കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്തും പത്തനംതിട്ടയിലുമായി അലഞ്ഞു നടക്കുകയായിരുന്നു.നല്ല വെയിലുണ്ടായിരുന്നു. സഹിക്കാനാവാത്ത വിധം ദാഹമുണ്ടായിരുന്നു. എങ്കിലും കാറ്റിന്‍റെ തലോടലേറ്റ് പാവാട ഞൊറിവുകളിളക്കി കളിക്കുന്ന പച്ച വയലുകളും നോക്കെത്താ ദൂരത്തോളം കറുത്ത റോഡിന്‍റെ മേലാപ്പായി ഇരുവശങ്ങളിലെ മരങ്ങളും ചേര്‍ന്ന് ഹരിതാഭയുടെ സുഗന്ധവും തണുപ്പും ആവോളം പകര്‍ന്നു തന്നു. അവിടവിടെ കാണപ്പെടുന്ന കൊച്ചു കൊച്ചു നീര്‍ത്തടങ്ങളില്‍ ആമ്പലും താമരയുമുണ്ടായിരുന്നു. ഒന്നു കൂമ്പിയും മറ്റേത് വിടര്‍ന്നും..
താറാവുകള്‍ കൂട്ടമായി ക്വാറിക്കുളങ്ങളിലും കൊയ്ത്ത് തീര്‍ന്ന വയലുകളിലും കാണപ്പെട്ടു. അവയുടെ ക്ലക്ല ശബ്ദത്തിനും പരിചയത്തിന്‍റെ ഗന്ധമുണ്ടായിരുന്നു.
ഈ രണ്ട് ജില്ലകളിലും റബറാണ് പ്രധാനകൃഷിയെന്നും അതുകൊണ്ട് വലിച്ചാല്‍ നീളുന്ന മന:സാക്ഷിയാണ് ഇവിടത്തുകാര്‍ക്കെന്നുമുള്ള ആരോപണങ്ങള്‍ ഞാന്‍ ചെറുപ്പന്നേ കേട്ടിട്ടുണ്ട്. അടച്ചാക്ഷേപിക്കല്‍ ഒരിക്കലും പൂര്‍ണമായും ശരിയല്ലെന്നും അപ്പോള്‍ മുതല്‍ തന്നെ ഞാന്‍ പഠിച്ചിട്ടുമുണ്ട്. അല്ലെങ്കില്‍ എന്നെ അങ്ങനെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ ജാതിയിലും മതത്തിലും സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ആണിലും പെണ്ണിലും ഒന്നും എനിക്ക് നന്മയുടെ പൂര്‍ണമായ അതിര്‍ത്തി നിശ്ചയിക്കാം എന്ന് തോന്നാത്തത്.
കാട്ടുമുല്ലയുടെ സുഗന്ധം പരന്ന പുരയിടങ്ങള്‍, അശോകം പൂത്ത വഴിയോരങ്ങള്‍, പച്ചമാങ്ങയുടെ ഉശിരുള്ള ചുന ഗന്ധം, കിളച്ചു മറിച്ച മണ്ണിന്‍റെ പച്ചമണം, പച്ചക്കപ്പ മുറിക്കുന്നതിന്‍റെ ഗന്ധം... അങ്ങനെയുള്ള അലച്ചില്‍ രസകരമായിരുന്നു. അതിനിടയ്ക്കാണ് കണ്ണിനു കാഴ്ചക്കുറവുള്ള ഒരു അമ്മയെ കാണാനിടവന്നത്. അവര്‍ വാതില്‍ തുറന്നപ്പോഴേ കാലങ്ങളായി എന്നില്‍ ഉറച്ചു പോയ അസനമഞ്ജിഷ്ടാദി എണ്ണയുടെ സുഗന്ധമുയര്‍ന്നു. എന്‍റെ അമ്മ ഉപയോഗിച്ചിരുന്ന എണ്ണയുടെ അതേ സുഗന്ധം..
കണ്ണിനു കാഴ്ചയില്ലാത്ത ആ അമ്മ വിരലുകള്‍ കൊണ്ട് തപ്പിത്തപ്പിയാണ് എന്നെ പരിചയപ്പെട്ടത്. ആ എണ്ണയുടേ മണം എന്‍റെ അമ്മയെ അനുസ്മരിപ്പിച്ചു. അസനമഞ്ജിഷ്ടാദി എണ്ണയും മൈസൂര്‍ സാന്‍ഡല്‍ സോപ്പും കുട്ടിക്കൂറാ പൌഡറുമായാല്‍ എന്‍റെ അമ്മയാവുമല്ലോ എന്ന് കരുതി ഈ മണങ്ങളെ ഞാനെന്‍റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഒരു തരം അബോധാവസ്ഥയിലെന്ന പോലെ അവിടെ നിന്ന എനിക്ക് അതീവ സ്നേഹത്തോടെ ഉമ്മ കൂടി അവര്‍ തന്നപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു പോയി. തൊണ്ടയില്‍ ഗദ്ഗദം കൂടുവെച്ചു.
എന്നെ തൊടരുതെന്നും ഞാന്‍ നിന്‍റെ അമ്മയല്ലാത്തതുകൊണ്ട് അമ്മേ എന്ന് വിളിക്കരുതെന്നും താക്കീതു ചെയ്തവരെയൊക്കെ ഞാന്‍ ഒരു നിമിഷം ഓര്‍ത്തു.
ആ അമ്മയ്ക്ക് 'അമ്മേ' എന്നു വിളിച്ച് ഉമ്മയും കൊടുത്താണ് ഞാന്‍ പിന്നെയും വെയിലിലേക്ക് അലയാനിറങ്ങിയത്. പച്ചപ്പിന്‍റെ കുളിര്‍മയും സുഗന്ധവും തേടിയത്..
No comments:
Post a Comment