Thursday, August 30, 2018

ചില രാത്രികളില്‍ ചിലര്‍ പഠിപ്പിക്കുന്നത്
എല്ലാം ഒറ്റമുറി പാര്‍പ്പിടങ്ങളായിരുന്നു. എല്ലാറ്റിന്‍റേയും ഉടമ ഒരാളുമായിരുന്നു. വെളുത്ത എരുമയെ ഓര്‍മ്മിപ്പിക്കുന്ന മുഖമുള്ള ഒരു മനുഷ്യന്‍. അയാള്‍ ഇടിവെട്ടുന്ന ഒച്ചയില്‍ സംസാരിച്ചു. വാടകക്കാരോടൊക്കെ അയാള്‍ക്ക് പരമപുച്ഛമായിരുന്നു. അയാളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അത്ര പ്രധാനവ്യക്തികളൊന്നുമല്ല ആ മുറികളില്‍ വാടകയ്ക്ക് പാര്‍ത്തിരുന്നത്. വെണ്ടയ്ക്കയുടേ സബ്ജി കഴിക്കാന്‍ പറ്റിയെന്നും പുഴുങ്ങിയ കോഴിമുട്ട രണ്ടെണ്ണം തിന്നുവെന്നും അമ്പതു രൂപയ്ക്ക് നല്ല സ്വറ്റര്‍ കിട്ടിയെന്നും മറ്റും അതീവ സന്തോഷത്തോടെ പറയുന്ന മനുഷ്യരായിരുന്നു അവിടെ താമസിച്ചിരുന്നത്. ഒരു മുറിയിലും ആവശ്യത്തിനു വെന്‍റിലേഷന്‍ ഉണ്ടായിരുന്നില്ല. ഒരു ചെറിയ കനം കുറഞ്ഞ ചില്ലു ഗ്ലാസിലെ വാട്ടവെള്ളം പോലെയുള്ള ചായയില്‍ പാര്‍ലെ ജിയോ ടൈഗര്‍ ബിസ്ക്കറ്റോ മുക്കിത്തിന്ന് ജോലിക്ക് പോകുന്ന പാവങ്ങള്‍. അവരെ ആരു ബഹുമാനിക്കും? ഇന്ത്യയുടെ എല്ലാ ഭാഗത്തു നിന്നുമുള്ള മനുഷ്യര്‍ അവിടെ ഉണ്ടായിരുന്നു. മിക്കവാറും പേര്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ചിലര്‍ക്ക് ഭാര്യമാരും ഭര്‍ത്താക്കന്മാരും എപ്പോഴും വിശന്ന് കരയുന്ന കുട്ടികളും ഉണ്ടായിരുന്നു. എന്തായാലും ദാരിദ്ര്യമായിരുന്നു ആ ഒറ്റ മുറി പാര്‍പ്പിടങ്ങളുടെ മുഖമുദ്ര.

എരുമച്ചാണകത്തിന്‍റെ മണമായിരുന്നു അവിടമാകെ. ആകെ ഒരാശ്വാസമായി ഉണ്ടായിരുന്നത് പടര്‍ന്ന് പന്തലിച്ച ആര്യവേപ്പ് മരമായിരുന്നു. അതില്‍ അസംഖ്യം കിളികള്‍ കലപിലെ കൂട്ടിക്കൊണ്ട് താമസിച്ചു.

എരുമത്തൊഴുത്തില്‍ ഫാനും എയര്‍ കൂളറുമൊക്കെ വീട്ടുടമസ്ഥന്‍ പിടിപ്പിച്ചിരുന്നെങ്കിലും വാടകക്കാരായ മനുഷ്യര്‍ക്ക് അതിനൊന്നും സൌകര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് വേനല്‍ക്കാലത്ത് വാടകക്കാര്‍ എല്ലാവരും കൊതുകുകടിയുമേറ്റ് ആര്യവേപ്പിന്‍റെ ചുവട്ടില്‍ ഉറങ്ങി. തണുപ്പ് കാലത്ത് മുറിക്കുള്ളിലും.

ആ വിശാലമായ പറമ്പില്‍ വീട്ടുടമസ്ഥന്‍റെ ഹവേലിയും ഉണ്ടായിരുന്നു. അനവധി മുറികളുള്ള ഒരു മൂന്നുന്നു നിലക്കെട്ടിടമായിരുന്നു അത്. കാര്‍ഷെഡ്ഡിലും പോര്‍ച്ചിലുമായി കുറേ വണ്ടികള്‍ വിശ്രമിച്ചു. അവിടെ നിന്ന് നെയ്യിന്‍റെയും മറ്റു മസാലകളുടേയും സ്വാദേറിയ സുഗന്ധം അന്തരീക്ഷത്തില്‍ പരക്കുമ്പോള്‍ വാടകക്കാരുടെ മക്കള്‍ വിശപ്പുകൊണ്ടും കൊതികൊണ്ടൂം വലിയ വായിലേ കരഞ്ഞു. അമ്മമാര്‍ പല്ലിലെ വെള്ളം നൊട്ടിനുണയ്ക്കുകയും കുട്ടീകളുടെ കരച്ചില്‍ അസഹ്യമാകുമ്പോള്‍ ഒരു ചെറു പഴമോ പേരയ്ക്കയോ മറ്റോ കൊടുത്ത് അടഞ്ഞ ശബ്ദത്തില്‍ താരാട്ട് പാടി കുട്ടികളെ ഉറക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ദിവസങ്ങള്‍ ഓരോന്നായി ഇങ്ങനെ കൊഴിഞ്ഞു തീരുമ്പോഴാണ് ഒരു നാള്‍ സന്ധ്യയ്ക്ക് വീട്ടുടമസ്ഥന്‍ ക്രുദ്ധനായി അലറി വിളിച്ചുകൊണ്ട് ഒരു താമസക്കാരനെ പുറത്താക്കിയത്. 'കമരാ ഖാലി കര്‍ കുത്തേ' എന്ന് മാത്രമേ പുറത്തേക്ക് കേട്ടുള്ളൂ. ഞെണുങ്ങിയ ഒന്നു രണ്ട് അലുമിനിയപ്പാത്രങ്ങളും കുപ്പിഗ്ലാസ്സും സ്റ്റൌവും പായും തലയണയും ബക്കറ്റും മഗുമെല്ലാം അന്തരീക്ഷത്തിലേക്ക് പറന്നെത്തി പുറകെ അഞ്ചടി ഉയരമുള്ള ഒരു ചെറുപ്പക്കാരന്‍ മുറ്റത്തേയ്ക്ക് കമിഴ്ന്നടിച്ചു വീണു.

മുറി ഒഴിവായിക്കഴിഞ്ഞു. ഇനി ആ ചെറുപ്പക്കാരന് അവിടെ പാര്‍ക്കാന്‍ കഴിയില്ല. അയാള്‍ നേരത്തിനു വാടക കൊടുക്കാത്തതാവാം കാരണം. പെണ്ണുങ്ങളെപ്പോലെ വ്യഭിചാരക്കുറ്റം ആണുങ്ങളുടെ തലയില്‍ വരാറില്ലല്ലോ. അയാള്‍ മദ്യപിക്കുന്നതായി ഒരിക്കലും തോന്നിയിട്ടില്ല. അപ്പോള്‍ പണം മാത്രമാവണം കാരണം.

ചെറുപ്പക്കാരന്‍ രക്തം വരുന്ന ചുണ്ടുകള്‍ പതുക്കെ തുടച്ചുകൊണ്ട് മെല്ലെ എഴുന്നേറ്റു നിന്നു. സാധനങ്ങള്‍ പെറുക്കിക്കൂട്ടി. എന്നിട്ട് ആ മുറ്റത്ത് തന്നെ കുന്തിച്ചിരുന്നു. സമരം ചെയ്യാനും ബഹളം കൂട്ടാനുമൊന്നുമല്ല. എവിടെപ്പോകും എന്നറിയാത്തതുകൊണ്ടാണ്. ഈ നേരത്ത് ആരു മുറി തരും ? കഷ്ടിച്ച് ജീവിച്ച് പോകുന്ന മനുഷ്യര്‍ക്ക് സഹായഹസ്തം നീട്ടാന്‍ അത്ര എളുപ്പത്തിലൊന്നും ആരും തയാറാവില്ല.

ആ കെട്ടിടത്തില്‍ പാര്‍ക്കുന്ന എല്ലാവരും അയാളെ കണ്ടീല്ലെന്ന് നടിച്ച് സ്വന്തം ജോലികളില്‍ വ്യാപൃതരായി. പതുക്കെപ്പതുക്കെ ഓരോ മുറിയിലേയും വിളക്കുകള്‍ അണഞ്ഞു. എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു.

ഞാന്‍ തലയില്‍ പൊള്ളുന്ന ഒരു തീച്ചട്ടി ചുമക്കുന്ന കെട്ടകാലമായിരുന്നു അത്. അക്കാലങ്ങളില്‍ എനിക്കുറക്കം വരാറില്ല. വിശപ്പ് തോന്നാറില്ല. കഷ്ടിച്ച് നാല്‍പത്തഞ്ചു കിലോ തൂക്കമുണ്ടായിരുന്ന എന്‍റെ ശരീരത്തിന് ഒരു ചോളം ചുട്ടതും ഒരു ഗ്ലാസ് വെള്ളവും മതിയായിരുന്നു ആത്മാവ് കൂട്ടീല്‍ക്കിടക്കാന്‍...

ഞാന്‍ ഉറങ്ങിയില്ല. തുറന്നിട്ട ജനലിലൂടേ അയാളെ തന്നെ നോക്കിക്കൊണ്ട് ഞാന്‍ മുറിയില്‍ കിടന്നു. എണീറ്റ് പോയി അയാളോട് സംസാരിക്കാനോ അയാള്‍ക്കെന്തെങ്കിലും ഭക്ഷണം കൊടുക്കാനോ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. ഞാന്‍ മുറിയില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ എന്തു ചെയ്യുമെന്ന ഭീതി എന്നെ വേട്ടയാടി.

അപ്പോഴാണ് ഞാന്‍ കാത്തിയെ കണ്ടത്. അവള്‍ മിസ്സോറാം കാരിയാണ് . അവള്‍ അയാള്‍ക്ക് ഭക്ഷണം നല്‍കുന്നതും കൂടേയിരുന്ന് വര്‍ത്തമാനം പറയുന്നതും ഞാന്‍ കണ്ടു. അവള്‍ അല്‍പം പിശകാണെന്ന് അവിടെ ചില സ്ത്രീകള്‍ അടക്കം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നോര്‍ത്തീസ്റ്റേണ്‍ സ്റ്റേറ്റ്സില്‍ നിന്ന് വരുന്ന പെണ്ണുങ്ങളേയും ആണുങ്ങളേയും പിശകുകളെന്ന് വിളിക്കുന്നത് ഉത്തരേന്ത്യയില്‍ സര്‍വസാധാരണമാണ്. സ്ത്രീകളെ തരം കിട്ടിയാല്‍ ബലാല്‍സംഗം ചെയ്യുകയും പുരുഷന്മാരെ പട്ടികളെപ്പോലെ അടിച്ചുകൊല്ലുകയും ചെയ്യും. പോലീസുകാര്‍ക്കും ഭരിക്കുന്നവര്‍ക്കും നാട്ടുകാര്‍ക്കും അക്കാര്യത്തില്‍ വിഷമമൊന്നും ഉള്ളതായി തോന്നിയിട്ടില്ല. അടി കൊണ്ടാലും ആട്ടിപ്പുറത്താക്കപ്പെട്ടാലും ബലാല്‍സംഗം ചെയ്യപ്പെട്ടാലും അപാരമായ ശേഷിയോടേയും മനസ്ഥൈര്യത്തോടെയും പിടിച്ചു നില്‍ക്കുന്നവരാണ് നോര്‍ത്തീസ്റ്റേണ്‍ സ്റ്റേറ്റ്സില്‍ നിന്ന് വരുന്നവര്‍. അവര്‍ ഇന്ത്യയെ സ്നേഹിക്കുന്നില്ല എന്നൊരു ആക്ഷേപം പോലീസുകാരും ഭരണാധികാരികളും നാട്ടുകാരും ഉന്നയിക്കുന്നത് കേട്ടിട്ടുണ്ട്. അവര്‍ എങ്ങനെ ഇന്ത്യയെ സ്നേഹിക്കുമെന്ന് എനിക്ക് ഇന്നുവരെ മനസ്സിലായിട്ടില്ല.

കാത്തി അന്നു മുഴുവന്‍ അയാള്‍ക്ക് കൂട്ടിരുന്നു. പിറ്റേന്ന് പുലര്‍ന്നപ്പോള്‍ സാധനങ്ങള്‍ ഒക്കെ പെറുക്കിയെടുത്ത് അയാള്‍ സ്ഥലം വിടുകയും ചെയ്തു. എങ്ങനെ അയാള്‍ക്ക് കൂട്ടിരിക്കാനുള്ള ധൈര്യം വന്നുവെന്ന് ചോദിച്ചപ്പോള്‍ കാത്തി ചിരിച്ചു. എന്നെ കളിയാക്കി. 'ആരുമില്ലാതായിപ്പോയ ഒരു പാവത്തിന് ഇത്തിരി ചോറും കറിയും കുറച്ചു വര്‍ത്തമാനവും കൊടുക്കാന്‍ അത്ര പ്രയാസമൊന്നുമില്ല പെണ്ണേ.. അയാള്‍ കൂടുതല്‍ എന്തെങ്കിലും ചോദിച്ചിരുന്നെങ്കിലും ഞാന്‍ കൊടുത്തേനേ... ആരുമില്ലാത്തവര്‍ക്കും ഒന്നും മടക്കിത്തരാന്‍ കഴിവില്ലാത്തവര്‍ക്കും എന്തു നല്‍കുന്നതും പുണ്യമല്ലേ... ? '

എന്നിലെ ഇന്ത്യാക്കാരിയുടെ വായടഞ്ഞു പോയി.

No comments: