ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചിരുന്ന "വാരിയെല്ലുകളുടെ സ്വാതന്ത്ര്യം" എന്ന ലേഖനത്തിന്റെ അവസാനഭാഗം.
---------------------------------------------------------------------------------------
പീഡനത്തിന്റെ ബലികുടീരങ്ങൾ
ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തഞ്ചിൽ, മലയാളത്തിലെ ഒരു പഴയ കവയിത്രിയായ കടത്തനാട്ട് മാധവിയമ്മ അപമാനിത സ്ത്രീത്വത്തെക്കുറിച്ച് ഇങ്ങനെ വിലപിച്ചു:
‘പാവനസ്ത്രീത്വമേ, ജീവിതസൗന്ദര്യം
പൂവിടും പുത്തൻ പുലരിയിൽ
വീതവീകാരയായ് വില്ക്കപ്പെടുന്നു നീ
ഏതോ കാമത്തിന്നടിമയായി
അന്യന്റെ ചിന്തകൾ, അന്യന്റെ ആശകൾ
അന്നു മുതൽ നിനക്കാവരണം
പൂജിത പോലും നീ! കെട്ടിച്ചമയിച്ച
പാവ നീ, പാവന ലാവണ്യമേ!’
സ്ത്രീകളുടെ സഹനജീവിതം ഈ പഴയ കവിതയിൽ എത്ര ശക്തമായി സംഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്നു കാണുക.
ഇന്നും സ്ത്രീകൾ സിനിമകളിൽ നീലയായി, തെരുവുകളിൽ ചുവപ്പായി, വീടുകളിൽ കരിയായി, വിവാഹകമ്പോളങ്ങളിൽ ബഹുവർണ്ണങ്ങളായി, പരസ്യങ്ങളിൽ തുണിയുരിഞ്ഞാടുന്ന നഗ്നതയായി നിരവധി കോലങ്ങളിൽ കെട്ടുമാഞ്ഞുകൊണ്ടിരിക്കയാണ്. ശക്തിയും ദേവിയും ദുർഗ്ഗയും ലക്ഷ്മിയും സരസ്വതിയുമൊക്കെയായി പൂജിക്കപ്പെടുന്ന ഇന്ത്യൻ സ്ത്രീകളിൽ ഏകദേശം ഇരുപത് ലക്ഷം പേർ ഓരോ വർഷവും ബലാൽസംഗത്തിനു ഇരയാക്കപ്പെടുന്നതായി പീറ്റർ പാന്റിന്റെ കണക്കുകളിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 1976, 77, 78 വർഷങ്ങളിൽ യഥാക്രമം 2611, 3821, 2781 വീതം ബലാൽസംഗ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. ബലാൽസംഗം ചെയ്യപ്പെടുന്ന ഒരു ഹരിജൻ യുവതിയുടെ ചാരിത്ര്യത്തിന് 5000 രൂപ കല്പിച്ച അതേ മുഖ്യമന്ത്രി തന്നെയാണല്ലൊ തങ്കമണിയിലെ നിർഭാഗ്യവതികളോട് ബലാൽസംഗത്തിന്റെ തെളിവുകളാവാശ്യപ്പെട്ടതും. വാർത്തകളായി വരാത്ത കൂട്ട ബലാൽസംഗങ്ങളുടെ തങ്കമണികൾ എത്ര ആയിരം ഉണ്ടായിരിക്കും. ഇരുപത് ബലാൽസംഗങ്ങൾ നടക്കുമ്പോൾ ഒരെണ്ണം മാത്രമെ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളുവെന്ന് ഫെമിനിസ്റ്റു കേന്ദ്രങ്ങൾ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. (ജനങ്ങളെല്ലാം നോക്കിനില്‍ക്കെ ബാസ്സ് കാത്തുനിന്ന ഒരു കോളേജ് വിദ്യാർത്ഥിനിയെ പിടിച്ചുകൊണ്ടു പോയി മൃഗീയമായി ബലാൽസംഗം ചെയ്ത വാർത്ത തലസ്ഥാന നഗരിയിൽനിന്നു നമ്മൾ കേട്ടു.)
സ്ത്രീധന മരണങ്ങളുടെ ഔദ്യോഗിക കണക്ക് ഇങ്ങനെയാണ്: അന്താരാഷ്ട്ര വനിതാ വർഷമായിരുന്ന 1975 ൽ തന്നെ 350 ഭാര്യമാരുടെ ജീവൻ സ്ത്രീധനത്തിനായി ഹോമിക്കപ്പെട്ടു. 1976ൽ 2670 പേരും 77ൽ 2917 പേരും സ്ത്രീധന പീഡനത്താൽ കൊല്ലപ്പെട്ടുവെന്ന് പോലീസ് വൃത്തങ്ങളുടെ കണക്കുണ്ട്. 1986ൽ മാത്രം മുവ്വായിരത്തോളം സ്ത്രീധന മരണങ്ങളുടെ റിപ്പോർട്ടുകൾ പാർലമെന്റിൽ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. പുരുഷന്റെ കൃത്രിമവും ഹിംസാത്മകവുമായ ആധിപത്യം ഊട്ടിയുറപ്പിക്കപ്പെടുന്നത് ഇതാ, ഇങ്ങനെയൊക്കെയാണ്. പീഡനങ്ങളുടെയും ആത്മഹത്യകളുടെയും ബലാൽസംഗങ്ങളുടെയും കൊലപാതകങ്ങളുടെയും, രക്തസാക്ഷിത്വങ്ങൾക്കു മുകളിലാണ് പുരുഷാസുരത തേർവാഴ്ച നടത്തുന്നത്. അവസാനം ഇപ്പോൾ നമ്മുടെ തൊട്ടടുത്ത് കുണ്ടായിയിലെ ഒരു പാവപ്പെട്ട പെൺകുട്ടിയുടെ ജീവനും അപഹരിച്ച് എടുത്തിരിക്കുന്നു.
ശൈശവ വിവാഹത്തിന്റെ ഒരു ഞെട്ടിക്കുന്ന ഒരു കണക്കുകൂടി ഇവിടെ രേഖപ്പെടുത്താം. അഞ്ചുവയസ്സും അതിൽ താഴെയും പ്രായമുള്ള വിവാഹിതകളായ 9500 പെൺകുട്ടികൾ നമ്മുടെ രാജ്യത്തുണ്ട്. വടക്കേ ഇന്ത്യയിലെ ഒരു ജില്ലയിൽ പതിനഞ്ചു വയസ്സിനു താഴെയുള്ള മൂന്നരലക്ഷം വിധവകൾ ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. 1971ൽ പോലും ഇന്ത്യയിലൊട്ടാകെയുള്ള വിവാഹിതകളിൽ 13.6%വും പത്ത് വയസ്സിനും പതിനാലു വയസ്സിനും മദ്ധേൃ പ്രായമുള്ളവരായിരുന്നു. കേരളത്തിലെ ഒരു മന്ത്രി തന്റെ പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം നടത്തി ഞെളിഞ്ഞുപിരിഞ്ഞ് ഇപ്പോഴും നടക്കുന്നുണ്ടല്ലൊ.
സ്ത്രീധനം, ശൈശവ വിവാഹം, സതി ഇവയൊക്കെ ബ്രിട്ടീഷ് ഭരണകാലത്തുതന്നെ നിയമപരമായി നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. സ്വതന്ത്ര ഭാരതത്തിൽ ഇപ്പോഴും അവയുടെ കിരാത രൂപങ്ങൾ എത്ര ശക്തിമത്താണെന്ന് നോക്കു. സ്ത്രീകളുടെ തന്നെ മുൻകയ്യിൽ ഇവയ്ക്കെതിരെയും ധാർമ്മികവും രാഷ്ട്രീയവുമായ പ്രതിരോധങ്ങൾ ഉണരേണ്ടിയിരിക്കുന്നു. വീട്ടുജോലിക്കും പ്രത്യുല്പാദനപരമായ സ്ത്രീകളുടെ അധ്വാനങ്ങൾക്കും മൂല്യമുണ്ടെന്നു വന്നാൽ സ്ത്രീധനത്തിനു വേണ്ടിയുള്ള പുരുഷന്റെ ആർത്തിയും നിർബന്ധവും ഹിംസയുമെല്ലാം നിലനില്‍ക്കുന്നത് പിന്നെ ഏതു തറയിലാണ്? ഫെമിനിസ്റ്റുകൾ സ്ത്രീധനത്തിന്റെയും ബലാൽസംഗത്തിന്റേയും രാഷ്ട്രീയം തിരിച്ചറിഞ്ഞ് വ്യാപകമായി ചെറുത്തുനില്പുകൾ സംഘടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ലഭ്യമായ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ടും സ്ത്രീനീതിയിലധിഷ്ഠിതമായ പുതിയ നിയമ നിർമ്മാണങ്ങൾക്കു വേണ്ടിയും അവരിപ്പോൾ വാദിച്ചുകൊണ്ടിരിക്കുന്നു. ഇടതുപക്ഷ മഹിളാ പ്രസ്ഥാനങ്ങൾ കേരളത്തിൽ സ്ത്രീധന വിരുദ്ധ പ്രവർത്തനങ്ങൾ സമീപകാലത്ത് ശക്തിപ്പെടുത്തിയിരിക്കുന്നത് പ്രതീക്ഷകൾ ഉണർത്തുന്നുണ്ട്. ഏകപക്ഷീയമായ സ്ത്രീധന വിരുദ്ധ പ്രതിജ്ഞകളിൽ അതൊതുങ്ങി നില്ക്കാതെ പൂർണ്ണമായും കമ്പോളവല്ക്കരിക്കപ്പെട്ട സ്ത്രീത്വത്തിന്റെ സമഗ്ര വിമോചനത്തിലേക്ക് അത്തരം പ്രവർത്തനങ്ങൾ ഭാഗനിർണ്ണയം ചെയ്യേണ്ടിയിരിക്കുന്നു. മതവും ജാതിയും ധനവും കുടുംബമഹിമയും ഇടപെടാത്ത സ്ത്രീ പുരുഷ സമത്വത്തിലധിഷ്ഠിതമായ പ്രണയ വിവാഹങ്ങളുടെ സാർവ്വത്രിക പ്രചാരണങ്ങൾ ഇത്തരം പ്രസ്ഥാനങ്ങൾക്കുത്തേജനം നല്കാൻ കഴിയും.
മാതൃത്വം - മിഥ്യയും യാഥാർത്ഥ്യവും
ഫെമിനിസ്റ്റുകൾ മാതൃത്വത്തിനും കുടുംബജീവിതത്തിനും എതിരാണെന്ന മട്ടിലുള്ള ചില വിമർശനങ്ങൾ കേൾക്കാറുണ്ട്. പലരും പ്രചരിപ്പിക്കുന്നതുപോലെ സ്വന്തം കുടുംബം അശാന്തമായതുകൊണ്ടൊ പൂർത്തിയാകാത്ത ലൈംഗിക തൃഷ്ണകൊണ്ടൊ ഒന്നുമല്ല ഫെമിനിസ്റ്റുകൾ സ്ത്രീകളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത്. അനീതികൾക്കെതിരെ സ്വാതന്ത്രൃത്തിന്റെ ആർത്തികൾ എത്രവരെ വിശാലമാക്കാമെന്നുള്ള വിപ്ളവബോധം തന്നെയാണിവയ്ക്കു ഉൾപ്രേരണ. നമ്മുടെ നാട്ടിലെ സമാധാനപൂർണ്ണമെന്നു കണക്കാക്കുന്ന അച്ചടക്കമുള്ള ഭവനങ്ങൾ സ്ത്രീകൾ എല്ലാ അനീതികളും സഹിക്കുന്ന ഭവനങ്ങളായിരിക്കുമെന്നതിന് സംശയമൊന്നുമില്ല. അച്ചടക്കവും സമാധാനവുമെന്നാൽ പുരുഷന്റെ തീരുമാനങ്ങളോട് സ്ത്രീ വിധേയപ്പെടുക എന്നായിട്ടുണ്ട്. സ്ത്രീയെ ബലികൊടുത്ത് വീടുകളിൽ നിലനിർത്തുന്ന ഇത്തരം സമാധാനം ഫെമിനിസ്റ്റുകൾ തകർക്കാനാഗ്രഹിക്കുന്നു. പുറമെ ജനാധിപത്യവാദികളായ പുരുഷന്മാര്‍ വീട്ടിനകത്ത് സ്വേച്ഛാധിപതികളാവുന്ന അവസ്ഥയെ ചോദ്യം ചെയ്തേ തീരു.
കുടുംബങ്ങളിൽ ഇന്നു കാണുന്ന പുരുഷമേധാവിത്വപരമായ ഹിംസയുടെ ദുഷ്ട സംസ്ക്കാരം സത്യത്തിൽ പുറം വടിവിൽ മാത്രം ജനാധിപത്യമുള്ള നമ്മുടെ നാടിന്റെ ഹിംസാത്മകമായ സ്വേച്ഛാധിപത്യത്തിന്റെ ആന്തരിക പ്രതിഫലനം തന്നെയാണ്. അനീതികളുടെ ഘടനാപരമായ യാഥാർത്ഥ്യങ്ങളെ തുറന്നു കാണിക്കുന്നതിലൂടെ ഫെമിനിസം മർദ്ദിത ജനതയുടെ നെടുവീർപ്പും രോഷവും ഉൾക്കൊള്ളുന്നുണ്ട്. ‘ദുഷിച്ച ഫ്യൂഡൽ പ്രഭുക്കന്മാരെപ്പോലെ പെരുമാറുന്ന ഭര്‍ത്താക്കന്മാർക്ക് എതിരായി വനിതകളെ, പണിമുടക്ക് പ്രഖ്യാപിക്കുക’ എന്ന് സ്ത്രീ സമത്വ വാദത്തിന്റെ ഉജ്ജ്വല ശബ്ദമായ കെയ്‌റ്റ് മില്ലെറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ അർദ്ധവിഭാഗത്തിന്റെ സമരം ആധിപത്യത്തിനെതിരെ എല്ലാകാലാത്തും നടന്ന എല്ലാവിധ സമരത്തെക്കാളും രൂക്ഷമായിരിക്കുമെന്നും അവർ പ്രഖ്യാപിച്ചു. മാതൃത്വം ഉത്തരവാദിത്തപൂർണ്ണവും മാനസികവും ശാരീരികമായ കരുത്തും സന്നദ്ധതയും ആവശ്യമായ ഒരവസ്ഥയാണെന്ന് ഫെമിനിസ്റ്റുകൾ കരുതുന്നു. എന്നാൽ അമ്മയാകുക, സ്ത്രീയുടെ പരമോന്നതവും അന്തിമവുമായ പദവിയാണെന്നുള്ള പുരുഷ പ്രചരണത്തിലൂടെ സ്ത്രീയെ ജീവപര്യന്തം വീട്ടുതടങ്കലിൽ വെയ്ക്കാൻ പുരുഷനിന്ന് കഴിയുന്നുണ്ട്. അത് ചോദ്യം ചെയ്യപ്പെടുകതന്നെ വേണം. ഗർഭധാരണവും പ്രസവവുമെല്ലാം ഒരു സ്ത്രീയുടെ ശക്തിയേയും ആത്മനിശ്ചയത്തേയുമാണ് സൂചിപ്പിക്കുന്നത്. മാതൃത്വമെന്നാൽ കുഞ്ഞിനെ പ്രസവിക്കുക മാത്രമല്ലല്ലൊ. മനുഷ്യഭാവിയെക്കുറിച്ചുള്ള പ്രത്യാശകളും സ്വപ്നങ്ങളും ഒരു കുഞ്ഞിൽ നിറവേറുകയാണ്. ഒരമ്മയ്ക്കു മുന്നിൽ സ്‌ത്രീ ദുർബലയും ചപലയുമാണെന്ന പരിഹാസം എത്രമാത്രം പൊള്ളയും പരിഹാസ്യവുമാണെന്നുനോക്കു.
മാതൃത്വം മഹനീയമാണെന്ന പുരുഷന്റെ പ്രസ്ഥാവന എത്ര വലിയ ആത്മവഞ്ചനയും തട്ടിപ്പുമാണെന്നു നോക്കാം. സ്ത്രീകൾ കുഞ്ഞുങ്ങൾക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാവുമെന്ന് പുരുഷൻ പറയുന്നു. സ്ത്രീയുടെ ഏറ്റവും വലിയ ഗുണമായി പുരുഷൻ വാഴ്ത്തുന്നതും ത്യജിക്കാനുള്ള ഈ ക്ഴിവിനെയാണ്. ഇത് സത്യമായും സ്ത്രീയെ അവന്റെ ചങ്ങലകളിൽ ബന്ധിച്ച് നിറുത്താനുള്ള പഞ്ചസാര പുരട്ടലാണ്. കാരണം ചരിത്രത്തിന്റെ അപ്രതിരോധ്യമായ ഈ പ്രയാണത്തിനിടയിൽ നാം മനസ്സിലാക്കിയ പുരുഷസ്വഭാവമനുസരിച്ച് മാതൃത്വത്തിന് അത്ര വളരെ മഹത്വം അവൻ കാണുന്നുവെങ്കിൽ അതിന്റെ പൂർണ്ണാവകാശം ഒരിക്കലുമവൻ സ്ത്രീക്ക് വിട്ടുതരുമായിരുന്നില്ല. ഇത് കുഞ്ഞിനെ വളർത്തേണ്ട അതീവശ്രമകരവും മൂല്യമില്ലാത്തതുമായ ജോലിയിൽനിന്നും രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണ്.
ഫെമിനിസ്റ്റുകൾ ഇത്തരം കാപട്യങ്ങളെ തുറന്നുകാണിക്കുന്നു. സ്ത്രീയുടെ സമ്മതമില്ലാതെയുള്ള ഗർഭധാരണവും സ്വന്തം കുഞ്ഞിന്റെ പിതാവിനാല്‍പോലും പങ്കുവെയ്ക്കപ്പെടാതെ ഏകാന്തമാതൃത്വവും അവർ ചോദ്യം ചെയ്യുന്നു.
ആരോഗ്യപ്രശ്നങ്ങൾ
ഒരു വീട്ടിൽ അമ്മയുടെയും സഹോദരിയുടെയും രോഗവും ക്ഷീണവുമെല്ലാം ഏറ്റവും വൈകിയാണ് പരിശോധിക്കപ്പെടുക. ആയുസ്സിൽ എഴുപത്തി മുവ്വായിരം മണിക്കൂർ അടുക്കളയിൽ മാത്രം ചിലവഴിക്കുന്ന ഇന്ത്യൻ സ്‌ത്രീ എത്രമാത്രം പുകയും ചൂടുമാണ് തിന്നുകൂട്ടുന്നത്! വീടുപണിയുമ്പോൾ ഏറ്റവും മോശമായി പണിയുന്ന സ്ഥലം അടുക്കളയായിരിക്കും. തൊണ്ടുതല്ലുന്ന സ്ത്രീകൾ പ്രസവത്തിനുശേഷം ആവശ്യമായ വിശ്രമംപോലും എടുക്കാതെ, തൊഴിലിന്റെ ഭാഗമായ കുന്തിച്ചിരുപ്പും ഓങ്ങിയോങ്ങിയുള്ള തല്ലലും നിമിത്തം ഗർഭപാത്രസംബന്ധമായ രോഗങ്ങൾക്ക് നിരന്തരമായി വിധേയരാകുന്നു. കളിമൺ വ്യവസായം, പായ നെയ്ത്ത്, ബീഡി തെറുപ്പ്, തീപ്പെട്ടി നിർമ്മാണം, കയറുപിരിക്കൽ, കശുവണ്ടിക്കമ്പനികൾ, കൃഷിപ്പണി, പ്രസ്സ്, കെട്ടിടനിർമ്മാണം എന്നീ തൊഴിൽ മേഖലകളിലെല്ലാം സ്ത്രീകളാണ് കൂടുതൽ പണിയെടുക്കുന്നത്. ഈ മേഖലകളിലെയെല്ലാം അനാരോഗ്യകരവും അസമത്വപൂർണ്ണവുമായ ചുറ്റുപാടുകൾ സ്ത്രീകളെ മാനസികമായും ശാരീരികമായും തകർത്തു കളയുന്നുണ്ട്.
നമ്മുടെ കുടുംബാസൂത്രണ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചു നോക്കു. പുരുഷന് എറെ സുരക്ഷിതവും ഫലപ്രദവുമായ ഒന്നോ രണ്ടോ മർഗ്ഗങ്ങൾ. അതേസമയം സ്‌ത്രീയ്ക്കോ? കുടുംബാസൂത്രണത്തിൽ പുത്തൻ പരീക്ഷണങ്ങൾ നടത്താനുള്ള ഗിനിപ്പന്നികളാണ് സ്ത്രീകൾ. പലതരം ലോഹങ്ങളും ഗുളികകളും സ്ത്രീ ശരീരത്തിൽ പ്രയോഗിക്കപ്പെടുന്നു. അവികസിത രാജ്യങ്ങളിലെ സ്ത്രീകളിൽ പ്രയോഗിക്കാനാണ് ബഹുരാഷ്ട്രകമ്പനികളിൽ ഉല്പാദിപ്പിക്കുന്ന മരുന്നുകളിൽ ഭൂരിപക്ഷവും ഉപയോഗിക്കുന്നത്.
വന്ധ്യംകരണ ശാസ്ത്രക്രിയ ആരംഭിച്ച കാലത്ത് പുരുഷന്മാർക്കതിലുണ്ടായ താല്പര്യം ഇപ്പോൾ കുറഞ്ഞു കുറഞ്ഞു തീരെ ഇല്ലാതായിട്ടുണ്ട്. പ്രസവവും കുഞ്ഞിനെ വളർത്തലുംപോലെ കുടുംബാസൂത്രണവും സ്‌ത്രീയുടെ മാത്രം പ്രശ്നങ്ങളാണെന്ന് പുരുഷൻ തീരുമാനിച്ചു കഴിഞ്ഞു. തന്നെയുമല്ല സ്റ്റെറൈൽ സെക്സ് ആയി ജീവിക്കുന്നത് പുരുഷത്വത്തിന് നിരക്കുന്നതല്ലപോലും!
സ്‌ത്രീക്കു വേണ്ടി കൂടുതൽ സുരക്ഷിതമായ കുടുംബാസൂത്രണ മാർഗ്ഗങ്ങൾ കണ്ടെത്താനോ ഉള്ളവ കൂടുതൽ പ്രചരിപ്പിക്കാനോ ആർക്കും താല്പര്യമില്ല. വജൈനൽ പിൽസ് പോലുള്ള മാർഗ്ഗങ്ങൾ പ്രചരിപ്പിക്കാൻ നമ്മുടെ ഗവന്മെന്റിനൊ അതിനെ നിയന്ത്രിക്കുന്ന മുതാലളിത്തത്തിനൊ കഴിയില്ല. കാരണം കൂടുതൽ കൂടുതൽ ഉല്പന്നങ്ങൾ വിറ്റഴിച്ച് ലാഭമുണ്ടാക്കുക മാത്രമാണവരുടെ ലക്ഷ്യം. ഫെമിനിസ്റ്റുകൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. പ്രകൃത്യായുള്ള മുകസ് ടെസ്റ്റിങ്ങ്, വജൈനൽ പിൽസ് തുടങ്ങിയ സ്ത്രീ ശരീരത്തിനു അപകടം വരുത്താത്ത കുടുംബാസൂത്രണ മാർഗ്ഗങ്ങൾ പ്രചരിപ്പിക്കുന്നതിന് മുൻകൈ എടുക്കേണ്ടിയിരിക്കുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ ബോംബെ പോലുള്ള വൻ നഗരങ്ങളിൽ പെൺഭ്രൂണങ്ങളെ നശിപ്പിച്ചു കളയുന്ന മൃഗീയത അടുത്ത കാലത്തായി കൊടുമ്പിരി കൊണ്ടിട്ടുണ്ട്. പാരമ്പര്യരോഗികളായ മാതാപിതാക്കന്മാരുടെ കുട്ടിക്ക് രോഗമുണ്ടൊ എന്ന് ഭ്രൂണാവസ്തയിലേ തന്നെ തിരിച്ചറിയാൻ, അംഗവൈകല്യമുണ്ടൊ എന്നറിയാൻ. അതിനൊക്കെയാണ് ആംനിയൊ സെന്റിസിസ് എന്ന ഈ പരിശോധനാ രീതിയുടെ സഹായം തേടുന്നത്. അത് ഇപ്പോൽ ഗർഭത്തിൽ പെൺഭ്രൂണമാണെന്നറിഞ്ഞാൽ അതിനെ നശിപ്പിക്കുക എന്ന ഭീകരാവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇത്തരം ഭ്രൂണഹത്യാ ക്ളിനിക്കുകളുടെ ഒരു പരസ്യം നോക്കു: ‘ഇന്ന് നിങ്ങൾ 50 രൂപ മുടക്കു, നാളെ നിങ്ങൾക്ക് 50000 രൂപ ലാഭിക്കാം.’
പെൺഭ്രൂണത്തെ നശിപ്പിച്ചാൽ നാളെ സ്‌ത്രീധനത്തുക ലാഭിച്ചുകൂടെ? 1978നും 83നുമിടയ്ക്കും ഇങ്ങനെ 78000 സ്ത്രീഭ്രൂണങ്ങൾ കുരുതി കഴിക്കപ്പെട്ടിട്ടുണ്ട്.
മാതൃത്വമാണ് സ്‌ത്രീയുടെ പരമോന്നത പദവിയെന്ന് കല്പിക്കുന്നുപോലും! പെൺകുഞ്ഞിനെ ഗർഭത്തിൽ വഹിച്ചതുകൊണ്ടുമാത്രം അമ്മയാകാനുള്ള അവസരം നിഷേധിക്കപ്പെട്ട മുന്നിൽ കാണുമ്പോഴെങ്കിലും പുരുഷന്റെ ഈ ക്രൂരമായ വഞ്ചന സ്‌ത്രീകൾ മനസ്സിലാക്കത്തതെന്തേ? നമ്മുടെ ആശുപത്രികളിലെ ലേബർ റൂമുകളിലേക്ക് ഒന്ന് നോക്കു. പെൺകുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞാൽ കുട്ടിയുടെ പൊക്കിൾക്കൊടി മുറിയ്‌ക്കുന്നതിനിടയിൽത്തന്നെ ‘ലേഡി ഡോക്ടറും’ ‘ഫീമെയിൽ നേഴ്‌സ്‌മാരും‘ ’പെണ്ണായ‘ അമ്മയോട് ചോദിക്കുന്നു, പെൺകുട്ടിയായതിൽ സങ്കടമുണ്ടൊ, ആൺകുട്ടിയായിരുന്നെങ്കിൽ.....
നമ്മുടെ വൈദ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം പ്രസൂതികാ ശാസ്‌ത്രം, സ്‌ത്രീരോഗ ശാസ്‌ത്രം (Obstetrics, Gynaecology) എന്നീ ശാസ്‌ത്രവിഭാഗങ്ങളുടെ പണയവസ്തുവാണ് സ്‌ത്രീ. പുരുഷരോഗങ്ങളെ ചുറ്റിപ്പറ്റി ഇത്തരം ശാഖകളൊന്നും തന്നെയില്ല. ഗർഭധാരണം, പ്രസവം, മുലപ്പാലിന്റെ ഉല്പാദനം, ആർത്തവം, ആർത്തവ വിരാമം തുടങ്ങിയ സ്വാഭാവിക പ്രതിഭാസങ്ങളെ ഒരു പരിധിവരെ രോഗങ്ങളാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ടിപ്പോൾ. സ്വകാര്യ പ്രസവാശുപത്രികളിൽ സ്വാഭാവിക കൂടുതലും ഡോക്ടർക്കും ആശുപത്രി ഉടമക്കുംവേണ്ടി സിസേറിയനായി മാറുന്നുണ്ട്. ഡോക്ടർക്ക് സമയവും ഉടമക്ക് ധനവും ലാഭം കിട്ടും. പണ്ടത്തെ മിഡ് വൈഫുകളുടെ സ്ഥാനത്ത് ഇന്ന് ഡോക്ടർ വന്നതുകൊണ്ട് ശിശുമരണനിരക്ക് കുറഞ്ഞിട്ടൊന്നുമില്ലെന്ന് ന്യുയോർക്കിലും ബൊസ്റ്റണിലും നടന്ന പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നോർമ്മൽ പ്രസവം എന്ന് ഇന്നത്തെ വൈദ്യശാസ്‌ത്രം വിവക്ഷിക്കുന്നത് കൃത്രിമമായി വേദനയുണ്ടാക്കുന്ന മരുന്നുകളും യോനീകവാടത്തിലെ കീറലും തുന്നലും എല്ലാം ഉൾപ്പെടുന്ന ഒരു പ്രസവത്തെയാണ്.
പുരുഷമേധാവിത്വം പുരുഷശരീരത്തെയാണ് മാതൃകാ ശരീരമായി കാണുന്നത്. നോർമൽ ശരീരമായ പുരുഷ ശരീരത്തിൽ വന്നുകൂടിയ അബ്നോര്‍മ്മല്‍ ഘടകങ്ങളാണ് സ്‌ത്രീ ശരീരത്തെ രൂപപ്പെടുത്തിയിട്ടുള്ളത്! അതുകൊണ്ട് മാത്രമാണ് പുരുഷ ശരീരം മേന്മ കൂടിയതും സ്‌ത്രീ ശരീരം തരംതാഴ്ന്നതുമായി ഗണിക്കപ്പെടുന്നത്.
