ഈയിടെയായിട്ട് ഉരുണ്ടുപിരണ്ട് വീഴല്‍ അല്‍പം കൂടുതലാണ്. വീഴുക.. വാരിയെല്ലിലും മറ്റും ഹെയര്‍ ലൈന്‍ ക്രാക് വരിക, കാലിലും മുട്ടിലും ലിഗമെന്‍റ് ഇന്‍ജ്വറി ആവുക, ഉണ്ണിയപ്പം പോലെ മിനുസത്തില്‍ നീരു വരിക ഇങ്ങനൊക്കെയാണ് ഇപ്പോള്‍ ജീവിതം. വീട്ടിനുള്ളില്‍ കുറെ സമയം കഴിച്ചു കൂട്ടുമ്പോള്‍ എനിക്ക് മനസ്സിനു സഹിക്കാനാവാത്ത വിഷമം വരും. അടങ്ങിയൊതുങ്ങി കുടുംബത്തിരുന്നോണം എന്ന സിനിമകളില്‍ കേട്ടു പരിചയിച്ചിട്ടുള്ള ആണ്‍ശാസനയും അതനുസരിച്ചുള്ള ഇരിപ്പും എന്നെ ഭ്രാന്തിലേക്കെത്തിക്കുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ചുവരുകളും മേല്‍പ്പുരയും ഒക്കെ എന്നെ എപ്പോഴും ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. പലതരം പീഡനങ്ങള്‍ മുറികള്‍ക്കുള്ളില്‍ സഹിക്കേണ്ടി വന്നതുകൊണ്ടാകാം എനിക്ക് അടഞ്ഞ ഇടങ്ങളെ പേടിയാണ്. എ ടി എം മുറികളില്‍ തനിച്ച് ഞാന്‍ പോവില്ല. അത്തരം ഭീതിയുണര്‍ന്നാല്‍ പിന്നെ വാതിലടച്ച് ഇറങ്ങി നടക്കുക മാത്രമാണ് വഴി. ചിറകുണ്ടായിരുന്നെങ്കില്‍ ഇഷ്ടമുള്ളിടത്തേക്ക് പറക്കാമായിരുന്നുവെന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചു പോയിട്ടുണ്ട്.
അങ്ങനെ അലഞ്ഞു തിരിയുമ്പോഴാണ് ഞാന്‍ മടവൂര്‍പ്പാറയെ പറ്റി കേട്ടത്. തിരുവനന്തപുരത്തെ പോത്തന്‍കോടിനും ചെമ്പഴന്തിയ്ക്കും ഇടയിലാണ് മടവൂര്‍പ്പാറ.
കാലു വയ്യെങ്കിലും വീടിനടുത്തുള്ള മടവൂര്‍പ്പാറ വരെ പോയി വരാമെന്ന് ഒരു അലച്ചിലില്‍ ഞാന്‍ തീരുമാനിച്ചു. പണ്ട് ജൈന ബുദ്ധ സന്യാസിമാരുടെ താമസസ്ഥലവും ( എന്നുവെച്ചാല്‍ ഒരു ആയിരത്തി മുന്നൂറുകൊല്ലം പഴക്കം കാണും. )പിന്നീട് ശിവക്ഷേത്രവുമായി പരിണമിച്ച ഗുഹാക്ഷേത്രമാണ് ഇന്നത്തെ മടവൂര്‍പ്പാറ. ഒരു വശം മുഴുവന്‍ റബര്‍ പ്ലാന്‍റേഷനാണ്. മറുവശം കാടും. കാടെന്നു പറഞ്ഞാല്‍ അങ്ങനെ ഭീകര കാടൊന്നുമല്ല... മൃദുലമായ ഒരു പാവം പാവം കാട്. 1960 ലാണ് ക്ഷേത്രത്തെ നമ്മുടെ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്‍റ് ഏറ്റെടുത്തത്.
ശിവക്ഷേത്രത്തിലേക്ക് ധാരാളം ചവിട്ടുപടികളുണ്ട്. പാറയില്‍ കൊത്തിയതും അല്ലാത്തതുമായ ചവിട്ടുപടികള്‍ . ഗുഹാക്ഷേത്രത്തെ ഉള്ളിലൊതുക്കിക്കൊണ്ട് പടുകൂറ്റനായ ഒരു പാറ വിരിഞ്ഞ മാറും കാട്ടി നില്‍ക്കുന്നത് രോമാഞ്ചമുളവാക്കുന്ന ഒരു ദൃശ്യമാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം മുന്നൂറടി ഉയരത്തിലാണിത്. ക്ഷേത്രത്തിനോടനുബന്ധിച്ച് ഒരു ഓഫീസുണ്ട്. അവിടെ ആളുണ്ടായിരുന്നു. പാറയുടെ വശത്തിലൂടെ മെല്ലെ നടന്നാല്‍ ഏറ്റവും മുകളിലെത്താമെന്നും അവിടെ നിന്ന് നോക്കിയാല്‍ തമ്പാനൂരും അറബിക്കടലും തിരുവനന്തപുരത്തിന്‍റെ കടുമ്പച്ചപ്പും കാണാമെന്നും അദ്ദേഹം പറഞ്ഞു. സൂര്യാസ്തമയം അലൌകികമായ ഒരു ദൃശ്യമായിരിക്കുമെന്ന് ഞാന്‍ അപ്പോള്‍ മനക്കണ്ണില്‍ കണ്ടു.
റബര്‍ക്കാടിനടുത്ത് ഉയരത്തില്‍ ഒരു കുളമുണ്ട്. ഗംഗാതീര്‍ഥം എന്ന് പേര്... പാറയില്‍ നിന്ന് ഒഴുകി വരുന്ന കൊച്ചരുവികള്‍ വന്നു ചേരുമ്പോള്‍ മഴക്കാലത്ത് കുളം നിറയുമായിരിക്കും.
ഗുഹാക്ഷേത്രത്തില്‍ വട്ടെഴുത്തിലെഴുതിയ ഒരു ശിലാലിഖിതമുണ്ട്. ഏ ഡി 830 ലെഴുതപ്പെട്ട ഒരു ലിഖിതമാണത്. ക്ഷേത്രം അടച്ചിരിക്കയായിരുന്നു.
പിന്നെയും പോകുമ്പോള്‍ കിഴക്കു ഭാഗത്തായി പാറ പതിയെ പരന്ന് വരുന്നതു കാണാം. അവിടെ കുട്ടികള്‍ക്കായി ഒരു പാര്‍ക്കും കളിസ്ഥലവും ഉണ്ട്. പാര്‍ക്ക് വഴി വരികയാണെങ്കില്‍ പടി കയറുന്ന ആയാസം ഒഴിവാക്കാം. അവിടെ നിന്ന് നോക്കുമ്പോള്‍ ദൂരെ ദൂരെ തെങ്ങിന്‍ തലപ്പുകള്‍ ഊഞ്ഞാലാടുന്നതിനിടയില്‍ വീടുകളും ഫ്ലാറ്റുകളും ഉയര്‍ന്ന് നില്‍ക്കുന്നത് ഭംഗിയുള്ള ഒരു കാഴ്ചയാണ്.
അമ്പതു മീറ്റര്‍ ഉയരം കൂടി കയറാന്‍ പാകത്തിലൊരു മുളപ്പാലം അവിടെയുണ്ട്. അതാണ് മലയുടെ ഏറ്റവും ഉയര്‍ന്ന ഇടം. അതിര്‍ത്തി വേലിയും ഒരു മുളങ്കുടിലും കാണാം. കാലിന്‍ ചുവട്ടില്‍ അലൌകിക സൌന്ദര്യവുമായി തിരുവനന്തപുരം നഗരം... അങ്ങു തമ്പാനൂര്‍ വരെ കാണാന്‍ പാകത്തില്‍ . പിന്നെ ചക്രവാളത്തിനതിരിടുന്ന അറബിക്കടല്‍. .... സൂര്യന്‍ പതുക്കെ എന്നാല്‍ പിന്നെ കാണാം എന്ന മട്ടിലൊരു പിന്‍ വാങ്ങല്‍ മൂഡില്‍.... എനിക്ക് എന്തിനെന്നറിയാത്ത ഒരു സമാധാനം തോന്നി അന്നേരം.
എന്‍റെ സമാധാനങ്ങളും അങ്ങനെയാണ്... വരുന്നത്ര വേഗത്തില്‍ എന്നോട് യാത്ര പറഞ്ഞു പോകും... ഞാന്‍ പിന്നെയും അതിനെ തേടി അലയും...