Friday, July 13, 2018

മംഗിണി, കിങ്ങിണി, പൊന്മണി, പിന്നെ ഇച്ച, ഇച്ചി, ച്ഛി...

https://www.facebook.com/echmu.kutty/posts/593976634114968?pnref=story
  
180716

സഹോദരന്മാര്‍ ഇല്ലാതെ വളര്‍ന്നവളാണ് ഞാന്‍..

എനിക്ക് കൊതി തീരെ കളിപ്പിക്കാന്‍ ആണ്മക്കളെയും കിട്ടിയില്ല.

അതുകൊണ്ട് പുരുഷലിംഗത്തോടുള്ള ചില കൌതുകങ്ങള്‍ എന്നുമെന്നില്‍ നിലനിന്നു..

അതെന്തോ ഒരു വലിയ സംഭവമാണെന്ന് എനിക്ക് വിശ്വസിക്കേണ്ടിയിരുന്നു എപ്പോഴും. ആ തോന്നല്‍ എന്നില്‍ ആദ്യമുണ്ടാക്കിയത് ചെറുപ്പത്തില്‍ ആണ്‍കുട്ടികളുടെ അമ്മമാര്‍ അതിനെപ്പറ്റി പറയുന്നത് കേട്ടിട്ടാണ്.

മംഗിണി,

കിങ്ങിണി,

പൊന്മണി...

എന്താപ്പോ ഒരു കിണി പൊങ്ങച്ചം.... ആ അമ്മമാര്‍ തന്നെ ചോദിക്കും 'നിനക്ക് പറ്റുമോ ദൂരേയ്ക്കു ഉന്നം പിടിച്ച് മൂത്രമൊഴിക്കാന്‍....'

' ഇല്ല.'

'ആണ്‍കുട്ട്യോള് അങ്ങനെ ഒഴിക്കണതോണ്ട് മൂത്രത്തില്‍ കിടക്കില്ല. പെണ്‍കുട്ട്യോളു മൂത്രൊഴിച്ചു നിറുകന്തലവരെയാക്കി അതില്‍ കിടക്കും. എത്ര തുണി തിരുമ്മണം പിന്നെ'

അത് മംഗിണിയുടെ ഗമ തന്നെയല്ലേ .

പുരുഷമേധാവിത്തത്തിനുള്ള ഒരു ന്യായമായി ഇക്കാലത്തും ചിലരൊക്കെ 'മൂത്രമൊഴിച്ചുകൊണ്ട് പേരെഴുതാന്‍ പറ്റുമോ പെണ്ണുങ്ങളേ' എന്ന് ചോദിച്ച് വമ്പത്തരം ചമയുന്നത് കണ്ടിട്ടുണ്ട്.

കുഞ്ഞു വാവകളായ ആണ്‍കുട്ടികള്‍ കരഞ്ഞാല്‍, അമ്മമാര്‍ ഓടി വന്നെടുക്കും... അല്ലെങ്കില്‍ അവര്‍ക്ക് വീട്ടിലെ മുതിര്‍ന്നവരില്‍ നിന്ന് നല്ല വഴക്ക് കിട്ടും. ആണ്‍ കുട്ടികളെ കരയിക്കാന്‍ പാടില്ലത്രേ! അവരധികം കരഞ്ഞാല്‍ ഈ കിണിയുണ്ടല്ലോ അത് മേലോട്ട് കയറി വയറിനുള്ളിലേക്ക് പോയിക്കളയും... പിന്നെ ആകെ പ്രശ്‌നമാണ്.. അത് പരിഹരിക്കാന്‍ ആര്‍ക്കും കഴിയില്ല പോലും.

ഞാന്‍ അന്തം വിട്ട് ആലോചിച്ച് നിന്നിട്ടുണ്ട്. ഈ കിണി ഏതു വഴിയ്ക്കാണ് വയറ്റില്‍ കയറി പോകുന്നതാവോ?

കുഞ്ഞുവാവകളായ പെണ്‍കുട്ടികള്‍ കരയുമ്പോള്‍ അത്ര തിരക്കില്ല എടുക്കാന്‍ ആര്‍ക്കും. കിണി ഇല്ല, വയറ്റില്‍ കയറിപ്പോവാന്‍ എന്നതുമാത്രമല്ല, 'സാരല്യാ.. ഇത്തിരി കരഞ്ഞു ശീലിയ്ക്കട്ടേ' എന്നും ഉണ്ട്. കാരണം 'ഇനീം ഭാവീലു എത്ര കരയാന്‍ ഉള്ളതാ.. '

കുഞ്ഞുവാവ പെണ്‍കുട്ടിയ്ക്ക് മംഗിണിയുടെ സ്ഥാനത്ത് ഇച്ചയും ഇത്തിരി കൂടീ വലുതായാല്‍ ഒരു രണ്ടര വയസ്സൊക്കെയായാല്‍ ഇച്ചിയും ( മോശപ്പെട്ട ഒരു സാധനം ) പിന്നെ വേഗം തന്നെ അത് ച്ഛീ എന്ന അറുവഷളന്‍ സാധനവുമായി പരിണമിക്കും. അതു ആരും കാണാന്‍ പാടില്ല എന്നത് സാരമില്ല, അതു മൂടിവെയ്ക്കുന്ന കുണ്ടിക്കുപ്പായം കൂടി ആരും കാണാന്‍ പാടില്ല. അതു തിരുമ്മി ഇടാനും ഒളിപ്പിച്ച് ഉണക്കി എടുക്കാനും ഒക്കെ അതിവേഗം പഠിക്കുകയും വേണം.

പിന്നെ ഈ മംഗിണി നിസ്സാരക്കാരനല്ല മഹാ കുഴപ്പക്കാരനാണെന്ന് വേഗം അങ്ങ് മനസ്സിലായിത്തുടങ്ങി.ആള്‍ത്തിരക്ക് കുറഞ്ഞ ഇടവഴികളില്‍ മംഗിണികള്‍ പല രൂപത്തില്‍ ചുമ്മാ തളര്‍ന്നും, ചിലപ്പോള്‍ ഉയര്‍ന്നു നിന്നും, പിന്നെ ഇങ്ങനെ തുള്ളി വിറച്ചും , കൈകള്‍ക്കുള്ളീല്‍ എന്തോ ഒരു കളി കളിച്ചും ഒക്കെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഈ കാഴ്ച മലയാളികളുടെ സ്വന്തം കേരളത്തിന്റെ ഇടവഴികളില്‍ മാത്രമൊന്നുമല്ല കേട്ടോ എതിരേറ്റിട്ടുള്ളത്. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ ഇതുണ്ട്.. പൈജാമയുടേയും പാന്റിന്റെയും പാളത്താറിന്റെയും ബംഗാളി ധോത്തിയുടേയും അകമ്പടിയോടെ മംഗിണികള്‍ ഇങ്ങനെ എന്നെ അറപ്പിച്ചിട്ടുണ്ട്.

ഒരിയ്ക്കല്‍ ഈ മംഗിണി പ്രദര്‍ശനത്തിനെതിരേ പോലീസിനോട് പരാതി പറഞ്ഞു. അതു അതിലും വല്യ കുഴപ്പമായി. 'നിങ്ങളെന്തിനാ അതു നോക്കാന്‍ പോയത്? അതുകൊണ്ടല്ലേ കാണേണ്ടി വന്നത്? ' മംഗിണി കേമന്‍ തന്നെ . സംശം ല്യ. പോലീസിനും കൂടീ പേടിയാണ് മംഗിണിയോട് ചോദ്യം ചോദിയ്ക്കാന്‍..

ഞാന്‍ കണ്ണടച്ചിരുപ്പായി.

പിന്നെ കാലമങ്ങു കടന്നു പോയി.. ച്ഛി യെ പൊതിഞ്ഞു പൊതിഞ്ഞു തുടകള്‍ ഉരഞ്ഞു പൊട്ടി നീറിയിട്ടും ഒരു നിര പൊതിയല്‍ പോലും പകലും രാത്രിയും കുറച്ചില്ല, മഴയത്തും വെയിലത്തും മഞ്ഞത്തും ശീലം മാറ്റിയില്ല.

പതിനെട്ടു വയസ്സില്‍ തന്നെ മംഗിണി വേദനിപ്പിക്കുന്ന ചോര പൊടിയിക്കുന്ന ഒരു ആയുധമായി മാറുമെന്ന്, അത് പൂവിതള്‍ തോറ്റു പോകുന്ന മിനുസങ്ങളില്‍ രക്തവാര്‍ച്ചയുണ്ടാക്കുമെന്ന്, കുഞ്ഞു മിനുസങ്ങളെ അടര്‍ത്തിപ്പൊട്ടിക്കുമെന്ന്.. പകല്‍ മുഴുവന്‍ പച്ചവെള്ളംനിറച്ച പാത്രത്തിലിരുന്നാലേ വീണ്ടും വീണ്ടും മംഗിണിയ്ക്ക് മിനുസങ്ങളെ ഇഷ്ടമാകും വിധം പെരുമാറാനാവൂ എന്ന്.. ഞാന്‍ പഠിച്ചു.

ഇങ്ങനെയൊക്കെയാണെങ്കിലും ഈ മംഗിണിക്ക് പിണങ്ങാനും എളുപ്പമാണ്..

'എന്നെ ഒന്നു നോക്ക് 'എന്ന് പറഞ്ഞാല്‍ നോക്കില്ല.. അനങ്ങില്ല.. പരിചയമേ ഇല്ലാത്തതു പോലെ ഉറങ്ങിക്കളയും.. അങ്ങനെ നിസ്സാരമാക്കി അകറ്റി വേദനിപ്പിക്കാനും അപമാനിക്കാനും കരയിക്കാനും വേണ്ടാത്തതൊക്കെ തോന്നിയതിനുള്ള ശിക്ഷയായി പാതിരാത്രിയില്‍ കുളിക്കാന്‍ പറയാനും ഒക്കെ മംഗിണിക്ക് അറിയാം.

ച്ഛി … വേറെ എന്തു ചെയ്യാനാണ് ?

സ്‌നേഹത്തിന്റെ തൂശനിലയില്‍ , വിശ്വാസത്തിന്റെയും കരുതലിന്റെയും പ്രേമത്തിന്റെയും മോഹത്തിന്റെയും ആശയുടേയും സദ്യ വിളമ്പുമ്പോള്‍ , വിഭവങ്ങളുടെ രുചിയെ സമരസപ്പെടുത്തുന്ന മോശമല്ലാത്ത ഒരുപദംശം മാത്രമാണ് മംഗിണിയെന്ന് അതിനറിയാന്‍ കഴിയുന്നില്ല. വേണ്ടവര്‍ ആരും തന്നെ അറിയിക്കുന്നുമില്ല.

അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ക്ക് രസകരമായ കത്തുകള്‍ കിട്ടുന്നത്. നീളം കുറവ്, വളവുണ്ട്, ചെരിവുണ്ട് … എന്നൊക്കെ.. .

ആണ്‍ കുട്ടികള്‍ സ്വര്‍ണ അരഞ്ഞാണമിട്ട് മംഗിണി കാട്ടിനടക്കുന്നത് ഭംഗിയാണെന്നും പെണ്‍ കുട്ടികള്‍ ഇച്ച കാണിക്കുന്നത് മഹാ പോക്രിത്തരമാണെന്നും എനിക്ക് പറഞ്ഞു തന്ന എല്ലാവര്‍ക്കും വേണ്ടി...

മംഗിണിയുണ്ടാവാന്‍ തപസ്സനുഷ്ഠിക്കണമെന്ന് ഉപദേശിച്ചവര്‍ക്കു വേണ്ടി..

എന്റെ മോനെ എടുക്കരുതെന്ന് താക്കീതു തന്നവര്‍ക്കു വേണ്ടി..

ഇത്തരം അനുഭവങ്ങളൊന്നും ഇല്ലാതെ, ഇതിനെപ്പറ്റിയൊന്നും കേട്ടുകേള്വി പോലും ഇല്ലാതെ അതിസുന്ദരമായ ജീവിതം നയിക്കുന്നവര്‍ക്കു വേണ്ടി..

ചുമ്മാ എന്റെ ചില വിചാരങ്ങള്‍.