Tuesday, August 7, 2018

ചൊറിയും ചിരങ്ങും മുടന്തുമായൊരു പ്രണയവര്‍ഷം

https://www.facebook.com/echmu.kutty/posts/733760310136599


താമസിക്കുന്ന വാടകവീടിന്‍റെ മുന്‍വശത്ത് എപ്പോഴും ഇലകള്‍ വര്‍ഷിക്കുന്നൊരു പ്ലാവുണ്ട്. ആ ഇലകള്‍ റെസിഡന്‍റ്സ് അസോസിയേഷന്‍കാരുടെ നിത്യശല്യമാണ്. ആ പ്ലാവിനെ അങ്ങ് വെട്ടിക്കളഞ്ഞാല്‍ റോഡ് വൃത്തിയായിക്കിടക്കും എന്നതാണ് അവരുടെ എന്നുമുള്ള ആവശ്യം. ഒരു പ്ലാവ് അത്രയും വലുതാവാന്‍ എത്ര കാലമെടുക്കും എന്ന് ആലോചിച്ച് അതിനെ വെട്ടിക്കളയാന്‍ നമുക്കെന്തവകാശം എന്ന് ഞാന്‍ എപ്പോഴും പിന്തിരിയും.

എന്‍റെ യാത്രാര്‍ത്തിയാണ് പുലിവാലുണ്ടാക്കുക. വീട്ടിലുള്ളപ്പോള്‍ റോഡ് ഞാന്‍ തൂത്തുവാരിയിടുമെങ്കിലും നാടു ചുറ്റലാവുമ്പോള്‍ അതു പറ്റില്ലല്ലോ. അങ്ങനെ തെരുവ് തൂത്തിടുവാന്‍ ഞാനൊരു സഹായിയെ വെച്ചു. അവര്‍ക്ക് അല്‍പം ചില മാനസികപ്രശ്നങ്ങളുണ്ടായിരുന്നു. ചിലപ്പോള്‍ ഒരു നിയന്ത്രണവുമില്ലാതെ സംസാരിച്ചു കളയും. നമുക്ക് ചിലരൊക്കെ ലക്കും ലഗാനുമില്ലാതെ സംസാരിക്കുന്നതിനെ ന്യായീകരിക്കാം എന്ന് തോന്നുമെങ്കിലും ഇമ്മാതിരി ദരിദ്രരും മനപ്രയാസമുള്ളവരും അങ്ങനെ സംസാരിക്കുന്നതിനെ സഹിക്കാന്‍ കഴിയില്ല. ഒടുവില്‍ അവരെ എനിക്ക് ജോലിയില്‍ നിന്ന് മാറ്റേണ്ടതായി തന്നെ വന്നു.

അതിനുശേഷമാണ് കൈയിലും കാലിലുമൊക്കെ നല്ല പരമരസികന്‍ വരട്ട് ചൊറിയുള്ള ഒരു അമ്മാമ്മ വന്നത്. അമ്മാമ്മ ഉച്ചയ്ക്ക് രണ്ട് മണിയാകുമ്പോള്‍ വരും. മരങ്ങളുടെ നിഴല്‍ വീണ് തണുപ്പുള്ള വരാന്തയില്‍ കാറ്റുമേറ്റ് കിടക്കും. എന്നെ വിളിച്ച് കഞ്ഞിവെള്ളമോ ചായയോ കൊടുക്കാന്‍ പറയും. ഞാന്‍ അവരോട് കുറെ നേരം നാട്ടുവിശേഷം പറഞ്ഞിരിക്കും. ഈ സമയത്തെല്ലാം അമ്മാമ്മ ചൊറി രസം പിടിച്ച് മാന്തിക്കൊണ്ടിരിക്കും . പിന്നെ വെയില്‍ ചായുമ്പോള്‍ പതുക്കെ റോഡ് തൂത്തുവാരും. ഇത് ഞാന്‍ വീട്ടിലുള്ളപ്പോഴത്തെ കഥയാണ്.

ഞാനില്ലെങ്കില്‍ പാവം, റോഡില്‍ വീഴുന്ന ആ വലിയ പ്ലാവിന്‍റെ നിഴലില്‍ കുത്തിയിരിക്കും. കിടക്കാനൊന്നും പറ്റില്ല. കൊട്ടാരം പോലെയും കപ്പല്‍ പോലെയുമുള്ള കാറുകള്‍ സദാ ഓടുന്നൊരു റെസിഡന്‍ഷ്യല്‍ ഏരിയയിലെ പ്രധാന റോഡാണത്. വരട്ട്ചൊറി പിടിച്ച അമ്മാമ്മയ്ക്ക് അവിടെ വല്ല പ്രസക്തിയുമുണ്ടോ? ആര്‍ക്കു വേണം അവരെ ?

'എവിടുന്നു കിട്ടി ഇങ്ങനെ ഒരു സാധനത്തിനെ' എന്ന് ചിലരൊക്കെ എന്നോട് ചോദിക്കാതിരുന്നില്ല. 'എല്ലാവരേയും ദൈവം ഉണ്ടാക്കിയതല്ലേ അങ്ങനെ ഞങ്ങള്‍ ഒരു ദിവസം കൂട്ടിമുട്ടി' എന്ന് ഞാന്‍ ഉത്തരമവസാനിപ്പിക്കും.

അമ്മാമ്മയ്ക്ക് മോനും മരുമകളും കൊച്ചുമോനും ഒക്കെയുണ്ട്. ഭര്‍ത്താവ് വളരെ നേരത്തെ മരിച്ചു. 'ഞാന്‍ കഷ്ടപ്പെട്ട് വളര്‍ത്തിയതാണവനെ . ഇപ്പോ ഞാനെന്താ ചാവാത്തെ എന്നാണവന്‍റെ ചോദ്യ'മെന്ന് അമ്മാമ്മ പീള കെട്ടിയ കണ്ണില്‍ വെള്ളം നിറക്കാറുണ്ട്. ജനിക്കുമ്പോഴും ജീവിക്കുമ്പോഴും മരിക്കുമ്പോഴും നമ്മള്‍ തനിച്ചാണെന്നാണ് അമ്മാമ്മ പറഞ്ഞുതന്നത്. പിന്നെ കൂട്ടുണ്ടെന്നും സ്നേഹമുണ്ടെന്നും നമ്മള്‍ വിചാരിച്ച് സമാധാനിക്കുന്നു. കാരണം നമുക്ക് ജീവിക്കാന്‍ ചില കാരണങ്ങളും ആശ്വാസങ്ങളും വേണ്ടേ?

ഞാന്‍ എല്ലാം തലയാട്ടി കേള്‍ക്കും.

കഴിഞ്ഞ പ്രാവശ്യത്തെ നെടുങ്കന്‍ യാത്ര കഴിഞ്ഞ് ഞാന്‍ തിരിച്ചെത്തിയപ്പോള്‍ , അയല്‍പ്പക്കത്തെ ചേച്ചി എന്നോട് ചൂടാറാതെ ഒരു കഥ പങ്കുവെച്ചു.

അമ്മാമ്മയ്ക്ക് ഒരു പ്രണയമുണ്ട്.

അയാള്‍ ചരിഞ്ഞിരുന്ന് കഷ്ടപ്പെട്ട് ഒരു പഴയ സൈക്കിള്‍ ചവുട്ടി വരും അമ്മാമ്മയെ കാണാന്‍.. ഒരു എഴുപതു വയസ്സു കാണും. വലതു കാലിനു മുടന്തുണ്ട്. പിന്നെ രണ്ട് പേരും കൂടി പ്ലാവിന്‍റെ തണല്‍ പറ്റി ഇരുന്ന് വര്‍ത്തമാനം പറയും. അയാള്‍ പരിപ്പുവടയോ ഉഴുന്നുവടയോ കൊണ്ടുവന്നിട്ടുണ്ടാകും. അതും കഴിച്ച് അമ്മാമ്മയുടെ പക്കലുള്ള വെള്ളവും പങ്കിട്ട് കുടിച്ച് അയാള്‍ പോകും. അമ്മാമ്മ പ്രാഞ്ചിപ്രാഞ്ചി ആ സൈക്കിളിന്‍റെ പിറകെ നടന്നകലും...

ചേച്ചിയ്ക്ക് ചിരിയടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

നമ്മള്‍ മനുഷ്യര്‍ക്ക് പ്രണയമെന്നാല്‍ അങ്ങനെ കളിയാക്കിച്ചിരിക്കേണ്ടുന്ന ഒരു തമാശ സാധനമാണല്ലോ. അല്ലെങ്കില്‍ പിന്നെ അമിതാബ് ബച്ചനോ മമ്മൂട്ടിയോ മോഹന്‍ലാലോ കമല്‍ഹാസനോ നിവിന്‍ പോളിയോ ഒക്കെ തിരശ്ശീലയില്‍ പ്രേമിക്കുന്നതായിരിക്കണം.

ചൊറിയും മാന്തലുമുള്ള അമ്മാമ്മയും അല്‍പം മുടന്തുള്ള അപ്പാപ്പനും പരിപ്പുവടയും വെള്ളവും പങ്ക് വെച്ചുകൊണ്ട് പ്രേമിക്കുന്നതിനെ നമുക്ക് സ്വീകരിക്കാന്‍ പറ്റില്ല തന്നെ.

പിന്നീടുള്ള ദിവസങ്ങളില്‍ ഞാനവരെ കണ്ടു. അവരറിയാതെ.. അമ്മാമ്മയ്ക്ക് അല്‍പം കൂടി ഭംഗിയോ ചെറുപ്പമോ വന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. അയാള്‍ നരച്ച കുറ്റിത്താടിയും കവിള്‍ കുഴിഞ്ഞ് പല്ലുകളില്ലാത്ത ഒരു മുടന്തനുമായിരുന്നു. പക്ഷെ, അയാളുടെ കണ്ണുകളില്‍ ഒരു തിളക്കമുണ്ടായിരുന്നു.. സ്നേഹത്തിന്‍റെ മാസ്മരികമായ തിളക്കം.

പരസ്പരം സ്നേഹിക്കുന്ന മനുഷ്യരെ നോക്കിയിരിക്കാന്‍ എന്തു രസമാണെന്നറിയാമോ? ഞാന്‍ ആ രസം അനുഭവിച്ചുകൊണ്ടിരിക്കുകയാ ണ്. പ്രേമിക്കാനും പ്രേമിക്കപ്പെടാനും ഉള്ള കഴിവുണ്ടാവുന്നത് വലിയ കാര്യമാണ്. വളരെ വലിയ കാര്യം.

No comments: