Sunday, August 5, 2018

സ്നേഹ നൊമ്പരങ്ങൾ

https://www.facebook.com/echmu.kutty/posts/719309774914986
യൂണിഫോം അഴിച്ച് ഹാംഗറിൽ തൂക്കി. ആവശ്യത്തിലും എത്രയോ അധികം സമയമെടുത്ത് മുഖം കഴുകി. അവളോട് എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന് തീരുമാനിയ്ക്കാനാകാതെ വാക്കുകൾ അടുക്കുകയായിരുന്നു അപ്പോഴെല്ലാം.
.
ഡൈനിംഗ് ടേബിളിനരികെ നിന്ന് കാപ്പി വളരെ ശ്രദ്ധയോടെ കപ്പിലേയ്ക്ക് പകരുന്ന അവൾക്ക് സമീപമെത്തി അയാൾ തികച്ചും അധീരനായി. . ഒടുവിൽ പൊടുന്നനെ പറഞ്ഞു

‘റോസ് വരുന്നുണ്ട്.‘

കാപ്പി തുളുമ്പിയോ? ഇല്ല. അയാൾക്ക് വെറുതെ തോന്നിയതാണ്.
അവൾ മുഖമുയർത്തി നോക്കി. എപ്പോഴത്തേയും പോലെ ശാന്തമായ നോട്ടം.

‘എപ്പോഴാണ് വരുന്നത്?‘

എന്തിനു വരുന്നുവെന്നല്ല, ഇങ്ങോട്ട് വരണ്ട എന്നുമല്ല.

അയാൾക്ക് തളർച്ച തോന്നി. ഇവൾക്ക് എങ്ങനെ ഇത്ര മേൽ സംയമനം പാലിയ്ക്കാൻ കഴിയുന്നു? ഇവൾ ആരാണ് ? ഇവൾ ഒന്നു ഞെട്ടുകയെങ്കിലും ചെയ്യാത്തതെന്ത് ?

‘ഇന്നു രാത്രി ഒൻപതു മണിയ്ക്ക്, ഇവിടെ താമസിച്ച് നാളെ രാവിലത്തെ ഫ്ലൈറ്റിൽ ദുബായ്ക്ക് പോകും അവിടന്ന് സ്റ്റേറ്റ്സിലേക്കും .‘

‘വളരെ നല്ലത്.‘

അയാ ൾ കാപ്പിക്കപ്പ് കൈയിലെടുത്തു. ടി വി ഓൺ ചെയ്തു. അതിന്റെ മു ൻപിലിരുന്നുവെങ്കിലും അയാൾ ഒന്നും കാണുകയോ കേൾക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.

അടുക്കളയിൽ അവൾ മെയിഡിന് നിർദ്ദേശങ്ങൾ കൊടുക്കുന്നത് ചെവിയിൽ വീഴുന്നുണ്ടായിരുന്നു. റോസിനു അത്താഴത്തിനുള്ള വിഭവങ്ങ ൾ നിർദ്ദേശിയ്ക്കുകയാണെന്നയാൾക്ക് മനസ്സിലായി.

അയാൾ കസേരയിലേയ്ക്ക് ചാരി കണ്ണുകളടച്ചിരുന്നു. അവളെ നേരിടാൻ വയ്യ. .ഉറങ്ങിയെന്നു കരുതിക്കൊള്ളട്ടെ.

അവൾക്കൊന്നു ക്ഷോഭിച്ചുകൂടെ? റോസ് ഇവിടെ കയറിപ്പോകരുതെന്ന് അലറിക്കൂടേ? അങ്ങനെ അവൾ ഒരിയ്ക്കല്‍ ഒരിയ്ക്കല്‍ മാത്രം പെരുമാറിയിരുന്നെങ്കിൽ ഇത്ര വിവശതയുണ്ടാകുമായിരുന്നില്ല.

കമനീയമായി അലങ്കരിച്ച വിവാഹമണിയറയില്‍ ലജ്ജാവതിയായി തലയും കുമ്പിട്ടിരുന്ന അവളോട് ആദ്യമായി സംസാരിച്ചത് റോസിനെക്കുറിച്ചാണ്.

അവൾക്ക് എന്തു തോന്നുമെന്ന് തിരിച്ചറിയാനുള്ള കഴിവില്ലാതെ പോയി. . റോസിനെ തന്നിൽ നിന്നകറ്റിയവരോടെല്ലാമുള്ള അമർഷം കൊണ്ട് കത്തുകയായിരുന്നു അന്ന് അതീവ നിസ്സഹായമായിരുന്ന സ്വന്തം മനസ്സ് .

‘നിന്നെ സ്നേഹിയ്ക്കുവാൻ ഇപ്പോഴെനിയ്ക്ക് കഴിയില്ല. അതിനാവുമ്പോൾ മാത്രം നമുക്ക് ഭാര്യയും ഭർത്താവുമാകാം‘ എന്നവളോട് പറഞ്ഞ് കട്ടിലിൽ നീണ്ട് നിവർന്നു കിടന്നുറങ്ങിയതാണ് ആദ്യരാത്രി.

അവളോട് അല്പം കൂടി കരുണയാവാമായിരുന്നു, അന്ന്.

പക്ഷെ, അവൾ ഒന്നും സംഭവിയ്ക്കാത്തതു പോലെ പിറ്റേന്നും അതിന്റെ പിറ്റേന്നുമെല്ലാം തന്നോടും മറ്റ് കുടുംബാംഗങ്ങളോടുമെല്ലാം പെരുമാറി.

ആർക്കും ഒരു സംശയവുമുണ്ടായില്ല.

അതെങ്ങനെ സാധിച്ചുവെന്ന് പിന്നീട് അവൾ വിശദീകരിച്ചതൊരിയ്ക്കലും മറക്കാൻ കഴിഞ്ഞിട്ടില്ല.

‘ഞാൻ നിങ്ങളെ മനസ്സിലാക്കാൻ ശ്രമിയ്ക്കുകയായിരുന്നു. സാധാരണ ദാമ്പത്യത്തിൽ അതിനു സമയം കിട്ടും മുൻപേ ശാരീരിക ബന്ധവും ഗർ ഭവും പിന്നെ അതുകൊണ്ട് മാത്രം തുടർന്ന് ജീവിയ്ക്കേണ്ട ഗതികേടുമുണ്ടാകും.‘

‘നമ്മൾ പൊരുത്തപ്പെടില്ല എന്ന് തോന്നിയിരുന്നെങ്കി ൽ………….’

‘പൊരുത്തപ്പെടാനുള്ള വഴികളൊന്നുമില്ലെന്ന് ബോധ്യമായിരുന്നെങ്കി ൽ ഞാൻ ഒരു പരാതിയും പറയാതെ ഗുഡ്ബൈ പറഞ്ഞ് പിരിയുമായിരുന്നു.‘

അന്ന് അയാൾ ഞെട്ടി.

സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന സാധാരണ വിദ്യാഭ്യാസം മാത്രം നേടിയവൾ, തന്നെപ്പോലെ ഒരുയർന്ന സൈനികോദ്യോഗസ്ഥനെ, തികഞ്ഞ ആരോഗ്യവാനും സുമുഖനുമായ ഒരു പുരുഷനെ അത്ര എളുപ്പത്തി ൽ ഒഴിവാക്കിക്കടന്നു പോകുവാന്‍ മുതിരുമായിരുന്നുവോ?

ഇല്ലെന്ന് വിചാരിയ്ക്കാനായിരുന്നു ഇഷ്ടം.

അവൾ തമാശ പറഞ്ഞതായിരിയ്ക്കണമെന്ന് വിചാരിയ്ക്കാനാണ് ഇപ്പോഴും അയാൾക്ക് ആഗ്രഹം. തലമുടി നരച്ചു തുടങ്ങിയ ഈ കാലത്തും അയാൾ അങ്ങനെ തന്നെ കരുതുന്നു.

ഒരു രാത്രി മഴ ആര്‍ത്തിരമ്പി പെയ്യുകയും ആകാശം കുത്തിത്തുറക്കുന്ന മട്ടി ൽ മിന്നലുകളുണ്ടാവുകയും ചെവി പൊട്ടുന്ന പോലെ ഉഗ്രമായി ഇടി മുഴങ്ങുകയും ചെയ്തു.

വലിയ ഇരട്ടക്കട്ടിലിന്റെ ഒരറ്റത്ത് ചുരുണ്ട് കിടക്കുകയായിരുന്ന അവൾ പലപ്പോഴും ഞെട്ടുന്നത് മനസ്സിലാക്കാ ൻ കഴിഞ്ഞിരുന്നു എങ്കിലും നിശ്ശബ്ദനായി അകന്ന് കിടന്നതേയുള്ളൂ റോസുണ്ടായിരുന്നുവെങ്കിൽ ജീവിതം എത്ര മനോഹരമാകുമായിരുന്നു, ഈ തണുത്ത രാത്രിയിൽ. ……ആ ഓർമ്മയുണരുമ്പോഴെല്ലാം എല്ലാവരോടും വലിയ വൈരാഗ്യം തോന്നിപ്പോകുന്നു.

പൊടുന്നനെ അത്യുഗ്രമായ സ്ഫോടന ശബ്ദത്തോടെ ഇടി വെട്ടി, അവൾ ഭയന്നു കരഞ്ഞുകൊണ്ട് എണീറ്റിരുന്നു. അപ്പോ ൾ അയാൾക്കും എഴുന്നേ ൽക്കണ്ടതായി വന്നു.

‘എന്നെ ഒന്നു കെട്ടിപ്പിടിയ്ക്കാമോ? പ്ലീസ്, വല്ലാതെ പേടി തോന്നുന്നു‘ അവളുടെ ശബ്ദത്തിൽ ല്‍ വിറയലുണ്ടായിരുന്നു.

അയാൾ ലജ്ജ കൊണ്ട് തകർന്നു പോയി.

ആ രാത്രി മുതൽ അവളെ പൂര്‍ണമായും അവഗണിയ്ക്കുവാൻ അയാൾക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ റോസിനെ അല്പാല്പമായി മറക്കുവാൻ അയാൾ തയാറായി

വളരെ പതുക്കെ സ്റ്റെപ്പെടുത്ത് ഓടാൻ തുടങ്ങുന്നവനെപ്പോലെ അയാൾ ദാമ്പത്യജീവിതത്തിലേർപ്പെട്ടു . എന്നാല്‍ ഓരോ അടി വെയ്ക്കുമ്പോഴും റോസിന്‍റെ കണ്ണീരിൽ കുതിർന്ന മുഖം അയാളെ രണ്ടടി പുറകിലേയ്ക്ക് വലിച്ചു കൊണ്ടിരുന്നു.

രണ്ട് സ്ത്രീകള്‍ക്കിടയില്‍ പെട്ട് ഞെരിയുന്നതിലപ്പുറം വേദനാജനകമായ ഒന്നും പുരുഷജീവിതത്തിലില്ലെന്ന് അയാള്‍ മനസ്സിലാക്കുകയായിരുന്നു. അതു അമ്മയും ഭാര്യയുമായാലും കാമുകിയും ഭാര്യയുമായാലും മകളും അമ്മയുമായാലും സഹോദരിയും ഭാര്യയുമായാലും, അമ്മയും സഹോദരിയുമായാലും... അവരെ ആരേയും അങ്ങനെ ഒഴിവാക്കാന്‍ കഴിയില്ല. പൂര്‍ണമായി ഉള്‍ക്കൊള്ളാനുമാവില്ല. ചേരാത്ത വശങ്ങളിലെ മൂര്‍ച്ചയും കൂര്‍പ്പും എപ്പോഴും പുരുഷനെ വേദനിപ്പിക്കും, ഒറ്റപ്പെടുത്തും, വിശദീകരണമെന്ന ഒരിയ്ക്കലും അഴിയാത്ത ജീവിതക്കുരുക്കില്‍ പുരുഷന്‍ പെട്ടുപോകും.

റോസ് ക്രിസ്ത്യാനി ആയിരുന്നതായിരുന്നു ഏറ്റവും വലിയ കുറ്റം. പിന്നെ ചെമ്പിച്ച മുടിയും നല്ല വെളുത്ത നിറവും അവള്‍ക്കൊരു ഫോറിന്‍ ലുക് നല്‍കിയിരുന്നു. അത് അവള്‍ നല്ല തറവാടിയല്ലെന്നതിന്‍റെ തെളിവായി എണ്ണപ്പെട്ടു. കാരണം അവള്‍ക്ക് അവരുടെ മാതാപിതാക്കളുടെ ച്ഛായ കിട്ടിയിരുന്നില്ല. ആ കൌതുകവും പിന്നീട് അവള്‍ ഗിറ്റാര്‍ വായിക്കുന്നത് കേട്ട് ഉണ്ടായ ആരാധനയുമാണ് സൌഹൃദത്തിലേക്കും പ്രേമത്തിലേക്കും ഇനി ഒരിക്കലും പിരിയാന്‍ സാധിക്കില്ല എന്ന തോന്നലിലേക്കും എത്തിച്ചത്.

ബ്രിഗേഡിയറായിരുന്ന അച്ഛന്‍ വെറുമൊരു ലഫ്റ്റനന്‍റ് ആയ മകനെ പട്ടാളച്ചിട്ടയില്‍ തന്നെ ഒതുക്കി. റോസിനും അവളുടെ മമ്മിയ്ക്കും പപ്പയ്ക്കും അച്ഛന്‍റെ ഇടപെടലില്‍ ഒരു നിവൃത്തിയുമില്ലാതെ സ്ഥലം വിട്ടു പോകേണ്ടി വന്നു. കണ്ണീരൊഴുകി വീണ ആ മനോഹരമായ കവിളില്‍ അവളുടെ പപ്പയുടെ അടിപ്പാടുകള്‍ അന്നു കണ്ടു.

ഒന്നും പറയാനാവാതെ മണ്ടനെപ്പോലെ നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആ നിസ്സഹായത ഓര്‍ക്കുമ്പോഴെല്ലാം സ്വന്തം പൌരുഷത്തിന്‍റെ ദുര്‍ബലതയില്‍ ഇന്നും പുച്ഛം തോന്നാറുണ്ട്.

അച്ഛനും അമ്മയും തെരഞ്ഞെടുത്ത് തന്നതാണ് ഇവളെ. 'നിങ്ങള്‍ ആരെക്കൊണ്ടു വന്നാലും മാലയിട്ടുകൊള്ളാം. എനിക്ക് പെണ്ണിനെ കാണണമെന്നില്ലെ'ന്ന് അവരോട് തീര്‍ത്തു പറഞ്ഞിരുന്നു.

റോസല്ലെങ്കില്‍ പിന്നെ ലോകത്തിലെ എല്ലാ പെണ്ണും ഒരു പോലെ തന്നെ. അവളുടെ ഗിറ്റാറിന്‍റെ ശബ്ദമില്ലെങ്കില്‍ ഈ ലോകത്തിലെ എല്ലാ സംഗീതവും ഒന്നു പോലെ തന്നെ.

പക്ഷെ, ഇവള്‍ .. 'എന്നെ വിവാഹം കഴിക്കുന്ന ആളെ എനിക്ക് കാണണ'മെന്ന് ബ്രിഗേഡിയര്‍ അച്ഛനോടും അച്ഛനേക്കാള്‍ കര്‍ക്കശക്കാരിയായ അമ്മയോടും ഉറപ്പിച്ചു പറഞ്ഞു.

അതുകൊണ്ടു മാത്രം സിക്കിമില്‍ നിന്ന് തിരുവനന്തപുരം വരെ പോകേണ്ടി വന്നു. അവളെയും അവളുടെ വീടിനേയും മാതാപിതാക്കളേയും ബന്ധുക്കളേയും ഒക്കെ പരിചയപ്പെടേണ്ടി വന്നു.

ഒരു താല്‍പര്യവും തോന്നിയില്ല.

അച്ഛന്‍ ഒ കെ പറഞ്ഞിരുന്നതുകൊണ്ട് ചര്‍ച്ച ചെയ്യാന്‍ ഒന്നുമുണ്ടായിരുന്നില്ല ബാക്കി . അച്ഛന്‍റേയും അമ്മയുടേയും ഗമയ്ക്കും പദവിയ്ക്കും അനുസരിച്ച് വിവാഹം ഗംഭീരമായി നടന്നു.

വിവാഹത്തേക്കാള്‍ കേമമായിരുന്ന പാര്‍ട്ടിക്കിടയില്‍ ഷാമ്പെയിനും നാരങ്ങാ വെള്ളവും എല്ലാം ഒന്നു പോലെ ഒഴുകുന്ന നേരത്ത് അമ്മ ഒരു താക്കീതു തരാന്‍ മറന്നില്ല. ' വേണ്ടാത്തതൊന്നും ആലോചിച്ച് ജീവിതം നരകമാക്കരുത്. അവള്‍ നല്ല കുട്ടിയാണ്. സന്തോഷമായി ജീവിക്കണം '

നല്ല പെണ്ണായിരുന്നു അവള്‍. ബുദ്ധിമതി. വേണ്ട രീതിയില്‍ എല്ലാവരോടും പെരുമാറുന്നവള്‍. കൂടുതലുമില്ല കുറച്ചുമില്ല. ഒരു കൃത്യമായ അകലം പാലിച്ചുകൊണ്ട് എല്ലാവരോടും അടുപ്പത്തോടെ തന്നെ അവള്‍ പെരുമാറി.
ഇക്കാലമത്രയും.

വീട്ടില്‍ വെറുതേ വഴക്കുണ്ടാക്കാന്‍ പുരുഷനു കഴിയുമെങ്കിലും വഴക്കേ ഇല്ലാതാക്കാന്‍ അവളെപ്പോലെയുള്ള സ്ത്രീകള്‍ക്ക് സാധിക്കുമെന്ന് അയാള്‍ക്ക് ബോധ്യമായി.

വാലറ്റില്‍ റോസിന്‍റെ ഒരു ഫോട്ടൊ ഉണ്ടായിരുന്നു. അതെടുത്ത് മാറ്റാന്‍ ഒരിയ്ക്കലും അവള്‍ ആവശ്യപ്പെട്ടില്ല. ഒടുവില്‍ അവള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ദിവസം അയാള്‍ അല്‍പം ലജ്ജയോടെ ആ പടം അലമാരിയുടെ അടിയിലേക്ക് തിരുകി വെച്ചു.

പ്രസവിച്ച് സ്നേഹത്തിലും ശിക്ഷണത്തിലും വളര്‍ത്തി നല്ലൊരു മകനെയാണ് അയാള്‍ക്ക് അവള്‍ നല്‍കിയത്. അവനെപ്പറ്റി അയാള്‍ക്കൊരു ആകുലതയും ഒരിക്കലും തോന്നീട്ടില്ല. സന്തോഷവും സംതൃപ് തിയും മാത്രമേ അച്ഛനെന്ന നിലയ്ക്ക് ഉണ്ടായിട്ടുള്ളൂ. അവന്‍ നല്ലൊരു ഗിറ്റാറിസ്റ്റായി മാറുന്നത് കാണുമ്പോള്‍ അയാള്‍ക്ക് എവിടെയെല്ലാമോ അതിതീവ്രമായി നൊമ്പരമുണര്‍ന്നിരുന്നുവെങ്കിലും ..

കാലം കടന്നു പോകെ അലങ്കാരങ്ങള്‍ എല്ലാമുള്ള , മെയിഡും ഓര്‍ഡര്‍ലിയും ഡ്രൈവറും ഉള്ള പാര്‍പ്പിടങ്ങളുണ്ടായി . ഓര്‍ച്ചാര്‍ഡുകളുണ്ടായി. ഒന്നു രണ്ട് വന്‍ നഗരങ്ങളില്‍ ഫ്ലാറ്റുകള്‍ സ്വന്തമായി . എല്ലാ മുതിര്‍ന്ന സൈനികോദ്യോഗസ്ഥരേയും പോലെ അയാളും രാജ്യത്തിനു വേണ്ടി ചില അടിയന്തിര പ്രശ്നങ്ങളില്‍ മൂക്കോളം മുങ്ങി. നിസ്തുലമായ രാജ്യസേവനത്തിനായി ചില വിലപ്പിടിപ്പുള്ള മെഡലുകള്‍ സമ്പാദിച്ചു.

അക്കാലത്താണ് റോസ് സ്റ്റേറ്റ്സിലാണെന്ന് അയാള്‍ അറിഞ്ഞത്. മെഡലുകള്‍ ലഭിച്ചതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് കെയര്‍ ഓഫ് 56 എ പി ഓ എന്ന അഡ്രസ്സില്‍ റോസ് അയച്ച കാര്‍ഡ് അയാളെ തേടിയെത്തി.

ആ കാര്‍ഡിലെ നമ്പറില്‍ അയാള്‍ വിളിച്ചു.

അനേക വര്‍ഷങ്ങള്‍ക്കപ്പുറം ആ ശബ്ദം കേട്ടപ്പോള്‍ അയാള്‍ കോരിത്തരിച്ചു പോയി.

റോസ് കരയുകയായിരുന്നു.

ഫോണ്‍ കാളുകള്‍ കൂടി വന്നു .. റോസിന്‍റെ ജീവിതം പതുക്കെപ്പതുക്കെ അയാളുടെ മുന്നില്‍ അനാവൃതമായി.

റോസിന്‍റെ ഭര്‍ത്താവ് ഒരു കാറപകടത്തില്‍ പെട്ട് കോമയിലാണ്. നാലഞ്ചു വര്‍ഷമായി. മകള്‍ പഠിക്കുന്നു. അമേരിക്കയില്‍ തന്നെ. റോസ് ഇപ്പോള്‍ ഇന്ത്യാക്കാരിയല്ല, അമേരിക്കക്കാരിയാണ്. അവിടെ കൊള്ളാവുന്ന ഒരുദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ അമേരിക്കയാണ് നല്ലതെന്ന് റോസിനു ബോധ്യമുണ്ട്. ഒരു മ്യൂസിക് ബാന്‍ ഡ് ഉണ്ട് റോസിന്. അതുമായി ഇടയ്ക്കൊക്കെ റോസ് പരിപാടികള്‍ നടത്തും.. അങ്ങനെ ജീവിതത്തെ നേരിടുന്നു.

ഈ വിവരങ്ങളില്‍ ഒന്നു പോലും അയാള്‍ ഭാര്യയോട് മറച്ചുവെച്ചില്ല. അയാള്‍ക്ക് അവള്‍ തെളിഞ്ഞ ഒരു കണ്ണാടിയായിരുന്നു. അവളില്‍ നിന്ന് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. സാധാരണ സ്ത്രീകളെപ്പോലെ 'എന്നെ വേണ്ടേ, അവളെ ഇനിയും മറക്കാന്‍ കഴിഞ്ഞില്ലേ, ഇനിയവളെ വിളിക്കരുത്, സത്യം ചെയ്യൂ ' എന്നും മറ്റും അവള്‍ പറഞ്ഞതേയില്ല.

അവള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അയാള്‍ എണീറ്റിരുന്ന് അവളുടെ മുഖത്തേക്ക് ഉറ്റുനോക്കും. അവള്‍ക്ക് എങ്ങനെ ഇത്ര ശാന്തമായി ജീവിക്കാന്‍ കഴിയുന്നുവെന്ന് അല്‍ഭുതപ്പെടും. ഒരു ദിവസം അയാള്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ഹൌ കം ? ഹൌ ഈസ് ദിസ് പോസ്സിബ് ള്‍ ?

അവള്‍ ചിരിച്ചു.

ഐ ലൌ യൂ.

അവളേക്കാള്‍ വേഗത്തില്‍ അന്ന് അയാള്‍ അവളെ മുറുകെ കെട്ടിപ്പിടിച്ചു.

ഡോര്‍ബെല്‍ മുഴങ്ങിയപ്പോള്‍ വാതില്‍ തുറന്നത് അവള്‍ തന്നെയാണ്. റോസിനെ ഹാര്‍ദ്ദമായി സ്വീകരിച്ചതും അവള്‍ തന്നെ.

റോസ് തടിച്ചിരുന്നു. വയറു ചാടിയിട്ടുണ്ട്. ജീന്‍ സും ടോപ്പും ഒട്ടും ചേരുന്നില്ല. അവിടവിടെ മാംസം മുഴച്ചു കാണുന്ന ശരീരം. തലമുടിയുടെ ഉള്ളു നന്നെ കുറഞ്ഞ് തലയോട്ടി കാണാം. ആ വെളുത്ത നിറം ഇരുണ്ടതു പോലെ.. കണ്‍തടങ്ങള്‍ ഇരുണ്ട് ഘനം വെച്ച് തൂങ്ങിക്കിടന്നു.

അയാള്‍ക്ക് ഹൃദയം പൊട്ടുന്ന ദു:ഖമുണ്ടായി.

റോസ് അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അവളുടെ ശരീരം വിളിച്ചു പറയുന്നുണ്ട്.

അവര്‍ മൂന്നു പേരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. റോസ് കുറച്ചധികം റെഡ് വൈന്‍ അകത്താക്കി. ആ കണ്ണുകള്‍ ചുവന്നു. കൂട്ടത്തില്‍ അമേരിക്കന്‍ കഥകള്‍ റോസ് വാതോരാതെ പറയുന്നുണ്ടായിരുന്നു. ട്രമ്പിന്‍റെ ഭരണത്തില്‍ മൂന്നാം ലോകമഹായുദ്ധം സംഭവിച്ചു കൂടായ്കയില്ലെന്നതു വരെ ..
മകള്‍ തനി അമേരിക്കക്കാരിയാണെന്ന് റോസ് പൊട്ടിച്ചിരിച്ചു. അവള്‍ക്ക് അതില്‍ അത്ര സന്തോഷമില്ലെന്ന് അയാള്‍ക്ക് തോന്നാതിരുന്നില്ല. അവളുടെ പെരുമാറ്റമാകെ കൃത്രിമത്വം നിറഞ്ഞതാണെന്ന് അയാള്‍ക്ക് മനസ്സിലായി. കാരണം അയാള്‍ക്ക് പരിചയമുള്ള റോസേ ആയിരുന്നില്ല അത്.

റോസിനോട് ഗുഡ്നൈറ്റ് ആശംസിച്ച് അയാളും അവളും ഡൈനിംഗ് റൂമില്‍ നിന്ന് എണീറ്റു. അലാറം സെറ്റ് ചെയ്തിട്ടുണ്ടെന്നും ഡ്രൈവര്‍ തയാറാണെന്നും രാവിലെ എയര്‍പോര്‍ട്ടിലേക്ക് കൂടെ വരാമെന്നും അവള്‍ റോസിനോട് പറഞ്ഞു. കുടിയ്ക്കാന്‍ വെള്ളം റോസിന്‍റെ മുറിയില്‍ സ്വയം കൊണ്ടുവെച്ചു. പിന്നെയും കുറെ സമയം വര്‍ത്തമാനം പറഞ്ഞിരുന്നു.

അവള്‍ തിരികെ വന്നപ്പോള്‍ അയാള്‍ കിടക്കയില്‍ കണ്ണടച്ചു കിടന്നു ഉറക്കം നടിക്കുകയായിരുന്നു. അവള്‍ അയാളെ ഉണര്‍ത്താന്‍ ശ്രമിച്ചില്ല. മുഖം കഴുകി .. തലമുടി ചീകി .. നൈറ്റ് ഗൌണിലേക്ക് മാറി അയാളെ തൊടാതെ അവള്‍ അകന്നു കിടന്നു.

എല്ലാമറിഞ്ഞെങ്കിലും അയാള്‍ അനങ്ങിയില്ല.

അവള്‍ ഉറങ്ങിയെന്നറിഞ്ഞപ്പോഴാണ് റോസിനെ തനിച്ചൊന്നു കാണണമെന്ന് അയാള്‍ക്ക് തോന്നിയത്. വെറുതേ ഒന്നു കണ്ടാല്‍ മതി.. കൂടുതല്‍ സംസാരിക്കണമെന്നൊന്നുമില്ല. പക്ഷെ, ഒന്നു കാണണം. കണ്ടേ തീരു.

അയാള്‍ ഒരു പൂച്ചയെപ്പോലെ മുറിയ്ക്ക് പുറത്തു കടന്നു. റോസിന്‍റെ മുറി വാതില്‍ക്കല്‍ തട്ടിവിളിക്കുമ്പോള്‍ അയാള്‍ പഴയ ലഫ്റ്റനന്‍റ് ആയിരുന്നു.

ആദ്യത്തെ തട്ടിനു തന്നെ റോസ് വാതില്‍ തുറന്നു. വാടിയ ഒരു ചിരിയോടെ..

കുറച്ചു നേരം അവര്‍ പരസ്പരം നോക്കി നിന്നു.. ഉള്ളിലേക്ക് വലിച്ചെടുക്കും പോലെ..

പൊടുന്നനെ റോസ് ഏങ്ങലടിച്ചു കരഞ്ഞു. കരച്ചിലിനിടയില്‍ വിങ്ങിവിങ്ങിക്കൊണ്ട്... അവളുടെ മകള്‍ ഡ്രഗ് അഡിക്ടാണെന്നും കോമയില്‍ കിടക്കുന്ന അച്ഛന്‍റെ കഴുത്തില്‍ കത്തിവെച്ച് റോസിനെ ഭീഷണിപ്പെടുത്തി പണം മേടിക്കുമെന്നും ഒരു തരത്തിലും മകളെ നിയന്ത്രിയ്ക്കാന്‍ കഴിയുന്നില്ലെന്നും വിതുമ്പി.

അയാള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.

റോസിനെ മാറോട് ചേര്‍ക്കുമ്പോള്‍ ഒരു തെറ്റു ചെയ്യുന്നുവെന്ന വിചാരം അയാളില്‍ കണിക പോലുമുണ്ടായിരുന്നില്ല.

അയാള്‍ എഴുന്നേറ്റ് പോയതറിഞ്ഞ് അവള്‍ പുറകെ വന്നതും റോസിനെ കേട്ടതും ഒന്നും അയാളറിഞ്ഞില്ല. അവള്‍ നീര്‍ നിറഞ്ഞ മിഴികള്‍ തുടച്ച് , ദീര്‍ഘമായി നിശ്വസിച്ചു. റോസിനെ മാറിലേയ്ക്ക് ചേർത്തു പിടിച്ച് സ്വയം മറന്നിരിയ്ക്കുന്ന അയാളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ട് അവളേറ്റവുമധികം സ്നേഹിയ്ക്കുന്ന ആ പുരുഷനെ അപമാനിയ്ക്കുവാനും അങ്ങനെ സ്വയം അപമാനിതയാകുവാനും അവൾക്ക് കഴിയുമായിരുന്നില്ല .അതുകൊണ്ട് അവൾ നിശ്ശബ്ദയായി കിടപ്പുമുറിയിലേയ്ക്ക് പിൻവാങ്ങി .

No comments: