Sunday, August 12, 2018

എന്നോട് ചോദിച്ചിട്ട്...എന്നോട് അറിയിച്ചിട്ട്


https://www.facebook.com/echmu.kutty/posts/763841600461803?pnref=story

എന്നോട് ചോദിച്ചിട്ട്...എന്നോട് അറിയിച്ചിട്ട്...എന്നോട് ചര്‍ച്ച ചെയ്തിട്ട്... എന്നോട് പറഞ്ഞിട്ട്.... ചെയ്താല്‍ പോരായിരുന്നോ?....എന്‍റെ അനുവാദം ഇല്ലാതെ ചെയ്തതെന്തിന് ? അനുവാദമില്ലാതെ ചെയ്യാന്‍ നീ ആര് ? ഈ വീട്ടില്‍ ഞാനറിയാതെ ഒന്നും നടക്കാന്‍ പാടില്ല.

ഈ ചോദ്യങ്ങളും ഈ തീര്‍പ്പും അഭിമുഖീകരിക്കേണ്ടി വരുന്നവരാണ് ഈ ലോകത്തുള്ള മിക്കവാറും പെണ്‍ ജന്മങ്ങള്‍ എന്നാണ് എന്‍റെ വിശ്വാസം. എല്ലാ സ്ത്രീപുരുഷ ബന്ധങ്ങളിലും ഈ ചോദ്യങ്ങള്‍ ഉയരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

വീടിന്‍റെ ലക്ഷ്മി സ്ത്രീയാണെന്നാണ് വെപ്പ്. വീട്ടുലക്ഷ്മി ജോലിക്കു പോയാലും ഇല്ലേലും കാശൊന്നും കാണുകയില്ല കൈയില്‍. അപ്പോള്‍ വല്ലതും ആഗ്രഹിക്കുന്നതിനു തന്നെ അനുവാദം വാങ്ങണം. വേണ്ടേ?

പാത്രങ്ങള്‍, ഉടുപ്പ്, സൌന്ദര്യ സാമഗ്രികള്‍ .. അങ്ങനെ ഒരു സാധാരണ പെണ്ണിനു വേണമെന്ന് തോന്നുന്ന എല്ലാറ്റിന്‍റെയും തീര്‍പ്പുകാരന്‍ പുരുഷനാണ്. പാത്രങ്ങള്‍ അടുക്കളയില്‍ അവളാണുപയോഗിക്കുന്നത്, ഉടുപ്പ് അവളാണ് ധരിക്കുന്നത്, സൌന്ദര്യസാമഗ്രികളുടെ കാര്യം പിന്നെ പറയാനുമില്ല.ഇത് വരുമാനമില്ലാത്ത പെണ്ണിന്‍റെ മാത്രം സ്ഥിതിയല്ല. ഉള്ളവരുടേയും സ്ഥിതിയാണ്.

ഷോപ്പിംഗ് ചെയ്യേണ്ട, മാളുകളില്‍ ചുറ്റിനടക്കു...പുരുഷന്‍ സ്ത്രീയെ ഇമ്മാതിരി ചോദ്യങ്ങളും തീര്‍പ്പുകളുമായി ഭര്‍ല്സിക്കുന്നത് കാണാം. അത് അവന്‍റെ അവകാശവും പെണ്ണ് നാണംകെട്ട് തലയും കുമ്പിട്ട് നിന്ന് പുരുഷനെ പ്രീണിപ്പിക്കുന്നത് അവളുടെ ചുമതലയും..

എനിക്ക് കാണുമ്പോള്‍ ചിലപ്പോള്‍ ചിരി വരാറുണ്ട്... ആലോചിക്കുമ്പോള്‍ ചിലപ്പോള്‍ കരച്ചിലും വരാറുണ്ട്.

ചിലര്‍ ഭര്‍ത്താവിനെ അറിയിക്കാതെ വാങ്ങും. അത് ആദ്യമാദ്യമുള്ള ഈ അപമാനങ്ങള്‍ താങ്ങിത്താങ്ങി മതിയാവുമ്പോഴാണ്, മടുത്തു പോവുമ്പോഴാണ്. എത്ര ഒളിപ്പിച്ചാലും സൂത്രം പറഞ്ഞാലും പിടിക്കപ്പെടുകയും ചെയ്യും. പിന്നെ അവള്‍ കള്ളിയായി മാറുന്നു. നുണച്ചിയുമാവുന്നു. എന്തിനാണെന്നോ? ഇരുന്നൂറ്റമ്പതു രൂപയുടെ മാല വാങ്ങിയതിനു..അല്ലെങ്കില്‍ ആയിരം രൂപയുടെ ചുരിദാര്‍ വാങ്ങിയതിന്...അതുമല്ലെങ്കില്‍ എണ്ണൂറ്റമ്പതു രൂപയുടെ സോസ് പാന്‍ വാങ്ങിയതിന്...

എന്നിട്ട് അവള്‍ ഇങ്ങനെ നാണംകെട്ട് നില്‍ക്കുന്നു... സിന്ദൂരം ഒക്കെ തൊട്ട്.. ഞാന്‍ ഒരു വിജയിച്ച കുടുംബിനിയും ഭാര്യയും അമ്മയുമാണേ... എന്ന് പ്രഖ്യാപിക്കാന്‍ കഷ്ടപ്പെട്ട് തല്ലിക്കൂട്ടിയെടുത്ത ആത്മവിശ്വാസം മുഖത്ത് തേച്ചു പിടിപ്പിയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്...

ഈ സ്ത്രീകള്‍ കഥയെഴുതിയാലെന്ത്? കവിതയെഴുതിയാലെന്ത്? ലേഖനമെഴുതിയാലെന്ത്? പ്രസാധകര്‍ ചോദിക്കുന്ന പണം കൊടുക്കാനാവില്ല.. പുസ്തകമാക്കി ഇറക്കണമെങ്കില്‍ …

നീയെന്തു മണ്ണാങ്കട്ടയ്ക്കാ എഴുതുന്നത്? എഴുതുന്നതു പോലെയാണോ നീ ജീവിക്കുന്നത്? പിന്നെന്തിനാ ബുക്ക് ഇറക്കുന്നത്?

വേണ്ട... നെറ്റ് മതി . ചത്തു പോയതിനു ശേഷം ആരെങ്കിലും ബുക്ക് ആക്കിക്കൊള്ളട്ടെ എന്നു വിചാരിച്ചാലോ...

അപ്പോഴുമുണ്ട് പ്രശ്നങ്ങള്‍..

ഏതു നേരവും ഫേസ്ബുക്കിലാണ്... വാട്സാപ്പിലാണ്. എന്തൊരു അനാവശ്യചെലവാണിതൊക്കെ .. ഒരു കാര്യം മര്യാദയ്ക്ക് ചെയ്യാന്‍ സമയമില്ല. എപ്പോഴും ഇതല്ലേ ജോലി..

എല്ലാറ്റിനും ചോദ്യം വേണം.. ചര്‍ച്ച വേണം.. അറിയിപ്പ് വേണം..

രാവിലെ നേരത്തെ ഉണരാന്‍ അനുവാദം വേണ്ട, വേണ്ടപ്പോഴൊക്കെ ചായയും പലഹാരവും ചോറും കറിയും ഉണ്ടാക്കാനും വിളമ്പിക്കൊടുക്കാനും പായ്ക്ക് ചെയ്യാനും ചര്‍ച്ച വേണ്ട, തുണി അലക്കാനും ഉണക്കാനും തേയ്ക്കാനും അടുക്കിവെയ്ക്കാനും വീട് വൃത്തിയാക്കാനും പിന്നെ ജോലിക്ക് പോയി ശമ്പളം കൊണ്ടുവരാനും വീട്ടില്‍ വേണ്ടപ്പോള്‍ തുണി അഴിയ്ക്കാനും അറിയിപ്പും വേണ്ട...

ആണുങ്ങളൊരുമിച്ചിരുന്നു ചായ കുടിച്ച് പലഹാരങ്ങള്‍ കൊറിക്കുമ്പോള്‍ പെണ്ണുങ്ങളുടെ ഷോപ്പിംഗ് ഭ്രമം, പണ്ടത്തെക്കാലത്തെ സ്ത്രീകളെപ്പോലെ വീട്ടുപണിയെടുക്കാന്‍ അറിവില്ലായ്മ, പഠിത്തമുണ്ടെന്ന അഹങ്കാരം, ഒന്നുമറിയാത്ത ഒരു പെണ്ണ് ബോസായി മാറിയതിന്‍റെ കഷ്ടപ്പാടുകള്‍, സ്ത്രീകളുടെ വസ്ത്രധാരണംകൊണ്ട് പുരുഷന്മാര്‍ക്കുണ്ടാവുന്ന ലൈംഗികപ്രശ്നങ്ങള്‍, പിന്നെ സര്‍വോപരി ഫെമിനിസം കൊണ്ടുവന്ന ദുരിതങ്ങള്‍ ഇതൊക്കെ ചര്‍ച്ച ചെയ്യും..

അനുവാദം വേണ്ട... അറിയിപ്പും വേണ്ട...

ശരിയല്ലേ?

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അനുവാദം വേണ്ട... അറിയിപ്പും വേണ്ട...