ഒരുപാട് നഷ്ടങ്ങള്‍ പേറുന്ന അല്ലെങ്കില്‍ എപ്പോഴും പേറിയിരുന്ന രണ്ടുപേരായിരുന്നു ഞങ്ങള്‍. മക്കള്‍, വീട്, സൌകര്യങ്ങള്‍, സുഖങ്ങള്‍, വരുമാനം, സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവില്ലായ്മ, കൊടിയ മര്‍ദ്ദനങ്ങള്‍, ലൈംഗിക പീഡനങ്ങള്‍, കുടുംബപരമായിത്തന്നെ മഹാമോശമാണെന്ന് മറ്റുള്ളവര്‍ എന്നുമെന്നും അത്യധികം ഇകഴ്ത്തിക്കാണിക്കുന്നതിന്‍റെ അപകര്‍ഷതാബോധം, ആത്മാവിന്‍റെ ഒരിക്കലും വിട്ടുപിരിയാത്ത അനാഥത്വം... അങ്ങനെ എന്തെല്ലാമോ.. അതൊക്കെ എണ്ണിപ്പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്ന് ഞങ്ങള്‍ക്കിപ്പോള്‍ നന്നായി അറിയാം.
ജീവിതമെങ്ങനെ കരുപ്പിടിപ്പിക്കുമെന്ന ചിന്തയില്‍ അവളും എങ്ങനെയെല്ലാം അവളെ സഹായിക്കാനാവുമെന്ന വേദനയില്‍ ഞാനും ബസ്സുകാത്തിരിക്കുകയായിരുന്നു. കറുകറുത്ത ആകാശം, പച്ചിലകളുടെ വിളറിയ ഭാഗത്തെ പോലും കലപില എന്ന് പ്രദര്‍ശിപ്പിക്കുന്നതണുതണുത്ത കാറ്റ്, ഇടയ്ക്കിടെ ഇടിമിന്നല്‍, പിന്നെ നല്ല ശബ്ദത്തിലുള്ള ഇടിമുഴക്കവും.
ബാല്യത്തില്‍ ഗ്രാമത്തിലെ ഇടവഴികളിലൂടെ കുഞ്ഞുജെട്ടിയും ഷിമ്മീസുമിട്ട് കളിച്ചു നടക്കേണ്ടിയിരുന്ന ഞങ്ങള്‍ക്ക് മുതിര്‍ന്നവരുടെ ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ജീവിതനിലപാടുകള്‍ കാരണം അതൊന്നും സാധിച്ചതേയില്ല. അതിനെക്കുറിച്ചൊക്കെ ഓര്‍ത്ത് ഇപ്പോഴത്തെ ജീവിതത്തിന്‍റെ കൂടി ഭാരം പേറി തളര്‍ന്ന ഞങ്ങളുടെ കണ്ണീരിനെ ആരും കാണേണ്ട എന്ന മട്ടില്‍, പൊടുന്നനെ മഴ ഒരു ആഘോഷമായി വാശിയോടെ പെയ്തു നിറഞ്ഞു.
ഞങ്ങള്‍ തിടുക്കപ്പെട്ടുകൊണ്ട് കുടകള്‍ നിവര്‍ത്തി..
മഴ ആ നിമിഷം കാറ്റിന്‍റെ ഒപ്പം ചേര്‍ന്ന് ഞങ്ങളെ പരിഹസിച്ചു.. കുടകള്‍ അവയെ വാരിപ്പുണര്‍ന്ന കാറ്റിനൊപ്പം ഒരു ടാറ്റാ പോലും പറയാതെ യാത്രയായി.
അന്തംവിട്ട ഞങ്ങള്‍ ഒരു നിമിഷം പരസ്പരം നോക്കി, പിന്നെ പൊട്ടിച്ചിരിച്ചു.
മഴ നനയുക എന്നല്ലാതെ വേറെ ഒരു മാര്‍ഗവുമുണ്ടായിരുന്നില്ല. അടിമുടി മഴയില്‍ കുതിര്‍ന്ന് നില്‍ക്കുമ്പോള്‍ അവള്‍ പറയുകയായിരുന്നു. 'വലിയ ആശയായിരുന്നു.. നടുമുറ്റത്തെ മഴയില്‍ കെട്ടിപ്പിടിച്ചു കിടക്കണമെന്ന്.. '
എനിക്കറിയാം അവള്‍ ആരെ കെട്ടിപ്പിടിക്കണമെന്നാണ് ആശിച്ചിരുന്നതെന്ന്..
അയാള്‍ അവളെ നിഷ്ക്കരുണം ആട്ടിക്കളഞ്ഞുവല്ലോ.
എന്നെ പുറകില്‍ നിന്നു വന്ന് കെട്ടിപ്പിടിച്ചു നില്‍ക്കണമെന്ന് എഴുതിയ ആളെ ഓര്‍ത്തു ഞാനും ഒരു നിമിഷം..
പിന്നെ ആര്‍ത്തു പെയ്യുന്ന മഴയില്‍ ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചും കൈകള്‍ വീശി വട്ടം കറങ്ങിയും കൊച്ചു കുട്ടികളായി മാറി.. കണ്ണീരിനു പകരം മഴവെള്ളം ഞങ്ങളുടെ കപോലങ്ങളിലൂടെ ഇഴുകി വീണു.
ആരുടേയും സ്വന്തമല്ലാത്ത എന്നാല്‍ ഈ ലോകത്തില്‍ എല്ലാവരുടേതുമായ മഴ ഞങ്ങളില്‍ അലിവോടെ പെയ്തിറങ്ങി.
1 comment:
ആരുടേയും സ്വന്തമല്ലാത്ത എന്നാല്‍ ഈ ലോകത്തില്‍ എല്ലാവരുടേതുമായ മഴ
Post a Comment