Saturday, August 11, 2018

വാരിയെല്ലുകളുടെ സ്വാതന്ത്ര്യം എന്ന ലേഖനത്തിന്‍റെ ആദ്യഭാഗം

https://www.facebook.com/photo.php?fbid=760733460772617&set=a.526887520823880.1073741826.100005079101060&type=3&theater

                                             


21 ഓ 22 ഓ വയസ്സിലെഴുതിയ ഒരു ലേഖനമാണിത്. ഇന്നും പ്രസക്തമെന്ന് തോന്നി. അതുകൊണ്ട് പഴയ കടലാസ്സുകള്‍ തെരയുന്ന കൂട്ടത്തില്‍ കണ്ടുകിട്ടിയ ഈ ലേഖനം എന്‍റെ കൂട്ടുകാര്‍ക്കായി പോസ്റ്റ് ചെയ്യുന്നു. അന്നിത് ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

വാരിയെല്ലുകളുടെ സ്വാതന്ത്ര്യം

നിയമം നിര്‍മ്മിക്കുന്നിടത്തും തീരുമാനങ്ങള്‍ എടുക്കുന്നിടത്തും സ്ത്രീ കൃത്യമായി മാറ്റിനിറുത്തപ്പെട്ടിട്ടുണ്ടെങ്കിലും പീഡനങ്ങളുടെയും നിന്ദകളുടെയും സാഹചര്യങ്ങളിലെല്ലാം അവള്‍ നിറഞ്ഞു നില്‍ക്കുന്നു. ശാരീരികവും മാനസികവും ആത്മീയവുമായ മര്‍ദ്ദനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമിടയില്‍ സ്ത്രീയ്ക്കൊരിക്കലും അവളുടേതായ സ്വത്വസ്വാതന്ത്ര്യങ്ങളില്‍ വെളിപ്പെടാനാവുന്നില്ല. ഓരോ ദിവസത്തേയും പത്രങ്ങള്‍ മറിച്ചുനോക്കുമ്പോള്‍ ബലാല്‍സംഗങ്ങളുടെയും ആത്മഹത്യകളുടെയും സ്ത്രീധന മരണങ്ങളുടെയുമെല്ലാം രക്തം പുരണ്ട വാര്‍ത്തകളെത്രയാണ് ! ഇതാ ഇപ്പോള്‍ സതിയും തിരിച്ചെത്തിയിരിക്കുന്നു. നെറികെട്ട അധികാര രാഷ്ട്രീയവും കപട കുടുംബാഭിജാത്യവും ഭീകരമായ മതാന്ധതയും നഗ്നമാക്കപ്പെട്ട സ്ത്രീധനമോഹവും എല്ലാം ചേര്‍ന്ന് പതിനെട്ടു വയസ്സുള്ള ഒരു രാജസ്ഥാനി പെണ്‍കുട്ടിയെ സ്വന്തം ഭര്‍ത്താവിന്റെ ചിതയില്‍ വലിയ ഒരു പുരുഷാരത്തിന്റെ സാന്നിധ്യത്തില്‍ വിജയകരമായി ഹോമിച്ചിരിക്കുന്നു. വീട്ടിലും തെരുവിലും പണിശാലയിലും മാധ്യമങ്ങളിലും സ്ത്രീകള്‍ നിരന്തരമായി അവഹേളിക്കപ്പെടുന്ന അനുഭവങ്ങള്‍ നമുക്കിന്ന് വാര്‍ത്തകളേയല്ല. സ്ത്രീകളുടെ നേരേയുള്ള ഏതുതരം കടന്നാക്രമണവും നമുക്കിപ്പോള്‍ സഹനീയമായി തീര്‍ന്നിരിക്കുന്നു. കലയും സംസ്ക്കാരവും സകല സ്ഥാപനങ്ങളും അടിമത്തത്തെ പരോക്ഷമായി പിന്താങ്ങുന്നു.

സമൂഹം സ്ത്രീക്കെതിരെ പുലര്‍ത്തി വരുന്ന നിലപാടുകള്‍ ഇത്രയധികം ഹിംസാത്മകവും നെറികെട്ടതുമായിട്ടും മനുഷ്യന്റെ അടിസ്ഥാന നീതിക്കുവേണ്ടിയുള്ള ചെറുത്തു നില്പെന്ന രീതിയില്‍ സ്ത്രീകള്‍ നടത്തുന്ന ലഘുവായ പ്രതിരോധ സമരങ്ങള്‍പോലും ശരിയായി മനസ്സിലാക്കപ്പെടാത്തതെന്തുകൊണ്ടാണ്? സ്ത്രീകളുടെ സ്വാതന്ത്യസമര പ്രവര്‍ത്തനങ്ങള്‍ ഫെമിനിസം എന്ന പേരില്‍ നമ്മുടെ നാട്ടില്‍ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഫെമിനിസ്റ്റു പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുന്നതിന്റെ തോതനുസരിച്ച് അതിനെതിരായ വിമര്‍ശനങ്ങളും പരിഹാസങ്ങളും പുരുഷ മേധാവിത്വ സമൂഹത്തില്‍ പ്രത്യേകിച്ചും, ഉരുണ്ടു കൂടുന്നത് സ്വാഭാവികവുമാണ്. ഇതുവരേയും ചരിത്രത്തില്‍ നിശ്ശബ്ദമാക്കപ്പെട്ട ഒരു ജനത സ്വന്തം സ്വാതന്ത്ര്യത്തെക്കുറിച്ച് അലമുറയിടാന്‍ തുടങ്ങുമ്പോള്‍ അസഹിഷ്ണുതയും മുറുമുറുപ്പും ചിലയിടങ്ങളില്‍നിന്നെല്ലാം ഉണ്ടാകാതിരിക്കുന്നതെങ്ങനെ?

സ്ത്രീകളുടെ സമരങ്ങളെ നിസ്സാരമാക്കിത്തള്ളി വികലമായി അവതരിപ്പിക്കുന്നതില്‍ സമൂഹവും ഭരണകൂടവും മാധ്യമങ്ങളും പരസ്പരം മത്സരിക്കുകയാണ്. ഒരു മുതലാളിത്ത ഭരണക്രമത്തില്‍ സ്ത്രീ എന്നും ഒരു ചരക്കു മാത്രമെ ആകു. മുതലാളിത്തം ഇന്നത്തെപ്പോലെത്തന്നെ എന്നും സ്ത്രീയെ കുറഞ്ഞ കൂലി പറ്റുന്ന നിസ്സാരവും മൂലധനമില്ലാത്തതുമായ ജോലികളില്‍ കഴിഞ്ഞുകൂടാന്‍ നിര്‍ബ്ബന്ധിക്കുന്നു. അതിന്റെതന്നെ മറ്റൊരു ദുഷ്ടമുഖമായ കണ്‍സ്യൂമറിസം അവളുടെ മേല്‍ ശക്തമായി പിടി മുറുക്കിയിരിക്കുന്നു. സ്ത്രീയെ ഒരു ലൈംഗിക വസ്തുവായി മാത്രമെ മുതലാളിത്തത്തിനു കാണാനാവു. ഒരിക്കലും ഒരു മുതലാളിത്ത വ്യവസ്ഥിതിക്ക് സ്ത്രീകളുടെ മുന്നേറ്റം താങ്ങാനാവില്ല. സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു ചടങ്ങോ പെരുന്നാളോ ഹരിജനോദ്ധാരണമോ മാത്രമാണ്. വേണമെങ്കിലവര്‍ വേള്‍ഡ്ബാങ്കിന്റെ സഹായത്തോടെ നമ്മുടെ സാമൂഹ്യ വനവല്ക്കരണ പരിപാടിപോലെ സ്ത്രീസംരക്ഷണം ആഘോഷിക്കുകയും ചെയ്യും.

മിക്കവാറും എല്ലാ രാഷ്ട്രീയ-മത പ്രസ്ഥാനങ്ങള്‍ക്കും വനിതാവിഭാഗങ്ങളുണ്ടെങ്കിലും അവയ്ക്കൊന്നിനുംതന്നെ പുരുഷമേധാവിത്വ സംസ്ക്കാരത്തെക്കുറിച്ച് വ്യക്തമായ യാതൊരു കാഴ്ച്ചപ്പാടുമില്ല. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാത്രമാണ് സ്ത്രീകളുടെ വിഷയങ്ങളെ രാഷ്ട്രീയവും സാമ്പത്തികവുമായ പശ്ചാത്തലത്തില്‍ വിലയിരുത്താനും സാമൂഹ്യഘടനയില്‍ നിന്നുകൊണ്ട് പരിഹരിക്കാനും ശ്രമിക്കുന്നത്. എന്നാല്‍ ആ പ്രസ്ഥാനങ്ങള്‍ക്കുപോലും സ്ത്രീകളുടെ നേരേയുള്ള ഇരട്ട ചൂഷണങ്ങളുടെ സവിശേഷമായ സാഹചര്യങ്ങളോട് വേണ്ടത്ര ആഴത്തില്‍ പ്രതികരിക്കാനാവുന്നില്ല. ഫെമിനിസ്റ്റു പ്രസ്ഥാനങ്ങളുടെ നേരേയുള്ള അവഗണനയും അവിശ്വാസവും നിന്ദനവും നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിഷേധാത്മകമായ പുരുഷ സമീപനത്തെയാണ് കാണിക്കുന്നത്. ലെനിന്‍ പറയുന്നത് കേള്‍ക്കു "ഒരു കമ്മ്യൂണിസ്റ്റിനെ ഉറച്ചു നോക്കുക. ഒരു പണ്ഡിത മൂഢന്‍ പ്രത്യക്ഷപ്പെടും. വനിതകളോടുള്ള മാനസികഭാവംപോലെ മര്‍മ്മസ്ഥാനങ്ങളില്‍ ഉരച്ചാല്‍ അത് വ്യക്തമാകും.."

മിക്കവാറും എല്ലാവരും, ഫെമിനിസ്റ്റെന്നു കേള്‍ക്കുമ്പോള്‍ ബ്രായെരിക്കുന്ന, പുരുഷന്മാരെ ശത്രുക്കളായി കരുതുന്ന, കുടുംബം നശിപ്പിക്കുന്ന അരാജകവാദികളായ സ്ത്രീകളാണെന്ന് മനസ്സിലാക്കുന്നു. ഫെമിനിസം പാശ്ചാത്യവല്‍ക്കൃതവും മധ്യവര്‍ഗ്ഗവനിതകളുടെ നിറവേറാത്ത മിഥ്യാസങ്കല്‍പ്പങ്ങള്‍ നിറഞ്ഞ ഉള്‍ക്കണ്ഠകളുമാണെന്ന് ഇത്തരം ആളുകള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു.

എന്നാൽ നോക്കു, ഇന്ത്യയിലെവിടെയും ഫെമിനിസ്റ്റുകൾ ബ്രാ കത്തിച്ചിട്ടില്ല. ഫെമിനിസ്റ്റുകളിൽ ഒട്ടധികം പേരും വിവാഹിതരും അമ്മമാരുമാണ്‌. അവർ തെരുവിലിറങ്ങാനും കുടുംബം തകർക്കാനും പുരുഷനുപകരം സ്ത്രീയെത്തന്നെ വിവാഹം കഴിക്കാനും ഒന്നും ആവശ്യപ്പെടുന്നില്ല. പിന്നെയും ഇത്തരം അബദ്ധപ്രചരണങ്ങൾ പുകപോലെ പടർന്നു കയറുന്നു. കുഴപ്പം ഫെമിനിസത്തിന്റേതല്ല. എന്താണ്‌ ഫെമിനിസമെന്നും ഫെമിനിസ്റ്റുകൾ സ്ത്രീ സ്വാതന്ത്ര്യത്തെ എവ്വിധമാണ്‌ നിർവചിക്കാൻ ശ്രമിക്കുന്നതെന്നും മനസ്സിലാക്കാതെ മുൻവിധികളും ശകാരങ്ങളും അടിമുടി പരിഹാസവുമായി അതിനെ നേരിടുകയാണ്‌ പലരും. അസഹിഷ്ണുതകൊണ്ടൊ അജ്ഞതകൊണ്ടൊ സ്ത്രീകളുടെ വിമോചന പോരാട്ടങ്ങൾ ഇത്തരത്തിൽ അവഹേളിക്കപ്പെട്ടുകൂടാ. സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരമായ ദു:ശാഠ്യങ്ങൾ ഉപേക്ഷിച്ച് ഇന്ന് സജീവ യാഥാർത്ഥ്യമായിക്കഴിഞ്ഞ ഫെമിനിസമെന്ന സാമൂഹ്യപ്രമേയത്തെ അനുഭാവപൂർവ്വം പഠിക്കാനാണ്‌ നാം ശ്രമിക്കേണ്ടത്.