സ്‌ത്രീ ശരീരം മൃദുലവും ദുർബലവുമാകാനായിട്ടുള്ള അപകടം പിടിച്ച മരുന്നുകൾ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. ചൊടിയും ചുണയും ഉള്ള പെൺകുട്ടികളെ ഒതുക്കിനിറുത്താൻ അവരുടെ ഭഗശിശ്‌നം ഛേദിച്ചുകളയാറുണ്ടല്ലൊ. സ്‌ത്രീകൾക്ക് ലൈംഗിക താല്പര്യം പാപമായും അഹങ്കാരമായും തെറ്റായും വിധിക്കപ്പെട്ടപ്പോൾ പുരുഷനത് സ്വഭാവികമായി കരുതപ്പെടുന്നു. അനാവശ്യമായി സ്‌ത്രീകളുടെ ഗർഭപാത്രം നീക്കം ചെയ്യുന്നതും ഇക്കാലത്ത് സാധാരണമാണ്. സ്‌ത്രീജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇപ്പോൾ ഹോർമോൺ ചികിൽസയുണ്ട്. ഡി.ഇ.എസ്സ്. എന്ന ഹോർമോൺ ചികിൽസക്ക് വിധേയരാവുന്ന സ്‌ത്രീകളുടെ പെൺകുട്ടികൾക്ക് അപൂർവ്വമായ രീതിയിൽ അപകടം പിടിച്ച ഒരുതരം യോന്യാർബുദം വരുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
പെൺകുഞ്ഞ് ജനനസമയത്തേ സ്വാഗതാർഹയല്ലല്ലൊ. വളർച്ചയുടെ കാലഘട്ടങ്ങളിൽ കടുത്ത അവഗണനയാണവൾക്ക്. നമ്മുടെ നാട്ടിൽ അഞ്ചു വയസ്സിനു താഴെയുള്ള പെൺകുട്ടികളിൽ അമ്പതു ശതമാനം പോഷകാഹാരക്കുറവിനെ നേരിടുമ്പോൾ അതേ പ്രായത്തിലുള്ള ആൺകുട്ടികൾ ഇരുപത്തഞ്ച് ശതമാനമേ ആ കെടുതിക്കിരയാകുന്നുള്ളു. നാഷണൽ ന്യൂട്രീഷ്യൻ മോണിറ്ററിങ്ങ് ബ്യൂറോയുടെ പഠന റിപ്പോർട്ട് പ്രകാരം പ്രായപൂർത്തിയായ പുരുഷന്മാരിൽ 28.4% മാത്രം പോഷക ദാരിദ്ര്യമനുഭവിക്കുമ്പോൾ അതേ പ്രായക്കാരായ സ്‌ത്രീകളിൽ 53.5% പോഷക ദാരിദ്ര്യമനുഭവിക്കുന്നു.
എന്റെ വിദ്യാർത്ഥി സുഹൃത്തുക്കളുമായി ഒരനുഭവം പങ്കുവെയ്ക്കട്ടെ. വിദ്യാഭ്യാസകാലത്തുതന്നെ അമ്മയായ ഞാൻ പ്രസവാവധിക്കുവേണ്ടി ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ, വിദ്യാർത്ഥിനികൾക്ക് അത്തരമൊരാനുകൂല്യം നിലവില്ലെന്ന അറിയിപ്പോടെ തള്ളിക്കളയപ്പെട്ടു. മുപ്പത് ദിവസത്തെ വിശ്രമംപോലും എടുക്കാതെയാണ് ഞാൻ പഠിപ്പുതുടർന്നത്. പ്രസവാവധി സ്‌ത്രീകളുടെ ഒരവകാശമായി തൊഴിൽ ശാലകളിൽ അംഗീകരിക്കപ്പെട്ടത് ജനാധിപത്യ പ്രസ്ഥാനങ്ങളുടെ അനേക കാലത്തെ സമരങ്ങൾക്കു ശേഷമാണ്. നമ്മുടെ വിദ്യാഭ്യാസവകുപ്പ് അത് നിഷേധിച്ചതിന്റെ ന്യായീകരണം എന്താണാവോ?
പുരുഷനെക്കുറിച്ചുള്ള ഫെമിനിസ്റ്റ് നിലപാടുകൾ
ഫെമിനിസ്റ്റുകൾ പുരുഷ വിദ്വേഷികളാണെന്ന ആരോപണം അതുന്നയിക്കുന്നവരെയാണ് പരിഹാസ്യരാക്കുന്നത്. സ്‌ത്രീയെ സ്വകാര്യ സ്വത്ത് മാത്രമായി കാണുന്ന പുരുഷന്മാരോട് ഫെമിനിസ്റ്റുകൾക്ക് എതിർപ്പുണ്ടെന്നത് സത്യമാണ്. അതിനർത്ഥം അവർ പുരുഷവിദ്വേഷികളാണെന്നല്ല, ഫെമിനിസ്റ്റുകൾ പിതൃദായക്രമത്തിനും മൂലധനവ്യവസ്ഥിതിക്കും പുരുഷമേധാവിത്വത്തിനും എതിരാണ്. പുരുഷന്മാര്‍ ജന്മനാ പക്വമതികാളാണെന്ന് അവർ വിശ്വസിക്കുന്നുമില്ല. പുരുഷനുണ്ടെന്ന് അവൻ അവകാശപ്പെടുന്ന ജീവശാസ്‌ത്രപരമായ ശ്രേഷ്ഠതയാലല്ല മറിച്ച് സ്‌ത്രീയുടെ അധ്വാനത്തെ ചൂഷണം ചെയ്താണ് പുരുഷന്മാർ സ്‌ത്രീയുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നത്. സ്വകാര്യസ്വത്തുടമയിലധിഷ്ഠിതമായ പുരുഷമേധാവിത്വസംസ്ക്കാരം നമ്മുടെ ബന്ധങ്ങളെ കൃത്രിമവും യാന്ത്രികവും ഉപഭോഗാസക്തവുമാക്കിയിട്ടുണ്ട്. അത്തരം ബന്ധങ്ങളുടെ ജീർണ്ണവിശ്വാസത്തേയും ഫെമിനിസം ചോദ്യം ചെയ്യുന്നു.
പുരുഷൻ ഫെമിനിസത്തെ വെറുക്കുന്നതിനും ഭയപ്പെടുന്നതിനും പല കാരണങ്ങളുണ്ട്. ഫെമിനിസം എല്ലാ രംഗങ്ങളിലെയും പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്യുന്നതുകൊണ്ട് പുരുഷന്മാർക്ക് അവരുടെ ഇപ്പോഴത്തെ മനോഭാവം മാറ്റേണ്ടതായി വരും. ഇന്നു പുരുഷനു ലഭിക്കുന്ന സുഖസൗകര്യങ്ങൾ അവന്റെ കഴിവിലല്ല മറിച്ച് അവന്റെ ‘പുരുഷ’ത്വത്തിലാണ് അധിഷ്ഠിതമായിരിക്കുന്നെന്ന അറിവ് അവന് സുഖപ്രദമാവില്ല. ഒരിക്കലും എല്ലാ രംഗങ്ങളിലും സ്‌ത്രീകൾ പുരുഷനൊപ്പം നിലയുറപ്പിക്കുന്നത് അവന്റെ ഇന്നത്തെ അവസരങ്ങൾ കുറയാൻ കാരണമാകും. ഒരു വീട്ടുജോലിക്കാരിയായി മാത്രം സ്‌ത്രീ കഴിഞ്ഞുകൂടുമ്പോൾ ജോലിക്കായി അവളെ വാങ്ങിക്കുകയും ആവശ്യമില്ലാത്തപ്പോള്‍ ചുട്ടുകളയുകയുമാവാം. പുരുഷനൊപ്പം എല്ലാ മേഖലകളിലും സ്ത്രീ കടന്നുവരുമ്പോൾ അവനു സ്വന്തം കഴിവിൽ മാത്രമെ ശോഭിക്കാനാവു. പുരുഷനായതുകൊണ്ട് യാതൊരു കാര്യവുമുണ്ടാവുകയില്ല.
സ്ത്രീപുരുഷന്മാരുടെ തുല്യതയിലൂന്നിയ മാനുഷിക ബന്ധങ്ങളെ പ്രമാണമാക്കിക്കൊണ്ട് ഫെമിനിസം ഇന്നത്തെ കമ്പോളബന്ധങ്ങളെ വിമർശിക്കുന്നു. എല്ലാത്തരം അസമത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഫെമിനിസം എതിരാണ്. പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്യുന്ന സ്‌ത്രീക്ക് കഠിനമായ വികാരസംഘർഷങ്ങളോടെ സ്വന്തം അച്ഛനോടും സഹോദരനോടും ഭർത്താവിനോടും മകനോടും സമരം ചെയ്യേണ്ടിവരുന്നുണ്ട്. സ്‌ത്രീയെ സംബന്ധിച്ച് ഇത്തരമൊരു സമരം അവളുടെ ജീവിതത്തെ അന്തസ്സും മികവുറ്റതുമാക്കിത്തീർക്കുന്നു. പുരുഷനും സ്‌ത്രീകളുടേതായ ഈ സമരത്തിലൂടെ ഇന്നത്തെ യാന്ത്രീകവും മൃഗീയവുമായ ബന്ധങ്ങളുടെ സ്ഥാനത്ത് മാനുഷികബന്ധം നേടാനാവു. സാമ്പത്തിക സ്വാതന്ത്ര്യം നേടിയ സ്‌ത്രീക്കും പുരുഷനും ഒപ്പം ജീവിതാവകാശമുള്ള സമത്വപൂർണ്ണമായ ഒരു സമൂഹത്തിൽ മനുഷ്യൻ എന്ന വാക്കിന് സ്‌ത്രീയുടെ ഇച്ഛകളേയും ചോദനകളേയും കൂടി ഉൾക്കൊള്ളേണ്ടതായി വരും. ഇന്നത്തെ സമൂഹത്തിൽ പുരുഷനുണ്ടാകണമെന്ന് നിർബന്ധിക്കുന്ന രക്ഷകന്റെ ചുമതലകൾ പുരുഷനിൽനിന്ന് ഒഴിഞ്ഞുപോകും. ആ രീതിയിൽ സ്വതന്ത്രമായ ആശയവിനിമയത്തിലൂടെ സ്‌ത്രീയും പുരുഷനും ഒരുമിച്ച് കെട്ടിപ്പടുക്കേണ്ട ഒരു പുതിയ വ്യവസ്ഥിതി രൂപംകൊള്ളും. സ്‌ത്രീപുരുഷ സമത്വത്തിൽ വിശ്വാസമർപ്പിക്കുന്ന മെയിൽ ഫെമിനിസ്റ്റുകളുമായിള്ള സാഹോദര്യം ഇന്നത്തെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ശക്തി പകരുന്നുണ്ട്.
സ്‌ത്രീ അടിമയായിരിക്കെ പുരുഷന് സ്വതന്ത്രനാകാനാവില്ല. ജീവനുള്ള ഒന്നിനെ അനന്തമായി വായു ശ്വസിക്കുന്ന ഒന്നിനെ അടക്കപ്പെട്ട ഒരു ശവകുടീരത്തിന്റെ ജീർണ്ണതയിൽ തളച്ചുവെയ്ക്കുക, തങ്ങളുടെ ജീവിതസഖികൾ കായികക്ളേശങ്ങളെക്കാളും ദു:ഖഭാരത്തെക്കാളും കടുപ്പമേറിയ അപമാനഭാരം പേറാൻ വിധിക്കപ്പെട്ട മൃഗങ്ങളായിരിക്കുക....അങ്ങനെയുള്ള പുരുഷന്മാർക്ക് സ്വന്തം മർദ്ദകരെ ചവുട്ടിമെതിക്കാൻ കഴിയുമോ? മനുഷ്യരാശിയുടെ വിമോചനത്തിന്റെ ആദ്യസമരം സ്‌ത്രീയുടെ വിമോചനത്തിന്റേതാണ് എന്ന് ഷെല്ലി പാടിയിട്ടുണ്ട്.
സ്വാതന്ത്ര്യം: ഒരു ഫെമിനിസ്റ്റ് മാനദണ്ഡം.
സ്‌ത്രീകളുടെ പ്രശ്നങ്ങൾ പ്രഥമവും പ്രധാനവുമായിക്കണ്ട് സമരം ചെയ്താൽ മാത്രമേ ഇന്നത്തെ ദുർവിധികളിൽനിന്ന് സ്‌ത്രീകൾ സ്വതന്ത്രരാകുകയുള്ളു. പുരുഷനാണ് രക്ഷകനും യജമാനനും എന്ന മൂഢവിശ്വാസം ദൂരത്തെറിഞ്ഞ് തന്റെ ഭാഷ താന്‍ തന്നെ കണ്ടുപിടിക്കണമെന്നുള്ള ആത്മബോധത്തിലേക്ക് സ്‌ത്രീ വളരേണ്ടതുണ്ട്. ചൂഷകന്റെ ‘ഉത്തമ’ സ്‌ത്രീ സങ്കല്പത്തിന്റേതായ ആവരണം കീറിക്കളഞ്ഞ് ഒരു പെൺസ്വേച്ഛ ഉണർന്നുവരേണ്ടതുമാണ്. ഇരട്ടി ജോലിക്കും ഇരട്ട ചൂഷണത്തിനും വിധേയയാവുന്ന സ്‌ത്രീവർഗ്ഗപരമായ ഒരു മോചനത്തിലൂടെ മാത്രം ഒരിക്കലും സ്വതന്ത്രയാകാൻ പോകുന്നില്ല. ചൈനയിൽ സാംസ്ക്കാരിക വിപ്ളവം കഴിഞ്ഞ് പത്തു വർഷത്തിനുശേഷം ജനസംഖ്യാപ്പെരുപ്പം തടയാനായി കുടുംബത്തിന് ഒരു കുഞ്ഞ് എന്ന ആശയം നടപ്പിലാക്കാൻ പെൺഭ്രൂണങ്ങളെ ഗവന്മെന്റിന്റെ സഹായത്തോടെ നശിപ്പിച്ചിരുന്നു. പുരുഷമേധാവിത്വം ജാതിസമ്പ്രദായം പോലെ വിപ്ളവത്തെപ്പോലും അതിജീവിച്ചു എന്ന് കാണാം. അതിനെതിരെ പ്രത്യേകമായ ഒരു സമരം വേണമെന്നുതന്നെയാണിത് സിദ്ധാന്തിക്കുന്നത്. രാഷ്ട്രീയ സാമ്പത്തിക ഘടനയിലെ അടിസ്ഥാനപരമായ അഴിച്ചുപണിയലുകൾക്കുവേണ്ടിയുള്ള സമരങ്ങളുടെ സമഗ്രമായ ഫലപ്രാപ്തി പുരുഷാധിപത്യ മൂല്യങ്ങളുടെ തകർച്ചയിലൂടെ സ്‌ത്രീവിമോചനത്തെ മുൻകൂർ ആവശ്യമാക്കുന്നു. സ്‌ത്രീ സ്വതന്ത്രയാകുന്നതിന്റെ വിവിധ ഘട്ടങ്ങളിൽ നമ്മുടെ നിയമവും മതവും മാധ്യമങ്ങളും വിദ്യാഭ്യാസവും മൂല്യങ്ങളെ നിർമ്മിച്ചുവിടുന്ന മറ്റു സ്ഥാപനങ്ങളെല്ലാം ജനാധിപത്യപരമായ ധർമ്മങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങും.
വീട്ടിനു പുറത്ത് കുറഞ്ഞ കൂലിക്കും വീട്ടിനകത്ത് വേതനമില്ലാതെയും ജോലിചെയ്യുന്ന സ്‌ത്രീ അവളുടെ എല്ലാ അധ്വാനത്തിനും മൂല്യമാവശ്യപ്പെടുന്ന ഘട്ടത്തിൽ മുതലാളിത്തത്തിന്‍റെയും അതിന്മേലുറപ്പിച്ച പുരുഷമേധാവിത്വത്തിന്റെയും അടിത്തറ തകർന്നു പോകുമെന്നത് തീർച്ചയാണ്. പക്ഷെ അത്തരമൊരു ആത്മബോധത്തിലേക്കും ഉണർവ്വിലേക്കും സ്‌ത്രീയെ ബോധപൂർവ്വം ഉണർത്തേണ്ടതുണ്ട്. ഇവിടെയാണ് ഒരു സ്വതന്ത്ര ഫെമിനിസ്റ്റ് ഗ്രൂപ്പിന്റെ പ്രസക്തി. തികച്ചും സ്‌ത്രീകളുടേതായ ഒരു സമരമാർഗ്ഗം സമൂഹത്തേയും അടിസ്ഥാനപരമായി വ്യവസ്ഥിതിയേയും മാറ്റാനാഗ്രഹിക്കുന്ന സമരങ്ങളോട് അണിചേർന്നു നിന്നുകൊണ്ട് ഒരു സമഗ്ര വിപ്ളവത്തിന് നേതൃത്വം നൽകും എന്നത് തീർച്ചയാണ്. റോസാലക്‌സംബർഗിനെപ്പോലുള്ള സോഷ്യലിസ്റ്റുകളും ഫെമിനിസത്തെ പ്രത്യയശാസ്ത്രപരമായ ഉണർവുകളിലേക്കും രാഷ്ട്രീയപ്രയോഗങ്ങളുടെ സമഗ്രതകളിലേക്കും വളർത്തിയിരുന്നു.. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ഭിന്നസ്വരങ്ങളിലും ഊന്നലുകളിലും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, അന്തിമമായി അത് മനുഷ്യരാശിയുടെ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നു.
----------------------------------------------
ഈ ലേഖനം തയ്യാറാക്കുന്നതിന് താഴെപ്പറയുന്ന പുസ്തകങ്ങളും സുഹൃത്തുക്കളുമൊത്ത് നടത്തിയ ചില ചർച്ചകളും സഹായിച്ചിട്ടുണ്ട്.
1. Some questions on Feminism and its relevance in South Asia-----Kamla Bhasin , Nighat Said Khan.
2. Struggling to be myself---------------------------Sujata Gothoskar
3. Psycho analisis and Feminism-----------------Juliet Mitchell
4. Inside the family-----------------------------------P.V.D.R. (Delhi)
5. സ്‌ത്രീകളുടെ വിമോചനത്തെപ്പറ്റി------ ലെനിൻ
6. സ്‌ത്രീ വിമോചനം മാർക്സിസ്റ്റ് കാഴ്ചപ്പാട്---------- സി. ഭാസ്കരൻ
7. മാനഭംഗത്തിന്റെ രാഷ്ട്രീയം-------- തങ്കമണി സംഭവത്തെക്കുറിച്ചുള്ള ഒരു കേസ് സ്റ്റഡി.
8. വൈദ്യമുക്തമായ സമൂഹം------------ മൾബറി ബുക്സ്.
9. സ്‌ത്രീ നീതി--------------------------കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
10. ചലനം-----------------86 ഏപ്രില്‍ ലക്കം
11. മാനുഷി ലക്കങ്ങൾ-------------------- (ഡല്‍ഹി )
12. നടാദുവ്വരിയുടെ ഒരു ലേഖനം.
(അവസാനിച്ചു)
No comments:
Post a Comment