സ്ത്രീകളെ സംബന്ധിച്ച് ഏതു പ്രായത്തിലും ഏത് അവസ്ഥയിലും ഏതു സ്ഥാനത്തും ഏതു സ്ഥലത്തും ഏതു സമയത്തും ഏതു പുരുഷനില്‍ നിന്നും നേരിടേണ്ടി വരാവുന്ന ഒരു അപമാനമാണിത്. ഈ അപമാനം ഒന്നെടുത്താല്‍ ഒന്നു സൌജന്യം എന്ന മാതിരി സ്ത്രീയാണെങ്കില്‍ പിച്ചലോ മാന്തലോ തോണ്ടലോ ബലാല്‍സംഗമോ ഫ്രീ എന്ന മട്ടിലാണ്. ശൈശവമോ ബാല്യമോ കൌമാരമോ യൌവനമോ വാര്‍ദ്ധക്യമോ ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്കു സഹായമല്ല. മാനസികമോ ശാരീരികമോ ആയ രോഗാവസ്ഥയോ, അപകടമോ പരിക്കോ പറ്റിയ ദുരിതാവസ്ഥയോ ഒന്നും കാരുണ്യപൂര്‍വം ഈ അപമാനത്തില്‍ നിന്ന് അവളെ രക്ഷപ്പെടുത്തുകയില്ല.
ഉയര്‍ന്ന ഉദ്യോഗം, ഉയര്‍ന്ന വിദ്യാഭ്യാസം, ധനസ്സമ്പത്ത്, പ്രശസ്തി ഇതെല്ലാമുണ്ടായാലും രക്ഷയില്ല. അമ്പലം, പള്ളി, റോഡ്, വിമാനം, ബസ്സ്, ഓഫീസ്, കട എന്നു വേണ്ട എവിടെയായാലും ഈ അപമാനം നേരിടേണ്ടി വരും. പ്രഭാതമെന്നോ മധ്യാഹ്നമെന്നോ രാത്രിയെന്നോ ഇതിനു ഭേദമില്ല. ഡോക്ടര്‍, എന്‍ജിനീയര്‍, രാഷ്ട്രീയക്കാരന്‍, മന്ത്രി, തന്ത്രി, കൂലിപ്പണിക്കാരന്‍, കലാകാരന്‍, അധ്യാപകന്‍... അങ്ങനെ ഏതു നിലയിലുള്ള പുരുഷനും ഇത്തരം ഒരു ഹീനമായ കാര്യം ചെയ്യാന്‍ യാതൊരു മടിയുമില്ല.
പുരുഷന്മാരെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് സ്ത്രീകള്‍ തന്നെയാണെന്ന് വാദിച്ചുറപ്പിക്കുന്നതില്‍ വലിയൊരു ഭാഗം പുരുഷന്മാരും കുറച്ചു സ്ത്രീകളും അവരുടെ എല്ലാ അറിവും കഴിവും സ്വാധീനവും ശക്തിയും കഴിയുന്നത്ര ഉപയോഗിക്കാറുണ്ട്. ഈ വാദത്തിനു കൂട്ടു നില്‍ക്കാത്ത ചെറിയ ശതമാനം പുരുഷന്മാരെയും സ്ത്രീകളേയും പല രീതിയില്‍ അപമാനിക്കുന്നതിലും ഇവര്‍ താല്‍പര്യം കാണിക്കാറുണ്ട്. അപമാനിക്കപ്പെടുന്ന ക്രൂരമായ അനുഭവത്തിനു പുറമേ അതിനു കാരണം ആ സ്ത്രീ തന്നെയാണെന്ന്, കുറ്റവാളി എപ്പോഴും അപമാനിക്കപ്പെട്ട സ്ത്രീ മാത്രമാണെന്ന് പല രീതികളില്‍ ആരോപിക്കപ്പെടുന്നത് അസഹനീയമായ വേദനയാണ്. ഈ വേദന താങ്ങുന്നത് എളുപ്പമല്ലാത്തതുകൊണ്ട് സ്ത്രീകള്‍ കഴിവതും പ്രതികരിക്കില്ല. തോണ്ടിയവനേയും മാന്തിയവനേയും പിച്ചിയവനേയും ‘ കുഠം പിടിയ്ക്കട്ടെ ... കാല പാമ്പു കടിക്കട്ടെ.... ഇടിത്തീ വീഴട്ടെ’ എന്നൊക്കെ പ്രാകിയും കാര്‍ക്കിച്ചു തുപ്പിയും അവര്‍ സ്വന്തം ജീവിതങ്ങളിലേക്ക് മടങ്ങിപ്പോകും.
പണ്ട് നീയല്ലെങ്കില്‍ നിന്‍റെ അമ്മ തെറ്റു ചെയ്തിട്ടുണ്ട് എന്നാരോപിച്ച് ശിക്ഷ വിധിക്കപ്പെട്ട കഥയിലെപ്പോലെയാണ് പു രുഷന്‍ അവളിലേല്‍പിച്ച അപമാനത്തിനെതിരേ പ്രതികരിക്കാന്‍ പോയാലുള്ള അനുഭവമെന്ന് അറിയുന്ന സ്ത്രീ ജന്മം ... ഒരു പുണ്യജന്മം....
എന്തും വരട്ടെ എന്നുറപ്പിച്ച് തനിക്കുണ്ടായ അപമാനത്തില്‍ പ്രതികരിക്കുന്ന സ്ത്രീ ജന്മത്തെ കല്ലെറിഞ്ഞു കൊല്ലുക... എത്ര കല്ലുകള്‍ വേണമെങ്കിലും ഈ സാമൂഹിക വ്യവസ്ഥിതി പെറുക്കിത്തരും.
1 comment:
എന്തും വരട്ടെ എന്നുറപ്പിച്ച് തനിക്കുണ്ടായ അപമാനത്തില്‍ പ്രതികരിക്കുന്ന സ്ത്രീ ജന്മത്തെ കല്ലെറിഞ്ഞു കൊല്ലുക... എത്ര കല്ലുകള്‍ വേണമെങ്കിലും ഈ സാമൂഹിക വ്യവസ്ഥിതി പെറുക്കിത്തരും...!
Post a Comment