Friday, August 10, 2018

അമ്മായിയമ്മമ്മാരും മരുമക്കളും..

https://www.facebook.com/echmu.kutty/posts/747083358804294

(1)

അമ്മ ഭക്തയായിരുന്നു. എല്ലാം അദൃശ്യമായിരിക്കുന്ന ദൈവം നടത്തുന്നുവെന്ന് കരുതുന്ന അമ്മ. ചെറുപ്പം മുതല്‍ കഠിനമായി അദ്ധ്വാനിച്ച് കുടുംബം പോറ്റിയ അമ്മ അച്ഛന്‍റെ ചെറിയ വരുമാനത്തില്‍ ഭംഗിയായി വീട് നടത്തിക്കൊണ്ടു പോയി. മക്കളെ നല്ല മൂല്യങ്ങളും ആവശ്യത്തിനു ശിക്ഷകളും നല്‍കി പഠിപ്പിച്ച് ഉദ്യോഗസ്ഥരാക്കി. അമ്മയ്ക്ക് ഗാര്‍ഡനിംഗിലും തുന്നലിലും ക്രാഫ്റ്റ്സിലും ഒക്കെ കമ്പമുണ്ടായിരുന്നു. സിനിമയിലും നാടകത്തിലും ഇഷ്ടമുണ്ടായിരുന്നു. എന്നുവെച്ച് മോഹന്‍ലാലിനെ കണ്ട് കോരിത്തരിച്ചു, മമ്മൂട്ടിയെക്കണ്ട് പ്രേമിക്കാന്‍ തോന്നി എന്നൊക്കെയുള്ള വാക്കുകള്‍ ഒന്നും അമ്മ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. സീത, സാവിത്രി എന്നിങ്ങനെ പതിഭക്തരായ പുരാണനായികമാരെ ആദരിക്കുന്നവളായിരുന്നു അമ്മ. കളവു പറയുകയോ പറ്റിക്കുകയോ അമ്മ ഒരിക്കലും ചെയ്യില്ല. മനസ്സിലൊന്നും പുറത്ത് വേറൊന്നും എന്ന് ഒരിക്കലും കാണിക്കുകയുമില്ല.

അങ്ങനെയുള്ള അമ്മയുടെ മൂത്ത മകനാണ് ഒരാള്‍ക്കൊപ്പം കുറച്ചു വര്‍ഷം പാര്‍ത്ത് അതിലൊരു കുട്ടിയുമുള്ള പെണ്ണിനെ കല്യാണം കഴിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്.

അമ്മ ഇനിയൊരിക്കലും ശരിയാവുകയില്ലെന്ന വിധത്തില്‍ തകര്‍ന്നു പോയി. മാനക്കേട് ഓര്‍ത്ത് അവര്‍ക്ക് ഭ്രാന്തു പിടിക്കുന്നതു പോലെ ഉണ്ടായിരുന്നു. ആരാധിച്ചിരുന്ന, വിളക്കു കത്തിച്ചിരുന്ന, നിവേദ്യങ്ങള്‍ അര്‍പ്പിച്ചിരുന്ന ദൈവങ്ങള്‍ക്കു മുന്നിലിരുന്ന് അമ്മ തേങ്ങിത്തേങ്ങിക്കരഞ്ഞു.. വീട്ടിലെല്ലാവരും ഉറങ്ങുമ്പോള്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് കൂട്ട ആത്മഹത്യ ചെയ്യാമെന്ന് വരെ അമ്മ കരുതി.

വന്നു കയറിയ മരുമകള്‍ക്ക് ഒരു പ്രത്യേകതയും ഉണ്ടായിരുന്നില്ല. കറുത്ത് മെലിഞ്ഞ ഒരു പെണ്ണ്. പ്രസവിച്ച കുട്ടിയ്ക്ക് വേണ്ടി കുടുംബക്കോടതിയില്‍ കേസിനു പോയിരുന്ന പെണ്ണ്. അടുക്കളപ്പണി കാര്യമായി ഒന്നും അറിയില്ലെന്ന് മാത്രമല്ല, വേഗതയോ വകതിരിവോ മനോധര്‍മ്മമോ പ്രത്യേകമായ കഴിവോ അങ്ങനെ ഒരു സാമര്‍ത്ഥ്യമുള്ള കുടുംബിനിക്കു അത്യാവശ്യം വേണ്ട യാതൊന്നും തന്നെ അവള്‍ക്കുണ്ടായിരുന്നില്ല.

മകന്‍ അവളില്‍ എന്താണ് കണ്ടതെന്ന് അമ്മയ്ക്ക് എത്ര തല പുകഞ്ഞ് ആലോചിച്ചിട്ടും ഒരു കാലത്തും മനസ്സിലായതുമില്ല.

എങ്കിലും അവള്‍ കുടുംബക്കോടതിയില്‍ പോകുമ്പോള്‍ അമ്മയും കൂടെ ചെന്നു. ഒരിക്കലും അവളെ തനിച്ചാക്കിയില്ല. അവള്‍ക്ക് ഇഡ്ഡലി സാമ്പാറില്‍ മുക്കി വായില്‍ വെച്ചു കൊടുത്തു. അപ്പോള്‍ അവള്‍ നാക്കു നീട്ടിക്കാണിക്കും. 'അങ്ങനെയല്ല ഇഡ്ഡലി തിന്നേണ്ടത് ചെകുത്താനേ' എന്ന് വിളിച്ച് വായ ശരിക്കു പൊളിയ്ക്കാന്‍ അമ്മ അവളെ പഠിപ്പിച്ചു. അവള്‍ക്കിഷ്ടമുള്ള കപ്പയും കടച്ചക്കയും മാമ്പഴപുളിശ്ശേരിയും ഉണ്ടാക്കി വിളമ്പി... അവളുടെ തലമുടി തോര്‍ത്തിക്കൊടുത്തു.

അടുത്ത മരുമകള്‍ അതും എല്ലാ നിലയിലും ഉയര്‍ന്ന കുടുംബത്തില്‍ നിന്നും, അതീവ ധനികയും ഉയര്‍ന്ന ഉദ്യോഗമുള്ളവളും സുന്ദരിയും ആയവള്‍ വന്നു ചേര്‍ന്നപ്പോഴും ആ അമ്മ പറഞ്ഞു. …

'ആരു വന്നാലും ശരി... നീയാണെന്‍റെ ആദ്യ മരുമകള്‍ '

(2)

എണ്‍പതു വയസ്സുള്ള അമ്മായിയമ്മ മരിച്ചപ്പോള്‍ അറുപത് വയസ്സുള്ള മരുമകള്‍ സങ്കടം കൊണ്ട് ബോധം കെട്ട് വീണു. അമ്മയുടെ മകന്‍ കരഞ്ഞില്ല. വൃദ്ധനായ താന്‍ കരയുന്നത് മോശമാണെന്ന് അദ്ദേഹത്തിനു തോന്നി.

പതിനഞ്ചു വയസ്സില്‍ അമ്മായിഅമ്മയുടെ അടുത്ത് എത്തിയതായിരുന്നു ബോധം കെട്ട് വീണ മരുമകള്‍. തലമുടി മെടഞ്ഞു കൊടുക്കുകയും അടുക്കളപ്പണികള്‍ പഠിപ്പിക്കുകയും കെട്ടിപ്പിടിച്ചുമ്മവെക്കുകയും പ്രസവം നോക്കുകയും എല്ലാം ചെയ്തത് അമ്മായിഅമ്മ എന്ന അമ്മയായിരുന്നു.

ചെവി കേള്‍ക്കാതായപ്പോള്‍ ഉറക്കെ സംസാരിച്ച് മരുമകള്‍ക്ക് ക്ഷീണമാകരുതെന്ന് കരുതി കടലാസ്സില്‍ എഴുതി കാണിച്ചാല്‍ മതി എന്ന് പറഞ്ഞ അമ്മായിയമ്മ ആയിരുന്നു അവര്‍. വൈകീട്ട് മരുമകള്‍ കുളിച്ച് മേക്കപ്പിട്ട് നല്ല വസ്ത്രങ്ങള്‍ ധരിച്ച് അവര്‍ക്കൊപ്പം അമ്പലത്തില്‍ പോകണമെന്ന് നിര്‍ബന്ധമായിരുന്നു . ഒരു ദോശയാണെങ്കിലും മരുമകള്‍ക്ക് പകുതി നല്‍കി ഒപ്പം കഴിക്കുന്നതാ യിരുന്നു അവര്‍ക്ക് ആഹ്ലാദം. പഴയ സിനിമകള്‍ കണ്ട് മരുമകള്‍ക്കൊപ്പം പൊട്ടിച്ചിരിക്കാന്‍ അവര്‍ക്കിഷ്ടമായിരുന്നു.

മരുമകളുടെ സങ്കടം ഒരിക്കലും മാറിയില്ല. അമ്മ അച്ഛമ്മയെ മറക്കട്ടെ എന്ന് കരുതി മകന്‍ അവരെ അമേരിക്കയിലൊക്കെ കൊണ്ടുപോയി.. മാത്രമല്ല സിംഗപ്പൂരും ജപ്പാനും കനഡയും ഗള്‍ഫ് രാജ്യങ്ങളും റഷ്യയും ഒക്കെ കാണിച്ചുകൊടുത്തു.

എങ്കിലും ആ മകന്‍റെ അമ്മ അച്ഛമ്മയെയും മനസ്സിലേറ്റിയാണ് എല്ലായിടത്തും പോയത്. ഇന്നും ആ അമ്മായിയമ്മയെ ഓര്‍ത്ത് മരുമകള്‍ പൊട്ടിക്കരയും...അവര്‍ക്ക് ഭര്‍ത്താവിന്‍റെ അമ്മ സ്വന്തം അമ്മയായിരുന്നു. ആ അമ്മയ്ക്ക് മരുമകള്‍ സ്വന്തം മകളും...

വെറുതേ പറയുന്നതാണ് അമ്മായിയമ്മയ്ക്ക് മരുമകളേയും മരുമകള്‍ക്ക് അമ്മായിഅമ്മയേയും ഇഷ്ടമില്ലെന്ന് അല്ലേ.. അങ്ങനെ അല്ലേ?

No comments: