Wednesday, August 29, 2018

അടുക്കളവിചാരങ്ങള്‍ - രണ്ട്

https://www.facebook.com/echmu.kutty/posts/843667599145869?pnref=story

ഇത് അമ്മയുടെ അടുക്കളയാണ്. ദീനമായ ആത്മവിശ്വാസമില്ലാത്ത ഒരു പാവം അടുക്കള. എപ്പോഴും കുറ്റവാളിയെപ്പോലെ തല കുമ്പിട്ട് നിന്നിരുന്ന ഒരടുക്കള.

എല്ലാമുണ്ടായിരുന്നു ആ അടുക്കളയില്‍ ... പക്ഷെ, ജീവനുണ്ടായിരുന്നില്ല. അതെന്നും ലഭിക്കാത്ത അംഗീകാരത്തിനു കണ്‍ പാര്‍ത്തു നിന്നു. എന്നും നിരാശയോടെ മുഖം കുനിച്ചു. ആ അടുക്കളയുടെ ഒപ്പ് അതായിരുന്നു.

അമ്മ ചെയ്തിരുന്നത് പാചകമാണെന്ന് അച്ഛനു തോന്നിയിരുന്നില്ല. നോണ്‍ വെജില്ലാത്ത അടുക്കളയെ അംഗീകരിക്കാന്‍ അദ്ദേഹം ജീവിതത്തിലൊരിക്കലും തയാറായതുമില്ല. അമ്മ ഉണ്ടാക്കുന്ന സസ്യഭക്ഷണവും പലഹാരങ്ങളും എല്ലാം ഭംഗിയായി കഴിച്ചിരുന്നുവെങ്കിലും അതൊന്നും ഭക്ഷണമായി അച്ഛന്‍ കരുതിയില്ല. അമ്മ അടുക്കളയില്‍ ആകെക്കൂടി പാല്‍ തിളപ്പിക്കും എന്ന് മാത്രം അച്ഛന്‍ സമ്മതിച്ചിരുന്നു. അച്ഛന്‍റെ വനിതാ സുഹൃത്തുക്കളും ബന്ധുക്കളൂം അച്ഛനോടുള്ള സ്നേഹവും കരുതലും ധാരാളം നോണ്‍ വെജ് വിഭവങ്ങള്‍ തയാറാക്കി നല്‍കിയാണ് പ്രകടിപ്പിച്ചിരുന്നത്. ഇഷ്ടമുള്ള ആഹാരം ലഭിക്കാത്ത അച്ഛന്‍റെ ഹൃദയവേദന അവരെല്ലാവരും കൃത്യമായി മനസ്സിലാക്കിയിരുന്നു. അന്നൊക്കെ സ്ത്രീകള്‍ എന്നാല്‍ , ഇഷ്ടപ്പെട്ട ആഹാരം കഴിയ്ക്കാന്‍ കിട്ടാത്ത പുരുഷന്‍റെ ഹൃദയവേദന മാത്രം മനസ്സിലാക്കുന്നവരാണെന്നായിരുന്നു എന്‍റെ വിചാരം.

അമ്മയ്ക്ക് നോണ്‍ വെജ് ഉണ്ടാക്കാന്‍ കഴിയില്ലെന്ന് എനിക്ക് ബോധ്യമായിരുന്നു. ചോരയുടെ നിറവും ഗന്ധവും ഒന്നും അമ്മയ്ക്ക് സഹിക്കാന്‍ പറ്റിയിരുന്നില്ല. അമ്മ വലിയ ശബ്ദത്തില്‍ ഓക്കാനിക്കുമായിരുന്നു. അമ്മയുടെ വലിയ കണ്ണുകള്‍ നിറഞ്ഞ് ഒഴുകിയിരുന്നു. അമ്മ സങ്കടപ്പെടുകയായിരുന്നിരിക്കണം അപ്പോഴെല്ലാം. ഭക്ഷണം സന്തോഷകരമായ ഒരു അനുഭവമായി ഞങ്ങളില്‍ വേരു പിടിക്കാതിരുന്നതും അതുകൊണ്ടാവണം. അമ്മീമ്മയുടെ ചെറിയ അടുക്കളയില്‍ കിട്ടിപ്പോന്ന വൈകാരിക സുരക്ഷിതത്വവും സംതൃപ്തിയും എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള അമ്മയുടെ അടുക്കളയില്‍ കിട്ടിയിരുന്നില്ല. ഭക്ഷണത്തെച്ചൊല്ലി ഏതു നിമിഷവും ഒരു വലിയ കലഹം രൂപപ്പെടാമെന്ന ഭയം ഞങ്ങള്‍ക്കുണ്ടായിരുന്നു. അച്ഛനിഷ്ടമുള്ള ആഹാരം വെച്ചു കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു കിട്ടുന്നിടം നോക്കി അച്ഛന്‍ പോകുമെന്ന് അമ്മ ഓര്‍മ്മവെയ്ക്കണമെന്നായിരുന്നു അച്ഛന്‍റെ വനിതാസുഹൃത്തുക്കള്‍ അമ്മയെ എപ്പോഴും ഭയപ്പെടുത്തീരുന്നത്. അത് ഒരു വാള്‍ത്തലപ്പായി പലപ്പോഴും ഞങ്ങളുടെ വൈകാരിക സുരക്ഷിതത്വത്തെ കുത്തി മുറിവേല്‍പ്പിച്ചു.

എന്നാലും അമ്മ പൂ പോലെയുള്ള ഇഡ്ഡലികളും അപ്പത്തരങ്ങളും ഉണ്ടാക്കി, മൊരിഞ്ഞ ദോശയും മൃദുലമായ നൂലപ്പവും തന്നു. അമ്മയുടെ ഉപ്പുമാവിന് അസാധ്യ രുചിയായിരുന്നു. സാമ്പാറും അവിയലും എരിശ്ശേരിയും തീയലും കേമമായിരുന്നു. കൊഴുക്കട്ടയും ഇലയടയും ചക്ക വരട്ടിയതും മധുരത്തിന്‍റെ ഉല്‍സവം വായിലലിയിച്ചു. ഭംഗിയും രുചിയുമുള്ള തോരനുകളും മൊരിഞ്ഞ മെഴുക്കുപുരട്ടികളും അമ്മ വിളമ്പി. അമുല്‍ ബട്ടറും ബ്രഡും ടീകേക്കും അതു പോലെ പല ബേക്കറി പലഹാരങ്ങളും പരിചയപ്പെടുത്തിയതും അമ്മയാണ്.

അച്ഛനും അമ്മീമ്മയും മരിച്ചു പോയിട്ട് പിന്നെയും പത്തു പതിമ്മൂന്ന് വ്ര്‍ഷങ്ങള്‍ കൂടി അമ്മ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ആത്മവിശ്വാസത്തോടെ ആ കാലങ്ങളില്‍ ആരോഗ്യം അനുവദിച്ച സമയത്തെല്ലാം അമ്മ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി തന്നുകൊണ്ടിരുന്നു. 'നല്ല സ്വാദ്' എന്ന് പറഞ്ഞ് തിന്നു തീര്‍ത്തതല്ലാതെ അമ്മയുടെ വ്രണിത മനസ്സിനെ വേണ്ടത്ര സമാധാനിപ്പിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ആഹ്ലാദിപ്പിക്കുകയോ ഒന്നും ചെയ്തില്ലെന്ന് ഇപ്പോള്‍ എനിക്ക് കുറ്റബോധമുണ്ട്.

ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്മാര്‍ക്കൊന്നും അമ്മയുടെ പാചകത്തെയോ അമ്മയെ തന്നെയുമോ അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. അവരാരും അമ്മയെ അമ്മ എന്ന് വിളിക്കുക കൂടി ചെയ്തില്ല. ആവശ്യമുള്ളപ്പോള്‍ ഒന്നു തൊട്ടില്ല. കാരണം അവരുടെ സങ്കല്‍പത്തിലെ അമ്മമാര്‍ അവര്‍ക്കുണ്ടായിരുന്നു. അമ്മായിഅച്ഛന്‍ അംഗീകരിക്കാത്ത അമ്മായിഅമ്മയെ മരുമക്കള്‍ക്ക് ബോധ്യമാവുകയില്ല. പിന്നെ പുരുഷന്മാരുടെ സങ്കല്‍പങ്ങളില്‍ അമ്മായിഅമ്മമാര്‍ പൊതുവേ ഇല്ലായിരിക്കാം. അവരെ അങ്ങനെ ആരും പഠിപ്പിക്കുകയില്ലല്ലോ. അമ്മായിയമ്മ ജാമാതാവിനെ ബഹുമാനിക്കുക എന്നതാണല്ലോ നമ്മുടെ രീതി. ഞങ്ങളുടെ അനുഭവം ജാമാതാക്കള്‍ ബഹുമാനം പോരാ എന്ന് രോഷാകുലരാകുന്നതായിരുന്നു. അതും ഞങ്ങളുടെ ജീവിതത്തിലെ ഒടുങ്ങാത്ത അനാഥത്വത്തിന്‍റെ ഒരു ഭാഗമാണെന്ന് ഞാന്‍ വേഗം തന്നെ മനസ്സിലാക്കി.

അമ്മയുടെ അടുക്കള എന്‍റെ മനസ്സില്‍ എന്നും ഒരു വേദനാച്ചിത്രമായി നിലകൊള്ളുന്നു. ഒത്തിരി വിഭവങ്ങള്‍ അതീവ രുചിയോടെ ഉണ്ടാക്കപ്പെട്ടിട്ടും യാതൊരു അംഗീകാരവും ആരില്‍ നിന്നും ഒരു കാലത്തും ലഭിയ്ക്കാതെ പോയ ഒരു പാവം അടുക്കള.

( തുടരും )

No comments: