Sunday, July 1, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....1

https://www.facebook.com/echmu.kutty/posts/559685400877425?pnref=story

നോവല്‍ 1

ഇരുപതു മുതല്‍ മുപ്പതു വയസ്സു വരെയാണ് ഒരു പെണ്ണ് ആദ്യഗര്‍ഭം പേറേണ്ട സുരക്ഷിതകാലം. ഈ സമയത്തിനുള്ളില്‍ എത്ര നേരത്തെ ആവാമോ അത്രയും നല്ലതാണ് അമ്മയ്ക്കും കുഞ്ഞിനും. ..മുപ്പതു കടന്നാല്‍ പിന്നെ ഇരുവര്‍ക്കും ദോഷവുമുണ്ടാകും. വനിതാവാരികകകള്‍ക്കും ആരോഗ്യമാസികകള്‍ക്കും എല്ലാ ശാഖകളിലെ വൈദ്യശാസ്ത്രത്തിനും ഇക്കാര്യത്തില്‍ ഉറപ്പുണ്ട്... അവര്‍ അത് ആവും മട്ട് വിശദീകരിക്കുകയും ചെയ്യും..

ചില പ്രശസ്ത സിനിമാതാരങ്ങളാണ് ഈ പ്രശ്‌നം മറി കടന്ന് ആരോഗ്യമുള്ള മക്കളെ പ്രസവിക്കുന്നത്. അവരുടെ ജീവിത സാഹചര്യങ്ങള്‍ ഒരു ഉദ്യോഗസ്ഥയ്ക്ക് ലഭ്യവുമല്ലല്ലോ .

ഭയവും ഉല്‍ക്കണ്ഠയും എന്തെന്നില്ലാത്ത കുറ്റബോധവുമാണ് അവളുടെ മനസ്സ് നിറയെ.

മുപ്പത്തിനാലു വയസ്സും പത്തുമാസവും കഴിഞ്ഞപ്പോഴാണ് ലക്ഷണമേതും കാട്ടാതെ അങ്ങനെ ഒരു കാര്യമുണ്ടായത്. കല്യാണം സംഭവിച്ച് അഞ്ചുമാസം കഴിഞ്ഞപ്പോള്‍...

നിശ്ശബ്ദം. ... ച്ഛര്‍ദ്ദിയുടേയോ തലചുറ്റലിന്റെയോ വേണ്ടായ്കയുടേയോ ഒന്നും ഒരു ആലഭാരവുമില്ലാതെ...

അയല്‍പ്പക്കക്കാരെയും സുഹൃത്തുക്കളേയും വിവരം അറിയിക്കാനുള്ള ഈ ച്ഛര്‍ദ്ദിയൊക്കെ ഒന്നു മതിയാക്കിക്കൂടേ എന്ന് ചോദിക്കാറുണ്ടെന്നും അതു കേള്‍ക്കുമ്പോള്‍ ഗര്‍ഭിണി പുഞ്ചിരി തൂകുമെന്നും പിന്നെ അവര്‍ക്ക് മോണിംഗ് സിക് നെസ് വരില്ലെന്നും ഒക്കെ തട്ടിമൂളിക്കാറുള്ള ഡോക്ടര്‍മാരുടെ പൊങ്ങച്ചങ്ങള്‍ക്ക് ഇടം കൊടുക്കാതെ..

തികച്ചും സ്വാഭാവികമായി.. . രാവിലെ സൂര്യനുദിക്കും പോലെ വൈകീട്ട് അസ്തമിക്കും പോലെ അതീവ സാധാരണമായി... നിസ്സാരമായി...

മൂത്രം പരിശോധിച്ച് പോസിറ്റീവ് എന്ന വിവരമറിയുമ്പോള്‍ രാവിലെ ഒരു പതിനൊന്നുമണിയായിരുന്നു.

' എന്തു കുഞ്ഞായിരിക്കും എന്ന് അറിയണമെന്ന് തോന്നുന്നുണ്ടോ? ' ഡോക്ടറുടെ മുഖത്ത് ബലമായി അമര്‍ത്തിവെച്ച ഒരു കുസൃതിപ്പുഞ്ചിരിയുണ്ട്.

ഒന്നും പറഞ്ഞില്ല.

' എന്റെ കുഞ്ഞാണെങ്കില്‍ അത് ആണായിരിക്കും. എനിക്ക് ആണ്‍കുഞ്ഞേ പിറക്കൂ..' തൊട്ടടുത്താണെങ്കിലും വേറെ ഏതോ ലോകത്തില്‍ നിന്നെന്ന പോലെ ആ ശബ്ദമുയര്‍ന്നു. മുനയുള്ള സൂചികൊണ്ട് ആരോ ആഞ്ഞു കുത്തുന്നതു പോലെ തോന്നി...

പെണ്‍ കുഞ്ഞു പിറന്നാല്‍.. അതെന്റെ അല്ലെന്ന് പറയുമോ? അതോ അതിനെ എടുത്തു ദൂരെ കളയുമോ?

ഇനിയും പിറക്കാത്ത കുഞ്ഞിന്റെ കാലുകള്‍ക്കിടയില്‍, ഈ പെണ്ണിന്റെ, ഈ അമ്മയുടെ ജീവിതം തെളിവുകളായി കോര്‍ക്കപ്പെടുന്നു. ..

ആണ്‍ കുട്ടി മതി എന്ന് ഉറപ്പിയ്ക്കുമ്പോഴും എനിക്ക് ആണ്‍ കുട്ടിയെ ജനിപ്പിക്കാനുള്ള ഊറ്റപ്പെട്ട ആണ്മയുണ്ടെന്ന് പൊങ്ങച്ചപ്പെടുമ്പോഴും അതിനെല്ലാം രൂപം കൊള്ളാന്‍ പെണ്മയും പെണ്‍ ശരീരവും ഉണ്ടായേ പറ്റൂ....

അതോര്‍മ്മിച്ചപ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു നേര്‍ത്ത ചിരി തെളിഞ്ഞു.

( തുടരും )

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ വ്യഴവട്ട വായന ഇന്ന് തുടങ്ങിയതെ ഉള്ളൂ ...
പത്ത് അദ്ധ്യായങ്ങൾ വരെ വായിച്ചു
വായന സമയം പോലെ തുടരുന്നതാണ്‌ കേട്ടോ