Thursday, July 5, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....15

https://www.facebook.com/echmu.kutty/posts/573493472829951?pnref=story

നോവല്‍ 15

അയാള്‍ വീട്ടിലിരിക്കുന്നതുകൊണ്ട് അനാഥപ്പെണ്ണ് പകല്‍ മുഴുവന്‍ വീട്ടിലിരിക്കാന്‍ പാടില്ലെന്നും വീടു വിട്ടു പോവണമെന്നും അയാള്‍ നിര്‍ബന്ധം പിടിച്ചു. അവള്‍ കരഞ്ഞു കാലു പിടിച്ചിട്ടും വഴക്കുണ്ടാക്കിയിട്ടും അയാള്‍ ലേശം പോലും വഴങ്ങിയില്ല.

അനാഥപ്പെണ്ണിനെ അങ്ങനെ പറഞ്ഞു വിടാന്‍ അവള്‍ക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷെ, നിത്യവുമുള്ള വഴക്കും നിദ്രാവിഹീനമായ രാത്രികളും അവളെ തകര്‍ത്തു.

ഹൈദരാബാദിലേക്ക് സ്ഥലം മാറിപ്പോകുന്ന മറ്റൊരു കൂട്ടുകാരിയുടെ ഒപ്പം ആ അനാഥപ്പെണ്ണിനെ പറഞ്ഞു വിടുമ്പോള്‍ അവളുടെ ഹൃദയം പൊട്ടി. മകന്‍ നിറുത്താതെ കരഞ്ഞു. കരഞ്ഞു കരഞ്ഞു അവന്റെ തൊണ്ടയടഞ്ഞു. ചേച്ചി ഇല്ലാതെ എങ്ങനെ ജീവിക്കുമെന്ന് അവന്‍ അമ്മയോടും അച്ഛനോടും മാറിമാറിച്ചോദിച്ചു. ആരോടും ആശ്രയത്വം പുലര്‍ത്താതെ ജീവിക്കണം ആണ്‍കുട്ടികളെന്ന് അയാള്‍ മകനെ മനസ്സിലാക്കി.എന്നിട്ടും അവന്‍ തേങ്ങിക്കൊണ്ടിരുന്നു.

അയാള്‍ അടുക്കള ജോലികള്‍ ചെയ്യാമെന്നേറ്റു. അതിനു ശേഷം ഭക്ഷണവും അയാള്‍ തീരുമാനിക്കുന്നതു പോലെയായി. രാവിലത്തെ ജോലികളെല്ലാം അവള്‍ തന്നെ ചെയ്യണം. മകന്‍ ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ട് വരുമ്പോള്‍ അയാള്‍ അവനു ഊണു ഉണ്ടാക്കി കൊടുക്കും. പിന്നെ വൈകീട്ട് ഏഴരമണിയ്ക്ക് അവള്‍ വന്ന് അയാള്‍ക്ക് ചായ ഉണ്ടാക്കിക്കൊടുക്കണം. തുണി അലക്കണം, അടിച്ചു വാരിതുടയ്ക്കണം. മകനെ ഹോം വര്‍ക്ക് ചെയ്യിക്കണം. അയാള്‍ ആ നേരം കൊണ്ട് അത്താഴമുണ്ടാക്കും. അത്താഴം അവള്‍ വിളമ്പണം. മേശ വൃത്തിയാക്കണം, പാത്രങ്ങള്‍ കഴുകി അടുക്കള വൃത്തിയാക്കി, അലക്കിയ തുണികള്‍ മടക്കി വെച്ച് വീട് പറ്റാവുന്ന മാതിരി ഒന്ന് അടുക്കിപ്പെറുക്കി തികച്ചും അലങ്കോലമായിക്കിടക്കുന്ന അവന്റെ യൂണിഫോമും ബുക്കും ഷൂവുമൊക്കെ ശരിയാക്കി വെച്ചു വേണം അവള്‍ക്ക് ഉറങ്ങാന്‍...

ഓഫീസില്‍ വലിയ മാഡമാണല്ലോ അവള്‍... വീട്ടില്‍ വന്ന് സാധാരണ പെണ്ണുങ്ങളെപ്പോലെ പണിയെടുത്തില്ലെങ്കില്‍ എന്താണ് പെണ്‍ ജോലികള്‍ എന്നവള്‍ മറന്നു പോയെങ്കിലോ എന്നായിരുന്നു അയാളുടെ ഉല്‍ക്കണ്ഠ.

അടുക്കളപ്പണി അവള്‍ ചെയ്തിട്ട് കാര്യമില്ല. അവളുണ്ടാക്കുന്നതൊന്നും പട്ടിയുടെ ആസനത്തിലൂടെ പോലും കയറ്റാന്‍ കൊള്ളില്ല.

മകന്‍ ആ ഉപമ കേട്ട് കൈ കൊട്ടിച്ചിരിച്ചു. സ്ഥാനത്തും അസ്ഥാനത്തും എല്ലാം അവനും അതുപയോഗിച്ചു തുടങ്ങി.

അവള്‍ പാചകം എന്ന വിഷയത്തെപ്പറ്റി പിന്നീട് നിശ്ബദത മാത്രം പാലിച്ചു.അയാളുടെ പാചകത്തെ ആവോളം പുകഴ്ത്തി. വഴക്ക് ഒഴിവാക്കുക എന്നതായിരുന്നു അവളുടെ പ്രധാന അജന്‍ഡ. മകന്‍ വലുതാകും എല്ലാം മനസ്സിലാക്കും എന്നതായിരുന്നു ഏക പ്രതീക്ഷ.

അവള്‍ ഓഫീസില്‍ നിന്ന് വൈകി വരുന്നതില്‍ അയാള്‍ക്ക് ക്ഷോഭം വന്നു തുടങ്ങി. ' നീ വിളിക്കുമ്പോള്‍ നിന്നെ ഓഫീസില്‍ വന്ന് പിക്കപ്പ് ചെയ്യാന്‍ ഞാനെന്താ നിന്റെ ഡ്രൈവറാണോ' എന്നായി അയാളുടെ ചോദ്യം. പലപ്പോഴും രാവിലെ അവളെ ഓഫീസില്‍ കൊണ്ടുവിടാനും അയാള്‍ തയാറായില്ല. അതിനാണ് മാസം നാല്‍പതിനായിരം രൂപ ബാങ്കില്‍ വന്നു വീഴുന്നതെന്ന സത്യം അയാള്‍ സൌകര്യപൂര്‍വം വിസ്മരിച്ചു. 'അത് നിനക്ക് ടാക്‌സ് ഇളവ് നല്‍കുന്നുണ്ടല്ലോ ഞാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ നീ ആ ഇളവ് എങ്ങനെ നേടുമായിരുന്നു' എന്ന് പറഞ്ഞ് ആ തുകയെ അയാള്‍ നിസ്സാരമാക്കി.

അച്ഛന്‍ കൊണ്ടു വിടുന്നതുകൊണ്ടാണ്, അച്ഛന്‍ ജോലിക്ക് പോകാന്‍ അനുവദിച്ചതുകൊണ്ടാണ് അമ്മയ്ക്ക് ജോലിക്ക് പോകാന്‍ കഴിയുന്നതെന്ന് അയാള്‍ മകനെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. അതിനും പുറമേ അവന്റെ പല കൂട്ടുകാരുടേയും അമ്മമാര്‍ പറയുന്നത് അവന്‍ കേട്ടിട്ടുമുണ്ടായിരുന്നു..'അയ്യോ! പ്രവീണിന്റെ അച്ഛന്‍ എന്നെ ജോലിക്ക് പോവാന്‍ സമ്മതിക്കില്ല. ഞാന്‍ വീട്ടിലിരുന്ന് പ്രവീണിനെ നോക്കുന്നതാണ് അദ്ദേഹത്തിനിഷ്ടം. അദ്ദേഹം അനുവദിക്കാതെ ഞാന്‍ ഒന്നും ചെയ്യില്ല. '

അയാളാണല്ലോ വീട്ടിലിരിക്കുന്നത്. അവള്‍ ജോലിയുമായി പുറത്ത് ഓഫീസിലും. കുട്ടിയെ അയാള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ എല്ലാം പറഞ്ഞു മനസ്സിലാക്കാന്‍ ആവശ്യമുള്ളത്ര സമയം അയാളുടെ പക്കല്‍ ഉണ്ടായിരുന്നു. അവളുടെ പക്കല്‍ അതുണ്ടായിരുന്നില്ല. വളരെ സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് അവളുടെ ഈ വിഷമം അറിയാന്‍ പറ്റിയിരുന്നില്ല. മക്കള്‍ക്കൊപ്പം അധികനേരം ചെലവാക്കുന്നവരെയല്ലേ മക്കള്‍ അധികം കാര്യമായി എടുക്കുക. അല്ലെങ്കില്‍ വീട്ടിലില്ലാത്ത ആളെക്കുറിച്ച് നല്ലതു പറഞ്ഞു കൊടുക്കുവാന്‍ ഉള്ള ആള്‍ ബോധപൂര്‍വം ശ്രദ്ധിക്കണം. വീട്ടമ്മമാര്‍ അച്ഛന്റെ മിടുക്കിനേയും കഴിവിനേയും സമ്പാദ്യത്തേയും ജോലിയേയും പറ്റി അഭിമാനപ്പെട്ട് മക്കളിലും അത് വളര്‍ത്തും പോലെ. അച്ഛന്‍ അസാന്നിധ്യത്തിലും ജീവിതത്തില്‍ എത്ര പ്രധാനമാണെന്ന് പറഞ്ഞു കൊടുക്കും പോലെ. അവളുടെ ജീവിതത്തില്‍ ഒരിയ്ക്കലും അങ്ങനൊരു കാര്യം ഉണ്ടായില്ല.

എന്തെല്ലാം അയാള്‍ പറഞ്ഞാലും വൈകുന്നേരം അവളെ കണ്ടില്ലെങ്കില്‍ മകനു സഹിക്കാന്‍ പറ്റിയിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു ഓഫീസ് ടൂറിനും അവള്‍ പോയിരുന്നില്ല. സൈറ്റ് വിസിറ്റിനു പോവേണ്ടി വന്നാല്‍ രാവിലെ പോയി രാത്രി തിരിച്ചെത്താന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഒരിയ്ക്കല്‍ കല്‍ക്കത്തയില്‍ നിന്ന് മടങ്ങുമ്പോള്‍ വിമാനം വൈകി രാത്രി ഒരു മണിയായി അവള്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍.അയാള്‍ക്ക് ഫോണ്‍ ചെയ്ത നിമിഷം അയാള്‍ പറഞ്ഞു, ' അവിടെ കിടന്നോ, നാളെ വെളുത്തിട്ട് നേരം പോലെ വന്നാല്‍ മതി.' രാത്രി ഒരു മണിക്ക് ടാക്‌സി പിടിയ്ക്കാനുള്ള ധൈര്യം ഇന്ത്യയില്‍ പൊതുവേ സ്ത്രീകള്‍ക്ക് ഇല്ലല്ലോ. അവള്‍ എയര്‍പോര്‍ട്ടിലിരുന്ന് നേരം വെളുപ്പിച്ചു. അതിനു ശേഷം മോനെ വിട്ടിട്ട് അമ്മ എവിടേയും പോകരുതെന്ന് അവന്‍ ഇടയ്ക്കിടെ സത്യം ചെയ്തു മേടിക്കുമായിരുന്നു. അവളെ കെട്ടിപ്പിടിയ്ക്കാതെ, അവളുടെ മുലയില്‍ കുഞ്ഞിക്കൈ ചേര്‍ത്തു വെയ്ക്കാതെ അവനുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴെല്ലാം അവന്റെ നിഷ്‌ക്കളങ്കമായ സ്‌നേഹം ഓര്‍ത്ത് അവളുടെ കണ്ണ് നിറയും.

( തുടരും )

1 comment:

shajitha said...

valare nalla katha, ithe vare ezhutiyatellaam njan vayichu