Friday, July 6, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....18


https://www.facebook.com/echmu.kutty/posts/577094159136549?pnref=story


നോവല്‍ 18.

മകനെ സിറ്റിയിലുള്ള ജിംഖാന ക്ലബില്‍ നീന്താന്‍ കൊണ്ടു പോകണമെന്ന് അവള്‍ അയാളോട് അപേക്ഷിച്ചു നോക്കി. അയാള്‍ക്കും നീന്താന്‍ ഇഷ്ടമായിരുന്നു. വെറുതേ ഇരുന്ന് കുടവയര്‍ ചാടുന്നതിലും നല്ലതല്ലേ..

അയാള്‍ വല്ലപ്പോഴുമൊക്കെ അവനെ കൊണ്ടു പോയി. എന്നാല്‍ അയാള്‍ നീന്തിയില്ല. ആറുമാസം നീന്താന്‍ മൂവായിരം രൂപ എന്നത് വളരെക്കൂടുതലാണെന്ന് അയാള്‍ പറഞ്ഞു. അവന് ഒരു ഇന്‍സ് ട്രക്ടറെ വെച്ചുകൊടുക്കാനും അയാള്‍ തയാറായില്ല.

അവള്‍ ജോലിയില്‍ പിന്നെയും ഉയര്‍ന്നു പോവുകയായിരുന്നു. സെമിനാറുകളില്‍ ക്ലാസ് എടുക്കാന്‍ ഇന്ത്യന്‍ ആര്‍മി അവളെ ക്ഷണിച്ച ദിവസം അയാള്‍ക്ക് കലശലായ കോപം വന്നു. ബീക്കണ്‍ ലൈറ്റ് വെച്ച ആര്‍മിയുടെ കാറില്‍ അവള്‍ പോയതും തിരിച്ചു വന്നതുമൊന്നും അയാള്‍ക്ക് പൊറുക്കാന്‍ കഴിഞ്ഞില്ല. എങ്ങനെയാണ് എന്തിനാണ് അവളെപ്പോലെ ഒരു സ്ത്രീയെ ആര്‍മി ക്ഷണിച്ചതെന്ന് അയാള്‍ക്ക് മനസ്സിലായില്ല.
അന്ന് രാത്രി മുഴുവന്‍ അയാള്‍ അവളെ വേശ്യ എന്ന് വിളിച്ചു. മകനോട് നിന്റെ അമ്മ വേശ്യയാണെന്ന് പറയുന്നതില്‍ പിന്നീട് അയാള്‍ ഒത്തിരി ആനന്ദം കണ്ടെത്തി.
.
കാറില്‍ അവളുടെ ഓഫീസിലേക്ക് പോവുമ്പോള്‍ റോഡില്‍ കാണുന്നവരെയെല്ലാം വണ്ടീലിരുന്ന് തെറി വിളിയ്ക്കുക അയാളുടെ ശീലമായിരുന്നു. പ്രത്യേകിച്ച് അയാളുടെ കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നവരെ... അതെല്ലാം അവളെയാണ് അയാള്‍ വിളിച്ചതെന്ന് അന്നൊന്നും അവള്‍ക്ക് മനസ്സിലായില്ല. വീട്ടിലിരുന്ന് ടി വി കാണുമ്പോഴും പത്രം വായിക്കുമ്പോഴും സാധിക്കുമ്പോഴെല്ലാം അയാള്‍ തെറികള്‍ പറയുമായിരുന്നു. അത് അയാള്‍ക്കിഷ്ടമില്ലാത്ത എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോഴായിരുന്നു മകന്‍ അതെല്ലാം കേട്ട് പഠിക്കുമെന്ന് അവള്‍ ഭയന്നു. അവനോട് മറ്റുള്ളവരുടെ അമ്മമാരെ ചീത്ത പറയുന്ന ആ വാക്കുകള്‍ മോന്‍ പഠിക്കരുതെന്ന് അവള്‍ ഉപദേശിച്ചു. അവന്‍ അങ്ങനെ ചെയ്തു എന്നറിഞ്ഞാല്‍ അവള്‍ ഹൃദയം പൊട്ടി മരിക്കുമെന്ന് അവള്‍ പറഞ്ഞു.

അവന്‍ മദര്‍ പ്രോമിസ് ചെയ്തു ഒരു ചീത്തവാക്കും ഒരിയ്ക്കലും പറയില്ലെന്ന്..
അവളുടെ നിറഞ്ഞ കണ്ണുകള്‍ അവന്‍ തുടച്ചു. അവളുടെ കവിളില്‍ തെരുതെരെ ഉമ്മവെച്ചു.

ആയിടയ്ക്കാണ് അവളുടെ അമ്മ കഠിനമായി രോഗബാധിതയായത്. അനിയത്തിക്ക് ആ സമയത്ത് ഭേദപ്പെട്ട ഒരു ജോലി തരപ്പെടുകയും ചെയ്തു. അത് അമ്മയുടേ വീട്ടില്‍ നിന്ന് അകലെ ഒരു പട്ടണത്തിലായിരുന്നു. അമ്മയുടെ വീട് ചേട്ടന്റെ പരിചയക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തിട്ട് അനിയത്തി വാടകവീട് എടുത്ത് അമ്മയേയും മോളേയും ഒരു പണിക്കാരിയേയും ഒപ്പം കൂട്ടി അവിടെ താമസമാക്കി.

അവള്‍ അയാളറിയാതെ വലിയൊരു കള്ളത്തരം ചെയ്യാന്‍ തുടങ്ങിയത് അപ്പോഴാണ്.

അവള്‍ക്ക് ചില്ലറ കാഷ് അലവന്‍സുകള്‍ ലഭിച്ചിരുന്നു. അത് അവള്‍ ഒരിയ്ക്കലും അയാളെ അറിയിച്ചിരുന്നില്ല. ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയിട്ടും ആ പണം മാത്രമേ അവളുടെ പക്കല്‍ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. അവള്‍ക്ക് ആദ്യം ജോലി കിട്ടിയപ്പോള്‍ തുടങ്ങിയ സ്‌റ്റേറ്റ് ബാങ്ക് എക്കൌണ്ടില്‍ അവള്‍ അതു പതുക്കി വെച്ചിരുന്നു. അതില്‍ നിന്ന് പണം പിന്‍ വലിയ്ക്കാന്‍ അവള്‍ അനിയത്തിയ്ക്ക് സൌകര്യം ചെയ്തു കൊടുത്തു. അമ്മയെ കൂടെ നിന്ന് പരിചരിയ്ക്കാന്‍ കഴിയാത്തതിന്റെ കുറ്റബോധം അവള്‍ അങ്ങനെയാണ് വീട്ടാന്‍ ശ്രമിച്ചത്. അങ്ങനെ ഒരു എക്കൌണ്ട് ഉണ്ടെന്ന് അയാള്‍ക്ക് ഓര്‍മ്മ വന്നിരുന്നില്ല.

അവളെ എപ്പോഴും പരിശോധിച്ചുകൊണ്ടിരുന്നെങ്കിലും അവളുടെ ആയിരം രൂപകളുടെ സേവിംഗ്‌സും പോസ്റ്റ് ഓഫീസിലെ ആര്‍ ഡിയും എന്ന കുറ്റങ്ങളല്ലാതെ മറ്റു കുറ്റങ്ങളൊന്നും അയാള്‍ക്ക് കിട്ടിയില്ല. അവള്‍ക്ക് ഓഫീസിലെ പ്യൂണ്‍ മുതല്‍ സി ഇ ഒ വരെ എല്ലാവരുമായും അവിഹിതബന്ധമുണ്ടെന്ന് അയാള്‍ക്ക് തോന്നിയിരുന്നുവെങ്കിലും ഒരു തെളിവും അയാള്‍ക്ക് ലഭ്യമായിരുന്നില്ല. തെളിവൊന്നും ഒന്നിനും കിട്ടാത്തതുകൊണ്ട് അയാള്‍ പിന്നെയും പിന്നെയും അവളെ പരിശോധിച്ചുകൊണ്ടിരുന്നു.

അവര്‍ താമസിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തില്‍ അയാള്‍ക്ക് സുഹൃത്തുക്കള്‍ ആരുമില്ലായിരുന്നു. അവളുടെ ഭര്‍ത്താവ് എന്നും മോന്റെ അച്ഛന്‍ എന്നുമാണ് അയാള്‍ അറിയപ്പെട്ടിരുന്നത്.

മകന്‍ അവന്റെ കൂട്ടുകാരന്‍ അമലിന്റെ വീട്ടില്‍ തന്നെ ട്യൂഷന്‍ പഠിയ്ക്കാന്‍ പോയിത്തുടങ്ങി. അവളായിരുന്നു അതിനു മുന്‍കൈ എടുത്തത്. അത് അയാള്‍ക്ക് തീരെ ഇഷ്ടമായില്ല. എങ്കിലും ആദ്യമൊക്കെ അയാള്‍ മൌനിയായിരുന്നു. അമലിന്റെ അമ്മയായിരുന്നു ട്യൂഷന്‍ പഠിപ്പിച്ചിരുന്നത്. ആ ആന്റിയാവട്ടെ മോനെ ചക്കരേ, രാജേ , കണ്ണേ, മുത്തേ എന്നൊക്കെ കൊഞ്ചിച്ചിരുന്നതുകൊണ്ട് മോന് ആ വീട്ടില്‍ പോയി പഠിയ്ക്കാന്‍ ഇഷ്ടമായിരുന്നു. ആന്റിക്ക് അവന്റെ അമ്മയെ വലിയ ബഹുമാനമായിരുന്നു.അവന്റെ അമ്മയുടെ വിദ്യാഭ്യാസം, ജോലി അതിലെല്ലാം സുഹൃത്ത് എന്ന നിലയില്‍ ആ ആന്റി അഭിമാനം കൊണ്ടു. അത് അവര്‍ എപ്പോഴും അവന്റെ മുന്നില്‍ പ്രകടിപ്പിക്കുകയും ചെയ്തു പോന്നു.

മകന് ജീവിതത്തില്‍ ആദ്യമായി അവന്റെ അമ്മ സത്യമായും ഒരു മിടുക്കിയാണോ എന്നൊരു സംശയം ജനിച്ചത് അവിടെ പോവാന്‍ തുടങ്ങിയതു മുതലാണ്. അതുവരെ അമ്മയ്ക്ക് എന്തെങ്കിലും ഒരു കഴിവുണ്ടെന്നും അതില്‍ അവന്‍ അഭിമാനം കൊള്ളണമെന്നും അവനറിവുണ്ടായിരുന്നില്ല.

അവന്റെ ആ സംശയം അവന്‍ മെല്ലെ മെല്ലെ പ്രകടിപ്പിച്ചു തുടങ്ങി.
അച്ഛന്‍ രാത്രി വഴക്കുണ്ടാക്കിയാല്‍ അവന്‍ പറയും. ' ഉം. അച്ഛന് രാത്രിയൊക്കെ വഴക്കുണ്ടാക്കി പകല്‍ ഇവിടെ കിടന്നുറങ്ങാമല്ലോ. ഞാനും അമ്മയും അല്ലേ പകല്‍ പുറത്ത് പോകേണ്ടത് '

കാര്‍ യാത്രയില്‍ ഏതെങ്കിലും കാര്‍ ഓവര്‍ ടേക് ചെയ്യുമ്പോള്‍ അവന്‍ കളിയാക്കും..' ഉം, ഇപ്പോ തുടങ്ങും അച്ഛന്റെ വക തെറി മഴ'

അയാള്‍ നിരന്തരമായി അവളെ കുറ്റപ്പെടുത്തുന്നത് കേട്ട് ഒരു ദിവസം അവന്‍ അതിശയപ്പെട്ടു. 'ഇത്രേം ചീത്ത കേട്ട് അമ്മയെങ്ങനെയാണ് ഓഫീസില്‍ പോയി ജോലി ചെയ്യുന്നത്? എനിക്ക് ഇവിടത്തെ ബഹളം കൊണ്ട് സ്‌കൂളില്‍ പോണമെന്നോ പഠിയ്ക്കണമെന്നോ കളിയ്ക്കണമെന്നോ തോന്നുന്നില്ല.'

അവളുടെ മുഖം വാടിക്കാണുമ്പോള്‍ അവന്‍ അമ്മയെ ഉമ്മ വെയ്ക്കും.. താടിയ്ക്ക് പിടിച്ച് കൊഞ്ചിക്കും. മൈക്രോവേവ് അവനില്‍ അമ്മയ്ക്കായി ചായ ഉണ്ടാക്കിക്കൊടുക്കും. ഇതൊക്കെയാണെങ്കിലും അവന് അച്ഛനെയും വലിയ കാര്യമായിരുന്നു.

അവളുടെ ചേട്ടനെയും ചേട്ടത്തിയമ്മയേയും മകളേയും ഒന്നും അയാള്‍ ഒട്ടും കാര്യമായി എടുത്തിരുന്നില്ല. അനിയത്തിയെ ദരിദ്രയായ ഒരു വിധവ എന്ന നിലയില്‍ അയാള്‍ക്ക് പരമപുച്ഛവുമായിരുന്നു. അവളുടെ അമ്മ മരുമകനായി ബഹുമാനിച്ചതു പോരാ എന്നൊരു പരാതി അയാള്‍ എപ്പോഴും ഉന്നയിച്ചിരുന്നു. മുപ്പത്തിനാലുകാരിയായ പെണ്ണിനു ജീവിതം കൊടുത്ത പുരുഷന് എത്ര തന്നെ ബഹുമാനം കിട്ടിയാലാണ് അധികമാവുക.?

അതുകൊണ്ടു തന്നെ മോനും അവരും തമ്മില്‍ കാര്യമായ ബന്ധം ഉണ്ടാകാതിരിക്കാന്‍ അയാള്‍ എപ്പോഴും ശ്രദ്ധ വെച്ചു പോന്നു. അയാള്‍ക്ക് നമ്മളെ ഇഷ്ടമാകുന്നില്ല എന്ന അറിവില്‍, നമ്മള്‍ കൂടുതല്‍ ഇടപെട്ട് അവളുടെ ജീവിതം പ്രയാസകരമാക്കേണ്ട എന്ന് നിശ്ചയിച്ച് അവളുടെ വീട്ടുകാരും ആവശ്യത്തിലുമധികം മൌനികളായി തന്നെ ജീവിച്ചു. അക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നത് ചേട്ടത്തിയമ്മയ്ക്ക് മാത്രമായിരുന്നു. അതാരും തന്നെ വക വെച്ചതുമില്ല.... അവളുടെ ചേട്ടന്‍ പോലും.

( തുടരും )

1 comment:

Linny said...

Eagerly waiting for remaining chapters...