Saturday, July 14, 2018

രാജന്‍ പോയി..

https://www.facebook.com/echmu.kutty/posts/597113483801283?pnref=story
രാജന്‍ യാത്ര പറഞ്ഞ ഈ മണിക്കൂറുകളില്‍ ..

രാജന്‍ പോയി..

എന്റെ ബാല്യകാല സുഹൃത്ത്.

രക്തം ച്ഛര്‍ദ്ദിച്ച് , ഡോക്ടര്‍മാര്‍ക്കോ ഐ സി യു വിന്റെ തണുപ്പിനോ ഒന്നും തന്നെ വിട്ടുകൊടുക്കാതെ രാജന്‍ കടന്നുപോയി.

എനിക്ക് കരയണമെന്നുണ്ട്. പക്ഷെ,കണ്ണീര്‍ ഇല്ല. തൊണ്ടക്കുഴിയില്‍ രാജന്റെ ഓര്‍മ്മകള്‍ കല്ലായി കിടക്കുന്നു.

കടുത്ത മദ്യപാനിയായിരുന്നു രാജന്‍.

അധ്യാപകനായ അച്ഛന്‍ ചെറുപ്പന്നേ മരിച്ചു പോയതുകൊണ്ട് പത്താംക്ലാസ് കഴിഞ്ഞ ഉടനെ കിട്ടിയ ഒരു ജോലിയില്‍ കയറിപ്പിടിച്ച് , യു പി സ്‌കൂള്‍ ടീച്ചറായിരുന്ന അമ്മയെ സഹായിക്കാന്‍ രാജന്‍ തുനിഞ്ഞു. കൂടുതല്‍ പഠിച്ചില്ല.

സഹോദരങ്ങള്‍ പഠിച്ചു, ഗവണ്മെന്റ് ജോലിക്കാരായി.

അവര്‍ക്ക് കുടുംബങ്ങള്‍ ഉണ്ടായി.

രാജനും കല്യാണമൊക്കെ കഴിച്ചു. എങ്കിലും കുഞ്ഞുങ്ങള്‍ ജനിച്ചില്ല.

അമ്പലങ്ങളിലും, പള്ളിയിലും, ഉല്‍സവത്തിലും, പെരുന്നാളിനും , കല്യാണത്തിനും മരണത്തിനും എന്നു വേണ്ട എന്തിനും ശ്രമദാനം ചെയ്തിരുന്ന, കഞ്ഞിയും കണ്ണിമാങ്ങാ അച്ചാറും, സംഭാരവും പ്രാണനായിരുന്ന , ആണ്‍കുട്ടികളെ അപ്പു എന്നും പെണ്‍കുട്ടികളെ അമ്മു എന്നും വിളിച്ചിരുന്ന , വായനശാലയെ സ്‌നേഹിച്ചിരുന്ന തികച്ചും ലളിതമായി, തനി ഗ്രാമീണനായി ജീവിച്ചു പോയ രാജന്‍ എന്തുകൊണ്ട് ഒരു മദ്യപാനിയായി എന്ന് എനിക്കറിയില്ല.

എന്റെ വേദനകളെല്ലാം രാജന്‍ അറിഞ്ഞിരുന്നു. ഞാന്‍ ഉപേക്ഷിച്ചതിനെയെല്ലാം രാജനും ഉപേക്ഷിച്ചു.

'തനിക്ക് വേണ്ടാത്തത് അതെത്ര വലിയ മാണിക്യമാണെന്ന് ആരു പറഞ്ഞാലും എനിക്കെന്തിനാടോ അത്? താനല്ലേ എനിക്ക് പ്രധാനം' എന്ന് രാജന്‍ പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി.

മദ്യപാനം കൊണ്ട് വിറപൂണ്ട വിരലുകള്‍ ഉയര്‍ത്തി രാജന്‍ അന്ന് എന്റെ കണ്ണു തുടച്ചു.

ചെറുപ്പത്തില്‍ ഞങ്ങള്‍ അച്ഛനും അമ്മയും കളിക്കുമായിരുന്നു. രണ്ടു നില വീട് മുറ്റത്ത് പ്ലാനായി വരക്കുമായിരുന്നു. ഇരിപ്പുമുറി, കിടപ്പുമുറി, അടുക്കള എന്നൊക്കെ കളം വരച്ച വീടുകള്‍ ആയിരുന്നു ഞങ്ങളുടേത്. രാജന്റെ സഹോദരങ്ങളും എന്റെ സഹോദരങ്ങളും കളികളില്‍ പങ്കെടുക്കും. കള്ളനും പോലീസും, ഡോക്ടറും പേഷ്യന്റ്‌സും, ടീച്ചറും കുട്ടികളും, പലചരക്ക് പീടികയും സാധനം വാങ്ങാന്‍ വരുന്നവരും, കള്ളുഷാപ്പും കുടിയന്മാരും... ഇങ്ങനെ ഞങ്ങള്‍ ഒത്തിരി കളിച്ചിട്ടുണ്ട്.

അമ്പലത്തിലെ പാറപ്പുറത്ത് ആലിന്റെ കാറ്റേറ്റ് ഞങ്ങളുടെ കുട്ടിസംഘം ഇരിക്കുമായിരുന്നു.

അമ്മീമ്മ ചക്ക വറുത്തത് ഒരു പ്ലേറ്റ് നിറയെ വെച്ചുകൊടുക്കുമ്പോള്‍ ഒരു കഷണം പോലും ബാക്കി വെയ്ക്കാതെ എല്ലാം തിന്നിട്ട് രാജന്‍ പാടും.. 'ചക്ക വറത്തു തീനി..' ('ചക്രവര്‍ത്തിനി നിനക്കു ഞാനെന്റെ' )എന്ന പ്രശസ്ത ചലച്ചിത്രഗാനത്തിന്റെ പാരഡി..

അമ്മീമ്മ പൊട്ടിച്ചിരിക്കും.

എന്റെ അമ്മ കടുത്ത ശ്വാസകോശരോഗം ബാധിച്ച് അമ്മീയുടെ ഒപ്പം താമസിക്കുന്ന കാലത്ത് വെറും പതിനൊന്നു വയസ്സുള്ള രാജന്‍ തമാശക്കഥകള്‍ തെരഞ്ഞു പിടിച്ച് അമ്മയ്ക്ക് കൊണ്ടു വന്നു കൊടുക്കുമായിരുന്നു. വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ കഥകള്‍, സുകുമാറിന്റെ ചില രചനകള്‍, മനോരമ ആഴ്ചപ്പതിപ്പിലെ ബോബനും മോളിയും കീറി സൂക്ഷിച്ചത്...

'അമ്മ സന്തോഷായി ചിരിച്ചോണ്ടിരുന്നാല്‍ ഈ സൂക്കേട് വേഗം മാറും' എന്നായിരുന്നു കൊച്ചു രാജന്റെ ന്യായം..

ഈ കുഞ്ഞുങ്ങള്‍ ജനിക്കുന്ന മഹാല്‍ഭുതത്തെപ്പറ്റി ഞങ്ങള്‍ ഒത്തിരി ആലോചിച്ചിരുന്നു. ആ പ്രക്രിയ എവിടെ ആരംഭിച്ച് എങ്ങനെ അവസാനിക്കുന്നു എന്നതിനെപ്പറ്റി ഞങ്ങള്‍ക്ക് വലിയ ഉല്‍ക്കണ്ഠകളുണ്ടായിരുന്നു. അച്ഛന്റെ മെഡിക്കല്‍ ഗ്രന്ഥങ്ങളിലെ ചില പടങ്ങള്‍ കണ്ട് ഞങ്ങള്‍ക്ക് ശ്വാസം മുട്ടി. പിന്നെ 'അയ്യേ.. വൃത്തികേട് … 'എന്നായി. . അതുകഴിഞ്ഞ് കുറച്ചു ദിവസം ഞങ്ങള്‍ തമ്മില്‍ കണ്ടതേയില്ല.

കാലം വളരെ വേഗം മുന്നോട്ട് പാഞ്ഞു.. ഞാന്‍ അലച്ചിലുകളുടെ ജീവിതത്തിലേക്ക് ആഴ്ന്നു പോയി. എന്റെ സഹോദരിമാര്‍ അവരവരുടെ കണ്ണീര്‍ക്കടലുകളില്‍ തോണി തുഴഞ്ഞുകൊണ്ടിരുന്നു.

ജീവിതം എളുപ്പമായിരുന്നില്ലല്ലോ ഞങ്ങള്‍ക്ക് ഒരു കാലത്തും.

എന്റെ കൂട്ടുകാരനെ ഞാന്‍ പരിചയപ്പെടുത്തിയ ദിവസം രാജന്‍ പറഞ്ഞു. 'ഞാന്‍ കഴിവുകെട്ടവനായിപ്പോയി. അതാണ് ഇവള്‍ ഇങ്ങനെ നീറിപ്പിടയേണ്ടി വന്നത്. എനിക്ക് ആര്‍ക്കു വേണ്ടിയും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്റേത് ഇടിവെട്ടിയ കൊന്നത്തെങ്ങിന്റെ ജന്മമായിരുന്നു. '

കൂട്ടുകാരനെ കെട്ടിപ്പിടിച്ചുകൊണ്ട് രാജന്‍ കരഞ്ഞു. 'അവളെ വേദനിപ്പിക്കരുത് '

പിന്നെ ഞങ്ങള്‍ തമ്മില്‍ കാണുകയുണ്ടായില്ല.

ഇന്ന് രാജന്‍ ഈ ഭൂമിയിലേ ഇല്ല. ....

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു നല്ല മിത്രം കൂടി ഇല്ലാതായി ...!