എന്താണ്‌ ഫെമിനിസം.

ഫെമിനിസമെന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടിലാണ്‌. മറ്റ് ഇസങ്ങളെപ്പോലെ ഒരു പ്രത്യേക സിദ്ധാന്തത്തിന്റെ പാറയിൽ പണിതെടുത്തതല്ല ഫെമിനിസം. ഒരു നിർവചനത്തിന്റെ ഏകശിലയിൽ ഈ സങ്കീർണ്ണാവസ്ഥയെ സംഗ്രഹിക്കാനും ബുദ്ധിമുട്ടുണ്ട്. സാമൂഹ്യജീവിതത്തിലും സാംസ്ക്കാരികരംഗങ്ങളിലും കുടുംബജീവിതത്തിലും സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നതിനെക്കുറിച്ചും ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചുമുള്ള ഒരു തിരിച്ചറിവും അത്തരം പീഡനങ്ങൾക്കും വിവേചനങ്ങള്‍ക്കും പുരുഷന്മാരുടെ ബോധപൂർവ്വമായ പ്രതിപ്രവർത്തനവും എന്ന് ഫെമിനിസത്തെ വിശാലമായി നിർവ്വചിക്കാം. മൂലധനാധിഷ്ഠിതമായ പുരുഷമേധാവിത്വ സംസ്ക്കാരത്തിനും സ്ത്രീയായതുകൊണ്ടുമാത്രമുള്ള തരംതാഴ്ത്തലിനുമെതിരെ വ്യക്തിപരമായി പ്രതിരോധിക്കുന്നവർ മുതൽ സംഘചേർന്നു സമരം ചെയ്യുന്നവർ വരെ എല്ലാവരും ഫെമിനിസ്റ്റുകളാണ്‌. അധമബോധത്തിൽനിന്ന് ആത്മബോധത്തിലേയ്ക്കുള്ള സ്ത്രീചേതനയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണിത്.

മുൻകാല ഫെമിനിസ്റ്റുകൾ വീട്ടിനു പുറത്ത് സ്ത്രീകളുടെ തീർത്തും ജനാധിപത്യപരമായ പ്രാഥമികാവകാശങ്ങൾക്കു വേണ്ടിയാണ്‌ പോരാടിയത്. സ്ത്രീക്കും, വിദ്യാഭ്യാസവും തൊഴിലും സ്വത്തവകാശവും വോട്ടവകാശവും എല്ലാം ലഭിക്കേണ്ടതാണെന്ന് ആ പോരട്ടങ്ങൾ ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ചു. നമ്മുടെ നാട്ടിൽ നമ്പൂതിരി സമുദായത്തിനുള്ളിൽ സ്ത്രീകള്‍ മാറുമറയ്ക്കാനുള്ള അവകാശം മുതൽ വിദ്യാഭ്യാസത്തിനുവേണ്ടിവരെ സമരം ചെയ്ത ചരിത്രം ഒരു ഫെമിനിസ്റ്റ് പോരാട്ടത്തിന്റെ പൂർവ്വ മാതൃകയായിരുന്നെന്ന് പറയാം. ഇന്നത്തെ ഫെമിനിസ്റ്റുകൾക്കാവട്ടെ വീട്ടിനു പുറത്തും വീട്ടിനകത്തും ഒരേസമയം സമരം ചെയ്യേണ്ട സ്ഥിതിയാണ്‌. തന്നെയുമല്ല ശരീരശാസ്ത്രപരമായ അറിവുകളുടെ വെളിച്ചത്തിൽ പുരുഷന്‌ സ്ത്രീയേക്കാൾ മേന്മ കല്പിക്കുന്ന യാതൊന്നുമില്ല എന്നുകൂടി അവർ വെളിപ്പെടുത്തുന്നു. സ്ത്രീയ്ക്ക് പുരുഷനൊപ്പം തുല്യതയും മാന്യതയും നേടാനും അവളുടെ ശരീരത്തിലും മനസ്സിലും അടിച്ചേല്പിച്ചിരിക്കുന്ന നിയന്ത്രണങ്ങളിൽനിന്ന് അവളെ മോചിതയാക്കാനും ഫെമിനിസ്റ്റുകൾ പോരാടുന്നു. ഈ രീതിയിലുള്ള ഫെമിനിസ്റ്റ് സമരങ്ങൾ സമൂഹത്തിലെ എല്ലാ അവകാശസമരങ്ങൾക്കുമൊപ്പം വളരുകയും വികസിക്കുകയും വേണം. സ്വകാര്യ സ്വത്തിന്റെ ആവിർഭാവത്തോടെയാണ്‌ പുരുഷാധിപത്യം രൂപപ്പെട്ടത്. സ്ത്രീനീതിക്കുവേണ്ടിയുള്ള ഫെമിനിസ്റ്റ് സമരം സ്വകാര്യ സ്വത്തിനെതിരായുള്ള വിമോചന സത്തയുൾക്കൊള്ളുന്നുണ്ട്.

ഫെമിനിസ്റ്റുകൾ പുരുഷനൊപ്പം തുല്യത സ്ത്രീക്കും വേണമെന്ന് പറയുന്നതിനെ എല്ലാവരും പുച്ഛത്തോടെയാണ്‌ കാണുന്നത്. അവർ പറയുന്നതെന്തെന്ന് വ്യക്തമായി മനസ്സിലാക്കത്തതുകൊണ്ടുള്ള കുഴപ്പമാണത്. ഇന്ത്യയിൽ 75.12% സ്ത്രീകൾക്ക് അക്ഷരാഭ്യാസമില്ലെന്ന് 81ലെ കണക്കുകൾ പറയുന്നു. അതേസമയം പുരുഷന്മാരുടെ നിരക്ഷതാ നിരക്ക് 63%മാണ്‌. പട്ടികവർഗ്ഗത്തിൽപ്പെട്ട 91.96% സ്ത്രീകളും നിരക്ഷരരാണ്‌. 19% സ്ത്രീകൾക്ക് മാത്രമാണ്‌ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കേന്ദ്ര ഗവ. ജീവനക്കാരിൽ 2.5% മാത്രമാണ്‌ സ്ത്രീകൾ എന്നാണ്‌ ഔദ്യോഗിക കണക്ക്. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകളുടെ അവസര നിഷേധങ്ങളെ കുറിക്കുന്ന ചില സ്ഥിതിവിവര കണക്കുകളാണിത്. പുരുഷനും ഇന്ന് ഒരു വർഗ്ഗസമൂഹത്തിന്റെ നിർദ്ദയമായ ചൂഷണത്തിന്‌ വിധേയനാണെന്നത് ശരിയാണ്‌. അതുകൊണ്ട് ഫെമിനിസ്റ്റുകൾ അർത്ഥമാക്കുന്ന സ്വാതന്ത്ര്യം, സ്ത്രീക്കും പുരുഷനും ഒപ്പം തുല്യത ലഭിക്കുന്ന സമത്വപൂർണ്ണമായ ഒരു സമൂഹത്തിൽ മാത്രം ഉണ്ടാകുന്നതാണ്‌.

ഫെമിനിസത്തിന്റെ ഭാരതീയ സന്ദർഭങ്ങൾ.

ഫെമിനിസം പാശ്ചാത്യാശയ പ്രചോദിതമായതുകൊണ്ട് അതിന്‌ ഇവിടെ പ്രസക്തിയില്ലത്രെ! പടിഞ്ഞാറുനിന്ന് വന്നതുകൊണ്ട് അത് നമ്മുടെ നാട്ടിൽ വേരു പിടിക്കില്ലപോലും! അങ്ങനെയാണെങ്കിൽ പാർലിമെന്ററി ജനാധിപത്യം, മുതലാളിത്തം, സ്വകാര്യസ്വത്തുടമാ സമ്പ്രദായം, കൃഷിഭൂമി കർഷകനെന്ന വാദം, ഇടതുപക്ഷ രാഷ്ട്രീയ സിദ്ധാന്തങ്ങൾ തുടങ്ങിയവയൊന്നും ഇവിടെ സ്വാധീനം ചെലുത്തുകയില്ലല്ലൊ. വ്യവസായ വിപ്ളവവും മാർക്സിസവും സോഷ്യലിസവും ഒന്നും പടിഞ്ഞാറ്‌ പിറന്നതുകൊണ്ടുമാത്രം ഇവിടെ അപ്രസക്തമായിട്ടില്ല. കാറൽമാർക്സ് കൽക്കത്തയിലും, ലെനിൻ പുന്നപ്രയിലും, ഐൻസ്റ്റീൻ അഡയാറിലും ജനിച്ചതുകൊണ്ടല്ലല്ലൊ അവരുടെ ആശയങ്ങൾ നമുക്ക് സ്വീകാര്യമായത്. പിന്നെ ഫെമിനിസത്തിന്റെ കാര്യത്തിൽ മാത്രമെന്തേ ഈ വാശി?

ലോകത്തൊരിടത്തും ഒരാശയത്തെയും രാജ്യാതിർത്തി തിരിച്ച് നിർണ്ണയിക്കാനാവില്ല. ഫെമിനിസം എന്ന പദം പാശ്ചാത്യരുടേതുതന്നെ. പക്ഷേ, ആ ആശയത്തെ ഇങ്ങോട്ട് ബലമായി പിടിച്ചുവലിച്ച് ഇവിടെയിട്ട് ഞെക്കിപ്പഴുപ്പിച്ചതൊന്നുമല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവുമായി ഫെമിനിസ്റ്റ് ആശയങ്ങൾ ഇവിടെ വേരു പടർത്തിയിട്ടുണ്ട്. വൈദേശിക ഭരണത്തിനും ഭൂപ്രഭുക്കളുടെ സ്വേച്ഛാധിപത്യത്തിനും എതിരായി അക്കാലത്തുണ്ടായ പ്രതിരോധങ്ങൾ ഫെമിനിസ്റ്റ് ആശയങ്ങൾക്കും ജന്മം കൊടുത്തു. ദേശീയ സ്വാതന്ത്ര്യ സമരത്തോടൊപ്പം തഴച്ചുവളർന്ന ഇന്ത്യൻ നവോത്ഥാനത്തിന്റെ പ്രധാന പ്രമേയങ്ങളിൽ പലതും സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണല്ലൊ. അക്കാലത്ത് സ്വാതന്ത്ര്യ പ്രക്ഷോഭികളായ ആ ഫെമിനിസ്റ്റുകൾ വിധവാ വിവാഹത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും നിയമപരമായ സ്ത്രീ പുരുഷ സമത്വത്തിനും വേണ്ടി സമരം ചെയ്തു. സതി, ബഹുഭാര്യാത്വം, പർദ്ദ, സ്ത്രീധനം, ശൈശവ വിവാഹം ഇവയെല്ലാം നിറുത്തലാക്കാൻ അവർ ശക്തമായി പ്രക്ഷോഭണം നടത്തി. (പുതിയ വിദ്യാഭ്യാസത്തിനും പ്രണയവിവാഹത്തിനും സ്വതന്ത്രചിന്തക്കും വേണ്ടി ആവേശപൂർവ്വം മാമൂൽ മൂല്യങ്ങൾക്കെതിരെ ശബ്ദിച്ച ഇന്ദുലേഖ ഇന്ത്യൻ നവോത്ഥാന പ്രവർത്തനങ്ങളിൽ നിന്നുണ്ടായ ഒരു ധീര ഫെമിനിസ്റ്റ് മാതൃകയായിരുന്നു.)

ബുദ്ധന്റെ കാലം മുതൽ സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ച് ചൂടുപിടിച്ച വഗ്വാദം ഉണ്ടായിട്ടുണ്ട്. ഒടുവിൽ ഭിക്ഷുണികളുടെ ഒരു സംഘം രൂപീകരിക്കാൻ ബുദ്ധൻ നിർബന്ധിതനായ ഒരു സാഹചര്യംവരെ സ്ത്രീ വിദ്യാഭ്യാസ നിലവാരം ഉയരുകയും ചെയ്തു. ആധുനിക ഇന്ത്യയിൽ രാജാറാം മോഹൻറോയ്, ടാഗോർ, ഗാന്ധി, വിവേകാനന്ദൻ, സരോജനി നായിഡു, ആനി ബസെന്റ്, സുബ്രഹ്മണ്യ ഭാരതി, അരബിന്ദോ, നെഹ്രു തുടങ്ങി പലരും സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുകയും സ്ത്രീകളുടെ പ്രശ്നങ്ങളെ ഗൗരവമായി കാണുകയും ചെയ്തിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീനീതിക്കുവേണ്ടിയുള്ള ശബ്ദം അത്രയും ദുർബലമാണെന്ന് പറയാൻ വയ്യ.

അന്നും ഇന്നും സ്ത്രീകളുടെ പ്രശ്നങ്ങൾക്കുള്ള മൂലകാരണം ഒന്നാണെന്നതാണ്‌ സത്യം. സ്ത്രീധനം, ബലാൽസംഗം, തുല്യജോലിക്ക് തുല്യവേതനം, ലൈംഗിക പീഡനങ്ങൾ, സ്ത്രീയാണെന്നതുകൊണ്ടുള്ള തരംതാഴ്ത്തൽ, മാധ്യമങ്ങളിലെ സ്ത്രീ മലിനീകരണം, മതവും സംസ്ക്കാരവും സാഹിത്യവും ഒത്തുചേർന്നുള്ള അവഹേളനം - തുടങ്ങി ഇന്നത്തെ പല രൂക്ഷമായ പ്രശ്നങ്ങളും പാശ്ചാത്യ ഫെമിനിസ്റ്റുകൾ ഉന്നയിച്ചിട്ടുണ്ട് എന്ന ഒറ്റ കാരണത്താൽ ഇന്ത്യയിലെ ഫെമിനിസ്റ്റുകൾ പടിഞ്ഞാറുനോക്കികളാണെന്ന് പറയുന്നത് വലിയ മണ്ടത്തരമാണ്‌. ലോകവ്യാപകമായി സ്ത്രീകളുടെ പല പ്രശ്നങ്ങളും സമാനമാണെന്നും തന്മൂലം സമരമാർഗ്ഗങ്ങളും ഒന്നാകുമെന്നുമുള്ള സത്യത്തെ മറയ്ക്കലാണത്. ഭാരതത്തിലെ ഫെമിനിസ്റ്റു പ്രസ്ഥാനങ്ങളുടെ ആദ്യത്തേതും അടിയന്തരവുമായ പോരാട്ടം പട്ടിണിക്കെതിരായിട്ടാണ്‌. നഗരത്തിൽ കേന്ദ്രീകരിച്ചുള്ള മദ്ധ്യവർഗ്ഗ വനിതകളുടെ സംഘങ്ങളാണ്‌ പലതുമെങ്കിലും കുറെ ഫെമിനിസ്റ്റുകളെങ്കിലും ചേരിപ്രദേശത്തും താഴ്ന്ന വരുമാനക്കാർക്കിടയിലും പ്രവര്‍ത്തനമുറപ്പിച്ചിട്ടുണ്ട്.

തൊഴിൽ സ്ത്രീയെ സ്വതന്ത്രയാക്കുന്നില്ല.

ഇന്ന് സ്ത്രീകൾ വീട്ടിനു പുറത്ത് ജോലി ചെയ്യുകയും പണം സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അതിന്റെ പേരിൽ വീട്ടിനുള്ളിലെ ജോലികളിൽ നിന്നവൾ ഒഴിവാകുന്നില്ല. തൊഴിൽ ഒരു സ്ത്രീയെ സ്വതന്ത്രയാക്കുന്നില്ലെന്നു മാത്രമല്ല ഇരട്ട ചൂഷണത്തിനുള്ള അവസരമൊരുക്കുകയാണ്‌ ചെയ്യുന്നത്.

ഒന്നാമത് ഇന്നത്തെ നമ്മുടെ സ്ത്രീകൾ ജോലിക്ക് പോകുന്നത് അവർക്കു വേണ്ടിയൊന്നുമല്ല. പുരുഷന്‌ വീട്ടിനു പുറത്ത് ജോലിയില്ലെങ്കിലുള്ള മാന്യതക്കുറവ് സ്ത്രീയുടെ കാര്യത്തിലാണെങ്കിൽ ഇല്ല. സ്ത്രീ ജോലിയ്ക്ക് പോകുന്നത് ഇന്നത്തെ ജീവിത സാഹചര്യത്തിൽ പുരുഷന്റെ മാത്രം വരുമാനംകൊണ്ട് ജീവിച്ചുപോകാനാകാതെ, കുടുംബവരുമാനം വർദ്ധിപ്പിക്കാനായിട്ടു മാത്രമാണ്‌. നമ്മുടെ ഭർത്താക്കന്മാർ ഭാര്യമാരെ ജോലിക്കയക്കുന്നത് ജോലിയുടെ പ്രതിഫലം പറ്റി വീട്ടിനു പുറത്തെ ലോകം കണ്ട് ആത്മാഭിമാനവും സ്വയം പര്യാപ്തതയുമുള്ള സ്ത്രീകളായിത്തീരട്ടെ എന്നു കരുതിയൊന്നുമല്ല. ഭാര്യയുടെ ശമ്പളത്തിൽ മാത്രമാണവരുടെ കണ്ണ്‌. ഒരു ശരാശരി സ്ത്രീ ഓരോ ശരാശരി പുരുഷനെക്കാൾ ഇരട്ടി ജോലി ചെയ്യുന്നുവെന്നാണ്‌ 1980-ൽ കോപ്പൻഹേഗലിൽ നടന്ന വനിത കോൺഫ്രൻസ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നത്.

ഇനി ജോലിക്കാരായ സ്ത്രീ​‍കൾക്ക് പുരുഷനോടൊപ്പം വേതനമില്ല. തുല്യ ജോലിക്ക് തുല്യ വേതനമെന്ന ആശയം പല രാജ്യങ്ങളിലും കടലാസ്സിലെ ഉള്ളു. സ്ത്രീകൾ അവസാനം ജോലിയിൽ നിയമിക്കപ്പെടേണ്ടവരും ആദ്യം പിരിച്ചു വിടേണ്ടവരുമാണ്‌. മിക്കവാറും എല്ലാ രാജ്യങ്ങളിലുംതന്നെ കുറഞ്ഞ കൂലിയിൽ അനാരോഗ്യകരമായ സാഹചര്യങ്ങളിൽ ഇരട്ടി ജോലിയെടുക്കേണ്ടവരാണ്‌ സ്ത്രീകൾ. വീട്ടിനു പുറത്ത് ജോലി ചെയ്ത് സാമ്പത്തിക സ്വാതന്ത്ര്യം നേടിയ സ്ത്രീപോലും വീട്ടിനകത്ത് പുരുഷന്റെ അടിമയാണ്‌. ആധുനിക വനിതയുടെ സ്വാതന്ത്ര്യം അവിടെ അവസാനിക്കും.

ഇരട്ടി ജോലിയും ഇരട്ട ചൂഷണവും

ഭരണക്രമം മാറുന്നതോടെ ഈ അടിമത്തം സ്വയമേവ മാറുമെന്നും അതുവരെ ഇത് സഹിച്ചാൽ മതിയെന്നും വാദിക്കുന്ന ചിലരുണ്ട്. ഒരു കാര്യം തീർച്ചയാണ്‌, ഒരു യഥാർത്ഥ സോഷ്യലിസ്റ്റ് സമൂഹത്തിൽ മാത്രമെ സ്ത്രീസ്വാതന്ത്ര്യം അഭിലഷണീയമായ ഒന്നാകുന്നുള്ളു. എന്നുവെച്ച് അതുവരെ സ്ത്രീകൾ സർവം സഹകളായി നല്ല നാളെയെ കാത്തിരുന്നാൽ മതിയെന്ന വാദം ക്രൂരവും മൗഢ്യവുമാണ്‌. പുരോഗതിയുടെ പാതയിലൂടെ അതിവേഗം മുന്നേറിയ മനുഷ്യലോകം ഓരോ ഘട്ടത്തിലും സ്ത്രീകളോട് കടുത്ത വഞ്ചനയാണ്‌ കാണിച്ചത്. എംഗൽസ് പറയുന്നത് പ്രാകൃത കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിൽ നിലനിന്നിരുന്ന മാതൃദായക്രമത്തെ കൗശലപൂർവം പിതൃദായക്രമത്തിൽ എത്തിച്ചതോടെ പുരുഷൻ സ്ത്രീയുടെമേൽ തകർപ്പൻ വിജയം നേടി എന്നാണ്‌. അങ്ങിനെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം അവനിൽ നിക്ഷിപ്തമായതോടെ അവൻ സ്ത്രീയേയും തനിക്ക് ക്രയവിക്രയം ചെയ്യാവുന്ന ഒരു സ്വകാര്യ സ്വത്താക്കി മാറ്റി.

കൊളോണിയലിസത്തിലൂടെ യൂറോപ്പിൽ രൂപംകൊണ്ട മുതലാളിത്തഭരണകൂടം യൂറോപ്പിലും കോളനികളിലും പിതൃദായക്രമത്തെ ശക്തിപ്പെടുത്തി. വ്യവസായ വിപ്ളവത്തിനുമുമ്പ്, വീട്ടിലുണ്ടാക്കിയിരുന്ന ഉല്പന്നങ്ങൾ പെട്ടെന്ന് ഫാക്ടറികളിലേക്ക് മാറ്റപ്പെട്ടതോടെ സ്ത്രീകൾക്ക് അതിന്മേലുള്ള അവകാശം നഷ്ടപ്പെടുകയും അവർ വെറും വീട്ടുജോലിക്കാരായി അധ:പതിക്കുകയും ചെയ്തു. പാവപ്പെട്ട സ്ത്രീകളെ പരമ്പരാഗതമായ തൊഴിലുകളിൽ നിന്ന് പറിച്ചുമാറ്റിയും പണക്കാരായ സ്ത്രീകളെ വീട്ടിനുള്ളിൽ ബന്ധിച്ചുമാണ്‌ അന്നത്തെ സ്ത്രീകളെ അടിമകളാക്കി മാറ്റിയത്. വ്യവസായ വിപ്ളവത്തിന്റെ ഫലമായുണ്ടായ ഫക്ടറികൾ സ്വകാര്യസ്വത്തിലധിഷ്ഠിതവും അതുകൊണ്ടുതന്നെ പുരുഷവ്യവസ്ഥയുടേതു മാത്രവും ആയിരുന്നതുകൊണ്ട് അവർക്ക് സ്വന്തം സ്ത്രീകളെ പ്രയാസം കൂടാതെ വീട്ടിനുള്ളിൽ ഒതുക്കിനിർത്താൻ കഴിഞ്ഞു. പിന്നീടവർ സ്വീകരണമുറിയിലെ അലങ്കാരവസ്തുവും ഓമനമൃഗവും ലൈംഗികമായി ഒരു പലഹാരവുമായി മാറാൻ അധികകാലം എടുത്തില്ല. (വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട അത്തരമൊരു സ്ത്രീയുടെ സ്വാതന്ത്ര്യ കുതിപ്പായിരുന്നുവല്ലൊ ഇബ്സന്റെ നോറയിൽ നാം പിന്നീട് കണ്ടത്.)

ഇങ്ങനെ വീട്ടുജോലികൾക്കും കമ്പോള താല്പര്യങ്ങൾക്കുമായി സ്ത്രീയെ ഉപയോഗിച്ച മുതലാളിത്തം മറ്റൊരു വഞ്ചനയിലൂടെ അതിന്റെ നിലനില്പ് ഭദ്രമാക്കി. സ്ത്രീകൾക്ക് വീട്ടുജോലികളിൽ കൂടുതൽ ഇടപെടേണ്ടതുകൊണ്ടാണ്‌ അവർക്ക് മറ്റ് പുറംജോലികൾ കാര്യക്ഷമമായി ചെയ്യാനാവില്ലെന്ന കഥകൾ കെട്ടിച്ചമച്ചു. ഇതിനർത്ഥം പുരുഷൻ വീട്ടിനുപുറത്ത് ജോലിചെയ്ത് ഭാര്യയ്ക്കും മക്കൾക്കും തനിക്കും വേറെ സമ്പാദ്യമുണ്ടാക്കുന്നു. അതുകൊണ്ട് സ്ത്രീ പുറത്ത് പോയി തൊഴിൽ ചെയ്യുമ്പോൾ അവളുടെ വരുമാനം പുരുഷന്റെ “പ്രധാന”വരുമാനത്തോട് ‘കൂട്ടിച്ചേർക്കാനുള്ള വരുമാനം മാത്രമാകുന്നു. ഈയവസ്ഥയിൽ സ്ത്രീയ്ക്ക് തുല്യജോലിക്കും തുല്യ വേതനം ആവശ്യമില്ലാതായിത്തീരുമല്ലൊ.

എന്നാൽ നോക്കു, മിക്കവാറും രാജ്യങ്ങളിൽ 25 മുതൽ 40 ശതമാനം വരെ കുടുംബങ്ങൾ സ്ത്രീകളുടേതു മാത്രമായ വരുമാനത്തിൽ കഴിഞ്ഞുകൂടുന്നവരാണ്‌. എന്നിട്ടും ഈ സ്ത്രീകളെല്ലാം തന്നെ കടുത്ത ദാരിദ്ര്യപീഡയിൽ പുരുഷാധിപത്യത്തിന്റെ ഇരകളാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. ഈ പുറംജോലികൾക്ക് പുറമേ സ്ത്രീ വീട്ടിനുള്ളിൽ ഭക്ഷണം പാകം ചെയ്യൽ, വീട് വൃത്തിയാക്കൽ, തുണിയലക്കൽ, വിറകും വെള്ളവും ശേഖരിക്കൽ, കുട്ടികളെ വളർത്തൽ തുടങ്ങി ആരാലും പരിഗണിക്കപ്പെടാത്ത ഒറ്റപൈസ വരുമാനമില്ലാത്ത നൂറായിരം ജോലികളും ചെയ്തുതീർക്കുന്നു. ഈ സ്ഥിതിയില്‍ സ്ത്രീ ഇരട്ടിജോലിക്കും ഇരട്ട ചൂഷണത്തിനും വിധേയമാകുന്നു. അങ്ങനെ അവളുടെ ജീവിതം ഉയരങ്ങൾ തേടിപ്പിടിക്കാനാവാതെ തുലഞ്ഞുപോവുകയാണ്‌. തീരുമാനങ്ങളെടുക്കുന്ന സ്ഥലങ്ങളിലെല്ലാം അവൾ ജീവിതത്തിന്റെ മാർജിനു പുറത്തുമാണല്ലൊ.

പെണ്ണും പരിസ്ഥിതിയും.

ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ പൗരോഹിത്യത്തിൽ ഇന്നു നടക്കുന്ന വികസനം തീർത്തും സ്ത്രീകൾക്കെതിരായാണ്‌ സംഭവിക്കുന്നത്. നമ്മുടെ സാങ്കേതിക വികസനം സ്ത്രീകളെ അവരുടെ പരമ്പരാഗതതൊഴിൽ മേഖലകളിൽ നിന്നകറ്റി, വെറുതെ വീട്ടിലൊതുക്കുകയാണ്‌ ചെയ്യുന്നത്. കാരണം പുതിയതായി ഉണ്ടായ യന്ത്രങ്ങൾ മുഴുവനും പുരുഷനു മാത്രം ഉപയോഗ്യമായ വിധത്തിൽ നിർമ്മിക്കപ്പെട്ടവയത്രെ. ഫാക്ടറിയുടെ സ്വരൂപവും നിയന്ത്രണവും മുഴുവൻ പുരുഷന്മാരുടെ കൈകളിലായതുകൊണ്ട് സ്ത്രീക്ക് വീട്ടിൽത്തന്നെ ഒതുങ്ങുകയേ വഴിയുള്ളു. ആധുനിക സാങ്കേതിക വിദ്യ സ്ത്രീയെ സംബന്ധിച്ചെങ്കിലും ഇരിക്കുന്ന കൊമ്പു മുറിക്കുമ്പോലെ ആത്മഹത്യാപരമാണ്‌. ഇന്നത്തെ ഫെമിനിസ്റ്റുകൾക്ക് സാങ്കേതിക വികസനമെന്ന പേരിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന ഇത്തരം പദ്ധതികൾക്കു പകരം കൂടുതൽ മാനുഷികവും നീതിനിഷ്ഠവുമായ പദ്ധതികൾക്കുവേണ്ടി പൊരുതേണ്ടതുണ്ട്. നമ്മുടെ പരിസ്ഥിതിയെ അപ്പടെ തകർക്കുകയും ജീവിതത്തെ അന്യാധീനപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം വികസന പദ്ധതികൾ സ്ത്രീകളെ അടിമകളാക്കിക്കൊണ്ടാണ്‌ അതിന്റെ മൃഗീയമായ ചുവടുകൾ വെച്ചുകൊണ്ടിരിക്കുന്നത്.

ആയുസ്സിൽ എഴുപത്തിമുവ്വായിരം മണിക്കൂർ അടുക്കളയിൽ

മറ്റൊരു പ്രധാന പ്രശ്നമാണ്‌ സ്ത്രീകളുടെ വീട്ടുജോലി. സമൂഹം യാതൊരു മൂല്യവും കല്പിച്ചുകൊടുക്കാത്ത വിധികല്പിതം എന്ന മട്ടിൽ അടിച്ചേല്പിക്കപ്പെട്ടതാണ്‌ സ്ത്രീയുടെ ഒരിക്കലും ഒടുങ്ങാത്ത വീട്ടുജോലി. ഒരു സാധാരണ ഇന്ത്യൻ സ്ത്രീ അവളുടെ ആയുസ്സിൽ എഴുപത്തിമുവ്വായിരം മണിക്കൂർ അടുക്കളയിൽ മാത്രമാണ്‌ ചിലവഴിക്കുന്നത്. (84.10% പാചകം ചെയ്യുന്നതും 50.57% വെള്ളം കോരുന്നതും 65% പാത്രം കഴുകുന്നതും 68% വീടു വൃത്തിയാക്കുന്നതും 43% കുട്ടികളെ നോക്കുന്നതും സ്ത്രീകളാണ്‌. വീട്ടുജോലികളിൽ പുരുഷന്റെ ഓഹരി 3.11% മാത്രമാണ്‌.)വരുമാനമില്ലെന്ന ഒറ്റക്കാരണത്താൽ സ്ത്രീയുടെ വീട്ടുജോലി തിരിച്ചറിയപ്പെടാതെ പോകുന്നു. വീട്ടുജോലി ചെയ്യുന്നത് മോശമാണെന്ന അഭിപ്രായം ഫെമിനിസ്റ്റുകൾ പുലർത്തുന്നതായറിവില്ല. സ്ത്രീ സ്വന്തം താല്പര്യത്തിൽ വീട്ടുജോലിയിൽ സംതൃപ്തയാകുന്നതിൽ യാതൊരു തെറ്റുമില്ല. സ്ത്രീയെ നിർബന്ധിച്ച് വെറുമടുക്കളക്കാരിയാക്കുന്ന സമൂഹത്തിനോടാണ്‌ ഫെമിനിസ്റ്റുകൾക്കെതിർപ്പ്. ഗാർഹിക ജോലിയെ അധ്വാനമായി കണക്കാക്കാത്ത നമ്മുടെ മൂല്യചിന്തയെ ഫെമിനിസ്റ്റുകൾ വിചാരണ ചെയ്യുന്നു. സ്ത്രീക്ക് സ്വന്തം തൊഴിൽ തെരഞ്ഞെടുക്കാനും ചെയ്യുന്ന തൊഴിലിനു മൂല്യമവകാശപ്പെടാനുമുള്ള സ്വാതന്ത്ര്യം പുലരുന്ന ഒരു സമൂഹമാണ്‌ ഫെമിനിസ്റ്റുകൾ അഭിലഷിക്കുന്നത്. വീട്ടിലും തെരുവിലും സർവ്വ സാംസ്ക്കാരിക മാധ്യമങ്ങളിലും വേട്ടയാടപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകൾ തങ്ങൾക്കു നേരെയുള്ള നെറികേടുകൾ സഹിച്ചും വിധിക്കു സമർപ്പിച്ചും കഴിയുകയാണൊ വേണ്ടത്? ഫെമിനിസം പ്രസക്തമാകുന്നതിവിടെയാണ്‌. അതെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്കുവരാനുള്ള പോർവിളി തന്നെ.

പുരുഷന്റെ പദസഞ്ചയം

നമ്മുടെ സാംസ്ക്കാരിക മാധ്യമങ്ങൾ, ഭാഷയും സാഹിത്യവും എല്ലാം പുരുഷമേധാവിത്വത്താൽ മലിനീകരിക്കപ്പെട്ടിരിക്കുന്നു. ഇവയുടെയെല്ലാം ഘടനയും ധർമ്മവും കണക്കിലെടുത്താൽ നഗ്നമായ പുരുഷപക്ഷപാദമവയെ ബാധിച്ചിരിക്കുന്നതായി കാണാം. പുരുഷന്റേതായ അഭിരുചികളും മുൻവിധികളും ചായ് വുകളുമാണ്‌ കലാസാഹിത്യങ്ങളെ നിരീക്ഷിക്കാനും മൂല്യനിർദ്ധാരണം ചെയ്യാനുമുള്ള നമ്മുടെ സൗന്ദര്യ മാനദണ്ഡങ്ങൾ. അത്തരം പുരുഷ മാനദണ്ഡങ്ങൾ തീർച്ചയായും സ്ത്രീയുടെ സ്വത്വയാതാർത്ഥ്യങ്ങളെ വികലമായൊ ഭാഗികമായൊ മാത്രം വീക്ഷിക്കുന്നു. നമ്മുടെ പത്രമാസികകളും ദൃശ്യകലാവേദികളും സാംസ്ക്കാരിക സദസ്സുകളും സ്ത്രീ യാഥാർത്ഥൃങ്ങളുടെ നേരെ കുറ്റകരമായി മാത്രം പ്രതികരിക്കുന്നു. നമ്മുടെ ദൈനംദിന വർത്തമാനങ്ങളിലെ ഭാഷയുടെ കാര്യം തന്നെ നോക്കുക. അതെത്രമാത്രം പുരുഷ കല്പിതമാണ്‌. സ്ത്രീയെ ശാരീരികമായും മാനസികമായും കഠിനമായി തകർക്കാൻ കഴിയുന്ന ശകാരഭാഷ പുരുഷന്റേതാണ്‌. ഒരു സ്ത്രീക്ക് സ്വാഭാവികമായി ആശയവിനിമയം നടത്താൻ പോലും കഴിയാത്തവിധം ശുഷ്ക്കമാണ്‌ പുരുഷാധിപത്യ സ്വഭാവമുള്ള നമ്മുടെ ഭാഷ. നമ്മുടെ കാലത്താണെങ്കിൽ ഭാഷയും സാംസ്ക്കാരിക രൂപങ്ങളും ഏറ്റവും ഭീകരമായ ഒരു മർദ്ദനോപാധിയുമാണല്ലൊ. നമ്മുടെ പദസഞ്ചയം സ്ത്രീയെ അംഗീകരിക്കുന്ന വിധത്തിലാവണമെങ്കിൽ ലിംഗസമത്വമുള്ള വ്യാകരണവും അലങ്കാരശാസ്ത്രവും ഇനിയും രചിക്കേണ്ടതുണ്ട്.

(തുടരും)

No comments: