക് വിട്ട് തിന്നേണ്ട ഗതികേട് തനിക്കില്ലെന്ന് ഭര്‍ത്താവ് പറഞ്ഞത് അവള്‍ അഭിമാനത്തോടെ അനുസരിക്കുകയായിരുന്നു. അതുകൊണ്ട് സ്വന്തം അമ്മയ്ക്കും അച്ഛനുമൊന്നും കാര്യമായി എന്തെങ്കിലും കൊടുക്കാന്‍ അവള്‍ക്ക് ഒരുകാലത്തും കഴിഞ്ഞതുമില്ല. അവളെ ഭോഗിക്കുന്നില്ലെങ്കിലും അങ്ങനെ കാര്യമായി ശ്രദ്ധിക്കുന്നില്ലെങ്കിലും ഭര്‍ത്താവിനു വലിയ ഇഷ്ടമായിരുന്നുവെന്ന് അവള്‍ കരുതിപ്പോന്നു. ആ വിചാരം തന്നെ വിവരമില്ലായ്മയുടെ തെളിവായി പിന്നെ അവളുടെ വീട്ടുകാരും അടുത്ത സുഹൃത്തുക്കളും കാലം പോകെ മനസ്സിലാക്കിത്തുടങ്ങി.

അവള്‍ക്കും വീട്ടുകാര്‍ക്കും പൊതുവേ വൃത്തി കുറവാണെന്ന് ഭര്‍ത്താവ് ഉറച്ചു വിശ്വസിച്ചിരുന്നു. അദ്ദേഹം ഉപയോഗിക്കുന്ന ടോയ് ലറ്റും ബാത് റൂമും ഉപയോഗിക്കാന്‍ അവള്‍ക്കും അനുവാദം ഉണ്ടായിരുന്നില്ല. 'പാടില്ല' എന്ന് ഒരിയ്ക്കലും പറയാതെ , അവള്‍ ഉപയോഗിച്ചപ്പോഴെല്ലാം 'അവിടമാകെ നാറുന്നു' എന്ന് പരാതിപ്പെടുകയും ഉടന്‍ തന്നെ ടോയ് ലറ്റും ബാത് റൂമും കഴുകുകയും ചെയ്തിരുന്നു അവളുടെ ഭര്‍ത്താവ് . ഭര്‍തൃഗൃഹത്തിലും അതു തന്നെയായിരുന്നു സ്ഥിതി. അദ്ദേഹത്തിന്‍റെ വൃത്തിബോധം അധികമധികം വെളിപ്പെടുന്തോറും അവളുടെ വീട്ടുകാര്‍ കൂടുതല്‍ കൂടുതല്‍ അകല്‍ച്ച പാലിച്ചു വന്നു. അവള്‍ക്കായിരുന്നു അതിലൊക്കെ ഏറ്റവും പ്രയാസം. അവളുടെ വീട്ടില്‍ ചെന്നാല്‍ ഭര്‍ത്താവ് ബെഡ് ഷീറ്റും മറ്റും കണ്മുന്നില്‍ വെച്ച് മാറ്റണമെന്ന് ശഠിക്കും. അവര്‍ വരുന്നതറിഞ്ഞു മാറ്റിയിട്ടതാണെങ്കിലും അദ്ദേഹത്തിനു അതില്‍ വിശ്വാസം ഇല്ലായിരുന്നു. ആ വീട്ടിലെ ബാത് റൂം , സോപ്പ്, തോര്‍ത്ത്, ടോയ്ലറ്റ്, വാഷ് ബേസിന്‍ ഡൈനിംഗ് ടേബിള്‍, സോഫാ എല്ലാം പകര്‍ച്ചവ്യാധികള്‍ പകര്‍ത്തുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭയം. അവിടുത്തെ അടുക്കളയും അദ്ദേഹത്തിനു ഒരു അഴുക്കളയായി മാത്രമേ തോന്നിയുള്ളൂ. മുന്നില്‍ വിളമ്പിക്കിട്ടുന്ന ആഹാരം ഒട്ടും രുചിയില്ലാത്ത മട്ടില്‍ അരമനസ്സോടെ, ഒരു വയറുവേദനക്കാരനെപ്പോലെ , ഓക്കാനം വരും മട്ടില്‍ നുള്ളിത്തിന്നുന്നതായിരുന്നു അദ്ദേഹത്തിന്‍റെ രീതി. ഒന്നും പിടിക്കാത്തതു പോലെ മൌനമായി ഇരിക്കുകയായിരുന്നു അവിടെ അദ്ദേഹത്തിന്‍റെ പതിവ്.

പിന്നത്തെ വലിയ പ്രശ്നമായിരുന്നു കൊതുകുകള്‍. ആരേയും കൊതുകു കടിച്ചില്ലെങ്കിലും അദ്ദേഹത്തെ കൊതുകുകള്‍ കടിക്കുമായിരുന്നു. ശരിക്കും പറയാറില്ലേ നമുക്ക് മനസ്സില്‍പ്പിടിക്കാത്ത കാര്യങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ ജീവിതം അസഹ്യമാകുമെന്ന്... അതു തന്നെയായിരുന്നു അവളുടെ വീട്ടില്‍ ഭര്‍ത്താവിന്‍റെ സ്ഥിതി . അവളുടെ വീട്ടിലോ അപൂര്‍വം ബന്ധുക്കളുടേ വീട്ടിലോ പോകേണ്ടിവരുമ്പോള്‍ ഭര്‍ത്താവിനു സംസാരിക്കാനും അവരോട് അടുത്തിടപഴകാനും കടുത്ത ബുദ്ധിമുട്ട് ഉണ്ടായിരുന്നു. നിവൃത്തിയുണ്ടെങ്കില്‍ അവിടെയൊന്നും പോകാതിരിക്കാന്‍ അദ്ദേഹം തികഞ്ഞ ശ്രദ്ധ വെച്ചു. സൌഹൃദത്തിന്‍റെ കൈ നീട്ടുന്നത്, അതു വെച്ചു പുലര്‍ത്താന്‍ വേണ്ടി പ്രയത്നിക്കുന്നത് എപ്പോഴും അപ്പുറത്തുള്ളവരായിരിക്കണമെന്ന് അദ്ദേഹം വാശിപിടിച്ചി രുന്നു. അത് നന്നെ ചെറിയ ഒരു കുട്ടിയായാല്‍ പോലും.

എന്നാലും അവള്‍ എല്ലാവരോടും പറഞ്ഞു. 'അദ്ദേഹത്തിനു ഇവിടെ വരാന്‍ വലിയ ഇഷ്ടമാണ്. അമ്മയുടെ പാചകം ഇഷ്ടമാണ്. അവളുടെ അനിയത്തി ഉണ്ടാക്കുന്ന എരിശ്ശേരി വലിയ ഇഷ്ടമാണ്. എല്ലാവരേയും വലിയ ഇഷ്ടമാണ്.. പക്ഷെ, ഭയങ്കര ജോലിത്തിരക്കായിപ്പോയി .വരുമ്പോ നിങ്ങള്‍ അങ്ങോട്ട് ചെന്ന് സംസാരിച്ചാല്‍ മതി. പിന്നെ ഇടയ്ക്കിടെ ഫോണ്‍ ചെയ്താല്‍ മതി. അദ്ദേഹത്തിനു വലിയ കാര്യമാവും.'

സത്യമായിട്ടും ആ പറച്ചിലില്‍ വല്ലാത്ത ഒരു ദയനീയതയും യാചനയും ഉണ്ടായിരുന്നു. അവള്‍ തന്നെ വിശ്വസിക്കാത്ത ഒരു കാര്യം അങ്ങനെ വിശദമാക്കിപ്പറയുന്നതില്‍. വന്നു ചേരുന്ന ഉറപ്പില്ലായ്മ. പിന്നെ അങ്ങോട്ട് ചെന്ന് അവളുടെ ഭര്‍ത്താവിനെ സ്നേഹിച്ചാലേ ബഹുമാനിച്ചാലേ അവരുടെ ജീവിതം കഴിയൂ എന്നൊരവസ്ഥയൊന്നും അവളുടെ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഒരു കാലത്തും ഉണ്ടായിരുന്നതുമില്ലല്ലോ.
അവളുടെ വീട്ടിലുള്ളവരും ബന്ധുക്കളും അത്ര മന്ദബുദ്ധികളുമായിരുന്നില്ല. അവള്‍ ഇതൊക്കെ ചുമ്മാ പറയുന്നതാണെന്ന് അവര്‍ അതിവേഗം മനസ്സിലാക്കി. അതുകൊണ്ട് അവര്‍ അതൊന്നും കാര്യമായി എടുത്തില്ല, അവളെ തെല്ലും വിശ്വസിച്ചതുമില്ല.

അവള്‍ ഭര്‍ത്താവിനെ ഒരു നിസ്സാരകാര്യത്തില്‍ എതിര്‍ത്താല്‍പ്പോലും ആ ദാമ്പത്യത്തില്‍ വലിയ പ്രശ്നമുണ്ടാകുമെന്ന് അവളുടെ സഹോദരങ്ങള്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് അത് ചൂണ്ടിക്കാട്ടി അവളെയും അവളുടെ പൊങ്ങച്ചങ്ങളേയും പറ്റുമ്പോഴെല്ലാം അവര്‍ കളിയാക്കിപ്പോന്നു.

'എന്തോരം നൊണയാ നീ തട്ടിവിടുന്നത്..

ഇത്രേമൊക്കെ കളവ് പറയാന്‍ നീ എവിടെയാ ട്യൂഷന്‍ എടുക്കണത് ?

ഇങ്ങനെ ആയാല്‍ നീ പറയണ പരമസത്യം പോലും ആള്‍ക്കാര്‍ വിശ്വസിക്കില്ല..' എന്നൊക്കെ അവര്‍ എപ്പോഴും പറഞ്ഞിരുന്നു.

ഒടുവില്‍ അവള്‍ക്കും അത് മനസ്സിലായി. അവളുടെ വിധവയായ അനിയത്തിയുടെ പതിനഞ്ചു വയസ്സുള്ള മകളെ ആ സ്ത്രീ എന്ന് ഭര്‍ത്താവ് വിശേഷിപ്പിച്ച ദിവസമായിരുന്നു അത്. അനിയത്തിയെ അദ്ദേഹത്തിനു ഒട്ടും ഇഷ്ടമില്ലെന്ന് അവള്‍ക്കറിയുമായിരുന്നു. എന്നാലും അച്ഛന്‍ മരിച്ചു പോയ ആ കുട്ടിയെ ഒരു സ്ത്രീ എന്ന് പറയുവാന്‍ മാത്രമുള്ള അറപ്പും വെറുപ്പും പുച്ഛവും ഉണ്ടെന്ന് അവള്‍ അറിഞ്ഞിരുന്നില്ല.

അവള്‍ക്ക് സങ്കടം തോന്നി.

അമ്മയുടെ ആരോഗ്യം തീരെ മോശമായപ്പോള്‍ അവരെ കൈ കൊണ്ട് ഒന്നു പിടിക്കാന്‍ പോലും തന്‍റെ ഭര്‍ത്താവിനു മടിയാണെന്നും അവള്‍ കണ്ടു.
അവള്‍ക്ക് സങ്കടം തോന്നി.

അച്ഛന്‍ മരിച്ചപ്പോള്‍ 'ഞാന്‍ വരണോ? വന്നിട്ട് വല്ല അത്യാവശ്യവുമുണ്ടോ , എനിക്ക് ചെയ്യാന്‍ അങ്ങനെ കാര്യങ്ങളൊന്നുമില്ലല്ലോ ' എന്നൊക്കെയായിരുന്നു അവളുടെ ഭര്‍ത്താവ് ചോദിച്ചത്.

അവള്‍ക്ക് പിന്നെയും സങ്കടം തോന്നി.

അമ്മയ്ക്ക് അസുഖം വര്‍ദ്ധിച്ചതറിഞ്ഞ് മന്ദബുദ്ധിയായ ചേട്ടന്‍ അപസ്മാരപ്പെട്ട് വീണപ്പോള്‍ അവളുടെ ഭര്‍ത്താവ് അദ്ദേഹത്തിന്‍റെ വീട്ടിലുണ്ടായിരുന്നു. അഞ്ചെട്ട് കിലോ മീറ്റര്‍ മാത്രം അകലെ ആയിരുന്നു ആദ്ദേഹത്തിന്‍റെ വീട്. 'ഞാന്‍ ഡോക്ടറല്ലല്ലോ, അപസ്മാരക്കാരനെ കാണാന്‍ വന്നിട്ട് എന്തു കാര്യം. രോഗികളെ എല്ലാം ആംബുലന്‍സ് വരുത്തി ആശുപത്രിയിലാക്കു ' എന്നായിരുന്നു അന്നും അദ്ദേഹത്തിന്‍റെ പ്രതികരണം.

അവള്‍ക്ക് അസഹ്യമായ സങ്കടം തോന്നി.

വീട്ടുപട്ടിച്ചി ആവരുതെന്ന് അവള്‍ക്ക് മനസ്സിലായതും അങ്ങനെയാണ്. ഒരു വീട്ടുപട്ടിച്ചി എന്തായാലും കുരയ്ക്കാന്‍ പാടില്ല. തെരുവ് പട്ടിച്ചിക്കേ ചുണയോടെ കുരയ്ക്കാന്‍ കഴിയൂ.

അന്നു മുതല്‍ പട്ടിച്ചി എന്ന് ആരു വിളിച്ചാലും അവള്‍ക്ക് ഒട്ടും സങ്കടമില്ലാതായി . അതുകൊണ്ട് അവളുടെ പേരു പട്ടിച്ചി എന്ന് മാറ്റാന്‍, തെരുവ് പട്ടിച്ചി എന്ന് ഉറപ്പിയ്ക്കാന്‍ ഗസറ്റില്‍ പരസ്യം കൊടുക്കണമെന്ന് അവള്‍ അന്ന് തീരുമാനിച്ചു.

അന്ന് ആ കൊല്ലത്തെ വനിതാദിനമായിരുന്നു.

No comments: