സ്‌നേഹാനുഭവക്കുറിപ്പുകള്‍ ---- ജീവിതത്തിലെ ചില നിമിഷങ്ങള്‍
അച്ഛനെപ്പോലെ ഞാന്‍ ബഹുമാനിക്കുന്ന കോസ്റ്റ്‌ഫോര്‍ഡ് ഡയറക്ടര്‍ ദത്ത് മാഷ് എന്നോട് ഒരിയ്ക്കല്‍ പറഞ്ഞു. ആദ്യം പറ്റുന്ന വീഴ്ചയെ അബദ്ധം എന്ന് വിളിക്കാം. എന്നാല്‍ രണ്ടാമത് പറ്റുന്നതിനെ അബദ്ധം എന്ന് പറയാനൊക്കില്ല എന്ന്... അതുകൊണ്ട് ഈ ജീവിതാനുഭവത്തെ എന്തു പേരില്‍ വിളിക്കണമെന്ന് എനിക്കിപ്പോഴും വലിയ രൂപമൊന്നുമില്ല.
സ്‌നേഹം തന്നെയായിരുന്നു ഇവിടേയുമുണ്ടായിരുന്നത്.
ഒരു ഇരുപത്തിരണ്ടുകാരനോട് തോന്നിയ സ്‌നേഹം ... വാല്‍സല്യം. എന്റൊപ്പം ജോലി ചെയ്യുകയായിരുന്നു അവന്‍. കുനിഞ്ഞിരുന്ന് സദാ വരയ്ക്കുന്നവന്‍. ഭംഗിയായി ഡിസൈന്‍ ചെയ്യുന്നവന്‍. നല്ല കഴിവുകളുള്ള ഒരു സാങ്കേതികവിദഗ്ദ്ധന്‍.
ഞങ്ങള്‍ ഒത്തിരി സംസാരിക്കുമായിരുന്നു. അവന്റെ നാട് ,വീട്, അമ്മയച്ഛന്മാര്‍ സഹോദരങ്ങള്‍, അന്നാട്ടിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍, ഒരു ജനത മറ്റൊരു ജനതയുടെ മേല്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍, വികസനം ചെന്നെത്താത്ത ഉള്‍ഗ്രാമങ്ങള്‍, ദാരിദ്ര്യം.. അതിനെപ്പറ്റിയൊക്കെ ഒരു കുഞ്ഞിന്റെ നിഷ്‌ക്കളങ്കതയോടെ അവന്‍ സംസാരിച്ചിരുന്നു.
ഒറ്റയ്ക്ക് ഒരു കുടുസ്സുമുറിയില്‍ പാര്‍ത്തിരുന്ന അവനു ഞാന്‍ എന്നും ഉച്ചഭക്ഷണം വിളമ്പിയിരുന്നു. ഞാന്‍ കഴിക്കുന്ന അതേ ഭക്ഷണം. ചോറും കറിയും മെഴുക്കുപുരട്ടിയും അച്ചാറും... എന്റെ പാചകം അവന്റെ അമ്മയുടെ തൊട്ടടുത്ത് വരുന്ന അത്രയും റ്റേസ്റ്റിയാണെന്ന് അവന്‍ പറഞ്ഞപ്പോള്‍ വാല്‍സല്യംകൊണ്ട് ഞാന്‍ മതിമറന്നു പോയി.
എന്റെ ഹൃദയത്തിനു ആയിരം അറകളുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. അവയിലെല്ലാം ആള്‍ത്താമസമുണ്ടെന്നും..പുഴു മുതല്‍ ആന വരെ അല്ലെങ്കില്‍ നത്തോലി മുതല്‍ നീലത്തിമിംഗലം വരെ... എല്ലാമെല്ലാം എന്റെ ഹൃദയത്തിന്റെ ഉള്ളറകളെ സന്തോഷിപ്പിക്കുകയും അതേ സമയം കഠിനമായി നോവിക്കുകയും ചെയ്യാറുണ്ട്. അതുപോലെ എനിക്ക് അതീവ നിസ്സഹായത അനുഭവപ്പെടുന്ന ജീവിത മേഖലകളെ ഓര്‍ത്ത് വല്ലാത്ത കുറ്റബോധവും സങ്കടവും എന്നിലുണ്ടാവാറുണ്ട്.
അങ്ങനെ എന്നേക്കാള്‍ അഞ്ചെട്ടു വയസ്സ് താഴെയുള്ള അവനും എന്റെ ഹൃദയത്തിന്റെ ഒരറയില്‍ പാര്‍പ്പായി.
അവനോട് ഞാന്‍ എന്റെ ജീവിതത്തെപ്പറ്റി പറഞ്ഞു. മിക്കവാറും അനുഭവങ്ങളെ സത്യസന്ധമായി പങ്കു വെച്ചു. സഹതാപവും സ്‌നേഹവും തുളുമ്പുന്ന മുഖത്തോടെ അവനത് കേട്ടിരുന്നു.
ഒന്നും രണ്ടുമല്ല ...എട്ടുപത്ത് നീണ്ട വര്‍ഷങ്ങള്‍ കടന്നു പോയി.
എന്നിട്ടാണ് എന്റെ ഹൃദയത്തിന്റെ ഒരു കഷണത്തെ - അതെ, ആ കഷണവും എന്റെ ഗര്‍ഭപാത്രത്തോളം ആഴത്തില്‍ വേരുപിടിച്ചതായിരുന്നു. ഞാനവനു നല്‍കിയത്.
ദത്ത് മാഷ് പറഞ്ഞതു പോലെ ഞാനൊരു പാഠവും പഠിച്ചില്ലെന്ന് അധികം വൈകാതെ എനിക്ക് മനസ്സിലായി.
അമൂല്യമായ സ്‌നേഹനാണ്യമെന്ന് ഞാന്‍ കരുതിയത് അസൂയയും സംശയവും ധനാര്‍ത്തിയും നിറഞ്ഞ ചെളിക്കട്ട മാത്രമായിരുന്നു.
ഇപ്പോള്‍ ചെളിയില്‍ മുങ്ങിക്കുളിച്ചിരിക്കയാണ് ഞാന്‍. തെറികളില്‍ അഭിഷേകം കൊള്ളുകയാണ് ഞാന്‍. കണ്ണേ പൊന്നേ എന്ന് എടുത്ത് വളര്‍ത്തിയ കൈവിരലുകളും ശരീരവും കാണിക്കുന്ന അശ്ലീലാംഗ്യങ്ങളിലും വാക്കുകളിലും അമ്പരന്നിരിക്കയാണ് ഞാന്‍. എന്റെ ഹൃദയത്തിന്റെ കഷണമാവട്ടെ പെരുംനഷ്ടങ്ങളുടെ ദുരിതക്കയത്തില്‍ കൈകാലിട്ടടിക്കുന്നു.
നിസ്സഹായതയുടെ കുറ്റബോധം എന്നെ വലയ്ക്കുന്നു. അതെന്നെ ജീവിതമെന്ന പേരില്‍ എല്ലാ വശങ്ങളിലേക്കുമായി വലിച്ചു ചീന്തുന്നു.
സ്‌നേഹം കൊടുത്താല്‍ സ്‌നേഹം കിട്ടുമെന്ന പഴമൊഴി എന്നെ പഠിപ്പിച്ചവരെ സാധിക്കുമെങ്കില്‍ മറക്കാനാഗ്രഹിക്കുക മാത്രമാണ് ഇനി എന്റെ മുന്നിലുള്ള പോംവഴി.
സ്‌നേഹം ധാരാളമായി എടുത്ത് കൊടുക്കുന്ന ഭാഗ്യം എനിക്ക് എപ്പോഴും ഉണ്ടായിരുന്നു..
എന്നാല്‍ അതു എനിക്ക് മടക്കി കിട്ടുന്ന ഭാഗ്യത്തിനാകട്ടെ എന്നും ഒത്തിരി ഉപാധികളുണ്ടായിരുന്നു. ആ ഉപാധികളാണെങ്കില്‍ എന്നെപ്പോലൊരു ജന്മമെടുത്ത ഒരുവള്‍ക്ക് ഒരിക്കലും നിര്‍വഹിക്കാന്‍ പറ്റാത്തവ..
അതുകൊണ്ട് ...... സ്‌നേഹവര്‍ഷത്തില്‍ തോരാതെ മുങ്ങിക്കുളിച്ചവര്‍, ഒരുപാട് സ്‌നേഹം പകരാനും അത് അത്രയുമായോ അതിലധികമായോ മടക്കിക്കിട്ടാനും ഭാഗ്യമുണ്ടായവര്‍... സ്‌നേഹനാണ്യങ്ങളുടെ ഭണ്ഡാരപ്പുരകള്‍ സ്വന്തമായുള്ളവര്‍.. അവരൊക്കെ സ്‌നേഹത്തെപ്പറ്റി പറയുന്നതു കേട്ടുകൊണ്ട് ഞാനിങ്ങനെ വെറുതേ...
മൂന്നാം കുറിപ്പ് പിന്നീടെഴുതാം...
1 comment:
സ്‌നേഹം ധാരാളമായി എടുത്ത്
കൊടുക്കുന്ന ഭാഗ്യം എനിക്ക് എപ്പോഴും ഉണ്ടായിരുന്നു..
എന്നാല്‍ അതു എനിക്ക് മടക്കി കിട്ടുന്ന ഭാഗ്യത്തിനാകട്ടെ
എന്നും ഒത്തിരി ഉപാധികളുണ്ടായിരുന്നു. ആ ഉപാധികളാണെങ്കില്‍
എന്നെപ്പോലൊരു ജന്മമെടുത്ത ഒരുവള്‍ക്ക് ഒരിക്കലും നിര്‍വഹിക്കാന്‍ പറ്റാത്തവ....
Post a Comment