ഞാനൊരു യാത്രപ്പണ്ടാരമാണ്. എനിക്ക് രാത്രിയും പകലും ചൂടും തണുപ്പും മഞ്ഞും മഴയും താമസസൌകര്യവുമൊന്നും യാത്രയില്‍ പ്രശ്നമാകാറില്ല. യാത്രയെ ആസ്വദിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന ഒരു വിത്ത് എന്നില്‍ ആരോ പാവിയിട്ടുണ്ട്. അത് അവസരം വരുമ്പോഴെല്ലാം പടര്‍ന്നു പന്തലിച്ച് വന്മരമായി എന്നില്‍ നിറയും. പച്ചച്ച ശാഖകള്‍ പുറത്തേക്ക് വളരും. അതുകൊണ്ട് യാത്ര പോകൂ എന്ന് പറയും മുന്‍പേ ഞാന്‍ തയാറായിട്ടുണ്ടാവും.
തീവണ്ടിയാത്രകളില്‍ വെറുതേ മനുഷ്യരെയും പിന്നിലേക്ക് പാഞ്ഞുപോകുന്ന ദൃശ്യങ്ങളേയും കണ്ടുകൊണ്ടിരിക്കുന്നതും ഭാവനയെ ചുമ്മാ അലയാന്‍ വിട്ട് ആ മനുഷ്യര്‍ക്കൊപ്പം അപരിചിതമായ ഭൂഭാഗങ്ങളില്‍ പാര്‍ക്കുന്നതുമായ സ്വപ്നം കാണാന്‍ എനിക്കിഷ്ടമാണ്. ബസ്സിലെ യാത്രകളും അങ്ങനെ തന്നെ. യാത്രകളില്‍ കിട്ടുന്ന തണുത്ത കാറ്റിനു വേണ്ടി ഞാന്‍ പലപ്പോഴും കൊതിക്കാറുണ്ട്. അതുകൊണ്ട് തരപ്പെട്ടാലെല്ലാം ജനലിരിപ്പിടം കിട്ടുമോ എന്ന് ഞാന്‍ പരിശ്രമിക്കും. ട്രെയിനില്‍ ലോവര്‍ബര്‍ത്താണ് ഞാന്‍ താല്‍പര്യപ്പെടുക. യാത്രക്കാര്‍ എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ ജാലകകാഴ്ചയായി പൂര്‍ണചന്ദ്രനോ , പടര്‍ന്നൊഴുകുന്ന നിലാവോ , അങ്ങു ദൂരെ ഏകാന്തമായി പ്രത്യക്ഷപ്പെടുന്ന ഒരു കുഞ്ഞുവിളക്കോ ഒക്കെ എന്നില്‍ അഭൌമമായ ആനന്ദം നിറയ്ക്കാറുണ്ട്.
ഉത്തരേന്ത്യന്‍ യാത്രകളില്‍ നിര്‍ബന്ധമായും ജനലുകള്‍ അടയ്ക്കണമെന്ന് പോലീസ്സുകാര്‍ വന്ന് ബഹളമുണ്ടാക്കും. മറ്റൊന്നും കൊണ്ടല്ല, പലരും ഓടുന്ന ട്രെയിനിലേക്കും ബസ്സിലേക്കും കല്ലെറിയാറുണ്ട്. പരിക്ക് ഒഴിവാക്കാന്‍ വേണ്ടി അവര്‍ മുന്‍ കരുതലായി തരുന്ന നിര്‍ദ്ദേശമാണത്. അത് പാലിക്കാതിരിക്കുന്നത് പലപ്പോഴും അപകടമാകാറുണ്ട്.
ഇക്കഴിഞ്ഞ ദിവസത്തെ എറണാകുളം - തിരുവനന്തപുരം രാത്രിയാത്രയില്‍ വിചിത്രമായ ഒരു വേദനാനുഭവം ഉണ്ടായി. മനുഷ്യര്‍ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു അതിനുശേഷം. എനിക്കിതു വരെ ഉത്തരമൊന്നും കിട്ടിയിട്ടില്ല.
ബസ്സ് ഏതാണ്ട് തൊണ്ണൂറു കിലോമീറ്റര്‍ സ്പീഡില്‍ പായുന്നു. സമയം ഒരു മണിയായിക്കാണും. യാത്രക്കാര്‍ എല്ലാവരും ഉറക്കമാണ്. ഡ്രൈവറും കണ്ടക്ടറും മാത്രമേ സംസാരിക്കുന്നുള്ളൂ. ഞാനും ഉറങ്ങുക തന്നെയായിരുന്നു. മരവിപ്പിക്കുന്ന തണുത്ത കാറ്റായതുകൊണ്ട് എല്ലാവരും ബസ്സിന്‍റെ ഷട്ടര്‍ ഇട്ടിരുന്നു. എന്‍റെ തൊട്ടു മുന്‍പിലെ സീറ്റിലിരുന്നിരുന്ന യാത്രക്കാരന്‍ മാത്രം ഷട്ടറിടാതെ തണുത്ത കാറ്റിനെ ബസ്സിലേക്കാവാഹിച്ചു കൊണ്ടിരുന്നു.
പെട്ടെന്നായിരുന്നു ഉഗ്രശബ്ദത്തോടെ എന്തോ ഒന്ന് എന്‍റെ കൂട്ടുകാരന്‍റെ നെറ്റിയില്‍ വന്നടിച്ച് ബസ്സിന്‍റെ മേല്‍ത്തട്ടില്‍കൊണ്ട് പൊട്ടിച്ചിതറിയത്. ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്ന ഞാന്‍ വിചാരിച്ചത് കൂട്ടുകാരന്‍റെ മുഖത്ത് നിന്നും ചോരയൊഴുകുന്നുവെന്നാണ്. അല്‍പം കഴിഞ്ഞപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് ഒരു മുട്ടയായിരുന്നു ബസ്സിലെ തുറന്നുകിടന്ന ഷട്ടറിലൂടെ പാഞ്ഞു വന്ന് നെറ്റിയിലടിച്ചതെന്ന്. മുട്ടത്തോട് കൊണ്ട് കീറി നെറ്റിയില്‍ മുഴയും പാടുമുണ്ടായെങ്കിലും രക്തവാര്‍ച്ച ഉണ്ടായില്ല.
ആശ്വാസത്തോടെ എല്ലാം തുടച്ചു വൃത്തിയാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു.
ബസ്സ് ഇടയില്‍ നിറുത്തിയപ്പോഴാണ് ഞങ്ങള്‍ക്ക് മുന്നില്‍ പോയ ബസ്സിലും പുറകേ വന്ന ബസ്സിലുമെല്ലാം ഈ മുട്ടയേറ് ഉണ്ടാവുകയും ആളുകള്‍ക്ക് പരിക്കും വേദനയും ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്ന് മനസ്സിലായത്. ആ മുട്ടയൊന്നും തന്നെ ചീഞ്ഞതോ കേടുവന്നതോ ആയിരുന്നുമില്ല.
എന്തിനാണ് പണം ചെലവാക്കി വാങ്ങി ആഹാരസാധനമായ മുട്ടയെ ഇങ്ങനെ വലിച്ചെറിഞ്ഞ് ആഹ്ലാദിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. അത്രമാത്രം വെറുക്കപ്പെടേണ്ട ഒന്നായോ കോഴിമുട്ട? നമ്മള്‍ ഏതു നരകകാലത്തിലേക്കാണ് പാഞ്ഞു പോയിക്കൊണ്ടിരിക്കുന്നത്?
വിഷമം തോന്നുന്നു... എന്തായാലും.
No comments:
Post a Comment