Wednesday, August 15, 2018

സൂകരജീവനം

https://www.facebook.com/echmu.kutty/posts/803732226472740

ശരിരം എനിക്ക് വലിയ താക്കീതുകള്‍ തരികയാണ്, മാനസികവും ശാരീരികവും ആയ എല്ലാ അലച്ചിലുകളും മിതമാക്കുവാനുള്ള താക്കീത്. അനുസരിച്ചില്ലെങ്കില്‍ എന്നെ സ്നേഹിക്കുന്നവര്‍ക്കും ഞാന്‍ സ്നേഹിക്കുന്നവര്‍ക്കും ഞാന്‍ വലിയ ഭാരമായിത്തീരും.

അതുകൊണ്ട് ഞാന്‍ ജാഗ്രത പാലിക്കാന്‍ തീരുമാനിച്ചു.

മഹാരാഷ്ടയില്‍ മഴ ആര്‍ത്ത് പെയ്യുന്നുണ്ട്. ആരോടൊക്കെയോ വൈരാഗ്യമുണ്ടെന്ന് തോന്നും മുംബൈയിലെ മഴ കണ്ടാല്‍.. എന്നാല്‍ എല്ലായിടത്തും അങ്ങനെയല്ല. ഷെഹ്ണായിയുടെ പാട്ടു പോലെയും മഴ നില്‍ക്കാതെ പെയ്യുന്നുണ്ട്. ഞാന്‍ വരുമ്പോള്‍ മെലിഞ്ഞ് ഉണങ്ങിക്കിടന്നിരുന്ന പല നദികളും ഇപ്പോള്‍ തടിച്ചു കൊഴുത്ത് ഉഗ്രരൂപിണികള്‍ ആയിരിക്കുന്നു.

പോരാത്തതിനു ഈ ഡാം ഇപ്പോ തുറക്കും, ആ ഡാം ഇപ്പോ തുറക്കും തീരത്തുള്ളവര്‍ ജാഗ്രത പലിക്കുക എന്ന അറിയിപ്പും... ഈ അവസാനനിമിഷത്തില്‍ ഇങ്ങനെ അറിയിപ്പ് നല്‍കീട്ട് എന്തുകാര്യമെന്ന് ഞാന്‍ പലപ്പോഴും അലോചിച്ചിട്ടൂണ്ട്. ഉത്തരം കിട്ടിയിട്ടില്ല. സ്റ്റേറ്റിനു ജന സം രക്ഷണം ഫയലില്‍ മതിയാവുമായിരിക്കും.. ആവോ ?

താമസസ്ഥലത്ത് നല്ല പച്ചപ്പുണ്ട്. ഒരു മാതിരി വൃത്തികെട്ട സസ്യശ്യാമള കോമളമെന്ന് സിനിമയില്‍ കേട്ട മാതിരി. ചെമ്പോത്ത്, മൈന, കാക്ക, അനവധി തരം കുരുവികള്‍, പോത്താന്‍ കീരികള്‍, ഓലേഞ്ഞാലികള്‍, പാമ്പുകള്‍, പട്ടികള്‍, പിന്നെ പന്നികളും.. ആകെപ്പാടെ ബഹളമയമായ ഒരു അന്തരീക്ഷം..

മഴയൊന്നും അവര്‍ക്ക് പ്രശ്നമേ അല്ല... ചിണുങ്ങിക്കരയുന്ന മഴയില്‍ ചിറകൊതുക്കി ഇരുന്ന് വിശ്രമിക്കും... പതുക്കെ വല്ലതിനെയുമൊക്കെ കൊത്തിത്തിന്നും. പാമ്പിനെ കാണുമ്പോള്‍ എല്ലാവരും കൂടി വലിയ ഒച്ചയുണ്ടാക്കും..

പച്ചപ്പ് അങ്ങനെ ചെത്തി നിറുത്തി അലങ്കരിക്കാന്‍ ഒന്നും ആരും മുതിര്‍ന്നിട്ടില്ല. ഒരു തരം കാടന്‍ പച്ചപ്പാണ്. അതിന്‍റെ ഒരു സുഖവുമുണ്ട്. മഴ നിന്നാല്‍ പച്ചപ്പ് പെയ്യും. അപ്പോഴേക്കും അടുത്ത മഴ വരും..

പന്നികള്‍ കേമികളായ അമ്മമാരാണ്. ഒരാളുടെ പക്കല്‍ എട്ടും പത്തും മക്കളുണ്ട്. ഗുര്‍ ഗുര്‍ എന്ന് ഒച്ചയുണ്ടാക്കി പിള്ളേരെ തെളിച്ചുകൊണ്ട് നടക്കും. പട്ടികള്‍ക്ക് വരാന്തകളില്‍ ഒക്കെ വിശ്രമിക്കാം. എന്നാല്‍ പന്നികള്‍ക്ക് അതു പറ്റില്ല. ആരും സമ്മതിക്കില്ല. അതുകൊണ്ട് എപ്പോഴും നടപ്പാണ്.

പന്നിക്കുഞ്ഞുങ്ങളോളം ഓമനത്തം ആര്‍ക്കുമില്ലെന്ന് തോന്നും ഇത്തിരിപ്പോന്ന വാലുമാട്ടി ചുവന്ന് തുടുത്ത കൊച്ചുങ്ങള്‍ പന്നിയമ്മയുടെ ഒപ്പം ഓടുന്നത് കാണുമ്പോള്‍.. വെള്ളമില്ലാത്ത ഒരിടം കണ്ടാല്‍ പന്നിയമ്മ കിടക്കും. പിന്നെ മക്കളുടെ പാല്‍ കുടി മല്‍സരമാണ്. ചിലപ്പോള്‍ അങ്ങനെ കിടന്ന് പന്നിയമ്മ ഒന്ന് മയങ്ങുകയും ചെയ്യും.

മഴ മൂത്തപ്പോള്‍ പന്നിയമ്മമാരുടേയും മക്കളുടേയും കാര്യം പരുങ്ങലിലായി. വെള്ളം ഇല്ലാത്ത ഒരിടവുമില്ല. തറയിലെല്ലാം വെള്ളം കെട്ടി നില്‍ക്കാണ്. അപ്പോഴാണ് ഞാന്‍ ഈ അല്‍ഭുതം കണ്ടത്. പന്നിയമ്മമാര്‍ പുല്ലുവലിച്ച് എടുക്കുന്നു. എന്നിട്ട് താരതമ്യേനെ ഉയരമുള്ള സ്ഥലത്ത് വിരിക്കുന്നു. പരമാവധി വേഗത്തിലും ഭംഗിയിലുമാണ് ഈ ജോലി. എന്നിട്ട് മഴയും കൊണ്ട് മക്കള്‍ക്ക് മുലയും കൊടുത്ത് ഗുര്‍ ഗുര്‍ എന്ന് ഒച്ചയുമുണ്ടാക്കി അവിടെ കിടക്കുന്നു!!!!!!!!!!!!!!!

ഞാന്‍ അതിശയിച്ചു പോയി.

പന്നിയമ്മയുടെ വാല്‍സല്യം, കരുതല്‍.. മക്കളോടുള്ള ഉത്തരവാദിത്തം, പന്നിയമ്മമാരുടെ പരസ്പരമുള്ള സഹകരണം..

മനുഷ്യകുലത്തില്‍ പിറന്ന എനിക്ക് അത്രയല്ലേ പറ്റൂ..

No comments: