Friday, August 31, 2018

ബ്രാഹ്മണജാതിയും ഹിന്ദുമതവും ഒരു സ്ത്രീയോടും അവരുടെ തൊഴിലിനോടും ചെയ്തത്…



 

തഞ്ചാവൂരില്‍ താമസിച്ചിരുന്ന അമ്മീമ്മയുടെ ഏറ്റവും മൂത്ത ജ്യേഷ്ഠത്തി വല്ലപ്പോഴും ഓരോ കത്തുകളയച്ചിരുന്നു. സ്വന്തം അനിയത്തിയോട് തമിഴില്‍ സംസാരിക്കുന്ന രീതിയില്‍, അക്ഷരപ്പിശകുകള്‍ സുലഭമായ മലയാളം ലിപിയില്‍, നല്ല വടിവൊത്ത കൈപ്പടയിലുള്ള എഴുത്തുകള്‍.

ആ കത്തുകള്‍ വായിച്ച് ഞാനും എന്റെ അനിയത്തിമാരും അതെഴുതിയ ആളുടെ വിവരമില്ലായ്മയെച്ചൊല്ലി പൊട്ടിച്ചിരിക്കും. ചിരിച്ച് ചിരിച്ച് ഞങ്ങള്‍ക്ക് ശ്വാസം മുട്ടുകയും കണ്ണില്‍ നിന്ന് വെള്ളം വരികയും ചെയ്യുമായിരുന്നു.

അഗ്രഹാരമെന്നതിന് ‘അക്കരക്കാര’മെന്നും ഫ്രണ്ട് ഓഫീസ് എന്നതിന് ‘വണ്ടാവിസ്സാ’ എന്നും അവര്‍ എഴുതി. അത് വായിച്ച് ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു.

അവര്‍ സ്‌കൂളില്‍ പോയിട്ടില്ലെന്നും സ്വന്തം പേരെഴുതുവാന്‍ പോലും അവര്‍ക്കറിയുമായിരുന്നില്ലെന്നും അമ്മീമ്മ പറഞ്ഞു തന്ന ദിവസം ഞങ്ങളുടെ ചിരി മാഞ്ഞു. അവരുടെ കഠിന പ്രയത്‌നം കൊണ്ട് മാത്രമാണ് തെറ്റുകള്‍ നിറഞ്ഞ ഈ കത്തെങ്കിലും എഴുതുവാന്‍ അവര്‍ക്ക് സാധിക്കുന്നത് എന്നും അമ്മീമ്മ പറഞ്ഞു.

അക്കാലത്ത് അമ്മീമ്മയുടെ മഠത്തിലെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഒരാവശ്യമേ ആയിരുന്നില്ല. അവര്‍ക്ക് അടുക്കളയാണ് ലോകം. പിന്നെ ഭര്‍ത്താവിന്റെ ഇംഗിതമനുസരിച്ച് എത്ര വേണമെങ്കിലും പ്രസവിക്കാം, തറയില്‍ മുട്ട് മടക്കിയിരുന്ന് വത്തല്‍ക്കുഴമ്പും പൊരിയലും കൂട്ടി ഒരില ചോറുണ്ണാം. വേറെ എന്താണ് കോശാപ്പുടവയുടുക്കുന്ന ഒരു പെണ്ണിനു വേണ്ടത്?

പന്ത്രണ്ടു വയസ്സില്‍ ഒരു മുപ്പതുകാരനെ രക്ഷിതാക്കളുടേയും വാധ്യാരുടേയും ആശീര്‍വാദങ്ങളോടെ വിശദമായ പൂജകളോടെ ഭര്‍ത്താവായി സ്വീകരിച്ചിട്ടും, വെറും നാലു ദിവസത്തില്‍ ആ മഹാ ബ്രാഹ്മണനാല്‍ ഉപേക്ഷിക്കപ്പെടുവാന്‍ ഇടവന്ന ഒരു സ്ത്രീയായിരുന്നു അമ്മീമ്മ .

അതിനു ശേഷം സ്വന്തം പിതൃ ഭവനത്തില്‍ അവര്‍ അനവധി നീണ്ട വര്‍ഷങ്ങള്‍ ജീവിച്ചു. അവരുടെ വിദ്യാസമ്പന്നരായ ജ്യേഷ്ഠാനുജന്മാര്‍ വലിയ ഉദ്യോഗങ്ങളില്‍ പ്രവേശിക്കുകയും വിവാഹം കഴിയ്ക്കുകയും അച്ഛന്മാരാവുകയും ചെയ്തു. അനുജത്തിമാരും വിവാഹിതരായി, അമ്മമാരായി.

അമ്മീമ്മയുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടായില്ല. അമ്പലത്തിലും അടുക്കളയിലും പശുത്തൊഴുത്തിലും തീണ്ടാരിപ്പുരയിലും കുളിക്കടവിലുമായി അവര്‍ സമയം ചെലവാക്കി. കൂടപ്പിറപ്പുകളുടെ മക്കളെ അത്യധികം സ്‌നേഹത്തോടെയും നിറഞ്ഞൊഴുകുന്ന വാത്സല്യത്തോടെയും പരിചരിച്ചു.

‘നീ വളര്‍ന്ന പെണ്ണാണ്, ആരോടും സംസാരിച്ച് നിന്ന് കുടുംബത്തിനു മാനക്കേടുണ്ടാക്കരുതെ’ന്ന് എല്ലാവരും അവര്‍ക്ക് എന്നും താക്കീത് നല്‍കി. ഭര്‍ത്താവില്ലാത്തതു കൊണ്ട് വാഴാവെട്ടി എന്നും പ്രസവിക്കാത്തതുകൊണ്ട് മച്ചി, മലട് എന്നും വിളിച്ച് ക്രൂരമായി അവരെ അപഹസിയ്ക്കാന്‍ ആര്‍ക്കും വിഷമമൊന്നുമുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെയാണ് അമ്മീമ്മയുടെ ജീവിതത്തില്‍ ഒരു അത്ഭുതമുണ്ടായത്. അത് ബോംബെ നഗരത്തിലെത്തിപ്പെടാനുള്ള അവരുടെ തലേലെഴുത്തായിരുന്നു.

ഇന്ന് മുംബൈ എന്നു പേരു വിളിക്കുന്ന പഴയ ബോംബെ നഗരത്തെപ്പറ്റി ഏറ്റവും കാല്‍പനികമായ നിറച്ചാര്‍ത്തോടെയുള്ള സ്വപ്നങ്ങള്‍ എനിക്കു പകര്‍ന്നു തന്നിട്ടുള്ളത് ഞാന്‍ കണ്ടു തീര്‍ത്ത ഹിന്ദിസിനിമകളോ സ്വപ്നാത്മകമായ വിചിത്ര ഭാവനകളോടെ ഞാന്‍ വായിച്ചവസാനിപ്പിച്ച ഹിന്ദി നോവലുകളോ സ്ഥിരം മുംബൈക്കാര്‍ ആയ എന്റെ അനവധി സുഹൃത്തുക്കളോ അല്ല.

അമ്മീമ്മയാണ്.

അമ്മീമ്മയുടെ മനസ്സിന്റെ ഒരു ഭാഗം എന്നും ബോംബെയെ ധ്യാനിച്ചിരുന്നു. ആ നഗരത്തെപ്പറ്റിയുള്ള ഏതു വര്‍ത്തമാനവും അവര്‍ എപ്പോഴും താല്‍പര്യപൂര്‍വം അറിഞ്ഞു. ദേവാനന്ദ് പാടിയഭിനയിച്ച പാട്ടുകള്‍ റേഡിയോയില്‍ കേള്‍ക്കുന്നത് അമ്മീമ്മയുടെ ഒരു ദൗര്‍ബല്യമായിരുന്നു. പില്‍ക്കാലത്ത് ടി വിയില്‍ ദേവാനന്ദിനെ കാണുവാന്‍ സാധിക്കുമ്പോഴൊക്കെയും അമ്മീമ്മ ഏറെ ആഹ്ലാദവതിയായി. ‘ഖൊയാ ഖൊയാ ചാന്ദ് ഖുലാ ആസ്മാന്‍’ എന്ന പാട്ടു കേള്‍ക്കുമ്പോള്‍ ആ മുഖം അല്‍പം ലജ്ജയുടെ ചുവപ്പു പുരണ്ട് അതീവ സുന്ദരമായിത്തീരുന്നത് ഞങ്ങള്‍ തമാശയോടെ വീക്ഷിച്ചു. അമ്മീമ്മയുടെ യൗവനത്തിലെ മൃദുലസ്വപ്നങ്ങളെ ഏതെങ്കിലും ഒരു കാലത്ത് ദേവാനന്ദ് വര്‍ണാഭമാക്കിയിരുന്നിരിക്കണം…

ഇരുപതുവയസ്സുകളിലെ കുറെക്കൊല്ലങ്ങള്‍ അമ്മീമ്മ ബോംബെ നഗരത്തില്‍ ചെലവാക്കിയിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു. ആചാരങ്ങളിലും മാമൂലുകളിലും ഉറച്ചു വിശ്വസിച്ചിരുന്ന അമ്മീമ്മയുടെ മഠത്തില്‍ നിന്ന് അക്ഷരമറിയാത്ത അവര്‍ എങ്ങനെ ബോംബെയില്‍ എത്തിപ്പെട്ടുവെന്നും അവിടെ എങ്ങനെ ജീവിച്ചുവെന്നും ഞാന്‍ അതിശയിച്ചിട്ടുണ്ട്. മലയാളവും തമിഴുമൊന്നും എഴുതാനറിയാതിരുന്ന അവര്‍ ബോംബെയില്‍ വെച്ച് ചില അയല്‍പ്പക്കക്കാരികളായ സ്ത്രീകളില്‍ നിന്ന് ഹിന്ദി എഴുതാനും വായിക്കാനും പഠിക്കുകയും ഏതാനും ചില ചെറിയ ഹിന്ദി പരീക്ഷകള്‍ പാസ്സാവുകയും ചെയ്തു. തുച്ഛ വരുമാനമായിരുന്നെങ്കിലും, ആ പരീക്ഷകളുടെ ബലത്തില്‍, നന്നെ ചെറിയ ചില ജോലികളും അവര്‍ അവിടെ ചെയ്യുകയുണ്ടായി.

അമ്മീമ്മയുടെ സഹോദരന്മാരാണ് അവരെ ബോംബെയിലേക്ക് കൊണ്ടു പോയത്. ഭര്‍ത്താവില്ലാത്ത പെണ്ണ് അടുക്കളക്കെട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന്, അരവയര്‍ ഭക്ഷിച്ച്, തെരുതെരെ നാമം ചൊല്ലി താഴോട്ടു മാത്രം നോക്കി കഴിഞ്ഞു കൂടണമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അവരെ ഇമ്മാതിരിയൊരു കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്തായിരിക്കും.?

അമ്മീമ്മയ്ക്ക് വായിച്ചറിയാന്‍ പോലും സാധിക്കാതെ പോയ രണ്ടു പ്രണയലേഖനങ്ങളായിരുന്നുവത്രേ ആ പ്രേരണ !

അമ്മീമ്മയുടെ അപ്പാ ഗ്രാമത്തിലെ ഒരു മുഖ്യനായിരുന്നു. ധാരാളം പണം, കനത്ത ഭൂസ്വത്ത്, ആണ്‍ മക്കള്‍ക്കെല്ലാം വന്‍നഗരങ്ങളില്‍ വലിയ ഉദ്യോഗങ്ങള്‍… ഇതൊക്കെയല്ലേ സാധാരണ ഗതിയില്‍ ഒരാളെ മുഖ്യനാക്കി മാറ്റുന്നത്? ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും ആശ്രിതരുമായി അനവധി പേര്‍ എപ്പോഴും ആ മഠത്തിലുണ്ടാകുമായിരുന്നു.

അവരില്‍ രണ്ടുപേരാണ് ആ കുഴപ്പമുണ്ടാക്കിയത്.

ഒരാള്‍ പെട്ടെന്നു പെട്ടെന്ന് കവിത കെട്ടിയുണ്ടാക്കുന്ന മിടുക്കനായിരുന്നു. എപ്പോള്‍ വേണമെങ്കിലും എത്ര വേണമെങ്കിലും പ്രേമം തുളുമ്പുന്ന വരികള്‍ ചൊല്ലാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. ഭാര്യയും അനവധി മക്കളുമുണ്ടായിരുന്ന അയാള്‍ ഉയര്‍ന്ന ജാതിക്കാരനായ ഒരു ജന്മിയായിരുന്നുവത്രെ.

മറ്റൊരാള്‍ ആയുര്‍വേദം അരച്ചു കലക്കിക്കുടിച്ചിരുന്ന ഒരു വൈദ്യനായിരുന്നു. ഒറ്റമൂലികളില്‍ സമര്‍ഥനായിരുന്ന അയാളും ഉന്നത ജാതിക്കാരനും ഒരു ഭര്‍ത്താവും കുറെ കുട്ടികളുടെ അച്ഛനുമായിരുന്നു. അയാള്‍ക്കും നല്ല ധനശേഷിയുണ്ടായിരുന്നു.

‘പടിപ്പുരയുടെ ചുവരിനരികിലായി ഭംഗിയുള്ള ഒരു കടലാസ് വെച്ചിട്ടുണ്ട് . എടുത്ത് നോക്കു’ എന്നായിരുന്നു കവി വചനമെങ്കില്‍, വൈദ്യന്‍ ‘മുഖക്കുരുവിനുള്ള മരുന്ന് കടലാസ്സില്‍ വെച്ചിട്ടുണ്ട്. തൊഴുത്തിനടുത്താണ് അത് വെച്ചിരിക്കുന്നത്. ആരും കാണാതെ പോയി അതെടുത്തോളൂ. പിന്നെ വിവരം തന്നാല്‍ മതി’ എന്നാണ് പറഞ്ഞത്.

അമ്മീമ്മ രണ്ടു കടലാസ്സും പോയി എടുക്കുകയും അതീവ വിഷണ്ണയാവുകയും ചെയ്തു. കാരണം അതില്‍ എഴുതിയിരുന്നതെന്താണെന്ന് വായിച്ചു മനസ്സിലാക്കാനുള്ള അറിവ് അവര്‍ക്കില്ലായിരുന്നു. അക്ഷരമറിയാത്തവളാണ് അമ്മീമ്മയെന്ന് എഴുത്തുകള്‍ എഴുതിയവര്‍ അറിഞ്ഞിരുന്നുമില്ല. ജീവിതത്തിലാകെക്കൂടി കിട്ടിയ രണ്ട് പ്രണയലേഖനങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ പോലും കഴിയാതിരുന്നതാണ് അമ്മീമ്മയുടെ പ്രണയഭാഗ്യം.

അമ്മീമ്മ പക്ഷെ, കൃത്യമായി പിടിക്കപ്പെട്ടു.

മഠത്തില്‍ പേമാരിയും കൊടുങ്കാറ്റും മാത്രമല്ല അഗ്‌നിപാതവും ഉണ്ടായി. അമ്മീമ്മ പിഴച്ചുവെന്നതിന്റെ അല്ലെങ്കില്‍ പിഴയ്ക്കാന്‍ കൊതിച്ചുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നുവല്ലോ ആ കത്തുകള്‍.

ഒരേ ദിവസം രണ്ട് പുരുഷന്മാരില്‍ നിന്ന് കത്തുകള്‍ കിട്ടുന്ന പെണ്ണോ… അവള്‍ ഭയങ്കരി തന്നെ.

ഇത്തിരി തീയില്ലാതെ ഇത്തിരി പുകയുണ്ടാവുമോ!

ആണുങ്ങളെ കണ്ണു കാണിച്ചാല്‍ ഏതു സുന്നരീടെ ഭര്‍ത്താവായാലും എത്ര മക്കളുടെ അച്ഛനായാലും അവര്‍ കത്തെഴുതി കൊടുക്കില്ലേ.. പെണ്ണല്ലേ കരുതിയിരിക്കേണ്ടത്…

ഇതിനു മുന്‍പ് ആരൊക്കെ കത്തു കൊടുത്തിട്ടുണ്ടെന്ന് ആര്‍ക്കറിയാം..

അല്ലെങ്കിലും ആണുങ്ങളുള്ള ഭാഗത്ത് ചുറ്റിപ്പറ്റി നില്‍ക്കലുണ്ട് ഇവള്‍ക്ക്…

ഇങ്ങനെ വാക്കുകള്‍ കൊണ്ട് ക്രൂരമായി ആക്രമിക്കുമ്പോഴും നീണ്ട മുടിപിടിച്ചുലയ്ക്കുമ്പോഴും കരണത്തടിയ്ക്കുമ്പോഴും മുറിയില്‍ പൂട്ടിയിടുമ്പോഴും കിട്ടിയ കത്തുകള്‍ ആ പെണ്‍കുട്ടിയ്ക്ക് വായിക്കാന്‍ കൂടി കഴിയില്ലെന്ന് ആരും ഓര്‍മ്മിച്ചില്ല.

അക്ഷരമറിയാത്തതിന്റെ ദണ്ഡമെന്നത് ചിലപ്പോഴൊക്കെ അങ്ങനെയും കൂടിയാണ്.

‘ഈ സങ്കടമൊക്കെ കുടിച്ചിറക്കുമ്പോള്‍ മരിക്കാന്‍ തോന്നിയിട്ടില്ലേ’ എന്ന ചോദ്യത്തിനുത്തരമായി ആത്മഹത്യ ചെയ്യുന്നവരെ ഭീരുക്കള്‍ എന്നും മറ്റും വിളിച്ച് പരിഹസിക്കരുതെന്നും ആത്മഹത്യ കലയായും ചിലപ്പോള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായും മാറാറുണ്ടെന്നും അപ്പോഴാണ് അമ്മീമ്മ പറഞ്ഞു തന്നത്. പൊതുസമൂഹത്തിന്റെ മിക്കവാറും എല്ലാ മുന്‍വിധികളോടും പഴഞ്ചൊല്ലുകളോടും അമ്മീമ്മ എന്നും ഇടം തിരിഞ്ഞുനിന്നിരുന്നു. നിശിതമായി ആലോചിക്കാതെ ആ പഴഞ്ചൊല്ലുകളും മുന്‍വിധികളും അങ്ങനെ എല്ലാവരേയും പോലെ എടുത്തുപയോഗിക്കുന്നത് അവര്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങള്‍ കുട്ടികളിലും ആ ശീലം വളര്‍ത്താന്‍ അവര്‍ എപ്പോഴും പരിശ്രമിച്ചിരുന്നു.

സഹോദരന്റെ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്കായാണ് അമ്മീമ്മ ആദ്യമായി ബോംബെയിലേക്ക് പോയത്. അമ്മീമ്മ പിഴച്ചു പോവാതിരിക്കാന്‍, മഠത്തിനു ചീത്തപ്പേരു വരാതിരിക്കാന്‍, എന്ന ന്യായം സഹോദരന്മാരുടെ ആ പ്രവൃത്തിയെ തികഞ്ഞ ഉപകാരമായി കാണാന്‍ എല്ലാവരേയും പ്രേരിപ്പിച്ചു. പിന്നീട് ആറേഴു വര്‍ഷങ്ങള്‍ക്ക് ശേഷമേ സഹോദരന്മാര്‍ അമ്മീമ്മയെ ഗ്രാമത്തിലേക്ക് തിരിച്ചുകൊണ്ടുവന്നുള്ളൂ. അപ്പോഴേക്കും സഹോദരഭാര്യമാരുടെ പ്രസവങ്ങള്‍ നിലയ്ക്കുകയും ശുശ്രൂഷകള്‍ വേണ്ടാതാവുകയും കുട്ടികള്‍ മുതിരുകയും ചെയ്തുകഴിഞ്ഞിരുന്നു.

പ്രസവ ശുശ്രൂഷ വിചിത്രമായ ഒരനുഭവമാണെന്ന് അമ്മീമ്മ പറഞ്ഞു. തികച്ചും അവശയായ സ്ത്രീക്ക് ശുശ്രൂഷയും ശുശ്രൂഷിക്കുന്ന സ്ത്രീയും ഹൃദ്യമായി തോന്നാമെങ്കിലും അവശത കുറയുന്നതനുസരിച്ച് ഹൃദ്യതയും സ്വീകാര്യതയും കുറഞ്ഞുകുറഞ്ഞു വരും. പിന്നെപ്പിന്നെ സഹായിയായി തോന്നിയ സ്ത്രീ അനാവശ്യവും എത്രയും പെട്ടെന്ന് നാടു കടത്തപ്പെടേണ്ടവളും കുടുംബത്തിലെ ശല്യവും ആയിത്തീരും. അവള്‍ അനാഥയാണെങ്കില്‍ പിന്നെ, തികച്ചും വെറുക്കപ്പെട്ടവള്‍ ആയതു തന്നെ. അവള്‍ക്കു വേണ്ടി ചെലവാക്കപ്പെടുന്ന അരിമണികളും തുണിക്കഷണങ്ങളുമെല്ലാം കുടുംബവരുമാനത്തിന്റെ താളം തെറ്റിക്കും.

ഹിന്ദിയില്‍ ബില്ലെഴുതുന്ന ചില്ലറക്കടകളില്‍ പാര്‍ട്ട് ടൈം ജോലിക്കു പോവാന്‍ അമ്മീമ്മയ്ക്ക് കഴിഞ്ഞത് ഈ അനാവശ്യതയും വെറുപ്പും അനാഥത്വവും ഒഴിവാക്കപ്പെടലും ഒക്കെക്കൊണ്ടു തന്നെയായിരുന്നു.

വിക്ടോറിയ ടെര്‍മിനസ്സും ഫ്‌ലോറാ ഫൗണ്ടനും ചര്‍ച്ച് ഗേറ്റും ജൂഹു ബീച്ചും അമ്മീമ്മയുടെ ബോംബെ സ്മരണകളില്‍ നിറഞ്ഞുനിന്നു. ബോബെയുടെ നിരത്തുകളിലെയും റെയില്‍വേ സ്‌റ്റേഷനുകളിലെയും അനുസ്യൂതമായ ജനപ്രവാഹത്തെപ്പറ്റിയും ഡബ്ബാവാലകളുടെ മാനേജുമെന്റ് സ്‌കില്ലിനെപ്പറ്റിയും അവര്‍ വിശദീകരിച്ചു. ബോംബെയിലെ ചേരികളില്‍ അടിഞ്ഞു കൂടുന്ന ഇന്ത്യന്‍ ജനതയുടെ കഠിനയാതനകളെപ്പറ്റി വെറുതേയുള്ള നിരീക്ഷണങ്ങളിലൂടെ മാത്രം അവര്‍ ശരിയായി മനസ്സിലാക്കിയിരുന്നു. ദാദര്‍, താനെ, ചെമ്പൂര്‍, മാട്ടുംഗ, സയാണ്‍, ബാന്ദ്ര, മലബാര്‍ ഹില്‍സ്, മലാഡ്, ഗോരെഗാണ്‍, വൈലെപാര്‍ലേ എന്നൊക്കെയുള്ള സ്ഥലപ്പേരുകളും അവര്‍ കൃത്യമായി ഓര്‍മ്മിച്ചിരുന്നു. മൈഥിലീ ശരണ്‍ ഗുപ്തയുടെയും ഹരിവംശറായ് ബച്ചന്റെയും കവിതകള്‍ അവര്‍ ചൊല്ലിക്കേള്‍പ്പിച്ചിട്ടുണ്ട്. പ്രേംചന്ദിന്റെ കഥകളും അവര്‍ക്കറിയാമായിരുന്നു. ഷണ്‍മുഖാനന്ദ ഹാളില്‍ കമലാലക്ഷ്മണന്റെയും ലളിതാ പത്മിനിമാരുടേയും ബാല സരസ്വതിയുടേയും വൈജയന്തിമാലയുടേയും നൃത്തപരിപാടികള്‍ ഉണ്ടാകുന്നതിനെപ്പറ്റിയും അത് കാണാന്‍ അവര്‍ മോഹിച്ചിരുന്നതിനെപ്പറ്റിയും ഒക്കെ അമ്മീമ്മ വാചാലയായിരുന്നു. എം എസ് സുബ്ബലക്ഷ്മിയുടെ കച്ചേരി കേള്‍ക്കാനും അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു.

പാഴ്‌സികളുടെ ശ്മശാനമായ ടവര്‍ ഓഫ് സൈലന്‍സിനെപ്പറ്റിയും ശവശരീരം കഴുകന്മാര്‍ക്കും മറ്റും തിന്നാന്‍ നല്‍കി സംസ്‌കരിക്കുന്നതിനെപ്പറ്റിയും അമ്മീമ്മ പറഞ്ഞു തന്നപ്പോള്‍ ഞങ്ങള്‍ ശരിക്കും അസ്വസ്ഥരായി. ഞങ്ങള്‍ കുട്ടികള്‍ മാത്രമല്ല, കേട്ടുകൊണ്ടിരുന്ന മുതിര്‍ന്നവര്‍ക്കു പോലും ആ ശവസംസ്‌ക്കാരരീതി കഠിനമായി തോന്നി. ഗ്രാമത്തിന്റെ ചുരുങ്ങിയ വട്ടത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ലോകവും അതിലെ മനുഷ്യരും എത്രമാത്രം വൈവിധ്യപൂര്‍ണമാകാമെന്ന് മനസ്സിലാക്കിത്തരികയായിരുന്നു അമ്മീമ്മ. ദാരുവാല, ഘീവാല, ഊണ്‍വാല എന്നൊക്കെ കുടുംബപ്പേരുകളുള്ള പാഴ്‌സികളെപ്പറ്റി, ബ്രിട്ടിഷ് ഇന്ത്യയില്‍ താജ് മഹല്‍ എന്ന ഹോട്ടല്‍ നിര്‍മ്മിച്ച് അതിനു മുന്നില്‍ ‘ഇംഗ്ലീഷുകാര്‍ക്കും പട്ടികള്‍ക്കും പ്രവേശനമില്ല’ എന്ന് ഒരു ദിവസമെങ്കില്‍ ഒരു ദിവസം ബോര്‍ഡ് തൂക്കാന്‍ ധൈര്യം കാണിച്ച ടാറ്റ എന്ന പാഴ്‌സിയെപ്പറ്റിയൊക്കെ അമ്മീമ്മ വിശദമായി സംസാരിച്ചിരുന്നു. കടം കയറി തരിപ്പണമായതുകൊണ്ട് ജുഹു ബീച്ചില്‍ ചെന്ന് കുടുംബസമേതം ആത്മഹത്യ ചെയ്ത അയല്‍ക്കാരും അവരുടെ പിഞ്ചുകുഞ്ഞുങ്ങളും എന്നും അമ്മീമ്മയുടെ നൊമ്പരമായി. കോളിളക്കം സൃഷ്ടിച്ച നാനാവതി കൊലക്കേസിനെ ക്കുറിച്ചും അമ്മീമ്മ പറഞ്ഞു തന്നിട്ടുണ്ട്.

കുറെനാള്‍ ബോബെയില്‍ ജീവിച്ച, വ്യത്യസ്തമായ അനവധി ചിന്തകളുള്ള അമ്മീമ്മ എന്തുകൊണ്ട് ഒരു പ്രണയത്തിലകപ്പെട്ടില്ല ആരെയെങ്കിലും വിവാഹം കഴിച്ചില്ല എന്നൊക്കെയുള്ള ചോദ്യങ്ങള്‍ എന്നിലുയര്‍ന്നു വന്നിട്ടൂണ്ട്. പ്രണയകഥകളും പുരുഷന്റെ മധുരകരമായ സ്‌നേഹവുമൊക്കെ വായനകളില്‍ ധാരാളമായി കടന്നു വന്ന യൗവനാരംഭത്തില്‍, തീര്‍ച്ചയായും എന്നിലും അനിയത്തിമാരിലും ഈ ചോദ്യങ്ങളുണ്ടായിരുന്നു.

അമ്മീമ്മ തന്ന മറുപടി എനിക്കൊരിക്കലും മറക്കാനും കഴിഞ്ഞിട്ടില്ല.

‘പ്രണയം ഒരു യുദ്ധമാണ് കുട്ടീ. അതിലേര്‍പ്പെടുവാന്‍ ഒരുപാട് ധൈര്യം വേണം. അത് സാക്ഷാത്കരിക്കാന്‍, നിലനിറുത്താന്‍, അത് നഷ്ടപ്പെടുത്താന്‍ എല്ലാറ്റിനും അസാമാന്യമായ ധൈര്യം ആവശ്യമാണ്. പ്രേമിക്കാന്‍ കഴിവുള്ളവരാകുന്നത് ശരിക്കും വളരെക്കുറച്ചു പേര്‍ മാത്രമാണ്. അധികം പേരും പ്രേമം പോലെ തോന്നിപ്പിക്കുന്ന എന്തോ ചില കുഞ്ഞ് ആകര്‍ഷണങ്ങളില്‍ കുടുങ്ങി കഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് വെല്ലുവിളികളുടെ കഠിന സന്ദര്‍ഭങ്ങളില്‍ പ്രേമമില്ലെന്ന് തിരിച്ചറിഞ്ഞ് നെഞ്ചത്തടിക്കുന്നത് ‘

പ്രേമിക്കാനുള്ള ധൈര്യമില്ലായിരുന്നുവെന്ന്, പ്രേമത്തിനു വേണ്ടി ലോകത്തെ ചോദ്യം ചെയ്യാനുള്ള ആത്മവിശ്വാസം പകരാനാവുന്ന ഒരു വ്യക്തിയേയും ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടിയതുമില്ലെന്ന്, അമ്മീമ്മ തുറന്നു സമ്മതിച്ചു…

തിരികെ നാട്ടിലേയ്ക്ക് വന്നപ്പോഴാണ് മുപ്പത് വയസ്സ് തികഞ്ഞിട്ടും, സ്വന്തം പേരു പോലും മലയാളത്തില്‍ എഴുതാനാകാത്ത, നിസ്സഹായത അമ്മീമ്മയെ കാര്‍ന്നു തിന്നുവാന്‍ തുടങ്ങിയത്. പഠിച്ച് സ്വയം പര്യാപ്തത നേടണമെന്നും ഒരു വിലയും നിലയും സമ്പാദിയ്ക്കണമെന്നുമുള്ള ആഗ്രഹം തന്നില്‍ ഒരു തീവ്രമായ പ്രതിഷേധമായും വേദനയായും അപ്പോഴാണ് മാറിയതെന്ന് അമ്മീമ്മ പറഞ്ഞിരുന്നു. ഭാര്യയായും അമ്മയായും ഒക്കെ മറ്റുള്ള സ്ത്രീകള്‍ നേടുന്ന പദവിയൊന്നും അമ്മീമ്മയ്ക്ക് ലഭിയ്ക്കുമായിരുന്നില്ലല്ലോ.

‘ഒരു പൊണ്ണുണ്ടോടീ വക്കീല്? ഒരു പൊണ്ണുണ്ടോടീ ജഡ്ജി? ഒരു പൊണ്ണുണ്ടോടീ!!!’

അങ്ങനെ , അക്ഷരം പഠിയ്ക്കണമെന്ന് ശാഠ്യം പിടിച്ച് നിരാഹാരമിരുന്ന അമ്മീമ്മയെ മഠത്തിലെ പുരുഷന്മാര്‍ അപഹസിച്ചത് ഈ ചോദ്യങ്ങളുതിര്‍ത്തുകൊണ്ടായിരുന്നുവത്രെ.

അക്ഷരവിദ്യ പഠിയ്ക്കാനുള്ള അനുവാദത്തിനായി നിരാഹാരമനുഷ്ഠിച്ച് ക്ഷീണിതയായ അവരുടെ വലതു കൈ തല്ലി തകര്‍ക്കാനും അവരെ മുറിയിലിട്ട് പൂട്ടാനും സംസ്‌ക്കാര സമ്പന്നരെന്ന് എപ്പോഴും അവകാശപ്പെടുന്ന ബ്രാഹ്മണര്‍ മുതിര്‍ന്നുവെന്നറിയുമ്പോഴാണ് ആ ഒരുവള്‍ സമരത്തിന്റെ വീറ് എത്ര മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയുക. സ്ത്രീകള്‍ക്ക് സ്വന്തമായി നിലപാടുകള്‍ ഉണ്ടാകുന്നതും അവര്‍ പ്രതിഷേധിക്കുന്നതും അന്നും ഇന്നും മാപ്പര്‍ഹിയ്ക്കാത്ത കുറ്റമാണല്ലോ.

അധ്യാപകനായിരുന്ന പെരിയപ്പാവാണത്രെ കോപാകുലരായ ബ്രാഹ്മണരെ പിന്തിരിപ്പിച്ചത്.

അമ്മീമ്മയുടെ ഏറ്റവും ചെറിയ അനുജത്തിയായ എന്റെ അമ്മയില്‍ നിന്നാണ് അവര്‍ മലയാള അക്ഷരം എഴുതുവാന്‍ പഠിയ്ക്കുന്നത്. ആ കാലമായപ്പോഴേയ്ക്കും പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിച്ചു തുടങ്ങിയിരുന്നു.

തന്നേക്കാള്‍ പതിനഞ്ചും ഇരുപതും വയസ്സ് കുറവുള്ള കുട്ടികള്‍ക്കൊപ്പമിരുന്ന് അമ്മീമ്മ സ്‌കൂള്‍ ഫൈനലും ടി ടി സിയും പാസ്സായി. അമ്മീമ്മയ്ക്ക് മുന്‍പേ എന്റെ അമ്മ കേന്ദ്രഗവണ്‍മെന്റ് ജോലിക്കാരിയായി മാറിയിരുന്നു. അങ്ങനെ വളരെ ഏറെ വൈകിയാണെങ്കിലും ഗ്രാമത്തിലെ ബ്രാഹ്മണ മാനേജ്‌മെന്റ് സ്‌കൂളില്‍ അമ്മീമ്മ പഠിപ്പിക്കാന്‍ തുടങ്ങി.

‘അപ്പടി ഒരു പൊണ്ണ് ടീച്ചറാനാള്‍!!!’

അങ്ങനെ ഒരു ദശകം കഴിഞ്ഞുപോയി. ഗ്രാമത്തില്‍ അമ്മീമ്മയ്ക്ക് അനവധി ശിഷ്യകളും ശിഷ്യന്മാരുമുണ്ടായി. മഠത്തിന്റെയും അപ്പാവിന്റെയും പേരിലല്ലാതെ അമ്മീമ്മ സ്വന്തം പേരില്‍ ടീച്ചര്‍ എന്നറിയപ്പെടാന്‍ തുടങ്ങി.

അപ്പോഴാണ് എന്റെ അമ്മ ജാതിമാറി കല്യാണം കഴിച്ചതിന്റെ കുറ്റം അമ്മീമ്മയുടെ തലയില്‍ കെട്ടിവെയ്ക്കപ്പെട്ടത്. വ്യത്യസ്ത ചിന്താഗതിയുള്ള സ്ത്രീ, വിപ്ലവകാരിയായ സ്ത്രീ, വാശി പിടിച്ച് പഠിയ്ക്കാനും ഉദ്യോഗത്തിനും പോയ സ്ത്രീ എന്ന അമ്മീമ്മയുടെ ലേബലും അതിനു കാരണമായിട്ടുണ്ടാവാം.

അപ്പാവിന്റെ മരണ ശേഷം തറവാട്ടു മഠത്തില്‍നിന്ന് പുറത്താക്കപ്പെട്ട അമ്മീമ്മ ഒരു ബ്രാഹ്മണപ്പാട്ടിയുടെ ഇടിഞ്ഞു പൊളിഞ്ഞ വിറകുപുരയില്‍ താമസിക്കുന്ന ദുരിതകാലമായിരുന്നു അത്. അമ്മീമ്മയ്ക്ക് അപ്പാ ഒരു വീടുണ്ടാക്കി കൊടുത്തിരുന്നുവെങ്കിലും അതില്‍ വാടക്കക്കാരുണ്ടായിരുന്നു. അവര്‍ ഒഴിയാന്‍ കൂട്ടാക്കിയിരുന്നില്ല.

ഇണചേരുകയും പ്രസവിക്കുകയും മുലയൂട്ടുകയും ഒക്കെ ചെയ്താല്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ കാലത്തെ പ്രയാസങ്ങള്‍ ഇല്ലാതായിത്തീരുമെന്നാണ് പെണ്ണുങ്ങള്‍ പൊതുവേ വിശ്വസിക്കുന്നത്. ഇക്കാര്യങ്ങളൊന്നും ജീവിതത്തില്‍ ഒരിയ്ക്കലും അനുഭവിയ്ക്കാത്ത അമ്മീമ്മയ്ക്ക് ആര്‍ത്തവം എന്നുമൊരു ദുരിതമായിരുന്നു. തലവേദന, വയറുവേദന, മയക്കം, ഛര്‍ദ്ദി … ഇതൊക്കെ പതിവായിരുന്നു. ഒരു ദിവസം സ്‌കൂളില്‍ വെച്ച് ഇങ്ങനെയൊക്കെ സംഭവിച്ചപ്പോള്‍ നഗരത്തിലെ ആശുപത്രിയില്‍ ഡോക്ടറായിരുന്ന എന്റെ അച്ഛനേയും അമ്മയേയും വിവരമറിയിക്കുകയാണ് ബ്രാഹ്മണനായ ഹെഡ് മാസ്റ്റര്‍ ചെയ്തത്. എന്തായാലും അമ്മയും അച്ഛനും കാറോടിച്ച് പാഞ്ഞു വന്നു. രോഗിണിയെന്ന നിലയില്‍ അമ്മീമ്മയെ കൂട്ടിക്കൊണ്ടു പോവുകയും ചികില്‍സിക്കുകയും ചെയ്തു. അതൊരു പനിയായി രൂപാന്തരപ്പെട്ടതുകൊണ്ട് ഒരാഴ്ചത്തെ ആശുപത്രി വാസം കഴിഞ്ഞ് തിരികെ എത്തിയ അമ്മീമ്മ ഇടിഞ്ഞു പൊളിഞ്ഞ ആ വിറകു പുരയില്‍ നിന്ന് നിര്‍ദ്ദാക്ഷിണ്യം പുറത്താക്കപ്പെട്ടു. കുറഞ്ഞ ജാതിക്കാരനായ അച്ഛന്റെ സഹായം സ്വീകരിച്ച് ഭ്രഷ്ടയായ അമ്മീമ്മയെ സഹിക്കാന്‍ വിറകുപുരയുടെ ഉടമസ്ഥയായ ബ്രാഹ്മണപ്പാട്ടി ഒരുക്കമായിരുന്നില്ല.

അമ്മീമ്മ ജനിച്ച് വളര്‍ന്ന ആ നാട്ടില്‍ അവര്‍ക്ക് താമസിക്കാന്‍ അങ്ങനെ ഒരു വീടു പോയിട്ട് ഒരു വരാന്ത പോലും ഇല്ലാതായി.

സ്‌കൂളില്‍ അതിലും വലിയ ഒരു ഭൂകമ്പമായിരുന്നു അവരെ കാത്തിരുന്നത്. സുന്ദരിയും ചെറുപ്പക്കാരിയുമായ ഒരു ടീച്ചറും സുന്ദരനും ചെറുപ്പക്കാരനുമായ ഒരു മാസ്റ്ററും തമ്മില്‍ പ്രണയത്തിലാണെന്ന് ഒരു കഥ സ്‌കൂളില്‍ പരന്നിരുന്നു. നമുക്ക് പ്രണയമെന്നാല്‍ കടുത്ത അപവാദമാണല്ലോ. അത് അമ്മീമ്മയാണ് പറഞ്ഞുണ്ടാക്കിയതെന്ന കുറ്റമാരോപിച്ച് ബ്രാഹ്മണനായ ഹെഡ്മാസ്റ്റര്‍ അമ്മീമ്മയെ സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് മൂന്നു മാസം അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ അവര്‍ക്ക് ഒപ്പ് വെയ്ക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അത് അനുവദിച്ചില്ല. സ്‌കൂള്‍ മാനേജര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചപ്പോഴാണ് ഹെഡ് മാസ്റ്റര്‍ മൂന്നു മാസത്തിനുശേഷം ഒപ്പ് വെയ്ക്കാന്‍ അമ്മീമ്മയ്ക്ക് അനുവാദം നല്‍കിയത്.

താമസിയ്ക്കാന്‍ സ്ഥലമില്ലാതായ ആ ദിവസം അതിഭയങ്കരമായിരുന്നു എന്ന് അമ്മീമ്മ പറഞ്ഞിട്ടുണ്ട്. പ്രളയമുണ്ടാവണമെന്നും കൊടുങ്കാറ്റടിയ്ക്കണമെന്നും അഗ്‌നിയാളിപ്പടരണമെന്നും ആകാശം കുത്തിത്തുറന്ന് ദൈവം നീതി നടപ്പാക്കണമെന്നും ഒക്കെ അന്ന് അമ്മീമ്മ പ്രാര്‍ഥിക്കാതിരുന്നില്ല. എങ്കിലും ദൈവം ആ പ്രാര്‍ഥനയൊന്നും കേള്‍ക്കുകയുണ്ടായില്ല. ക്രിസ്തുമതക്കാരനായ ഒരു ധീര ശിഷ്യന്‍ന്റെ വീട്ടില്‍ അന്നവര്‍ താമസിച്ചു. അയാള്‍ പിന്നീടുള്ള ജീവിതകാലമത്രയും അമ്മീമ്മയെ അമ്മയായി കരുതി. എന്റെ ടീച്ചറെ എന്നയാള്‍ അമ്മീമ്മയെ വിളിക്കുമ്പോള്‍ തുളുമ്പിയിരുന്ന ആത്മാര്‍ഥത ഞങ്ങളെ കുട്ടികളെപ്പോലും എപ്പോഴും അസൂയപ്പെടുത്തിയിട്ടുണ്ട്.

വിവരമറിഞ്ഞെത്തിയ അമ്മയും അച്ഛനും അമ്മീമ്മയെ നഗരത്തിലെ താമസസ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. അങ്ങനെ അമ്മീമ്മ എല്ലാ അര്‍ഥത്തിലും ഗ്രാമത്തില്‍ ഒരു ഭ്രഷ്ടയായിത്തീര്‍ന്നു.

ഈ സസ്‌പെന്‍ഷന്‍ നിമിത്തം വന്ന ഗ്യാപ് ഒരിയ്ക്കലും ശരിയായില്ല. അതുകൊണ്ട് അമ്മീമ്മയുടെ ഇന്‍ക്രിമെന്റുകള്‍ മുടങ്ങി. എ ഇ ഒ, ഡി, ഇ, ഒ, ആര്‍, ഡി , ഡി, ഡി, പി, ഐ, സ്‌ക്കൂള്‍ എഡ്യുക്കേഷന്‍ ഡയറക്ടറേറ്റ് തുടങ്ങിയ ഓഫീസുകളുടെയും ആ ഓഫീസര്‍മാരുടേയും പേരുകളും അവ സ്ഥിതി ചെയ്തിരുന്ന സ്ഥലങ്ങളും ഞങ്ങള്‍ കുട്ടികള്‍ക്ക് പോലും സുപരിചിതങ്ങളായിരുന്നു. ഞാനും അനിയത്തിമാരും അമ്മീമ്മയ്‌ക്കൊപ്പം ഈ ഓഫീസുകളില്‍ പലവട്ടം പോയി. സുന്ദരനും ചെറുപ്പക്കാരനും ആരോപിത കാമുകനുമായ ആ അധ്യാപകന്‍ ഗവണ്‍മെന്റ് ജോലിക്കാരാനായി സ്ഥലം മാറിപ്പോവുകയും സുന്ദരിയും ചെറുപ്പക്കാരിയും ആരോപിത കാമുകിയുമായ ആ അധ്യാപിക ഉയര്‍ന്ന ഒരുദ്യോഗസ്ഥനെ വിവാഹം കഴിച്ച് ഇരുവട്ടം മാതാവാകുകയും ചെയ്തുവെങ്കിലും ഈ സസ്‌പെന്‍ഷന്‍ കാര്യത്തില്‍ അനവധി തവണ സര്‍ക്കാര്‍ എന്‍ക്വയറികള്‍ നടത്തിയെങ്കിലും ഇതൊരു അനാവശ്യമായ സസ്‌പെന്‍ഷനാണ്, ഇത് റദ്ദാക്കിയിരിക്കുന്നു എന്ന രണ്ടേ രണ്ട് വരി എഴുതുവാന്‍ ധൈര്യവും ചങ്കുറപ്പുമുള്ള ഒറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ആ ഓഫീസുകളില്‍ ഉണ്ടായിരുന്നില്ല.

കാര്യങ്ങള്‍ അനന്തമായി അങ്ങനെ നീണ്ടു പോവുമ്പോള്‍ അഞ്ചാംക്ലാസ്സില്‍ പഠിയ്ക്കുന്ന ഞാന്‍ അമ്മീമ്മയുടെ ഈ സസ്‌പെന്‍ഷന്‍ സങ്കടത്തെപ്പറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് ഒരു കത്തയച്ചു. ഒന്നും സംഭവിച്ചില്ലെന്നു പറഞ്ഞു കൂടാ. ഡി ഇ ഒ സ്‌കൂളില്‍ എത്തി. പതിവ് ഇന്‍സ്‌പെക്ഷനു ശേഷം എന്നെ കാണണമെന്ന് അവര്‍ പറഞ്ഞു. ഹെഡ് മാസ്റ്ററുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍..

പ്രധാനമന്ത്രിയ്ക്ക് എഴുത്ത് എഴുതാന്‍ കുട്ടി ആരാണ്?

എനിക്കുത്തരമില്ലായിരുന്നു.

വിദ്യാഭ്യാസവകുപ്പിനെ മോശമാക്കി എഴുതാന്‍ കുട്ടിയ്ക്ക് എന്താണ് അധികാരം?

എനിക്കപ്പോഴും ഉത്തരമില്ലായിരുന്നു.

കുട്ടീടെ അമ്മീമ്മ പറഞ്ഞിട്ടാണോ ഇത്ര വലിയ തെറ്റ് കുട്ടി ചെയ്തത്?

അപ്പോള്‍ ഞാന്‍ പറഞ്ഞു. അല്ല.

പിന്നാരു പറഞ്ഞു ഇങ്ങനെ എഴുതാന്‍?

ഞാന്‍ സത്യം വെളിവാക്കി. എന്റെ അച്ഛനാണ് പറഞ്ഞത്.

ഡി ഇ ഒ വെട്ടിലായി. കാര്യമെന്താണെന്ന് വെച്ചാല്‍ അവര്‍ അച്ഛന്റെ അടുത്ത ബന്ധുവായിരുന്നു. അമ്മീമ്മയുടെ പേര് പറഞ്ഞു കിട്ടിയാല്‍ സ്വന്തം അധികാരമുപയോഗിച്ച് അവര്‍ അമ്മീമ്മയെ താക്കീതു ചെയ്യുമായിരുന്നു. അമ്മീമ്മയുടെയും അമ്മയുടേയും ബ്രാഹ്മണ്യം അവര്‍ക്കും ചൊറിച്ചിലുണ്ടാക്കുന്ന ഒരു വെറുക്കപ്പെട്ട വസ്തുവായിരുന്നുവല്ലോ.

ഗൗരവം വിടാതെ ഡി ഇ ഒ എന്നോട് കടന്നു പോകാന്‍ പറഞ്ഞു.

ഇതിനൊപ്പം മറ്റൊരു പ്രശ്‌നം കൂടി ബ്രാഹ്മണ്യം അമ്മീമ്മയെ കീഴ്‌പ്പെടുത്താന്‍ വേണ്ടി ഉപയോഗിച്ചിരുന്നു. അത് ഒരു വിചിത്ര ജാതകമായിരുന്നു. അതനുസരിച്ച് അമ്മീമ്മയ്ക്ക് പത്തു വയസ്സ് കൂടുതലായിരുന്നു. അമ്മീമ്മയുടെ സഹോദരന്മാര്‍ ഈ ജാതകം ഇടയ്ക്കിടെ വിദ്യാഭ്യാസ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പല പേരുകള്‍ വെച്ച് അയച്ച് കൊടുക്കും. അമ്മീമ്മയ്ക്ക് പ്രായം അധികമായി എന്നും അവരെ ഉടന്‍ ജോലിയില്‍ നിന്ന് പിരിച്ചയയ്ക്കണമെന്നും അധിക ശമ്പളം പറ്റിയത് തിരിച്ചു വാങ്ങണം എന്നും ആയിരുന്നു അവരുടെ ആവശ്യം. ഈ കത്ത് കിട്ടിയാലുടന്‍ എന്‍ക്വയറി ആരംഭിക്കുകയായി. തെളിവില്ലാതെ ഫയല്‍ മടക്കുകയായി. പിന്നേം കത്തു വരും… പിന്നേം എന്‍ക്വയറി വരും.. പിന്നേം ഫയല്‍ മടക്കും. ഇന്നിതെഴുതുമ്പോള്‍ തോന്നുന്ന വികാരമായിരുന്നില്ല അന്ന്. അമ്മീമ്മ ദു:ഖിതയായും അപമാനം കൊണ്ട് വേദനിക്കുന്ന ഹൃദയവുമായി പരവശയായും കാണപ്പെടുമ്പോള്‍ ഒരിയ്ക്കലും ആര്‍ക്കും പൂരിപ്പിയ്ക്കാനാവാത്ത സുരക്ഷിതത്വമില്ലായ്മ എന്റെയും അനിയത്തിയുടേയും മനസ്സിനെ കാര്‍ന്നു തിന്നാറുണ്ടായിരുന്നു.

അങ്ങനെ അമ്മീമ്മ അടുത്തൂണ്‍ പറ്റിപ്പിരിയാന്‍ ഒരു വര്‍ഷം ബാക്കിയായി. അന്നും സസ്‌പെന്‍ഷന്‍ പ്രശ്‌നം ശരിയായിട്ടില്ല. ഒടുവില്‍ വിദ്യാഭ്യാസവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും അച്ഛന്റെ ഒരു സുഹൃത്തുമായിരുന്ന ഐ എ എസ്‌കാരനാണ് ഹൈക്കോടതിയില്‍ ഒരു റിട്ട് ഫയല്‍ ചെയ്യുവാന്‍ ഉപദേശം നല്‍കിയത്. അതും അത്ര എളുപ്പമൊന്നുമായിരുന്നില്ല. കാരണം സ്വന്തം അപ്പാ അമ്മീമ്മയ്ക്ക് നല്‍കിയ വീട് മടക്കിക്കിട്ടണമെന്ന ആവശ്യത്തില്‍, അപ്പാ എഴുതിവെച്ച വില്‍പത്രം റദ്ദാക്കണമെന്ന ആവശ്യത്തില്‍ സഹോദരന്മാര്‍ കൊടുത്ത മുപ്പത് വര്‍ഷം നീണ്ട സിവില്‍ കേസ് അമ്മീമ്മയുടേയും അമ്മയുടേയും വരുമാനത്തിന്റെ സിംഹഭാഗവും വക്കീല്‍ ഓഫീസുകളില്‍ ചെലവഴിപ്പിച്ചിരുന്നു.

എങ്കിലും അമ്മീമ്മ മാല പണയം വെച്ച് വക്കീലിനു ഫീസ് കൊടുത്ത് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു.

ഒടുവില്‍ അമ്മീമ്മ റിട്ടയര്‍ ചെയ്യുന്നതിനു രണ്ട് മാസം മുമ്പ് ഹൈക്കോടതി അത്ഭുതത്തോടെ വിധി പ്രസ്താവിച്ചു…

ഇത് കേരളമോ? ഇവിടേ ജാതിയില്ലെന്നും മതമില്ലെന്നും ഒക്കെ ആരാണ് പറഞ്ഞത്? ഇവിടെ പുരോഗമനമുണ്ടെന്ന് ആരാണ് ദു:സ്വപ്നം കണ്ടത്? ഏകാകിനിയായ ഒരു സ്ത്രീയോട് ഇത്രയുമൊക്കെ ചെയ്യാന്‍ കഴിയുന്ന നമ്മുടെ ഉത്തുംഗ സംസ്‌കാരത്തിന്റെ പേരെന്താണ്?

ഹെഡ്മാസ്റ്ററുടെ അധികാര ദുര്‍വിനിയോഗത്തേയും വിദ്യാഭ്യാസവകുപ്പിന്റെ കെടുകാര്യസ്ഥതയേയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

തടഞ്ഞു വെയ്ക്കപ്പെട്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും പൂര്‍വകാല പ്രാബല്യത്തോടെ അമ്മീമ്മയ്ക്ക് അനുവദിക്കുകയും ചെയ്തു.

ജീവിച്ചിരുന്ന കാലമത്രയും ഇരുപതു വയസ്സുകളില്‍ ജീവിച്ച ബോംബെ നഗരം വീണ്ടും കാണണമെന്ന് അമ്മീമ്മ മോഹിച്ചിരുന്നു. പക്ഷെ, ആ മോഹമൊരിക്കലും പൂവണിയുകയുണ്ടായില്ല. അതിനുള്ള കഴിവ് ഞങ്ങള്‍ മൂന്നു സഹോദരിമാര്‍ക്കും ഒരു കാലത്തും നേടാന്‍ കഴിഞ്ഞില്ല.

3 comments:

Sukanya said...

ഹൃദയസ്പര്‍ശിയായ ജീവിതകഥ.

Anonymous said...

I can not read this without crying. I do not know what to write.

Unknown said...

Horrible