Sunday, July 22, 2018

ഇംഗ്ലീഷ് പറയുന്നൊരു ധന്വന്തരി...3

https://www.facebook.com/echmu.kutty/posts/642193055959992


                             


മൂന്ന്

മരുന്നുകള്‍ പതുക്കെയെങ്കിലും ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍, അവള്‍ ജീവിതത്തോട് കൂടുതല്‍ പൊരുത്തപ്പെടുവാന്‍ പഠിച്ചു. രാവിലെ ഉണര്‍ന്നാലുടന്‍ പച്ചരിച്ചോറും രസവുമുണ്ടാക്കി അടച്ചുവെയ്ക്കും. പകല്‍ കടന്നു പോകുന്തോറും ജോലിയ്ക്കായി സൈറ്റ് ഓഫീസില്‍ ഇരിയ്ക്കുംതോറും ക്ഷീണം കൂടുതല്‍ തോന്നുമായിരുന്നു. ക്ഷീണം അധികമായാല്‍ വൈകീട്ട് ഭക്ഷണം ഉണ്ടാക്കാന്‍ തോന്നുകയില്ല. അപ്പോള്‍ പട്ടിണിയാവുകയും ചെയ്യും. ശക്തി കൂടിയ മരുന്നുകളും പട്ടിണിയും ഒരു നല്ല ചേരുവയല്ലല്ലോ.

കേമപ്പെട്ട ഭക്ഷണം കഴിച്ചാലേ ക്ഷയം മാറുകയുള്ളൂ എന്ന് പറയുന്നതൊക്കെ വെറുതെയാണ്. ആശുപത്രിയില്‍ വെച്ചു പരിചയപ്പെട്ട റിക്ഷാക്കാരന്‍ മുഹമ്മദ് വെറും ഉണക്കച്ചപ്പാത്തിയും രണ്ടു മൂന്നു സവാളയും മൂന്നോ നാലോ പച്ചമുളകും മാത്രമേ ഒരു ദിവസം കഴിച്ചിരുന്നുള്ളൂ. തന്നെയുമല്ല, പകലന്തിയോളം അയാള്‍ റിക്ഷ വലിയ്ക്കുകയും ചെയ്തിരുന്നു. അയാളുടെയും ക്ഷയം മാറി . ഒരു വര്‍ഷത്തിനപ്പുറം, തന്റെ രോഗം ഭേദമായിക്കഴിഞ്ഞു വന്ന മീട്ടാ ഈദിന് വിലകുറഞ്ഞ സേവിയയുടെ ഒരു പൊതിയുമായി മുഹമ്മദ് അവളെ കാണുവാനെത്തിച്ചേര്‍ന്നു.

രോഗിയായിരുന്ന ആ കാലത്ത് അവളുടെ മുറിയില്‍ ഒരു ബ്ലാക് ആന്‍ഡ് വെറ്റ് ടി വിയുണ്ടായിരുന്നു. ഒനീഡ ചെകുത്താന്റെ ടി വി. നേരത്തെ താമസിച്ചിരുന്ന ആള്‍ ഉപേക്ഷിച്ചു പോയതായിരുന്നു അത്. ചില്ലറ കേടുപാടുകള്‍ പരിഹരിച്ചപ്പോള്‍ അത് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഒച്ച കുറവായിരുന്നു, ഇടയ്ക്ക് ഒരുപാട് ഗ്രെയിന്‍സും വരുമായിരുന്നു. എങ്കിലും വല്ലപ്പോഴുമൊക്കെ ശ്യാമ സുന്ദര കേര കേദാര പാട്ടു കേള്‍ക്കാന്‍ പറ്റിയിരുന്നു.

ആ രാത്രിയും ചൂടുവെള്ളം നിറച്ച ബോട്ടില്‍ നെഞ്ചത്ത് വെച്ച്, ആശ്വസിച്ചുകൊണ്ട് ടി വി യുടെ നോബ് വെറുതെ തിരിയ്ക്കുകയായിരുന്നു അവള്‍. അപ്പോഴാണ് തോക്കുകള്‍ക്കു മുന്‍പില്‍ ചൂളിക്കുനിഞ്ഞിരിയ്ക്കുന്ന പൂര്‍ണ നഗ്നരായ മനുഷ്യരെ കണ്ടത്. സ്വന്തം നഗ്നതയെ ലജ്ജയോടെ ഒളിപ്പിയ്ക്കാന്‍ അവര്‍ കഠിനമായി പ്രയത്നിയ്ക്കുന്നുണ്ടായിരുന്നു. മിനിയേച്ചര്‍ സൈസിലുള്ള മനുഷ്യരൂപങ്ങള്‍ പോലെ ചുരുങ്ങിയവരായിരുന്നു അവരെല്ലാവരും തന്നെ. പട്ടാള യൂണിഫോമുകളില്‍ അധികാരത്തിന്റെ കൊടും ക്രുരതയും അളവില്ലാത്ത നൃശംസതയും ആ പുരുഷന്മാരുടെ മുന്‍പില്‍ പിശാചുക്കളുടെ ക്രൌര്യവുമായി നിലകൊണ്ടു. അത്ര ചൂളിയൊതുങ്ങിച്ചെറുതായിപ്പോയ ഒരു പുരുഷ രൂപത്തേയും അവള്‍ അന്നു വരെ കണ്ടിട്ടുണ്ടായിരുന്നില്ല. സ്വന്തം ശക്തിയുടെ അക്രാമകമായ പ്രകടനങ്ങളില്‍ അതിരറ്റ ആത്മവിശ്വാസമുള്ളവരായി അലറുകയും ബൌദ്ധികമായും സാംസ്‌ക്കാരികമായും പോലും പുച്ഛിയ്ക്കുകയും ശിരസ്സില്‍ കാലമര്‍ത്തുകയും ചെയ്യുന്നവരായിരുന്നു അവളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട ഭൂരിഭാഗം പുരുഷന്മാരും. പുരുഷ ശരീരങ്ങള്‍ ഇത്ര മേല്‍ ദൈന്യതയോടെ പ്രത്യക്ഷപ്പെടുമെന്ന അറിവ് അവളെ കഠിനമായി ഉലച്ചു കളഞ്ഞു. അവള്‍ക്ക് ശ്വാസം മുട്ടി വലിയ വായില്‍ ചര്‍ദ്ദിയ്ക്കണമെന്നു തോന്നി.

അതി കഠിനമായ മര്‍ദ്ദന മുറകളായിരുന്നു, പിന്നീട് സ്‌ക്രീനില്‍ കണ്ടത്. അധിനിവേശ രാജ്യം കീഴടക്കപ്പെട്ട രാജ്യത്തിന്റെ പട്ടാളക്കാരോട്, യുദ്ധത്തില്‍ പിടിയ്ക്കപ്പെട്ടവരോട് എന്തെല്ലാം ചെയ്യുമെന്ന് അനൌണ്‍സര്‍ വിശദമാക്കിക്കൊണ്ടിരുന്നു. സ്ത്രീകള്‍ സ്വന്തം രാജ്യത്തിലേയും അധിനിവേശ രാജ്യത്തിലേയും പട്ടാളക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് ഒരു സാധാരണ കാര്യമാണെന്ന് അവള്‍ക്കറിയാമായിരുന്നു. പുരുഷന്മാര്‍ മര്‍ദ്ദിയ്ക്കപ്പെടുമെന്നും അവരും പല തരത്തില്‍ ചൂഷണം ചെയ്യപ്പെടുമെന്നും അവള്‍ മനസ്സിലാക്കിയിരുന്നു. എങ്കിലും അബലകളെന്ന് വിളിയ്ക്കപ്പെടുന്ന സ്ത്രീകളെപ്പോലെ ശക്തരെന്ന് അഭിമാനിയ്ക്കുന്ന പുരുഷന്മാരും നൃശംസമായ അധികാരത്തിനു മുന്നില്‍ ഒരു ചെറിയ എതിര്‍പ്പു പോലും പ്രകടിപ്പിയ്ക്കാതെ ഉടഞ്ഞു വീഴുന്ന കാഴ്ചയിലേക്ക് അവള്‍ എടുത്തെറിയപ്പെട്ടു.

പുരുഷന്മാര്‍ എന്നുമെന്നും അവകാശപ്പെടുന്ന മാതിരി പുരുഷന്മാരില്‍ നിന്ന് ശാരീരികമായും മാനസികമായും ആത്മീയമായും പ്രത്യേകമായ യാതൊരു സുരക്ഷിതത്വവും കിട്ടാനില്ലെന്ന് അവള്‍ക്ക് ആ നിമിഷം വെളിവായി. ചേര്‍ത്തു വെച്ച കാലുകള്‍ക്കുള്ളില്‍ പോറ്റിക്കിടത്തീ തൈലം തേച്ച് കുളിപ്പിയ്ക്കുമ്പോള്‍ നിസ്സഹായരായി കിടക്കാറുള്ള ശിശുക്കളെപ്പോലെ കുറച്ച് പുരുഷന്മാര്‍.... കുളിപ്പിച്ചു മുലകൊടുക്കുമ്പോള്‍ ആര്‍ത്തിയോടെ മുല കുടിയ്ക്കുന്ന കുഞ്ഞുങ്ങളെ പ്പോലെ കൈത്താങ്ങിന്റെ ആലംബവും ആശ്രയവും സാന്ത്വനവും വേണ്ടവര്‍.... അവരില്‍ അച്ഛന്മാരും ഭര്‍ത്താക്കന്മാരും സഹോദരന്മാരും മക്കളുമുണ്ടായിരിയ്ക്കാം....എല്ലാവരും ഒരു പോലെ.

അവള്‍ക്ക് നെഞ്ചു പൊട്ടുന്നതു മാതിരിയുണ്ടായിരുന്നു. അത്രയ്ക്കായിരുന്നു ആ നൊമ്പരം. ആരോടെങ്കിലും സംസാരിയ്ക്കണമെന്ന് കരുതി അവള്‍ മുറിയുടെ വാതില്‍ തുറന്നു. എന്നാല്‍ തെരുവ് വിജനമായിരുന്നു. ഇറച്ചിക്കടിലെ വേസ്റ്റ് തിന്നാന്‍ വരുന്ന തെരുവു പട്ടികള്‍ പോലും അവിടെയുണ്ടായിരുന്നില്ല.

അതുകൊണ്ടാണ് ഡോക്ടറുടെ നമ്പര്‍ അവള്‍ ഡയല്‍ ചെയ്തത്. അദ്ദേഹത്തിനെ അങ്ങനെ ശല്യപ്പെടുത്തുന്നത് മര്യാദക്കുറവാണെന്ന് അവള്‍ മറന്നു കഴിഞ്ഞിരുന്നു. അദ്ദേഹം ഒരു ഡോക്ടര്‍ മാത്രമല്ലെന്നും മകനും സഹോദരനും ഭര്‍ത്താവും അച്ഛനും ഒക്കെയാവാമെന്നും അവള്‍ക്ക് ഓര്‍മ്മ വന്നില്ല. ചില കാര്യങ്ങള്‍ അങ്ങനെയാണ്. അവ നിയന്ത്രണത്തില്‍ ഒതുങ്ങുകയില്ല. അല്ലെങ്കില്‍ പാതിരാത്രി, ഒറ്റയ്ക്ക് താമസിയ്ക്കുന്ന അവള്‍ അങ്ങനെയൊരു കാര്യം ചെയാന്‍ മുതിരുമായിരുന്നില്ല. ആ പ്രവൃത്തിയ്ക്ക് വന്ന് കൂടാമായിരുന്ന ദുരര്‍ഥങ്ങളെക്കുറിച്ച് അവള്‍ ചിന്തിച്ചതേയില്ല. കാരണം ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീയെന്നത് നമ്മുടെ സമൂഹത്തില്‍ ശരിയായി വായിച്ചു മനസ്സിലാക്കാന്‍ പറ്റാത്ത ഒരു പ്രബന്ധമാണ്, ഉത്തരം കിട്ടാത്ത കണക്കാണ്.

അവള്‍ എന്തൊക്കെയോ അദ്ദേഹത്തോട് സംസാരിച്ചു...

അത് പിഞ്ഞിക്കീറിയ ആത്മാവിന്റെ വാക്കുകളായിരുന്നു.

അവളേറ്റു വാങ്ങിയ ദുരന്തങ്ങളായിരുന്നു.

ഒരിക്കലും വീണ്ടെടുക്കാനാവാത്ത നഷ്ടങ്ങളുടെ പാല്‍പ്പുഞ്ചിരികളായിരുന്നു.

വഞ്ചനകളും അസൂയയും പകയും പ്രതികാരവും രൂപം മാറ്റിയാടിയ വേഷങ്ങളായിരുന്നു.

അധികാരമായിരുന്നു. കലഹങ്ങളായിരുന്നു.

അതിന് ചുടുചോരയുടെ നിറവും ഗന്ധവുമുണ്ടായിരുന്നു. മുറിവുകളുടെ പൊള്ളലും വേദനയുമുണ്ടായിരുന്നു.
.
വാക്കുകളില്ലാതെ ദീനദീനം കിതച്ചുകൊണ്ട് അവള്‍ നിശബ്ദയായപ്പോള്‍ ... ഡോ ഗുപ്ത വിളിച്ചു...

' സ്വീറ്റി... പ്ലിസ്... പ്ലീസ് കൂള്‍ ഡൌണ്‍ ബേബി.. '

ധന്വന്തരി സംസാരിക്കുന്നത് സംസ്‌കൃതത്തിലായിരിക്കുമെന്ന് പറഞ്ഞവരെ ഓര്‍ത്ത് ആ കിതപ്പിനിടയിലും അവള്‍ക്ക് ചിരി വന്നു.

ഫോണിനപ്പുറത്തു ധന്വന്തരിയും ചിരിക്കുന്നുണ്ടായിരുന്നു.

അവളെ കൂട്ടിക്കൊണ്ടു പോകാന്‍ വന്ന സര്‍വ ശക്തനായ മരണംതോറ്റു പോയത് അങ്ങനെയാണ്... അങ്ങനെ മാത്രമാണ്...

അതുകൊണ്ട് അവള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു.

( അവസാനിച്ചു )

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ദുരിതങ്ങളുടെ അനുഭാവാവിഷ്കാരങ്ങൾ ...