Friday, August 31, 2018

ചില ആഹ്ലാദങ്ങള്‍ ഇങ്ങനെ

https://www.facebook.com/echmu.kutty/posts/852476118265017


കോട്ടയം സി എം എസ് കോളേജിലെ നോവല്‍ വായനയില്‍ പങ്കെടുത്തപ്പോള്‍ എബ്രഹാമിന്‍റെ ഊരിലാണ് താമസിച്ചത്. വാര്‍ദ്ധക്യം, ഏകാന്തത , കാത്തിരിപ്പ്, പ്രതീക്ഷ ഇതൊക്കെ വയസ്സായവരെ വലിയ തോതില്‍ വേദനിപ്പിക്കുകയും വിഷാദത്തില്‍ ആഴ്ത്തുകയും ചെയ്യുന്നുണ്ടെന്ന കാര്യങ്ങള്‍ സംസാരിച്ചിരിക്കുകയായിരുന്നു. പുറത്ത് ഓഖി ചുഴലിക്കാറ്റിന്‍റെ അകമ്പടിയായി വന്ന മഴ തിമിര്‍ത്തു പെയ്യുന്നു. ഇടിവെട്ടുന്നു. ... വയസ്സായവര്‍ക്ക് ഭയം തോന്നുന്ന അന്തരീക്ഷം.. കുട്ടികള്‍ക്ക് ഭയം തോന്നുന്ന അന്തരീക്ഷം. കുട്ടികളും വയസ്സായവരും ചിലപ്പോഴെങ്കിലും ചില കാര്യങ്ങളിലെങ്കിലും ഒരു പോലെയാണെന്ന് പറയാന്‍ തോന്നുന്ന അന്തരീക്ഷം.

അപ്പോഴാണ് ഫോണ്‍ വന്നത്. ഹൈദരാബാദില്‍ നിന്നായിരുന്നു അത്. ഇന്‍റര്‍നെറ്റില്‍ ഊരിനെപ്പറ്റി വായിച്ചറിഞ്ഞ് ഒരാഴചത്തെ താമസത്തിനായി വരാന്‍ ആഗ്രഹിക്കുകയാണ് അവര്‍. രണ്ട് പെണ്‍ കുട്ടികള്‍, വീല്‍ചെയറിലിരിക്കുന്ന അമ്മൂമ്മയും അമ്മയും വാക്കിംഗ്സ്റ്റിക്കുമായി നടക്കുന്ന അച്ഛന്‍. കേട്ടപ്പോള്‍ അന്തം വിട്ടുപോയി. അറിയുന്തോറും ആദരവ് വര്‍ദ്ധിച്ചു.

ആ പെണ്‍ കുട്ടികള്‍ പറയുകയായിരുന്നു. വീട്ടിനു പുറത്തിറങ്ങാതെ അവര്‍ മൂന്നു പേരും തടവുകാരെപ്പോലെ.. ഒന്നു പുറത്തിറങ്ങി യാത്ര ചെയ്യുന്നത് അവര്‍ക്ക് ആഹ്ലാദകരമായിരിക്കുമെന്ന് മനസ്സിലാക്കി, കുറെ നാളായി പ്ലാന്‍ ചെയ്യുന്നതാണീ യാത്ര. കൊച്ചിയില്‍ വന്നിട്ട് മൂന്നാര്‍ പോകും മൂന്നാറില്‍ നിന്ന് തേക്കടി പിന്നെയാണ് ഊരില്‍ താമസിക്കാന്‍ വരുന്നത്.

യൌവനത്തിന്‍റെ താങ്ങും സ്നേഹവും സംരക്ഷണവുമുള്ള വാര്‍ദ്ധക്യം ... അത് എല്ലാവര്‍ക്കും കിട്ടുക എളുപ്പമല്ലെന്ന തോന്നലില്‍ ആ പെണ്‍ കുട്ടികളെക്കുറിച്ച് നല്ലതു മാത്രം ഓര്‍ത്തുകൊണ്ട് ആഹ്ലാദത്തോടേ ഞാനുറങ്ങാന്‍ കിടന്നു.

No comments: