Wednesday, August 8, 2018

അയലത്തെ അപ്പാപ്പന്‍റെ വീട്.

https://www.facebook.com/echmu.kutty/posts/745585428954087

അമ്മയുമച്ഛനും കുഞ്ഞനിയത്തിയും പാര്‍ത്തിരുന്ന നഗരപ്രാന്തത്തിലെ ഗൃഹത്തിനു മുന്നില്‍ തന്നെ ഒരു വലിയ കുടുംബമുണ്ടായിരുന്നു. ഒരു അപ്പാപ്പന്‍, അമ്മാമ്മ, അവരുടെ മൂന്നാണ്‍ മക്കള്‍, ഭാര്യമാര്‍, കുട്ടികള്‍, രണ്ട് ഓട്ടോറിക്ഷകള്‍, അമ്പതോളം പൂച്ചകള്‍, അനവധി പക്ഷികള്‍, കുറെ ആടുകള്‍, കുറച്ചധികം കോഴികള്‍ , പിന്നെ സീത എന്നു പേരുള്ള ഒരു കുരങ്ങ് ഇത്രയും പേര്‍ ആ കുടുംബത്തിലെ അംഗങ്ങളായിരുന്നു.. ഓടു മേഞ്ഞ ഒരു പഴയ പുരയിലായിരുന്നു ഇവരെല്ലാം താമസിച്ചിരുന്നത്.

അപ്പാപ്പന് ഒത്തിരി പ്രായമായിരുന്നുവെങ്കിലും തേക്കുകൊട്ട വെച്ച് പറമ്പെല്ലാം തേവി നനയ്ക്കും. ധാരാളം കവുങ്ങും തെങ്ങുമൊക്കെ അവിടെ ഉണ്ട്. അവയ്ക്ക് ഉണക്ക് തട്ടുന്നത് അദ്ദേഹത്തിനു തെല്ലും ഇഷ്ടമായിരുന്നില്ല. പിന്നെ എപ്പോഴും പറമ്പില്‍ എന്തെങ്കിലും കൊത്തിക്കിളച്ചുണ്ടാക്കും. ധാരാളം പച്ചക്കറികള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നു. അപ്പാപ്പന്‍ ഒരു നിമിഷം പോലും വെറുതെ ഇരിക്കുകയില്ല. വീട്ടിലാവശ്യമുള്ള പച്ചക്കറികള്‍ അദ്ദേഹം രാവിലെ ഉണര്‍ന്ന് ഒരു വലിയ മുറത്തില്‍ ശേഖരിക്കുമായിരുന്നു. സ്ത്രീകള്‍ അത് വീതം വെച്ചെടുക്കും.

ആ വീട്ടില്‍ നാലടുക്കളകളാണ്. മീനും ഇറച്ചിയും വാങ്ങുമ്പോള്‍ എവിടെയുമെന്ന പോലെ സ്ത്രീകളാണ് അതു നന്നാക്കുന്നതും അരപ്പുണ്ടാക്കുന്നതും വെയ്ക്കുന്നതുമൊക്കെ.. ആ സ്ത്രീകളേയും മീനുകളേയും പറ്റിയ്ക്കാന്‍ ലാക്കു നോക്കി അനവധി കാക്കകളും പക്ഷികളും അവര്‍ക്കു ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ടാവും. അമ്പതു പൂച്ചകളും അച്ചടക്കത്തോടെ വരിവരിയായി ഇരിക്കുന്നതും കാണാം.

മൂത്തമകനായിരുന്നു അപ്പാപ്പന്‍റെ നിത്യ ദു:ഖം. അയാള്‍ എപ്പോഴും മദ്യപിച്ചു വന്ന് ചട്ടീം കലവും എടുത്തെറിയുകയും ഭാര്യയേയും പെണ്മക്കളേയും മര്‍ദ്ദിക്കുകയും ചെയ്തു. ഭാര്യ കൂലിവേല എടുത്താണ് കഷ്ടിച്ച് കുടുംബം പോറ്റിയരുന്നത്. പെണ്മക്കള്‍ ഞങ്ങളുടെ സമപ്രായക്കാരായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ പഴയ ഉടുപ്പുകളും കളിക്കോപ്പുകളുമെല്ലാം അമ്മ അവര്‍ക്ക് നല്‍കിയിരുന്നു.

അമ്മയും അച്ഛനും ജോലിക്ക് പോയിരുന്നതുകൊണ്ട് തൊട്ടടുത്ത വീട്ടിലായിരുന്നു സ്കൂള്‍ വിട്ട് വന്നാല്‍ അനിയത്തി അവരെ കാത്തിരുന്നിരുന്നത്. അതൊരു പോലീസ് ഓഫീസറുടേ ഭവനമായിരുന്നു. അവര്‍ മീന്‍ വറുത്തതും കോഴി പൊരിച്ചതുമൊക്കെ അവള്‍ക്ക് കൊടുക്കും. എല്ലാം അടിച്ചു മാറ്റിയിട്ട് അവള്‍ ഒന്നും കഴിയ്ക്കാത്ത പാവം മാതിരി ഇരിക്കും. എന്നാല്‍ അച്ഛന് അവള്‍ അമ്മ അറിയാതെ നോണ്‍ വെജ് ശാപ്പിടുന്നുണ്ടെന്ന് അറിയാമായിരുന്നു. ഉള്ളിലെ ഒരു നിഗൂഡ സന്തോഷമായി അച്ഛന്‍ അത് സൂക്ഷിച്ചു. മൂന്നു മക്കളില്‍ ഒരാളെങ്കിലും ഭക്ഷണശീലത്തില്‍ അച്ഛന്‍റെ വഴിക്കു വന്നല്ലോ എന്നതായിരുന്നു ആ നിഗൂഡ സന്തോഷം.

സീതക്കുരങ്ങ് അപ്പാപ്പന്‍റെ വീട്ടുമുറ്റത്തെ കൂറ്റനൊരു മാവിലാണ് പാര്‍പ്പ്. അത് പല്ലിളിക്കുകയും അപൂര്‍വമായി ചീറുകയും ചെയ്യുമെങ്കിലും പൊതുവേ നല്ല ഇണക്കമുള്ള കുരങ്ങായിരുന്നു.

ഉച്ചയ്ക്ക് എല്ലാവരും ഊണുകഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ സീതക്കുരങ്ങ് അമ്മാമ്മയുടെ തലയിലെ പേന്‍ നോക്കും. പേനിനെ കിട്ടിയാല്‍ പല്ലിളിച്ച് കണ്ണും ചുളുക്കി വായിലിടും. അമ്മാമ്മ കുരങ്ങ് തല ഞാവിക്കൊടുക്കുന്ന സുഖത്തില്‍ വരാന്തയില്‍ കിടന്നു മയങ്ങുകയാണ് പതിവ്.

അനിയത്തി ഇതൊക്കെ കണ്ട് രസം പിടിച്ച് ഒരു ദിവസം അമ്മാമ്മയോട് കൊഞ്ചി. കുരങ്ങിനോട് അവളുടെ തലയും ഞാവിത്തരണമെന്ന് പറയാന്‍. അമ്മാമ്മ അവളുടെ മൊട്ടത്തലയില്‍ വിരല്‍ നടത്തിക്കൊണ്ട് ആവശ്യം നിരസിച്ചു. 'മോള്‍ടെ തലേല്‍ പേനില്ലല്ലോ.. സീതപ്പെണ്ണിനു ദേഷ്യം വരും . പേന്‍ കിട്ടീല്ലെങ്കിലും നമ്മള് അനങ്ങേ തിരിയേ ഒക്കെ ചെയ്താലും.. അവള് തല്ലും. കുട്ടിയെ കുരങ്ങ് തല്ലീന്ന് കേട്ടാ മോളടെ അച്ഛന്‍ എന്നെ പിടിച്ച് പോലീസുകാര്‍ക്ക് കൊടുക്കില്ലേ... അമ്മാമ്മ തല ഞാവിത്തരാം. ' എന്ന് അവര്‍ അനിയത്തിയെ മടിയില്‍ കിടത്തി തല ഞാവിക്കൊടുത്തു. ആ കിടപ്പില്‍ അനിയത്തി മനസ്സിലാക്കി പോലീസ് അങ്കിളിന്‍റെ വീട്ടില്‍ മാത്രമല്ല, ഇവിടേം കിട്ടും വറുത്ത മീനും കോഴിയുമൊക്കെയെന്ന്..

അവള്‍ അങ്ങനെ സുഖമായി ഉറങ്ങി. ആ വീട്ടിന്‍റെ വരാന്തയില്‍ മരങ്ങളുടെ നിഴല്‍ വീണ് നല്ല തണുപ്പായിരുന്നു. എപ്പോഴും ഒരു ഇളം കാറ്റും അവിടെ പതുങ്ങി നടന്നിരുന്നു. ചിലപ്പോള്‍ മീന്‍ ഗന്ധം.. അല്ലെങ്കില്‍ ഇറച്ചി ഗന്ധം.. പിന്നെ ചിലപ്പോള്‍ വെള്ളം വീണു നനഞ്ഞ മണ്ണിന്‍റെ ഗന്ധം, ഇനിയും ചിലപ്പോള്‍ പച്ചച്ച മരങ്ങളുടേയും ഏതെല്ലാമോ പൂക്കളുടേയും ഗന്ധം .. അങ്ങനൊരു ഇളം കാറ്റായിരുന്നു അത്.

അച്ഛന്‍ ഹോസ്പിറ്റലില്‍ നിന്നു മടങ്ങിയെത്തുമ്പോള്‍ അവളെ ഉണര്‍ത്തി വീട്ടില്‍ ആക്കാമെന്നാണ് അമ്മാമ്മ കരുതിയത്. കാറ് വര്‍ക് ഷോപ്പില്‍ കൊടുത്ത് അച്ഛന്‍ നടന്നു വന്നത് പാവം അമ്മാമ്മ കണ്ടില്ല. വീട്ടിലെ ഷെഡ്ഡില്‍ കാറില്ലാത്തത് കൊണ്ട് അച്ഛന്‍ വന്നില്ലെന്ന് തന്നെ അവര്‍ കരുതി.

അച്ഛന്‍ വന്നിരുന്നു. സാമാന്യം നന്നായി പരിഭ്രമിക്കുകയും ചെയ്തു. പോലീസ് ഓഫീസറുടെ വീട്ടില്‍ അന്വേഷിച്ചു ..

കുട്ടി വന്നില്ല എന്ന ഉത്തരം കിട്ടി. അവര്‍ അച്ഛനെ ആശുപത്രിയിലേക്ക് വിളിച്ചറിയിച്ചില്ല എന്നത് കുറച്ചുകാലം, പരിഭവമായി പിന്നീട് നിലനില്‍ക്കുകയുണ്ടായി.

നഗരത്തിലെ ഓഫീസില്‍ ജോലി ചെയ്യുന്ന അമ്മയെ ഫോണ്‍ ചെയ്ത് വിവരം പറഞ്ഞപ്പോഴും അമ്മാമ്മയുടെ വീട്ടില്‍ തിരക്കാന്‍ അച്ഛനു തോന്നിയില്ല.

കാരണം അനിയത്തി അവിടെ പോവാറില്ലായിരുന്നു. അച്ഛനും അവരെ അങ്ങനെ കാര്യമായി എടുത്തിരുന്നില്ല.

അമ്മ ജീവന്‍ കൈയില്‍ പിടിച്ച് ഓഫീസില്‍ നിന്നു പാഞ്ഞു വന്നു. പിറകേ പോലീസ് വണ്ടിയും എത്തി.

അപ്പാപ്പനാണ് അനിയത്തിയെ വീട്ടില്‍ കൊണ്ടാക്കിയത്. പോലീസ് വണ്ടി വരുന്നത് അദ്ദേഹം കണ്ടിരുന്നു. അപ്പോള്‍ വീട്ടില്‍ ആളുണ്ടെന്നും കുട്ടിയെ കാണാതെ എല്ലാവരും പരിഭ്രമിക്കുകയാണെന്നും അദ്ദേഹത്തിനു മനസ്സിലായി.

അമ്മ അനിയത്തിയെ കെട്ടിപ്പിടിച്ചുമ്മ വെച്ചു. അമ്മയുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. എന്തിനു പതിവ് തെറ്റിച്ചു എന്ന് ചോദിച്ചെങ്കിലും കൂടുതല്‍ വഴക്കൊന്നും അച്ഛന്‍ പറഞ്ഞില്ല. ഒരു സങ്കടം അപ്രതീക്ഷിതമായി അവസാനിച്ചതിന്‍റെ ആശ്വാസം എല്ലാവരിലുമുണ്ടായിരുന്നു.

വാല്‍ക്കഷണം.

രണ്ട് വീടുകളിലും പോവുകയും തരാതരം പോലെ നോണ്‍ വെജ് കഴിക്കുകയും ചെയ്തിരുന്നു അനിയത്തി. പിന്നെ ജീവിതപാരാവാരത്തില്‍ കൈകാലിട്ടടിച്ചു തുടങ്ങിയ ഏതോ ഒരു സങ്കടയാമത്തിലാണ് കുറച്ചു കഞ്ഞിയും ചെറുപയറും തക്കാളിയും ഒന്നോ രണ്ടോ കോഴിമുട്ടയും മതി ജീവിക്കാനെന്ന് അവള്‍ തീര്‍ച്ചപ്പെടുത്തിയത്. അതിനായി ആരുടെ മുന്നിലും നടുവ് വളയ്ക്കേണ്ടതില്ലെന്നും തല കുനിയ്ക്കേണ്ടതില്ലെന്നും അവള്‍ ഉറപ്പിച്ചു...

No comments: