Wednesday, August 1, 2018

പേശാതെയും പഴകു ..

https://www.facebook.com/echmu.kutty/posts/698450780334219

അധിക ദൂരമൊന്നുമുണ്ടായിരുന്നില്ല ആ യാത്ര. ഒരു നൂറ്റമ്പതു കിലോമീറ്റര്‍. അത്രേയുള്ളൂ. കെ യു ആര്‍ ടി സി യുടെ എയര്‍കണ്ടീഷന്‍ഡ് ബസ്സിലായിരുന്നു. നല്ല സുഖമായി ചാരിയിരുന്നു. ബസ്സില്‍ പാട്ടു വെച്ചിട്ടുണ്ട്.

വേഴാമ്പല്‍ കേഴും … എന്ന് യേശുദാസിന്‍റെ മധുരശബ്ദം.

ആ മനോഹാരിതയിലേക്കും ശാന്തതയിലേക്കുമാണ് കൂര്‍ത്ത കല്ലു പോലെ നിരന്തരമായ വാക് മഴ പെയ്തു വീണത്.

മുന്‍ വശത്തിരിക്കുന്ന രണ്ട് യാത്രക്കാരായിരുന്നു. അവര്‍ മാത്രമേ ലോകത്തുള്ളൂ എന്ന മട്ടില്‍ ബസ്സിന്‍റെ ഹോണിനെയും തോല്‍പ്പിക്കും വിധം അത്യുച്ചത്തിലാണ് സംസാരം. അവര്‍ ബാങ്ക് ഉദ്യോഗസ്ഥന്മാരാണെന്ന് സംസാരത്തില്‍ നിന്ന് മനസ്സിലായി. റിസര്‍ വ് ബാങ്ക് ഗവര്‍ണറെ മൂക്കുകൊണ്ട് ക്ഷ വരപ്പിക്കുമെന്നും കീഴുദ്യോഗസ്ഥന്മാരെ ക്ഷ ണ്ണ ക്ക ച്ഛ എന്ന് കൈമുട്ട് കൊണ്ട് മണലില്‍ എഴുതിക്കുമെന്നും ഇരുവരും മല്‍സരിച്ചു പറഞ്ഞുകൊണ്ടിരുന്നു.

സ്ത്രീകള്‍ ആഭരണം, സാരി, മക്കള്‍, ഭര്‍ത്താക്കന്മാര്‍, അനുസരണ, ഭക്തി, വിനയം, ലജ്ജ തുടങ്ങിയ കാര്യങ്ങളെപ്പറ്റിയൊക്കെ പൊങ്ങച്ചം പറയുമ്പോള്‍ പുരുഷന്മാര്‍ പണം, അധികാരം, ഭരിക്കാനുള്ള അവരുടെ സ്പെഷ്യല്‍ കഴിവുകള്‍, ഉദ്യോഗപ്രൌഡി, പൌരുഷം, അവരില്ലെങ്കില്‍ ലോകം ഇങ്ങനെ പൊടിഞ്ഞു പൊടിഞ്ഞു അവസാനിക്കും
എന്നതിനെയൊക്കെ പറ്റി പൊങ്ങച്ചം വിളമ്പും.

ഇരുവരുടെയും പൊങ്ങച്ചങ്ങള്‍ അല്‍പനേരമൊക്കെ സഹിച്ചുകൊണ്ടിരിക്കാമെങ്കിലും അത് അധികനേരമാകുമ്പോള്‍ താങ്ങാന്‍ ബുദ്ധിമുട്ടാവും.

ഒരു ഉറൂബിയന്‍ കഥയുണ്ട്. തീവണ്ടിമുറിയില്‍ രണ്ടു കഥാപാത്രങ്ങള്‍ അവര്‍ക്കൊരു ഗുണവുമില്ലാത്ത കാര്യങ്ങളെപ്പറ്റി തര്‍ക്കിച്ച് തര്‍ക്കിച്ച് ആ യാത്ര തന്നെ ഒരു മഹാ നരകമാക്കിതീര്‍ക്കുന്നതിനെപ്പറ്റി..

പണ്ടെന്നോ വായിച്ച ആ കഥ ഞാന്‍ ഓര്‍ക്കുകയായിരുന്നു.

മൌനമായിരുന്ന് ആസ്വദിക്കാവുന്ന അതിമനോഹരഗാനങ്ങള്‍ ഈ പൊങ്ങച്ചക്കാരുടെ അലര്‍ച്ചകള്‍ക്കും സ്ഥാനത്തും അസ്ഥാനത്തുമുള്ള പൊട്ടിച്ചിരികള്‍ക്കും പശ്ചാത്തലമായി അധ:പതിച്ചു.

അപ്പോഴാണ് തിരുക്കുറല്‍ എന്‍റെ ഓര്‍മ്മയില്‍ തെളിഞ്ഞത്.

അന്‍പാ പേശു

മെതുവാ പേശു

പേശാതെയും പഴകു..

സ്നേഹമായി സംസാരിക്കാനും , മൃദുലമായി സംസാരിക്കാനും ,മാത്രമല്ല മൌനമായിരിക്കാനും മനുഷ്യന്‍ പഠിക്കണമെന്ന് തിരുവള്ളുവര്‍ എത്ര കാലം മുന്‍പേ പറഞ്ഞുവെച്ചു!!

മനുഷ്യര്‍ അന്നും ഇങ്ങനെ തന്നെ ആയിരുന്നിരിക്കണം ...അതാവും അദ്ദേഹം അങ്ങനെ എഴുതിയത്..

ഒടുവില്‍ നൂറ്റിയിരുപതു കിലോമീറ്റര്‍ താണ്ടിയപ്പോള്‍ ആ മനുഷ്യര്‍ ഇറങ്ങി. വീണ്ടും ബസ്സ് പുറപ്പെടുമ്പോള്‍ ഡ്രൈവര്‍ പരിതപിച്ചു. 'ഇത്ര നേരം വണ്ടിക്ക് ഹോണ്‍ വേണ്ടായിരുന്നു. ഇനി അത് അടിച്ചേ ഒക്കൂ.'

കേട്ടവരെല്ലാം പൊട്ടിച്ചിരിച്ചു പോയി.

യേശുദാസ് ഭാവഭേദമൊന്നുമില്ലാതെ പിന്നെയും പാടി. ഇന്ദ്രവല്ലരിപ്പൂ ചൂടി വരും...

No comments: