ഗര്‍ഭപാത്രം അവളുടെ ദേഹത്തിലായിരുന്നു ഉണ്ടായിരുന്നത്. അണ്ഡവും അവളുടെ ദേഹത്തിലായിരുന്നു എല്ലാ മാസവും ജനിച്ചിരുന്നത്.
പക്ഷെ, ബീജം അയാള്‍ കൊടുത്തതായിരുന്നു. അങ്ങനെ കൊടുക്കുന്ന സമയത്തൊക്കെ അയാള്‍ അവളുടെ മുലകളിലും പൊക്കിളിലും ഉമ്മവെയ്ക്കുകയും അടിവയറിന്റെ മിനുസവും തണുപ്പും ആവോളം ആസ്വദിക്കുകയും ചെയ്യുമായിരുന്നു.
അയാളുടെ ബീജം അവളുടെ ദേഹത്തിലെ അണ്ഡവുമായി ചേര്‍ന്ന് അവളുടെ സ്വന്തമായ ഗര്‍ഭപാത്രത്തിലിരുന്ന് വളര്‍ന്ന് വലുതായി ... ഒരു ദിവസം ള്ളേ ള്ളേ എന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്നു. അത്ര കാലം പറ്റിപ്പിടിച്ചിരുന്ന് വളര്‍ന്ന് വലുതായി, അതികഠിനമായി നൊമ്പരപ്പെടുത്തിക്കൊണ്ട് അങ്ങിറങ്ങിപ്പോയപ്പോള്‍ ഗര്‍ഭപാത്രത്തിനു താങ്ങാന്‍ പറ്റിയില്ല.. അത് ഉറക്കെ കരഞ്ഞു.. ദിവസങ്ങളോളം കരഞ്ഞു. ചുവന്ന കണ്ണീരൊഴുക്കി ... തേങ്ങിത്തേങ്ങി ... പിന്നെ പതുക്കെപ്പതുക്കെ എല്ലാ തേങ്ങലുമെന്ന പോലെ ആ തേങ്ങലും അമര്‍ന്നു.
അക്കാലമൊക്കെ അവള്‍ പ്രസവിച്ച കുഞ്ഞ് അവളുടെ മുലകള്‍ വലിച്ചു കുടിച്ചിരുന്നു.
എന്റെ കുട്ടി, എന്റെ കുട്ടി ,എന്റെ മാത്രം കുട്ടി .എന്ന് അയാള്‍ അഹങ്കരിക്കാനാരംഭിച്ചപ്പോള്‍ ഗര്‍ഭപാത്രം ഞെട്ടി. അയാള്‍ അവളുടെ അടിവയറ്റില്‍ ചവിട്ടുകയും തൊഴിക്കുകയും കാലു മടക്കി അടിക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ ഇരിക്കുന്നിടത്തു നിന്ന് ഉരുണ്ട് വീഴുമെന്ന് ഭയന്നു. ഭയവും പരിഭ്രമവും വേദനയും അപമാനവും അനാഥത്വവും കൊണ്ട് വീണ്ടും ചുവന്ന കണ്ണീര്‍ പൊഴിയ്ക്കാന്‍ തുടങ്ങി.
അവള്‍ തോല്‍ക്കുകയായിരുന്നു.
'കുട്ടി എപ്പോഴും ആണിന്റേതാണ്. 'എല്ലാവരും അവളെ ഉപദേശിച്ചു. കുട്ടിയെ വേണമെന്നുണ്ടെങ്കില്‍ ആണിന്റൊപ്പം അടങ്ങിയൊതുങ്ങി പാര്‍ക്കണം.
പതിനാലു വയസ്സായ കുട്ടി പറഞ്ഞു. 'അമ്മ ചുമ്മാ അങ്ങ് പെറ്റിടുക മാത്രേ ചെയ്തിട്ടുള്ളൂ. അതിലെന്തു കാര്യം ?'
ഇതില്‍ കൂടുതല്‍ താങ്ങാനും അടങ്ങാനും ഒതുങ്ങാനും സഹിക്കാനും അവള്‍ക്ക് പറ്റുമായിരുന്നില്ല.
അങ്ങനെ അവള്‍ക്ക് ആരുമില്ലാതെയായി. ഭര്‍ത്താവും കുട്ടിയും ഇല്ലാതായാല്‍ പിന്നെ അങ്ങനെയാണ്.
അയാളുടെ ചവിട്ടും തൊഴിയും അടിയും ഏറ്റ് ഗര്‍ഭപാത്രം തകര്‍ന്നു കഴിഞ്ഞിരുന്നു. അതെപ്പോഴും കരഞ്ഞുകൊണ്ടിരുന്നു. ആ കരച്ചിലാണെങ്കിലോ പുറത്തറിഞ്ഞാല്‍ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ളതായിരുന്നു.
മനസ്സിന്റെ ജാലകങ്ങളാണ് കണ്ണുകളെന്ന് കലാകാരന്മാരും കലാകാരികളും പറയും. അതുകൊണ്ട് നീര്‍മണികള്‍ തുളുമ്പുന്ന കണ്ണുകളും നനഞ്ഞ കപോലങ്ങളും നീര്‍മണികളുടെ ഉപ്പുരസവും പലപ്പോഴും സഹതാപമോ സ്‌നേഹമോ അനുഭാവമോ ഒക്കെ നേടിത്തരും. എന്നാല്‍ അതൊന്നും ഗര്‍ഭപാത്രത്തിന്റെ കരച്ചിലിനു കിട്ടില്ല. ചുവപ്പുനിറവും തുടകളിലൂടെയുള്ള ഒഴുക്കും മണവും എല്ലാംകൂടി അറപ്പു മാത്രമേ കിട്ടുകയുള്ളൂ.
എന്നിട്ടും പെരുവഴിയില്‍ തല ചുറ്റി വീണ അവളെ പോലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. നമ്മുടെ പോലീസുകാര്‍ എല്ലാവരും അത്ര മോശക്കാരൊന്നുമല്ല കേട്ടോ.
ഡ്രിപ്പില്‍ കിടക്കുന്ന അവളെ ലേഡി ഡോക്ടര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി .
കുട്ടികള്‍ ഉണ്ടോ ?
എന്തുത്തരം പറയണമെന്ന് അവള്‍ക്ക് മനസ്സിലായില്ല. അതുകൊണ്ട് 'പ്രസവിച്ചിട്ടുണ്ട് 'എന്ന് മറുപടി കൊടുത്തു.
'ഇനി പ്രസവിക്കണമെന്ന് ആഗ്രഹമുണ്ടോ ?'
ഇമ്മാതിരി ചോദ്യങ്ങള്‍ക്ക് അവള്‍ എങ്ങനെ മറുപടി പറയും ..
അതുകൊണ്ട് അവള്‍ ഒന്നും പറഞ്ഞില്ല.
ഡോക്ടര്‍ തിടുക്കപ്പെട്ട് പൂര്‍ത്തിയാക്കി.
'നിങ്ങളുടെ ഗര്‍ഭപാത്രം കേടു വന്നിരിക്കുന്നു. അതില്‍ കാര്യമായ മുറിവും പഴുപ്പും മുഴുത്ത ഫൈബ്രോയിഡുകളുമുണ്ട്. അത് എടുത്തു കളയുന്നതാണ് നല്ലത്. അല്ലെങ്കില്‍ ചിലപ്പോള്‍ ക്യാന്‍സര്‍ വന്നേക്കും.'
മുപ്പത്തൊമ്പതു വയസ്സില്‍ അവളുടെ ഗര്‍ഭപാത്രം അവളെ വിട്ട് പോകണമെന്ന് അറിയിക്കുന്നു. അവള്‍ക്കൊപ്പം ജീവിച്ച് അതിനു മതിയായി.
അവള്‍ ശരിവെച്ച് തലയാട്ടി.
ഡോക്ടര്‍ തുടര്‍ന്നു.
'ഭര്‍ത്താവിനെ വിളിക്കു. വയറു തുറന്നുള്ള ശസ്ത്രക്രിയ വേണ്ടി വരും. അതുകൊണ്ട് വന്ന് ഒപ്പിട്ട് തരാന്‍ പറയൂ. എന്നിട്ട് വേണം .. '
അവള്‍ക്ക് പെട്ടെന്ന് വല്ലാതെ ചിരി വന്നു. അവളുടെ ദേഹം, അവളുടെ ഗര്‍ഭപാത്രം. ഒപ്പിടാന്‍ അയാള്‍ വരണമത്രേ!.
നഴ്‌സ് ഒരു ഫോം എടുത്തുകൊണ്ട് വന്നു. അവള്‍ അതിലൂടെ ഒന്ന് കണ്ണോടിച്ചിട്ട് 'ഞാന്‍ ഒപ്പിട്ട് തരാം' എന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ അവളോട് കയര്‍ത്തു.
'ഭര്‍ത്താവ് അറിയാതെയുള്ള ഏര്‍പ്പാടൊന്നും പറ്റില്ല. എന്താ അദ്ദേഹത്തെ വിളിയ്ക്കാന്‍ ഇത്ര മടി ? അതോ ഇനി അങ്ങനെ ഒരാളില്ലെന്നുണ്ടോ ? അതുശരി , അപ്പോള്‍ എക്‌സസ്സീവ് യൂസേജ് കൊണ്ടാണ് ഈ പ്രശ്‌നമുണ്ടായതല്ലേ? ചുമ്മാതല്ല പോലീസുകാര്‍ പൊക്കിക്കൊണ്ട് വന്നത്. '
അവള്‍ക്ക് മനസ്സിലായി.
ഇങ്ങനെ സംസാരിക്കുന്ന ഡോക്ടര്‍ ആകുന്നതിലും ഭേദം ആവശ്യമുള്ള പുരുഷന്മാര്‍ക്ക് ആനന്ദം പകരുന്നവളാവുക തന്നെയാണ് നന്മയെന്ന് അപ്പോള്‍ തോന്നി.
നഴ്‌സിന്റെ മുഖത്തും കനത്ത പുച്ഛമാണ്.
അവള്‍ ഫോമില്‍ എഴുതി ... പേരും മേല്‍ വിലാസവും . അവസാനം ഒരു വരി കൂടെ എഴുതാന്‍ അവള്‍ മറന്നില്ല.
'ഐ ആം ആള്‍ എലോണ്‍.'
എന്നിട്ടവള്‍ കണ്ണടച്ചു ശവം പോലെ കിടന്നു.
'അപ്പോ എളുപ്പായി കാര്യങ്ങള്‍ . ഇനി ബിസിനസ്സ് കൊഴുക്കും.'
ഡോക്ടറാണോ നഴ്‌സാണോ അതുച്ചരിച്ചതെന്ന് അവള്‍ ശ്രദ്ധിച്ചില്ല. കാരണം നിന്ദ ഉണ്ണാനും അപമാനം കുടിക്കാനുമായി ദൈവം ഉണ്ടാക്കിയ സൃഷ്ടികളില്‍ ഒരുവളായിരുന്നു അവള്‍.
2 comments:
കാരണം നിന്ദ ഉണ്ണാനും അപമാനം കുടിക്കാനുമായി
ദൈവം ഉണ്ടാക്കിയ സൃഷ്ടികളില്‍ ഒരുവളായിരുന്നു അവള്‍.
ith ningalude kathayallee echmuu
Post a Comment